Image

ഒമ്പതാമത്‌ സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം ആവേശമുണര്‍ത്തി

ജോയിച്ചന്‍ പുതുക്കുളം Published on 11 December, 2014
ഒമ്പതാമത്‌ സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം ആവേശമുണര്‍ത്തി
മയാമി: മലയാളിയുടെ ആവേശമായ ജലമേളയുടെ ഓര്‍മ്മകള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നതിനായി കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ അമേരിക്കന്‍ മലയാളികള്‍ക്ക്‌ കാഴ്‌ചവെച്ച 'സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം' ആവേശമുണര്‍ത്തി. ഹോളിവുഡിലെ വിശാലമായ ടി.വൈ പാര്‍ക്കിലെ ജലാശയത്തില്‍ ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്‌ചയാണ്‌ ഒമ്പതാമത്‌ തവണ ജലമേള അരങ്ങേറിയത്‌.

ഇരുപത്‌ തുഴച്ചില്‍ക്കാരും ഒരു അമരക്കാരനും, ഒരു താളക്കാരനും ചേര്‍ന്ന്‌ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ 400 മീറ്റര്‍ ദൂരം തടാകത്തിലെ ട്രാക്കിലൂടെ തുഴഞ്ഞാണ്‌ ഫിനിഷിംഗ്‌ പോയിന്റില്‍ എത്തുന്നത്‌.

ജോസ്‌മാന്‍ കരേടന്‍ ക്യാപ്‌റ്റനായുള്ള ഡ്രം ലവേഴ്‌സ്‌ ഓഫ്‌ ഫ്‌ളോറിഡ ടീം ആണ്‌ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മയാമി ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളി സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി കരസ്ഥമാക്കിയത്‌.

ലൂസേഴ്‌സ്‌ ഫൈനലില്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ടാമ്പാ ടീമും, പൈംബ്രൂക്ക്‌ ഫാള്‍സ്‌ ചൂണ്ടന്‍ ടീമും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പെംബ്രൂക്ക്‌ ഫാള്‍സ്‌ ചുണ്ടന്‍ ടീം ആണ്‌ സെക്കന്‍ഡ്‌ റണ്ണര്‍അപ്പായത്‌.

വള്ളംകളിയുടെ ഫൈനല്‍ മത്സരത്തിന്‌ തൊട്ടുമുമ്പ്‌ ചെണ്ട, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കേരള സമാജത്തിന്റെ പവലിയനില്‍ നിന്ന്‌ ആരംഭിച്ച ഘോഷയാത്ര വിശാലമായ ടി.വൈ പാര്‍ക്കിലൂടെ ആവേശമുണര്‍ത്തി കടന്നുപോയപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്‌ പാര്‍ക്കിലെത്തിയ സ്‌പോര്‍ട്‌സ്‌ പ്രേമികള്‍ ആവേശപൂര്‍വ്വം താളമേളങ്ങളില്‍ ആകൃഷ്‌ടരായി ഘോഷയാത്രയില്‍ അണിചേര്‍ന്ന്‌ ആര്‍പ്പ്‌ വിളിച്ചപ്പോള്‍ മലയാളി മാമാങ്കം ആഗോളതലത്തിലേക്കുയരുകയായിരുന്നു.

വള്ളംകളി മത്സരത്തിനുശേഷം അത്യധികം വാശിയേറിയ വടംവലി മത്സരവും പാര്‍ക്കില്‍ അരങ്ങേറി.

തുടര്‍ന്ന്‌ നടന്ന സമ്മാനദാന ചടങ്ങില്‍ കേരള സമാജം പ്രസിഡന്റ്‌ ജോയി ആന്റണി അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ മുഖ്യാതിഥിയായിരുന്നു. ഫോമാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്‌, ഫാ. കുര്യാക്കോസ്‌ കുമ്പുക്കീല്‍ തുടങ്ങിയവര്‍ അതിഥികളായിരുന്നു.

ഒന്നാം സ്ഥാനക്കാരായ ഡ്രം ലവേഴ്‌സ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ ടീം നെഹ്‌റുട്രോഫി എവര്‍ റോളിംഗ്‌ ട്രോഫിയും, ആയിരം ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലില്‍ നിന്ന്‌ ഏറ്റുവാങ്ങി. രണ്ടാം സമ്മാനക്കാരായ മയാമി ചുണ്ടന്‍ ടീമിന്‌ എവര്‍ റോളിംഗ്‌ ട്രോഫിയും 700 ഡോളറും കേരള സമാജം പ്രസിഡന്റും ഫോമാ ട്രഷററുമായ ജോയി ആന്റണി സമ്മാനിച്ചപ്പോള്‍, സെക്കന്‍ഡ്‌ റണ്ണര്‍അപ്പിനുള്ള ട്രോഫി കേരളാ ബോട്ട്‌ ക്ലബ്‌ പ്രസിഡന്റ്‌ സേവി മാത്യു നല്‍കി.

ഒന്നും, രണ്ടും, മൂന്നും സമ്മാനം ലഭിച്ച ടീമിന്‌ പാസിലേഴ്‌സ്‌ ബോട്ട്‌ ക്ലബ്‌ ഏര്‍പ്പെടുത്തിയ മെഡലുകള്‍, ജോജോ വാത്യേലില്‍, ബാബു കല്ലിടുക്കില്‍, കുഞ്ഞമ്മ കോശി, ജോയി കുറ്റിയാനി, സുരേഷ്‌ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ അണിയിച്ചു.

വടംവലി മത്സരത്തില്‍ മയാമി ടീം ഒന്നാം സമ്മാനം നേടിയപ്പോള്‍, രണ്ടാം സമ്മാനത്തിന്‌ അര്‍ഹരായത്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ ടാമ്പാ ടീം അംഗങ്ങളും, മുന്നാം സ്ഥാനം ഡ്രംലവേഴ്‌സും പങ്കുവെച്ചു. വടംവലി മത്സരത്തിന്റെ ക്യാഷ്‌ അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌ ജോസഫ്‌ ജെയിംസ്‌, ബേബി വര്‍ക്കി, ജോസ്‌ വെമ്പാല, ചാക്കോ ഏബ്രഹാം, ഡൊമിനിക്‌ ജോസഫ്‌ എന്നിവരായിരുന്നു.

2016-ലെ മയാമി ഫോമാ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ അന്തര്‍ദേശീയ തലത്തില്‍ മയാമിയില്‍ വെച്ച്‌ വള്ളംകളി മത്സരം നടത്തുമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ സമ്മാനദാനം നിര്‍വഹിച്ചുകൊണ്ട്‌ പറഞ്ഞു.

കേരള സമാജം സെക്രട്ടറി ഷാലെറ്റ്‌ വര്‍ഗീസ്‌ കൃതജ്ഞത പറഞ്ഞു. പരിപാടികള്‍ക്ക്‌ മനോജ്‌ ജോര്‍ജ്‌, സദാശിവന്‍, ജോര്‍ജ്‌ മലയില്‍, ജയിസണ്‍ കാരകുന്നേല്‍, ചാക്കോ ഏബ്രഹാം, ഫ്രാന്‍സീസ്‌ അക്കരപറ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോയി കുറ്റിയാനി അറിയിച്ചതാണിത്‌.
ഒമ്പതാമത്‌ സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം ആവേശമുണര്‍ത്തിഒമ്പതാമത്‌ സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം ആവേശമുണര്‍ത്തിഒമ്പതാമത്‌ സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം ആവേശമുണര്‍ത്തിഒമ്പതാമത്‌ സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം ആവേശമുണര്‍ത്തിഒമ്പതാമത്‌ സൗത്ത്‌ ഫ്‌ളോറിഡ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം ആവേശമുണര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക