Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-16: സാം നിലമ്പള്ളില്‍)

Published on 14 December, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-16: സാം നിലമ്പള്ളില്‍)
അദ്ധ്യായം പതിനാറ്‌.

ജൊസേക്കും കൂട്ടരും അധികദൂരം മുന്‍പോട്ട്‌പോയില്ല. വഴി ബ്‌ളോക്കായിരിക്കുന്നതുകണ്ട്‌ ട്രൈവര്‍ വണ്ടിനിറുത്തി.

`ഓ. മൈ ഗോഡ്‌. എസ്സെസ്സ്‌ വണ്ടികള്‍ പരിശോധിക്കുകയാണ്‌.' അയാള്‍ പറഞ്ഞു. `ഇനിയെന്തുചെയ്യും?'

`തിരികെ പോയാലോ?' മിഖൈല്‍ ചോദിച്ചു. `വേറെ വഴിയെ പോകാന്‍ നോക്കാം.'

`അവര്‍ നമ്മളെ കണ്ടെന്നാണ്‌ തോന്നുന്നത്‌.' അയാള്‍ വണ്ടി പുറകോട്ട്‌ എടുത്തു. കുറെദൂരം പുറകോട്ട്‌ പോയതിനുശേഷം മറ്റൊരുവഴിയെ തിരിച്ചുവിട്ടു.

`നമ്മളെ അവര്‍ കണ്ടില്ല,' ജൊസേക്ക്‌ സമാധാനിച്ചു. `കണ്ടിരുന്നെങ്കില്‍ പിന്നാലെ വന്നേനെ. എങ്ങനെയെങ്കിലും അതിര്‍ത്തി കടന്നുകിട്ടിയാല്‍ മതിയായിരുന്നു.'

ചെക്കിങ്ങ്‌ ഇല്ലാത്ത വഴികളൊക്കെ ട്രൈവര്‍ക്ക്‌ അറിയാം. അയാള്‍ ഇതുപോലെ പലരേയും അതിര്‍ത്തി കടത്തിയിട്ടുള്ളവനാണ്‌. യഹൂദനാണെങ്കിലും ചെമ്പന്‍ മുടിയും നീലക്കണ്ണുളും ഉള്ളതുകൊണ്ട്‌ ആരും അവനെ സംശയിച്ചിട്ടില്ല. യഹൂദരെ തിരിച്ചറിയുന്നത്‌ അവരുടെ കറുത്ത മുടിയും കണ്ണുകളും കൊണ്ടാണ്‌.

`പേരെന്താണെന്ന്‌ പറഞ്ഞില്ലല്ലോ?' ജൊസേക്ക്‌ ചോദിച്ചു.

`എന്റെ പേര്‌ കോണി. എന്റെ അപ്പൂപ്പന്‍ ഡെന്‍മാര്‍ക്കുകാരന്‍ ആയിരുന്നു. അമ്മൂമ്മ ജൂതസ്‌ത്രീയും. ആ വഴിക്കാണ്‌ എനിക്ക്‌ ചെമ്പന്‍മുടിയും നീലക്കണ്ണുകളും കിട്ടിയത്‌. അതിപ്പോള്‍ ഒരു അനുഗ്രഹമായിത്തീര്‍ന്നു.' അയാള്‍ തന്റെ കഥ വിവരിച്ചു.

`ഞങ്ങളും മുടി ഡൈചെയ്‌ത്‌ സ്വര്‍ണനിറമാക്കിയാലോന്ന്‌ ആലോചിക്കുകയാ.'

`പക്ഷേ, കണ്ണുമാറ്റുന്നതെങ്ങനെയാ?'

`തൊള്ളായിരം വര്‍ഷങ്ങളായിട്ട്‌ നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്ത്‌ ജീവിക്കുകയായിരുന്നു. ഇപ്പോളാണ്‌ നമുക്ക്‌ ഇവിടംവിട്ട്‌ പോകേണ്ടിവന്നത്‌. സ്വന്തം രാജ്യമില്ലാത്ത ഒരു ജനതയായിപ്പോയല്ലോ നമ്മുടേത്‌.' ജൊസേക്ക്‌ വിലപിച്ചു.

`പാലസ്റ്റീന്‍ നമ്മുടെ രാജ്യമല്ലേ? അറബികള്‍ നമ്മളെ പുറത്താക്കി കൈവശപ്പെടുത്തിയ ഭൂമിയല്ലേ പാലസ്റ്റീന്‍? നമുക്കത്‌ അത്‌ വീണ്ടെടുക്കണം. എന്നിട്ട്‌ ഇസ്രായേല്‍ സ്ഥാപിക്കണം. നമ്മുടെ മാതൃരാജ്യം നമുക്ക്‌ വീണ്ടെടുക്കണം.' മിഖൈല്‍ ആവേശംകൊണ്ടു.

`അതത്ര എളുപ്പമാണെന്ന്‌ തോന്നുന്നില്ല,' കോണി പറഞ്ഞു. `പാലസ്റ്റീനിപ്പോള്‍ ബ്രിട്ടന്റെ കോളണിയാണ്‌. അവര്‍ അറബികളെ അനുകൂലിക്കുന്നവരാണ്‌. അതുകൊണ്ടാണ്‌ അങ്ങോട്ടുള്ള കുടിയേറ്റത്തെ ബ്രിട്ടന്‍ നിയന്ത്രിച്ചിരിക്കുന്നത്‌.'

`സ്വന്തം രാജ്യമില്ലതെ നമ്മള്‍ എവിടെപ്പോയി ജീവിക്കും? ഇപ്പോള്‍ നാസികള്‍ നമ്മളെ പുറത്താക്കുന്നു. നാളെ മറ്റുരാജ്യക്കാരും ഇവരുടെ മാര്‍ഗം സ്വീകരിച്ചാല്‍ നമ്മളെന്തുചെയ്യും? ഇസ്രായേല്‍ വീണ്ടെടുക്കാന്‍ എന്റെ ജീവന്‍ കളയാനും ഞാന്‍ തയ്യാറാണ്‌.' പീറ്റര്‍ പറഞ്ഞു.

അവരുടെ വാഹനം ഇരുളിനെ ഭേദിച്ചുകൊണ്ട്‌ അതിര്‍ത്തിയിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്നു.


(തുടരും....)

പതിനഞ്ചാം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-16: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക