Image

വേഴാമ്പല്‍ പൊയ്‌കയിലെ കൊച്ചുവര്‍ക്കി (കഥ: സ്റ്റീഫന്‍ നടുക്കുടിയില്‍)

Published on 10 December, 2014
വേഴാമ്പല്‍ പൊയ്‌കയിലെ കൊച്ചുവര്‍ക്കി (കഥ: സ്റ്റീഫന്‍ നടുക്കുടിയില്‍)
വേഴാമ്പല്‍ പൊയ്‌ക. പൊക്കിള്‍കൊടിയില്‍നിന്നും വിച്ഛേദിക്കപ്പെട്ടപ്പോള്‍ കൈകള്‍ നീട്ടി എന്നെ സ്വീകരിച്ച മറ്റമ്മ. അനലന്‍കൃതനായ എന്നെ ആദ്യം ദര്‍ശിച്ചവള്‍. സ്വാതന്ത്ര്യലബ്‌ദിയില്‍ ഹര്‍ഷോന്മത്തനായ എന്റെ ആക്രാന്തം ശ്രഹിച്ചവള്‍. ബാല്യത്തിലും, യൗവനത്തിലും എന്നെ ഓമനിച്ച,ഞാന്‍ ഓമനിച്ച കൊച്ചു ഗ്രാമം. വേഴാമ്പലുകളുടെ നിവാസകേന്ദ്രം.സഹ്യാദ്രി മലനിരക്കുകള്‍ക്കു താഴെ കൂനനെന്നും കുള്ളനെന്നും ഓമനപ്പേരുള്ള രണ്ട്‌ ഇടത്തരം കുന്നുകളുടെ കൈത്തണ്ടുകളില്‍ വനദേവതയുടെലാളനയേറ്റുകിടന്നിരുന്ന സൗന്ദര്യ റാണി.വേഴാമ്പല്‍പൊയ്‌കയെന്ന പറുദീസ ഇന്നില്ല. കാലത്തിന്റെ കയത്തില്‍ ആ സുന്ദരി മുങ്ങി മരിച്ചു. പുരോഗമനത്തിന്റെ ബലിപീഠത്തില്‍ അതിന്റെ മനോഹാരിത ആഹൂതിപ്പെട്ടു.

വിധിയുടെ നിര്‍ദ്ദയമായ വൈഭവംകൊണ്ടെന്നുവേണം പറയുവാന്‍,എന്റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ വശ്യത അധികനാള്‍ ആസ്വദിക്കുവാനുള്ളഭാഗ്യം എനിക്കുണ്ടായില്ല.സ്വപ്‌നങ്ങളുടെ മാറാപ്പുംപേറിയുള്ള പരക്കംപാച്ചില്‍. കൂടുവിട്ട അസ്‌തിത്വം. യാതനകള്‍ നിറഞ്ഞ യാത്രകള്‍, ദുര്‍ഘടങ്ങളായ പാന്ഥാവുകള്‍. കുത്തനെയുള്ള പടവുകള്‍. ഉയര്‍ന്ന കടമ്പകള്‍.

വെട്ടിപ്പിടിക്കാനുള്ള വ്യഗ്രത. തിരിഞ്ഞുനോക്കാനുള്ള വൈമനസ്യം.നഷ്‌ടപ്പെടുന്നതിനെപ്പറ്റി അവബോധം ഇല്ലായ്‌മ.തിരിയെ ചെല്ലാന്‍ ഏറെ വൈകി. ജരനരകള്‍ ബാധിച്ച്‌ മൂകനായി, മൂഢനായി പ്രതീക്ഷകളോടെ തിരിച്ചുചെന്നപ്പോള്‍ അമൂല്യമായി കരുതിയിരുന്നതേറേയും കൈമോശപ്പെട്ടുകഴിഞ്ഞിരുന്നു.

കറയറ്റ ഗ്രാമീണ സൗന്ദര്യം, ജനിച്ച വീട്‌, ഉറ്റവര്‍, ഉടയവര്‍, ജാഡകളില്ലാത്ത അയല്‍ക്കാര്‍. ബാല്യകാല സുഹൃത്തുക്കള്‍. അവരില്‍ ചിലരുടെ മുഖങ്ങള്‍ ഇപ്പോഴും മായാതെ - അസ്സനാരുമൊല്ലാക്കയുടെ മകള്‍ തലയില്‍ വെള്ളമുണ്ടിട്ട നബീസ, പൊക്കത്തെ കുറുപ്പദ്ദേഹത്തിന്റെ മകന്‍ അരവിന്ദന്‍, പപ്പടക്കാരന്‍ ഗോവിമ്പപൈയുടെ മകന്‍ നിര്‍മ്മലന്‍.

കൂടയണയാനുള്ള തയ്യാറെടുപ്പിലും വേഴാമ്പല്‍പൊയ്‌കയുടെ ഗതകാലസ്‌മരണകള്‍ എന്റെ ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ കാത്തുസൂക്ഷിക്കുന്നു. ഭൂതത്താന്‍ നിധി സൂക്ഷിക്കുന്നതുപോലെ. മുത്തുച്ചിപ്പി മുത്തു സൂക്ഷിക്കുന്നതുപോലെ.

ഗോചരമല്ലാത്ത എന്റെ ആന്തരനേത്രങ്ങള്‍ മണ്‍മറഞ്ഞുപോയ ദൃശ്യങ്ങള്‍ കാണുന്നു, ആന്തരകര്‍ണ്ണങ്ങള്‍ നിശ്ശ ്‌ദമായ കലപിലകള്‍ ശ്രവിക്കുന്നു.ഇന്നത്തെ എന്റെ സന്തതസഹാചാരി പൂര്‍വ്വാര്‍ജിതസ്വത്തായി എനിക്ക്‌
സിദ്ധിച്ച ഒരു ചാരുകസേരയാണ്‌. മുത്തച്ഛന്റെ അച്ഛനോ, മുത്തച്ഛനോ അദ്ദേഹത്തിന്റെ നല്ല കാലത്ത്‌ വീട്ടി തടിയില്‍തീര്‍ത്തത.്‌ തലമുറകള്‍ താണ്ടി എന്നില്‍ എത്തിയത്‌. പൂജനീയമായ ഒരു തിരുശേഷിപ്പ്‌.

ജനനശേഷം ഒരു തരത്തിലുള്ള മിനുക്കുപണികള്‍ക്കും എന്റെ സുഹൃത്തിനു വിധേയനാകേണ്ടിവന്നിട്ടില്ല. എന്നാല്‍ അലങ്കാരങ്ങള്‍ ഏറെ. എല്ലാംവെറ്റില മുറുക്കു ശീലക്കാരായിരുന്ന എന്റെ പൂര്‍വ്വികന്മാര്‍ വാത്സല്യപൂര്‍വ്വംസമ്മാനിച്ചത്‌.

കൈകളിലും കാലുകളിലും ചുണ്ണാമ്പുതേച്ച ചൂണ്ടുവിരലുകൊണ്ട്‌ ക്രമരഹിതമായി ആലേപനംചെയ്‌ത വെള്ളതോണ്ടലുകള്‍. വിരല്‍ രേഖകള്‍പോലും മാഞ്ഞുപോകാതെ. അവയ്‌ക്കുചുറ്റും രക്തനിറത്തില്‍ വട്ടം വട്ട
മായി ഉണങ്ങിപറ്റിപ്പിടിച്ചിരിക്കുന്ന ഉമിനീര്‍ തുള്ളികള്‍. രശ്‌മിപാരകമായതുള്ളികളില്‍ ചര്‍വ്വണംചെയ്‌ത പാക്കിന്റെ അശ്‌മകം. എല്ലാം അവധാനപൂര്‍വ്വമെന്നോണം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

പ്രായത്തില്‍ മൂപ്പനെങ്കിലും, എന്നെ അലട്ടുന്ന വാര്‍ദ്ധക്യസഹജമായവൈകല്യങ്ങളൊന്നും എന്റെ സുഹൃത്തിനെ ബാധിച്ചിട്ടില്ല. സ്‌തൂലവസ്‌തുവിന്റെമേന്മയും തച്ചന്റെ കൈവിരുതും.എന്റ കൊച്ചുപുരയുടെ പിന്നാംപുറത്തെ ചാര്‍ത്താണ്‌ സുഹൃത്തിന്റേ വാസസ്ഥലം. പ്രതിഷ്‌ഠ ചാര്‍ത്തിന്റെ അരമതിലിനോട്‌ ചേര്‍ത്തും.

x x x x x x x

കാലം എന്റെ ലളിതമായ ജീവിതശൈലിക്ക്‌ കാര്യമായ മാറ്റങ്ങളൊന്നുംവരുത്തിയിട്ടില്ല. വെളുക്കം മുന്‍പേ ഉണരും. തലയണക്കീഴില്‍ സൂക്ഷിച്ചിരിക്കുന്ന, ചുവന്ന നൂലുകൊണ്ട്‌ കെട്ടിയ ബീഡിക്കെട്ടില്‍നിന്ന്‌ ഒരു ബീഡി വലിച്ചെടുക്കും. ബീഡി ചുണ്ടത്തുവച്ചു കത്തിച്ച്‌ ചുരുളുകളായി പുകവിട്ടുകൊണ്ട്‌പ്രഭാതചര്യ. നേരെ കിഴക്കേകോലായിലേക്ക്‌. മുട്ടുമടക്കി സൂര്യനുനേരെ തിരിഞ്ഞിരുന്ന്‌ അല്‌പനേരം സൂര്യനമസ്‌ക്കാരം.

തുടര്‍ന്ന്‌ സങ്കീര്‍ണ്ണമായ കാപ്പി അനത്തല്‍. അടുക്കളവാതില്‍ തുറന്ന്‌പാചകപ്പടിയില്‍ കഴുകി കമത്തിവച്ചിരിക്കുന്ന ഈയം പൂശിയകൊച്ചു ചെമ്പുചരുകത്തില്‍ മൂന്ന്‌ കപ്പ്‌ വെള്ളം നിറയ്‌ക്കും. അതില്‍ മണ്‍മറഞ്ഞുപോയ എന്റെഅമ്മയുടെ വാ വലിപ്പമുള്ള ചില്ലുകുപ്പിയില്‍നിന്ന്‌ രണ്ടു തുണ്ട്‌ കരിപ്പെട്ടിചക്കരനിക്ഷേപിക്കും. സ്‌പിരിറ്റൊഴിച്ച്‌ സ്റ്റൗ കത്തിച്ച്‌, ചരുകം അതില്‍വയ്‌ക്കും.മിശ്രിതം തിളക്കുമ്പോള്‍, കഷായത്തില്‍ മേന്‍പൊടി ചേര്‍ക്കുംപോലെ രണ്ട്‌കരണ്ടി കാപ്പിപ്പൊടി. അല്‌പനേരംകൊണ്ട്‌ ചക്കരക്കട്ടന്‍ തയ്യാര്‍. പാകമായ കാപ്പി അരിച്ച്‌, പഴക്കംചെന്ന്‌ തുരുമ്പുപിടിച്ച ഈഗിള്‍ മാര്‍ക്ക്‌ ഫ്‌ളാസ്‌കിലാക്കും. ഫ്‌ളാസ്‌ക്കും, ഒരു ചില്ലു
ഗ്ലാസ്സും എന്റെ സുഹൃത്തിനു സമീപം പിന്നാംപുറത്തെ ചാര്‍ത്തിന്റെ അരമതിലിന്മേല്‍ നിക്ഷേപിക്കും.

അവിടെനിന്ന്‌ നേരെ ഉമ്മറത്തേക്ക്‌. താടി, വലതുകയ്യില്‍ താങ്ങി പത്രവിതരണം ചെയ്യുന്ന ബാലന്റെ ഇരുചക്രവാഹനത്തിന്റെ ബെല്ലടിയും പ്രതീക്ഷിച്ച്‌അല്‌പസമയം ഉമ്മറപടിയില്‍ കുത്തിയിരിക്കും.
കുസൃതിക്കാരനായ ബാലന്റെ സൈക്കിളിന്റെ ബല്ലടി കേള്‍ക്കുമ്പോള്‍ഉണരും. ഇടുങ്ങിയ പച്ചചായം പൂശിയ ഗേറ്റിന്റെ അഴികള്‍ക്കുള്ളില്‍മുന്‍ചക്രം കയറ്റി പയ്യന്‍ വാഹനം നിര്‍ത്തും. പുറകോട്ട്‌ തിരിഞ്ഞ്‌, കാരിയറില്‍
പ്ലാസ്റ്റിക്‌ പാളിയില്‍ പൊതിഞ്ഞ്‌ സൈക്കിള്‍ ട്യൂ ിന്റെ ബല്‍ട്ടിട്ട്‌ മുറുക്കിയിരിക്കുന്ന പത്രക്കെട്ടില്‍നിന്നും ഒരെണ്ണം വലിച്ചെടുത്ത്‌ ചാട്ടുളിയുടെ ആകൃതിയില്‍ മടക്കി എന്റേ നേരെ ചാണ്ടും. പത്രം ഉന്നംതെറ്റാതെ എന്റെ മടിയില്‍.പത്രം എടുത്ത്‌ കക്ഷത്തില്‍ തിരുകി പിന്നാംപുറത്തേക്ക്‌. അവിടെ ഉത്തരത്തിനു മുകളില്‍ സൂക്ഷിച്ചിരിക്കുന്ന നേര്‍ത്ത വെള്ളിക്കമ്പികൊണ്ടുള്ള അപ്പൂപ്പന്‍ കണ്ണാടി മൂക്കിന്മേല്‍ പ്രതിഷ്‌ടിക്കും. എന്നിട്ട്‌ സാവധാനം സുഹൃത്തിന്റെ മടിയില്‍ ഇരുപ്പുറപ്പിക്കും. അവിടെയിരുന്ന്‌ ചക്കരകാപ്പി ചില്ലുഗ്ലാസില്‍ പകര്‍ന്ന്‌അല്‌പാനം ചെയ്‌തുകൊണ്ട്‌ പത്രവാര്‍ത്തകള്‍ ഒന്നൊന്നായി വായിച്ചുതീര്‍ക്കും.പത്രവായന കഴിഞ്ഞ്‌, പുറകോട്ട്‌ മലര്‍ന്ന്‌, കാലുകള്‍ രണ്ടും സൂഹൃത്തിന്റെ കൈകളില്‍ കയറ്റിവച്ച്‌ നിര്‍വ്വികാരനായി വിദൂരതയിലുള്ള തോടിന്റെ
നിശ ്‌ദമായ നീരൊഴുക്കില്‍ കണ്ണുംനട്ട്‌ കിടക്കും. അല്‌പസമയംകൊണ്ട്‌ അര്‍ദ്ധ നിദ്രയിലാകും.

അപ്പോള്‍ ഓര്‍മ്മകള്‍ സൂക്ഷിച്ചിരിക്കുന്ന അറയുടെ വാതായനം മെല്ലെതുറക്കപ്പെടും. അറയ്‌ക്കുള്ളില്‍ ഒരിക്കലും പ്രകാശംകെടാത്ത മെഴുതിരി നാളങ്ങള്‍പോലെ ഓര്‍മ്മകള്‍ നിറദീപങ്ങളാകും. അവയില്‍ കുന്തിരിക്കത്തിന്റെ ധൂമങ്ങളിലെന്നപോലെ സുഗന്ധം നിറയും. നിമിഷനേരംകൊണ്ട്‌, സ്വപ്‌നസമാനമായ ബാല്യകാല ദൃശ്യങ്ങള്‍ സ്‌മൃതിപഥത്തില്‍ എത്തും. നിഷ്‌ക്കളങ്കരായഗ്രാമവാസികളുടെ ദര്‍ശനമുണ്ടാകും. അവരുടെ കഥകള്‍ എന്റെ മനസ്സിനെ തട്ടി ഉണര്‍ത്തും. തുടര്‍ന്ന്‌ ആ നിഷ്‌ക്കളങ്ക ഗ്രാമത്തിന്റെ വേറിട്ട കാഴ്‌ചകളം, മധുര സ്‌മരണകളും പ്രതിസ്‌പമ്പനമുള്ളവയാകും.

x x x x x x x

ഗ്രാമത്തിന്റെ ഇരു പാര്‍ശങ്ങളിലുമുള്ള കുന്നുകളുടെ നെറുകയില്‍ നിദ്രയിലാണ്ടു കിടന്നിരുന്ന കരിമ്പാറകൂട്ടങ്ങള്‍. മഴക്കാലത്ത്‌ അവ പച്ചപായലില്‍ആവൃതമാകുന്നത്‌. പാറക്കെട്ടുകളില്‍ തലവച്ച്‌ പട്ടുപാവാടകള്‍ ഉടുത്ത്‌താഴോട്ട്‌ ചരിഞ്ഞു കിടന്നിരുന്ന രണ്ട്‌ കുന്നിന്‍ ചരിവുകള്‍. പാറക്കെട്ടുകള്‍ക്കു താഴെ തഴച്ചുവളരുന്ന തേക്കിന്‍ മരങ്ങളും, മുളക്കൂട്ടങ്ങളും, ഈറ്റ പടലുകളും അവയ്‌ക്കിടയില്‍പൂത്തുലഞ്ഞു നില്‍ക്കുന്ന കാട്ടുചെത്തിക്കുറ്റികള്‍. അങ്ങിങ്ങായി കലകലംപേശുന്ന കാട്ടാറുകള്‍. ഉരുണ്ട വെള്ളാറന്‍ കല്ലുകളെ തട്ടി, തുളുമ്പി, ത്രസിക്കുന്ന കൊച്ചുകൊച്ചു ജലപാതകള്‍.

താഴെ കയ്യാലകെട്ടി സംരക്ഷിക്കപ്പെട്ട തൊടികള്‍. തൊടികളില്‍ സമൃദ്ധമായി വളരുന്ന മലയോര വിഭവങ്ങള്‍ - കപ്പ, കാച്ചില്‍ ചെറുകിഴങ്ങ്‌, ഇഞ്ചി,മഞ്ഞള്‍, വെണ്ട, പാവല്‍, പടവലം. മുരിക്കിന്‍കുറ്റികളില്‍ പടര്‍ന്ന്‌ പന്തലിച്ച്‌കിടക്കുന്ന കുരുമുളകു വള്ളികള്‍. വിഭവങ്ങള്‍ക്കു ചുറ്റിനുമുള്ള കയ്യാലകള്‍ക്ക്‌ മുകളില്‍ വടിവാളിന്റെ ആകൃതിയിലുള്ള ഇലകളുമായി കാവല്‍ക്കാരെപോലെ നില്‍ക്കുന്ന രാമച്ചവും ഇഞ്ചിപുല്ലും.

തൊടികള്‍ക്കു കീഴെ വിശാലമായ പൂക്കണ്ണി പാടങ്ങള്‍. അവയില്‍അങ്ങിങ്ങായി ചെറുതെങ്കിലും അഴകുള്ള തൂവെള്ള പൂക്കളും കൈകളിലേന്തിപ്രകൃതിയുടെ സൃഷ്‌ടിയിലുള്ള കൈവിരുത്‌ വിളം രം ചെയ്‌തുകൊണ്ട്‌ ലജ്ജ ലേശമില്ലാതെ മദിച്ചുനില്‍ക്കുന്ന തുമ്പ തരുണീമണികള്‍. തുമ്പചെടികള്‍ക്ക്‌ചുറ്റിനും കുറുന്തോട്ടി, തഴുതാമ, മുയല്‍ചെവി, പര്‍പ്പിടകപുല്ല്‌, കറുക, മുത്തങ്ങമുതലായ ഔഷധ ചെടികള്‍.

എവിടെയും കൊച്ചുകൊച്ചു കുന്നുകളും കുഴികളും. വെട്ടുവഴികളുംസര്‍ക്കാര്‍ വഴികളുമില്ല. ഇരുചക്ര വാഹനങ്ങളും നാല്‍ചക്ര വാഹനങ്ങളുമില്ല.ആള്‍ക്കൂട്ടവും ആരവുമില്ല. മുള്ളുവേലികളാല്‍ വലയം ചെയ്‌തിരിക്കുന്ന
തൊടികള്‍ക്കിടയില്‍ക്കൂടി കുന്നുകളെയും കുഴികളെയും തട്ടി മുട്ടി ഇഴഞ്ഞുനീങ്ങുന്ന ഇടവഴികള്‍. വേലികളില്‍ പടര്‍ന്നുകിടക്കുന്ന വള്ളിച്ചെടികള്‍. ഒരുവശത്ത്‌ അരുണാഭമായ കല്ലുകള്‍വച്ച വട്ടക്കാതിപ്പൂപോലുള്ള പൂക്കളുള്ളമൂക്കുത്തി ചെടികള്‍. മറുവശത്ത്‌ കടുംമഞ്ഞ നിറത്തില്‍ കോമളാങ്കികളായപൂക്കളുളള കോളാമ്പി ചെടികള്‍.

ഇടവഴികളില്‍ക്കൂടി കളിച്ചും, ചിരിച്ചും, തമ്മിലടിച്ചും, കൂകിവിളിച്ചും നടക്കുന്ന കോണകങ്ങളുടുത്ത ആണ്‍കുട്ടികളും, പെറ്റിക്കോട്ടിട്ട പെണ്‍കുട്ടികളും.താഴെ മുണ്ടക കൃഷി ഇറക്കുന്നതിന്‌ ചെളിതേച്ച്‌ പാകപ്പെടുത്തിയ വരമ്പുകളില്‍തൊപ്പിക്കുട ചൂടി, പാദരക്ഷ കൂടാതെ ചെളിവെള്ളത്തില്‍ കാലിട്ടിളക്കി,കൈകളില്‍ സ്ലേറ്റും മഷിത്തണ്ടും പിടിച്ച്‌ ചങ്ങാത്തംകൂടി നടന്നുപോകുന്ന മുതിര്‍ന്ന കുട്ടികള്‍.

ഇടവഴികള്‍ക്കിരുവശത്തും വെട്ടുകല്ലില്‍ പണുത്‌, പനയോല മേഞ്ഞകൊച്ചുകൊച്ചു വീടുകള്‍. ഇടയ്‌ക്കു ഒന്നോ രണ്ടോ ഓട്‌ മേഞ്ഞത്‌.ആ കൊച്ചു വീടുകളില്‍ താമസിച്ചിരുന്ന നിഷ്‌ക്കളങ്കതയില്‍ തീവ്രമായ
ആത്മ ന്ധം കാത്തുസൂക്ഷിച്ചിരുന്ന ഗ്രാമീണര്‍. ഭൂതങ്ങളെയും പ്രേതങ്ങളെയും ഭയന്നിരുന്ന അവരുടെ കുട്ടികള്‍.

സന്ധ്യയായാല്‍ ഉമ്മറത്ത്‌ ചമ്പ്രംപടിഞ്ഞിരുന്ന്‌ കുത്തുവിളക്കിന്റെമങ്ങിയ വെളിച്ചത്തില്‍ നാമം ചൊല്ലുന്ന മുത്തശ്ശിമാര്‍. പിന്‍പുറത്തെചാര്‍ത്തില്‍നിന്നും ചീനി വേവുന്ന മണം.

കൂരിരുട്ടുള്ള രാത്രികളില്‍, ആടി ഉലയുന്ന തെങ്ങിന്‍ തൈകളുടെയും,അടക്കാമര തൈകളുടെയും ഇടയില്‍ ചലിക്കുന്ന ദീപമാലകള്‍പോലെ മിന്നാംമിനുങ്ങുകള്‍ മിന്നുന്നത്‌.

ഇടവഴികള്‍ അവസാനിച്ചിരുന്നത്‌ വീതികൂടിയ തോട്ടിന്‍കരകളിലാണ്‌.തോട്ടിന്‍കരകളില്‍കൂടി താഴോട്ടു നടന്നാല്‍ പാറക്കെട്ടുകളില്‍ തട്ടി തെറിപ്പിച്ചുകൊണ്ട്‌ ഇരമ്പി ഒഴുകുന്ന കാളിയാറിന്റെ കര. അവിടെ നിന്നാല്‍ വൈകുന്നേരങ്ങളില്‍ കുട്ടികള്‍ കൂട്ടംകൂട്ടമായി വന്ന്‌ ആഴമുള്ള കയങ്ങളില്‍ ചാടിമറിഞ്ഞ്‌, വെള്ളം തെറുപ്പിച്ച്‌ കൂത്താടുന്ന കാഴ്‌ച.

മഴക്കാലം തുടങ്ങിയാല്‍ കരകവിഞ്ഞൊഴുകുന്ന തോട്ടിന്‍കരകളില്‍കൂടിതോളില്‍ കലപ്പയും കൈയ്യില്‍ പിരിയന്‍ പാണല്‍ വടിയുമായി കന്നുകാലികളുടെപിറകെ പോകുന്ന ഉഴവുകാര്‍.

ഗ്രാമത്തിന്റെ ഏതാണ്ട്‌ മദ്ധ്യത്തിലായി വെള്ളതേയ്‌ക്കാത്ത നാലു മുറികളും മുന്‍വശത്ത്‌ നീണ്ട വരാന്തയും ഉള്ള ഓടുമേഞ്ഞ കുടിപ്പള്ളിക്കൂടം.അതിനു മുന്‍പില്‍ ചട്ടന്‍ കുഞ്ഞാപ്പിയുടെ ചായക്കട. ചട്ടന്റെ അലമാരിയില്‍ ഇടയ്‌ക്ക്‌ തേങ്ങാപീരയിട്ട്‌ നുറുക്കുകളായി പുഴുങ്ങിയെടുത്ത്‌ മുറത്തില്‍ നിരത്തിവച്ചിരിക്കുന്ന ആവി പറക്കുന്ന കപ്പപ്പുട്ട്‌. ഒരു വശം ചില്ലിട്ട മണ്ണെണ്ണപ്പാട്ടനിറച്ച്‌ നിര്‍മ്മലാനമ്പമെ അമ്മ രാജമ്മയുടെ പപ്പടം പൊരിച്ചത്‌. ഇരുവശത്തുമുള്ള തോടുകളുടെ നടുവില്‍ കണ്ടം കണ്ടമായി തിരിച്ച്‌താഴോട്ട്‌ ചരിഞ്ഞ്‌ ആറ്റുവക്കത്തുവരെ എത്തുന്ന നെല്‌പാടങ്ങള്‍. അവയില്‍മുണ്ടകകൃഷി ഇറക്കുന്ന സമയത്ത്‌ പല വര്‍ണ്ണങ്ങളുള്ള കള്ളി മുണ്ടുകളും റൗക്കകളും തലയില്‍ തോര്‍ത്തുമുണ്ടുകളുമായി വരിവരിയായിനിന്ന്‌ ഞാറുനടുന്ന ഗ്രാമീണ കന്യകമാര്‍.

കൊയത്തു കഴിയുമ്പോള്‍ മേയാനെത്തുന്ന കന്നിന്‍കൂട്ടങ്ങള്‍. അക്കൂട്ടത്തില്‍ എന്റെ അമ്മയുടെ ഓമനപുത്രി വെള്ളമേനിയില്‍ ഡാള്‍മേഷന്‍ നായ്‌ക്കളുടേതെന്നപോലെ കറുത്ത പുള്ളികളുള്ള ചെനപിടിക്കാന്‍ പ്രായമായ അഴകിനിന്ന്‌ അമറുന്നത്‌. ചെവിക്കുതാഴെ മണികളുള്ള ആട്ടിന്‍പറ്റങ്ങളുംതുള്ളി ത്രസിച്ചു രസിക്കുന്ന കുഞ്ഞാടുകളും. എല്ലാവര്‍ക്കും അകമ്പടിയായിഞണ്ടുകളെയും, ഞവണികളെയും ഉള്ളിലാക്കാന്‍ ഉന്നംവച്ച്‌ കൊത്തികൊത്തി നടക്കുന്ന കൊക്കിന്‍ പറ്റങ്ങള്‍.

വേഴാമ്പല്‍ പൊയ്‌കയെ ചുറ്റിപ്പറ്റി പറഞ്ഞുകേട്ടിരുന്ന വിജയിച്ചതും,പരാജയപ്പെട്ടതുമായ പ്രേമകഥകള്‍. നെല്‌പാടങ്ങളുടെ ഏകദേശം നടുവിലായി വലതുവശത്തെ തോട്ടില്‍ഉണ്ടായിരുന്ന വലിയ കയം. ഊമവിഴുങ്ങികയം എന്ന പേരിലാണ്‌ ആ കയംഅറിയപ്പെട്ടിരുന്നത്‌. അത്‌ അന്ധവിശ്വാസങ്ങളുടെയും, യക്ഷിക്കഥകളുടെയുംശിരാകേമ്പ്രമായിരുന്നു. കാരണമില്ലാതല്ല. അതില്‍ ആ ഗ്രാമത്തിലെ എക്കാലത്തേയും അതിസുമ്പരിയും ഊമയുമായിരുന്ന ഒരു യൗവനക്കാരി മുങ്ങിമരിച്ചിട്ടുണ്ടായിരുന്നുപോലും. അവളെ കൊന്തന്‍ പല്ലുള്ള ഒരു യക്ഷി കഴുത്തില്‍പല്ലുകള്‍ താഴ്‌തി രക്തം ഊറ്റികുടിച്ചശേഷം വെള്ളത്തില്‍ താഴ്‌ത്തിയെന്നാണ്‌വിശ്വാസം. അതുകൊണ്ട്‌ നാല്‍ക്കാലികള്‍ വെള്ളം കുടിക്കാന്‍പോലും ആ കയത്തെ സമീപിക്കില്ലായിരുന്നു.

ഊമ വിഴുങ്ങി കയത്തിനു മുകളില്‍ അല്‌പം ദൂരെയായി ഇടതൂര്‍ന്നു നില്‍ക്കുന്ന മുളക്കൂട്ടം. അതിന്റെ ചുവട്ടില്‍നിന്നു ഊമവിഴുങ്ങികയത്തിലേക്കുള്ള ചെറു തോട്‌. ആ തോടിന്റെ അറ്റത്ത്‌ നല്ല വേനലില്‍പോലും ഉണങ്ങാത്ത ഉറവ. ആ ഉറവില്‍നിന്ന്‌ തോട്ടില്‍കൂടി ഒഴുകി വെള്ളം ഊമ വിഴുങ്ങികയത്തില്‍ പതിക്കുന്നത്‌. മുളക്കൂട്ടത്തിനു ചുറ്റുമുണ്ടായിരുന്ന മാളങ്ങള്‍. അവയില്‍ വസിച്ചിരുന്നഉഗ്രവിഷമുള്ള നാഗങ്ങള്‍. കാറ്റുമുളക്കൂട്ടത്തില്‍ ചൂളം വിളിക്കുമ്പോള്‍ തലപുറത്തിട്ട്‌ മുഖകണ്ണാടിയുടെ അടയാളമുള്ള പത്തിവിടര്‍ത്തി എട്ടടി മൂര്‍ഖന്മാര്‍നിന്നാടുന്നത്‌. അവയെ ഭയന്ന്‌ മുളക്കൂട്ടത്തില്‍നിന്നു മുളകളോ മുള്ളോആരും വെട്ടാതിരുന്നത്‌.

x x x x x x x

ആ ഗ്രാമത്തിലെ ഏറ്റവും പ്രിയങ്കരനായിരുന്ന മധ്യവയസ്‌ക്കനായകൊച്ചുവര്‍ക്കി ചേട്ടന്‍. കൊച്ചുവര്‍ക്കിയുടെ സിനിമാ കഥകളെ വെല്ലുന്ന ജീവിത കഥ. അന്‍പത്തി രണ്ടു വര്‍ഷം ഗ്രാമത്തിനുവേണ്ടി കാഴ്‌ചവച്ച ജീവിതം.

കാര്യമായ ആസ്‌തികളൊന്നുമില്ലാതിരുന്ന കൊച്ചുവര്‍ക്കിയെ ആ ഗ്രാമത്തിലുള്ളവര്‍ ഒന്നടങ്കം സ്‌നേഹിച്ചിരുന്നത്‌.ജനനമായി കിട്ടിയ കൈവിരുതും, ആത്മ വിശ്വാസവുമായിരുന്നുകൊച്ചുവര്‍ക്കിയുടെ മുതല്‍ക്കൂട്ട്‌.
കൊച്ചുവര്‍ക്കിയുടെ മുന്നിലും പുറകിലും ചാര്‍ത്തോടുകൂടി രണ്ടു മുറികള്‍ മാത്രം ഉണ്ടായിരുന്ന കൊച്ചുവീട്‌.

പിന്നാംപുറത്തെ ചാര്‍ത്ത്‌ രണ്ടായി തിരിച്ച്‌ മുറികളാക്കിയിരുന്നത്‌. ഒരു വശത്ത്‌ അടുക്കള, മറുവശത്ത്‌ കൊച്ചുവര്‍ക്കിയുടെ ആയുധപുര. അതില്‍ സൂക്ഷിച്ചിരുന്ന കലപ്പ, നൊകം, തൂമ്പ, കൊത്തി, വെട്ടുകത്തി, അരുവാള്‍ മുതലായ പണിയായുധങ്ങളും, കുത്തുവല, കോരുവല, കൂട്‌, ഒറ്റല്‍, ചൂണ്ട മുതലായ മീന്‍ പിടിക്കാനുള്ള ഉപകരണങ്ങളും..

കൊച്ചുവര്‍ക്കി ഒരു നല്ല സാഹസികനായിരുന്നു. ധൈര്യശാലി. കിണറ്റില്‍ഇറങ്ങും. മറ്റാരും കയറാത്ത തെങ്ങുകളില്‍ കയറും, പുര മേയുമ്പോള്‍ഏറ്റവും ഉച്ചിയില്‍ കയറും, പാമ്പിനെ പിടിക്കും, കാളപ്പോരു നടത്തി സമ്മാനം
മേടിക്കും. അങ്ങനെ സാധാരക്കാര്‍ മടിച്ചുപോകുന്ന പല കാര്യങ്ങളും കൊച്ചുവര്‍ക്കി നിഷ്‌പ്രയാസം ചെയ്യുമായിരുന്നു. അതുകൊണ്ട്‌ മദ്ധ്യവയസ്‌ക്കനായകൊച്ചുവര്‍ക്കിയെ ചോരതിളപ്പുള്ള ചെറുപ്പക്കാര്‍പോലും ആദരിച്ചുപോന്നിരുന്നു.

എന്തുജോലി ചെയ്‌താലും അത്‌ തിളക്കത്തോടെ ചെയ്‌തു തീര്‍ക്കാനുള്ള കഴിവ്‌ കൊച്ചുവര്‍ക്കിക്കുണ്ടായിരുന്നതുപോലെ മറ്റാര്‍ക്കുമുണ്ടായിരുന്നില്ല. കൂലിക്ക്‌ കണക്കുപറയുന്ന സ്വഭാവം കൊച്ചുവര്‍ക്കിക്കില്ലായിരുന്നു.കൊച്ചുവര്‍ക്കിയുടെ ധനതത്വശാസ്‌ത്രസംഹിതയില്‍, കൊടുക്കുന്ന കൂലി,ജോലി ചെയ്യിച്ചിരുന്ന ആളിന്റെ കഴിവിനെ ആസ്‌പദമാക്കിയായിരിക്കണമെന്നായിരുന്നു.

ഗൗരവക്കാരനായ കൊച്ചുവര്‍ക്കിയുടെ ആരെയും ചിരിപ്പിക്കുന്ന വര്‍ത്തമാന ഭാവങ്ങളും, ശൈലിയും. ആ വായില്‍നിന്ന്‌ ചിലപ്പോള്‍ ഉത്ഭവിച്ചിരുന്ന വാക്കുകള്‍ കേള്‍വിക്കാരന്റെ ഉള്ളം കൊളുത്തിവലിച്ചിരുന്നത്‌. എന്നാല്‍ പിണങ്ങിയ മുഖമോ, വികാരാവേശത്താല്‍ കലങ്ങിയ കണ്ണുകളോ ആരും കണ്ടിട്ടില്ലാത്തതും..

അനേക വികാരവിചാരങ്ങള്‍ പ്രതി ിം ിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കൊച്ചുവര്‍ക്കി. വിശാലമായ ഹൃദയന്‍, സഹജീവികളോട്‌ ഉള്ളഴിഞ്ഞ അനുകമ്പയും സ്‌നേഹവും പ്രകൃതിയെപ്പറ്റി നല്ല അറിവ്‌. കൃഷിക്കാര്യങ്ങളില്‍ വിദഗ്‌ദന്‍. എന്നാല്‍ നാടുവാഴിയോ, പഞ്ചായത്ത്‌ പ്രസിഡന്റോ ഒന്നുമായിരുന്നില്ല.

കൊച്ചുവര്‍ക്കി, ഭാര്യ കൊച്ചന്നാമ്മയെ ജീവനുതുല്യം സ്‌നേഹിച്ചിരുന്നു.കൊച്ചന്നാമ്മ തിരിച്ചും. അവരുടേത്‌ ഒരു പ്രേമ വിവാഹമായിരുന്നെങ്കിലുംമാതാപിതാക്കളുടേയും നാട്ടുകാരുടേയും അനുഗ്രഹാശിസുകളോടെയാണ്‌ അവര്‍ ഒരുമിച്ചത്‌. കൊച്ചന്നാമ അതീവ സുമ്പരിയായിരുന്നു. വെള്ളാമ്പല്‍മുട്ടുകള്‍പോലുള്ള കവിള്‍ത്തടങ്ങള്‍. പ്രേമഗാനങ്ങള്‍ ആലപിക്കുന്ന മാന്‍പേട കണ്ണുകള്‍. സുമ്പരിയും നല്ലവളുമായ കൊച്ചന്നാമ്മയെ സ്‌നേഹിച്ച്‌, സ്‌നേഹിച്ച്‌ ജീവിതം അവസാനിപ്പിക്കണമെന്ന ഒരേയൊരു ചിന്തയുമായി ജീവിതം തള്ളി നീക്കിക്കൊണ്ടിരുന്ന കൊച്ചുവര്‍ക്കി. സമയത്തിന്റെ പൂര്‍ണ്ണതയില്‍ സന്തുഷ്‌ടമായ അവരുടെ ദാമ്പത്യത്തിനു പൂവണിയുന്നത്‌. കൊച്ചുതോമയെന്നു പേരിട്ട അവരുടെ കന്നിപുത്രന്റെ വരവ്‌ ആ ഗ്രാമം മുഴുവന്‍ ഉത്സമായി ആഘോഷിച്ചത്‌. ഇടത്തരം വലിപ്പമുള്ള ഒരു മൂരിക്കിടാവിനെ കശാപ്പ്‌ ചെയ്‌താണ്‌ അവര്‍ സദ്യ ഒരുക്കിയത്‌. അത്രയ്‌ക്കു പ്രിയങ്കരനായിരുന്നു കൊച്ചുവര്‍ക്കി. ആര്‍ക്കും എന്തു സഹായവും ചെയ്‌തുകൊടുക്കും. ഇടവപ്പാതിക്കു മുന്‍പ്‌ പുര മേയാന്‍ സഹായിക്കും. കൊയ്‌ത്തു സമയത്ത്‌ കറ്റ ചുമക്കും.വിരുപ്പിന്‌ നിലം ഉഴുത്‌ മറിച്ചാല്‍ പുളിങ്കൊമ്പുകൊണ്ട്‌ കട്ടതല്ലും. കല്യാണ ഒരുക്കങ്ങള്‍ക്കും മരണാവശ്യങ്ങള്‍ക്കും കൊച്ചുവര്‍ക്കി മുന്നിലുണ്ടാകും. മേന്‍പൊടിയില്ലാത്ത്‌ കഷായമില്ലെന്നു പറയുന്നതുപോലെ കൊച്ചുവര്‍ക്കിയുടെ സാന്നിദ്ധ്യമില്ലാത്ത ഒരു കാര്യവും ആ ഗ്രാമത്തില്‍ നടന്നിരുന്നില്ല.

ഏറെ താമസിയാതെ കൊച്ചുവര്‍ക്കി - കൊച്ചന്നാമ്മ ദമ്പതികള്‍ക്ക്‌റോസാപ്പു പോലുള്ള ഒരു പുത്രി ജനിക്കുന്നത്‌. കൊച്ചുറോസ എന്ന്‌ അവര്‍ഓമനപുത്രിക്ക്‌ പേരിടുന്നത്‌. അങ്ങനെ ആ കൊച്ചു കുടുംബം സന്തോഷത്തിന്റെ പൂര്‍ണ്ണതയിലാകുന്നത്‌.

കുട്ടികള്‍ കൊച്ചുവര്‍ക്കിക്കും, കൊച്ചന്നാമയ്‌ക്കും ജീവിന്‍ന്റെ ജീവന്‍ആയിരുന്നു. കൊച്ചുതോമയെ തോളത്തുവച്ച്‌ കൊച്ചുവര്‍ക്കി ആഴമുള്ള തോട്‌കടക്കുന്നത്‌ ആളുകള്‍ നോക്കി നില്‍ക്കുമായിരുന്നു. കൊച്ചുവര്‍ക്കി ഭാര്യയേയുംമക്കളെയും മാത്രമല്ല, ആ ഗ്രാമത്തിലെ എല്ലാവരേയും സ്‌നേഹിച്ചിരുന്നു.

x x x x x x x

ഇടവപ്പാതി എന്ന ആണ്ടുത്സവം വേഴാമ്പല്‍ പൊയ്‌കക്ക്‌ മകരത്തിലെമുണ്ടക കൊയ്‌ത്തുപോലെ ഹരമായിരുന്നു. മലമുകളില്‍നന്നു ആരവവും മുഴക്കി ഇരമ്പിവരുന്ന മഴയുടെ താളവ്യന്യാസങ്ങള്‍ കൊച്ചുകുട്ടികള്‍ക്കുംമുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യമായിരുന്നു. ഉണങ്ങിവരണ്ട തോടുകളും,കാട്ടാറുകളും, കുഴികളും, കിണറുകളും നിറയുന്നതും കരകവിഞ്ഞൊഴുകുന്നതും കണ്ടുനില്‍ക്കുവാന്‍ കൗതുകമായിരുന്നു.

ഇടവപ്പാതിയുടെ ആഗമനം വേഴാമ്പല്‍ പൊയ്‌കക്കാര്‍ക്ക്‌ മത്സ്യ ന്ധികള്‍ക്ക്‌ ചാകരപോലെ ആയിരുന്നു. ദൂരത്തെവിടെനിന്നോ വരുന്ന മത്സ്യങ്ങള്‍കാളിയാറിന്റെ ചാട്ടവും മറിച്ചിലും വകവയ്‌ക്കാതെ കയറിവന്ന്‌ നെല്‍പ്പാടത്തിന്‌ ഇരുവശമുള്ള തോടുകളില്‍ക്കൂടി ചാടി കയറിവരുന്നതും, നല്ല വലിപ്പമുള്ള ചിലത്‌ ഊമന്‍വിഴുങ്ങി കയത്തില്‍ പതിക്കുന്നതും കണ്ട്‌ കോരിത്തരിച്ചു
നിന്നിരുന്നത്‌.. ഊത്ത പിടിക്കാന്‍ കുട്ടികളും, മുതിര്‍ന്നവരും, ഒറ്റലും, കുത്തുവലയും, കോരുവലയും, കൂടകളും, റാന്തല്‍ വിളക്കുകളുമായി തോടരുകിലേക്ക്‌ ഓടുന്നതും, പിടിച്ച മീനുകളെ കോര്‍മ്പകളില്‍ കോര്‍ക്കുന്നതും, കുടങ്ങളിലാക്കുന്നതും എല്ലാം രസകരമായ കാഴ്‌ചകളായിരുന്നു.വാള, തൂളി, ചെമ്പല്ലി മുതലായ മുഴുത്ത മീനുകള്‍ ചാടി വീണിരുന്നത്‌ഊമവിഴുങ്ങി കയത്തിലായിരുന്നു. അവിടെ വല വയ്‌ക്കുവാന്‍ കൊച്ചുവര്‍ക്കിക്കു മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളു. ഏറ്റവും അധികം ഊത്ത പിടിക്കുന്നത്‌ കൊച്ചുവര്‍ക്കിയുമായിരുന്നു. വിശാല മനസ്‌ക്കനായ കൊച്ചുവര്‍ക്കികിട്ടുന്ന മീന്‍ എല്ലാവരുമായി പങ്കുവയ്‌ക്കുമായിരുന്നു. പിന്നെ ഒന്നുരണ്ടു ദിവസത്തേക്ക്‌ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൂണ്‍ ഉത്സവവും, കാച്ചില്‍ ഉത്സവവും, വെട്ടുകളി ഉത്സവവുമൊക്കെപോലെ വേഴാമ്പല്‍ പൊയ്‌കക്കാര്‍ക്ക്‌ ഊത്തമീന്‍ ഉത്സവമായിരുന്നു.

x x x x x x x

എന്റെ പന്ത്രണ്ടാം പിറന്നാളിന്‌ രണ്ടു ദിവസം മുന്‍പാണ്‌ കൊച്ചുവര്‍ക്കി-കൊച്ചന്നാമ്മ ദമ്പതികളുടെ ലളിതമെങ്കിലും ആഹ്ലാദകരവും ആനമ്പകരവുമായിരുന്ന ജീവിതത്തിന്‌ തിരുശീല വീഴുന്നത്‌.

ആ വര്‍ഷം ഇടവപ്പാതി സാധാരണത്തേതിലും നേരത്തെ എത്തി.അന്നു കൊച്ചുവര്‍ക്കി കുറച്ചകലെയുള്ള ഒരു സുഹൃത്തിന്റെ പുരമേച്ചിലില്‍സഹായിക്കാന്‍ പോയിട്ട്‌ തിരിച്ചുവന്നത്‌ ഏറെ വൈകിയാണ്‌. ഉച്ചയ്‌ക്ക്‌ തുട
ങ്ങിയ ചാറ്റല്‍മഴ വൈകീട്ടായപ്പോഴേക്കും ശക്തി പ്രാപിച്ചിരുന്നു. പ്രകൃതിവിദഗ്‌തനായ കൊച്ചുവര്‍ക്കി ചവിട്ടുകല്ലില്‍ ഇറങ്ങിനിന്ന്‌ കിഴക്കേ ആകാശത്തേക്ക്‌ നോക്കി മകനെ വിളിച്ചുപറഞ്ഞു, `മോനെ, കൊച്ചുതോമ, ഇടവപ്പാതിഎത്തിയെടാ. അങ്ങു കിഴക്കോട്ടു നോക്കിക്കെ, കറുത്തിരുണ്ട കാട്ടാനകൂട്ടങ്ങളെപോലെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകുടുന്നത്‌'. കൊച്ചുതോമ ചവിട്ടുകല്ലില്‍ഇറങ്ങിനിന്ന്‌ ആകാശത്തേക്ക്‌ നോക്കി അപ്പച്ചന്‍ പറഞ്ഞതു ശരിവച്ചു.

ആയുധപുരയില്‍ സൂക്ഷിച്ചിരുന്ന ഊത്ത പിടിക്കാനുള്ള വീശുവല,കുത്തുവല, കൂട്‌, ഒറ്റാല്‍ മുതലായതെല്ലാം എടുത്തുനോക്കിയിട്ട്‌ മാസങ്ങള്‍കഴിഞ്ഞിരുന്നു. ദിവസേന ഉമ്മറത്ത്‌ ഓട്ടുവിളക്കിന്റെ വെളിച്ചത്തിലിരുന്ന്‌
കുടും സമേതം കൊന്തചൊല്ലുന്ന കൊച്ചുവര്‍ക്കി, കര്‍ത്താവിന്റെ മാലാഖചൊല്ലിക്കഴിഞ്ഞ്‌ ഭാര്യയേയും മക്കളേയും കൊന്തചൊല്ലാന്‍ ഏല്‍പ്പിച്ചിട്ട്‌റാന്തല്‍ വിളക്കുമായി ആയുധപുരയില്‍ കയറി വലയും കൂടുമെല്ലാം നന്നാക്കുന്ന ജോലിയിലേര്‍പ്പെട്ടു. കൊന്തചൊല്ലിക്കഴിഞ്ഞ്‌ കൊച്ചന്നാമ്മ അത്താഴം ഒരുക്കാന്‍ അടുക്കളയിലേക്കു പോയി.

മണ്‍കലത്തില്‍ പുഴുങ്ങാന്‍ വച്ചിരുന്ന ചെണ്ടമുറിയന്‍ ചിനി അപ്പോഴേക്കും വെന്തു പൊട്ടി മലരുപോലെ വിടര്‍ന്നിരുന്നു. കലത്തിലെ വെള്ളംമുഴുവന്‍ പറ്റിയിരുന്നെങ്കിലും സമയത്തിനു ചെന്നതുകൊണ്ട്‌ അടിക്കു പിടിച്ചിരുന്നില്ല. പാകമായ കപ്പ ചട്ടിയിലാക്കിയിട്ട്‌ ഒരുകൈ ചുവന്നുള്ളിയും, കുറച്ച്‌ഉണക്കമുളകും തീക്കനലില്‍ ചുട്ടെടുത്തു. അതും കല്ലുപ്പും ഒരു കൊച്ചു കിണ്ണത്തിലാക്കി മുട്ടവിളക്ക്‌ കത്തിച്ച്‌ ചാര്‍ത്തിന്റെ പുറത്തേക്കുള്ള വാതിലിനടുത്ത്‌സ്ഥാപിച്ചിരുന്ന അരകല്ലു കഴുകി വൃത്തിയാക്കി മുളക്‌ ചമ്മന്തി അരക്കാന്‍തുടങ്ങി.

കൊന്ത ചൊല്ലിക്കഴിഞ്ഞ്‌, അത്താഴം ശരിയാകുന്നതുവരെയുള്ള സമയംകൊല്ലുന്നതിന്‌ കൊച്ചുതോമയും, കൊച്ചുറോസയും കടംകഥകള്‍ പറയാന്‍ തുടങ്ങി.

കൊച്ചുറോസ : ഞെട്ടില്ല, വട്ടയില
കൊച്ചുതോമ : പപ്പടം
കൊച്ചുതോമ :മിറ്റത്തെ ചെപ്പിനടപ്പില്ല
കൊച്ചുറോസ :കിണര്‍
കൊച്ചുറോസ : അമ്മ കറുത്തത്‌, മോള്‌ വെളുത്തത്‌, മോക്കടെ മോള്‌
സുമ്പരി
കൊച്ചുതോമ : താളി
കൊച്ചുതോമ : മുറംപോലൊരു വിശറി
കൊച്ചുറോസ : ആനയുടെ ചെവി
കൊച്ചുറോസ കിക്കിലുക്കം, കിലുകിലുക്കം, ഉത്തരത്തില്‍ ചത്തിരിക്കും
കൊച്ചുതോമ : പല്ലി

പിന്‍പുറത്ത്‌ മുട്ടവിളക്കിന്റെ വെളിച്ചത്തില്‍ ചമ്മന്തി അരയ്‌ക്കുന്ന കൊച്ചന്നാമ്മയെ തുറന്നുകിടന്നിരുന്ന അടുക്കള വാതിലിലൂടെ കൊച്ചുവര്‍ക്കി കണ്ടു.വീണയുടെ രാഗൈക്യത്തിലെന്നപോലെനിന്നു ചലിക്കുന്ന തന്റെ കൊച്ചന്നാമ്മയുടെ നിതംബം കൊച്ചുവര്‍ക്കിയെ അസ്വസ്‌തനാക്കി. അപ്പോഴേക്കും പുറത്ത്‌മഴ താണ്ഡവമാടാന്‍ തുടങ്ങിയിരുന്നു. കേടുപാടുകള്‍ നീക്കിക്കൊണ്ടിരുന്നകുത്തുവല മതിലില്‍ ചാരി വച്ചിട്ട്‌ പ്രേമാസക്തനായ കൊച്ചുവര്‍ക്കി പ്രിയതമയുടെപിന്നില്‍ചെന്നു ത്രസിക്കുന്ന അവളുടെ നിതംബം കൈവലയത്തിലാക്കി.
കൊച്ചന്നാമ്മ ദേഷ്യം അഭിനയിച്ച്‌ `അല്ലാ പെര മേയാന്‍ പോയിട്ട്‌ മേലു കഴുകാനും, കൊന്ത എത്തിക്കാനും കൂട്ടാക്കാതെ വല നന്നാക്കാന്‍ കേറിയ ആള്‍ഇപ്പോള്‍ എന്തിനുള്ള പുറപ്പാടാണ്‌?'

കൊച്ചുവര്‍ക്കി, `കോരിച്ചൊരിയുന്ന മഴയും കുളിരുമുള്ള ഈ സന്ധ്യയില്‍ നിന്ന്‌ ത്രസിക്കുന്ന എന്റെ സുന്ദരിക്കുട്ടിയെ കാണുമ്പോള്‍ എങ്ങനെയാ ഇരുന്ന്‌ വലയുണ്ടാക്കുന്നത്‌ വല ഇനി നാളെ നന്നാക്കാം'.

കൊച്ചുവര്‍ക്കിയുടെ കൈകള്‍ അവളുടെ നിതംബത്തില്‍നിന്നു സാവധാനം മുകളിലേക്ക്‌ കയറിക്കൊണ്ടിരുന്നു.

`വിട്ടേച്ചു പോയി കുളിക്കു മനുഷ്യാ, അല്ലേല്‍ ഞാനീ മുളകരച്ചത്‌അതേലങ്ങു തേക്കും'

കൊച്ചുവര്‍ക്കി: തേയ്‌ക്കു മോളെ, തേയ്‌ക്ക്‌. അതിന്റെ സുഖം എന്റെമോള്‍ക്കും അനുഭവിക്കാമല്ലോ.അപ്പോഴേക്കും ഉമ്മറത്ത്‌ കടംകഥ പറച്ചില്‍ ഉച്ചത്തിലും വാശിയിലുമായിക്കഴിഞ്ഞിരുന്നു.

കൊച്ചുറോസ:: പൂപോലെ വെട്ടത്ത്‌, പൂക്കണ്ണിപാടത്ത്‌ വന്നിറങ്ങി തിന്നുപോണ മൃഗത്തിന്റെ പേര്‌?

കൊച്ചുതോമ: അങ്ങനെ ഒരു മൃഗമില്ല. നീ ഉണ്ടാക്കി പറയുന്നതാ.

കൊച്ചുറോസ: ഉണ്ടിച്ചായാ, ഉണ്ട്‌. ഇന്ന്‌ ഞങ്ങളുടെ കാര്‍ത്ത്യായനി ടീച്ചര്‍ക്ലാസ്സില്‍ പറഞ്ഞതാ

കൊച്ചുതോമ: എന്നാല്‍ ഉത്തരം നീതന്നെ പറ
കൊച്ചുറോസ: തോറ്റെന്നു സമ്മതിച്ചോ?
കൊച്ചുതോമ: മനസ്സില്ലാ മനസ്സോടെ: ഉം
കൊച്ചുറോസ: കാണ്ടാമൃഗം
കൊച്ചുതോമ: പോടി പെണ്ണേ, എന്നെ പറ്റിക്കണ്ട. അങ്ങനെ ഒരു മൃഗമില്ല
കൊച്ചുറോസ: ഉണ്ട്‌, ഉണ്ട്‌, ഉണ്ട്‌. നല്ല നിലാവുള്ള രാത്രികളില്‍ കാര്‍ത്ത്യായനി ടീച്ചര്‍ പല പ്രാവശ്യം കണ്ടിട്ടുണ്ട്‌. ഒരിക്കല്‍ ഞങ്ങളെ കാട്ടിത്തരാമെന്നേറ്റിരിക്കുവാ. എല്ലാവരും ഉറങ്ങി കഴിയുമ്പോഴാ അവറ്റ കൂട്ടംകൂട്ടമായിവന്നു തിന്നിട്ടുപോകുന്നത്‌.

കൊച്ചുതോമ അല്‌പം മടിച്ചു നിന്നിട്ട്‌: എന്നാ നീ ഇതിന്റെ ഉത്തരം പറ. `കൊണ്ടാടും, കൊടുമുടിയാടും കോണാനഴിക്കുമ്പോള്‍ അതു കിടന്നാടും'.

കൊച്ചുറോസ ഉച്ചത്തില്‍: അമ്മച്ചീ, അമ്മച്ചീ, ഈ തോമാച്ചയന്‍ തെറിപറയുന്നമ്മച്ചീ. അപ്പോഴേക്കും കൊച്ചുവര്‍ക്കിയുടെ കരങ്ങള്‍ കൊച്ചന്നാമ്മയുടെ ചട്ടയുടെ അടിയില്‍ക്കൂടി എത്തേണ്ട സ്ഥലത്തെത്തിയിരുന്നു.

കൊച്ചന്നാമ്മ താഴ്‌ന്ന സ്വരത്തില്‍: തന്ത ഇവിടെ തെറി കാണിക്കുന്നു. മോന്‍ഉമ്മറത്തിരുന്നു തെറി പറയുന്നു. വിട്ടേച്ചു പോ മനുഷ്യാ, ഇതിയാന്റെ വെറി അയര്‍പക്കത്തുള്ളവര്‍ കാണും. ഈ മനുഷ്യനു നാണമില്ലെങ്കില്‍ എന്നാ ചെയ്യാനാ?

കൊച്ചുവര്‍ക്കി അതേ സ്വരത്തില്‍: ഞാനെന്തിനാ മോളെ നാണിക്കുകയുംപേടിക്കുകയും ചെയ്യുന്നത്‌. നിന്റപ്പച്ചനും അമ്മച്ചിയും, എന്റെ അപ്പച്ചനും അമ്മച്ചിയും, പിന്നെ പള്ളീലച്ചനും ഒപ്പിട്ട ലൈസന്‍സല്ലെ എന്റെ കയ്യിലിരിക്കുന്നത്‌.പിന്നെ ആര്‌ കണ്ടാലെന്താ. കൊച്ചന്നാമ്മ ഉമ്മറത്തേക്ക്‌ തിരിഞ്ഞ്‌ ഉച്ചത്തില്‍ദേഷ്യപ്പെട്ടുകൊണ്ട്‌: എന്നാ തെറിയാടാ നീ എന്റെ മോളെ പറഞ്ഞുകേള്‍പ്പിക്കുന്നത്‌?

കൊച്ചുതോമ: തെറിയല്ലമ്മച്ചി, തെറിയല്ല. ഇന്നു നാരായണന്‍കുട്ടിസാര്‍ ഇല്ലാഞ്ഞതുകൊണ്ട്‌ തുളസി ടീച്ചര്‍ ഉന്താന്‍ വന്നപ്പോള്‍ പറഞ്ഞ കടംകഥയാ അമ്മച്ചീ.

കൊച്ചുറോസ: എന്നാ ഇച്ചായന്‍തന്നെ പറ അതിന്റെ ഉത്തരം
കൊച്ചുതോമ: നീ തോറ്റെന്നു പറ
കൊച്ചുറോസ: ഉം
കൊച്ചുതോമ: അടക്കാമരത്തിന്റെ പൂങ്കുല മുളക്‌ ചമ്മന്തി അരച്ചത്‌ വടിച്ച്‌ കിണ്ണത്തിലാക്കി, ഒരു തരത്തില്‍ കൊച്ചുവര്‍ക്കിയുടെ കരങ്ങള്‍ വിടര്‍ത്തി കൊച്ചന്നാമ്മ അടുക്കളയിലേക്ക്‌ കയറി. പോകുംവഴി തന്റെ പ്രിയതമന്റെ കാതുകളില്‍ അവള്‍ മന്ത്രിച്ചു. `തിണ്ണയില്‍ വലിയ ചെമ്പില്‍ വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്‌. പോയിനന്നായി കുളിച്ച്‌ നല്ല കുഞ്ഞായിട്ട്‌ വാ. വെള്ളം മുഴുവനും തീര്‍ക്കല്ലെ. മക്കള്‍ക്ക്‌ അത്താഴം കൊടുത്തിട്ട്‌ ഞാനും മേലു കഴുകിവരാം. അതുവരെ ഒന്നടങ്ങ്‌ കെളവാ'.

അനുസരണയുള്ള കുട്ടിയെപ്പോലെ കൊച്ചുവര്‍ക്കി ഇളംതിണ്ണയിലേക്ക്‌പോയി. കുളിച്ചു വൃത്തിയായി, അലക്കി ഉണക്കിയ മുണ്ടുടുത്ത്‌ അടുക്കള പലകയില്‍ ഇരുന്നു നല്ല ചൂടുള്ള കപ്പ, മുളകു ചമ്മന്തിയുംകൂട്ടി വയറു നിറയെകഴിച്ചു. അപ്പോഴേക്കും കൊച്ചന്നാമ്മയും മേലു കഴുകി ചട്ടയും മാറി തയ്യാര്‍.
പുറത്ത്‌ മഴ തോരാതെ ശക്തിയായി പെയ്‌തുകൊണ്ടിരുന്നു. വീശിഅടിക്കുന്ന കാറ്റും, ഞടുക്കുന്ന ഇടിമിന്നലും, പുറത്ത്‌ ഭീകരാന്തരീക്ഷംസൃഷ്‌ടിച്ചു. ഭയചികിതയായ കൊച്ചന്നാമ്മ കൊച്ചുവര്‍ക്കിയുടെ കരവലയത്തില്‍ അഭയംതേടി. ആ രാത്രി കൊച്ചുവര്‍ക്കിയും കൊച്ചന്നാമ്മയും അവരുടെസ്‌നേഹം ആവോളം പങ്കുവച്ച്‌ ആസ്വദിച്ചു.പിറ്റേന്നു രാവിലെ പതിവിലും ഏറെ താമസിച്ചാണ്‌ അവര്‍ ഉണര്‍ന്നത്‌.
കൊച്ചന്നാമ്മ ധൃതിയില്‍ പ്രാതല്‍ ഒരുക്കി കുട്ടികള്‍ക്ക്‌ കൊടുത്തു അവരെപള്ളിക്കൂടത്തിലേക്കയ്‌ക്കാന്‍ ഒരുങ്ങി. കൊച്ചുവര്‍ക്കി തന്റെ ആയുധപുരയിലേക്കും. വൈകുന്നേരത്തിന്‌ മുന്‍പ്‌ വീശുവലയും, കുത്തുവലയും കൂടും കേടുപാടുകള്‍ തീര്‍ത്തെടുക്കണം.

കൊച്ചുവര്‍ക്കി മനസ്സില്‍ ഓര്‍ത്തു, `കൊച്ചുതോമ വളര്‍ന്ന്‌ വലിയ പയ്യനായിരിക്കുന്നു. ഞാന്‍ ചെയ്യുന്ന ജോലികള്‍ എല്ലാംതന്നെ ചെയ്യാനുള്ളകഴിവ്‌ അവനിപ്പോള്‍ ഉണ്ട്‌. കൂടു നന്നാക്കികൊടുത്താല്‍ അത്‌ നടുത്തോട്ടില്‍വച്ച്‌ അവന്‍ കുറുവ, പരല്‍ പിടിച്ചോളും'.

ഊത്ത പിടിക്കലിന്റെ ആവേശത്തിലാണ്‌ കൊച്ചുതോമ ഉണര്‍ന്നത്‌.രാവിലെയുള്ള കുളിക്കുപോലും കൂട്ടാക്കാതെ, പിന്‍പുറത്തെ ചാര്‍ത്തിന്റെകഴുക്കോലില്‍ കെട്ടിതൂക്കിയിരുന്ന കൂടുള്ള ചിമ്മണി വിളക്കഴിച്ചെടുത്ത്‌ ചിമ്മിണി സോപ്പിട്ട്‌ കഴുകി തോര്‍ത്തുകൊണ്ട്‌ തുടച്ചു വൃത്തിയാക്കി, പുതിയ തിരിയിട്ട്‌ മണ്ണെണ്ണനിറച്ച്‌ റെഡിയാക്കിവച്ചു. കൊച്ചു റോസ കൊച്ചുതോമ ചെയ്യുന്നതെല്ലാംകൗതുകപൂര്‍വ്വം നോക്കിനിന്നു. അവള്‍ക്കും ആങ്ങളയുടെയും അപ്പച്ചന്റെയും കൂടെ ഊത്ത പിടിക്കുവാന്‍ പോകണമെന്ന്‌ വലിയ ആഗ്രഹമുണ്ടായിരുന്നു. അവളുടെ കൂട്ടുകാരി കൊച്ചുകാളി, അച്ചന്‍ ചാത്തന്‍ പുലയന്റെകൂടെ റാന്തല്‍ വിളക്കുമായി ഊത്ത പിടിക്കാന്‍ പോകുന്നത്‌ അവള്‍ കണ്ടിട്ടുണ്ട്‌. പക്ഷെ അവള്‍ക്കറിയാം അപ്പച്ചന്‍ അവളെ കൊണ്ടുപോകില്ലെന്ന്‌. അഥവാ അപ്പച്ചന്‍ സമ്മതിച്ചാല്‍പോലും അമ്മച്ചി വിടില്ല.

സ്ലേറ്റും പെന്‍സിലുമെടുത്ത്‌ സ്‌കൂളിലേക്ക്‌ പോകാനിറങ്ങുന്നതിനുമുന്‍പ്‌ ഒന്നുകൂടി കൊച്ചുവര്‍ക്കിയെക്കൊണ്ട്‌ ശപഥം ചെയ്യിച്ചിട്ടാണ്‌ കൊച്ചുതോമപോയത്‌. അവന്‍ തിരിച്ചു വരുന്നതിനുമുന്‍പ്‌ ഊത്ത പിടിക്കാന്‍പോകില്ലെന്ന്‌.

ഉച്ചയായപ്പോഴേക്കും വലയുടെയും കൂടിന്റെയും മിനക്കുപണികള്‍തീര്‍ത്ത്‌ നേരത്തെ ഉച്ചഭക്ഷണം കഴിച്ചു തലേ രാത്രിയിലെ ഉറക്കമൊഴിച്ചിലിന്റെ ക്ഷീണം തീര്‍ക്കുന്നതിനും വരാനിരിക്കുന്ന രാത്രിയിലെ ഉറക്കമൊഴിച്ചില്‍ മുന്നില്‍ കണ്ടും കൊച്ചുവര്‍ക്കി പതിവില്ലാത്ത ഒരു ഉച്ച ഉറക്കത്തിനൊരുങ്ങി. പുറത്ത്‌ മഴ ശക്തിയായി പെയ്‌തുകൊണ്ടിരുന്നു. ഇടിവെട്ടും കൊള്ളിയാന്‍മിന്നലും ഒന്നും അവന്‍ അറിഞ്ഞില്ല.

നാലു മണിയായപ്പോഴേക്കും കൊച്ചുതോമയും കൊച്ചുറോസയുംതിരികെ എത്തി. ഉറങ്ങി കിടന്നിരുന്ന കൊച്ചുവര്‍ക്കിയെ കുലുക്കി ഉണര്‍ത്തി.കൊച്ചുതോമ: അപ്പച്ച - കണ്ടത്തിലും വരമ്പേലും മൊക്കെ ആളുകള്‍ വലയും,കൂടും, ഒറ്റലുമായി എത്തിക്കഴിഞ്ഞു. എഴുന്നേല്‍ക്കു നമുക്കും പോകാം അപ്പച്ച.

കൊച്ചുവര്‍ക്കി: അവര്‌ ആഴം കുറഞ്ഞ സ്ഥലങ്ങളിലെ പോകൂ. ഉമവിഴുങ്ങി കയത്തിന്റെ അടുത്തെങ്ങും പോകാന്‍ അവര്‍ക്ക്‌ ധൈര്യമുണ്ടാവില്ല. അവിടെയാ വലിയ മീനുകള്‍ വന്നു ചാടുന്നത്‌. അതു നമുക്കുളളതാ.
രണ്ടുപേരും തൊപ്പിക്കുട തലയില്‍ ചൂടി, വലയും റാന്തല്‍ വിളക്കുമായിപാടത്തേക്കിറങ്ങി. അപ്പോഴേക്കും ആ ഗ്രാമത്തിലെ മുതിര്‍ന്നവരും കുട്ടികളുംഒന്നടങ്കം ഊത്ത പിടിക്കാനിറങ്ങിക്കഴിഞ്ഞിരുന്നു.കൊച്ചുവര്‍ക്കിക്കും കൊച്ചു തോമാക്കും നേരെ ഊമ വിഴുങ്ങി കയത്തിനരികിലേക്കാണ്‌ പോയത്‌. മുകളില്‍ ഉണ്ടായിരുന്ന പാറയില്‍തട്ടി വലിയ മീനുകള്‍ ചാടുന്നതു കണ്ടപ്പോള്‍ കൊച്ചു തോമക്ക്‌ ആവേശം കൂടി.

കൊച്ചുതോമ: അപ്പച്ചാ അതു കണ്ടോ. നല്ല വലിപ്പമുള്ള മീനുകളാ ചാടുന്നത്‌.വാളയും, തൂളിയും, ചെമ്പല്ലിയും കൂരിയും കാരിയും ഒക്കെ ഉണ്ടെന്നാ തോന്നുന്നത്‌. ഇന്നു നമുക്ക്‌ കുടം നിറച്ച്‌ മീന്‍ കിട്ടും അപ്പച്ചാ. പാറക്ക്‌
അല്‍പം മുകളിലായി കുത്തുവല ഉറപ്പിച്ച്‌ അതില്‍ വീണ മീനുകളെ കൊച്ചുതോമപിടിച്ചു കുടങ്ങളിലാക്കി. മഴയുടെ ശക്തി പിന്നെയും കൂടിക്കൊണ്ടിരുന്നു. തോടിന്റെ ഇരുകരകളും കവിഞ്ഞ്‌ വെള്ളം ഒഴുകിക്കൊണ്ടിരുന്നു.കൊച്ചുതോമ വീതി കുറഞ്ഞ നടുതോട്ടില്‍ കൂട ഉറപ്പിച്ചു. തോട്ടില്‍ കരയില്‍നിന്നും പരലുകള്‍ കൂടയില്‍ വീഴുന്നതു കണ്ട്‌ ആഹ്ലാദിച്ചു. കണ്ടത്തില്‍വീണ പരലുകളെ അവന്‍ കോരുവലകൊണ്ട്‌ കോരിപിടിച്ച്‌ കുടത്തില്‍ ആക്കിക്കൊണ്ടിരുന്നു. കൊച്ചുവര്‍ക്കി ഊമവിഴുങ്ങി കയത്തിന്‌ മുകളിലായി പാറക്കെട്ടിനു താഴെ വട്ടമുള്ള കുത്തുവല ഉറപ്പിച്ചു മുളംകമ്പ്‌ കൊണ്ട്‌ വലയുടെമുഗള്‍വശം കുത്തിപ്പൊക്കി നിര്‍ത്തി. ചെറുമീനുകളാണ്‌ വന്നു വീണുകൊണ്ടിരുന്നത്‌. ഇടത്തരം വലിപ്പമുള്ള ഒരു വാള മാത്രമാണ്‌ ആ വലയില്‍ കുടുങ്ങിയഏറ്റവും വലിയ മീന്‍. മീന്‍ പിടിക്കുന്നതിന്റെ ആവേശത്തില്‍ സമയം പോകുന്നത്‌ രണ്ടുപേരും അറിഞ്ഞില്ല. കൊച്ചുതോമയ്‌ക്ക്‌ ഒരു കുടം നിറയെ പരല്‍മീനുകള്‍ കിട്ടി. വലിയ മീനുകള്‍ ഒന്നും കൂടയില്‍ വീഴാതിരുന്നത്‌ അവനെ തെല്ല്‌നിരാശ്ശനാക്കി. ഇരുട്ടിയപ്പോള്‍ അവന്‍ റാന്തല്‍ വിളക്ക്‌ കത്തിച്ച്‌ കൊച്ചുവര്‍ക്കിക്ക്‌ വെളിച്ചം കാണിക്കാന്‍ ഊമ വിഴുങ്ങി കയത്തിന്റെ വക്കിലെത്തിറാന്തല്‍ വിളക്കു പൊക്കിപിടിച്ച്‌ കൊച്ചുവര്‍ക്കിക്ക്‌ വെളിച്ചം കാണിച്ചുകൊടുത്തു. കൊച്ചുവര്‍ക്കി വലിയ മീനുകള്‍ വീഴുമെന്ന പ്രതീക്ഷയില്‍ ക്ഷമയോടെകാത്തിരുന്നു. പാറയില്‍തട്ടി വെള്ളിപോലെ തിളങ്ങുന്ന ചിതമ്പലുള്ള ഒരു വലിയ മീന്‍ കുത്തുവലയില്‍ വീണു. അത്‌ തെന്നി പുറത്തു പോകുന്നതിന്‌മുന്‍പ്‌ കൊച്ചുവര്‍ക്കി അതിനെ വലകൂട്ടി ചേര്‍ത്ത്‌ പിടിച്ചു പല്ലുകൊണ്ട്‌ കടിച്ച
മര്‍ത്തി കൊന്ന്‌ പാണലിന്റെ കോര്‍മ്പയില്‍ കോര്‍ത്തു. അതൊരു സുമ്പരന്‍കാളാഞ്ചിയായിരുന്നു. പിന്നെ കുറച്ചു നേരത്തേക്ക്‌ ഒന്നും സംഭവിച്ചില്ല.സമയം ഏറെ കഴിഞ്ഞിരുന്നു. നിരാശനായി തിരികെ പോയാലോ എന്ന്‌ വിചാരിച്ചപ്പോള്‍ അതാ ഒരു വലിയ മീന്‍ വലയില്‍ വീണു. റാന്തല്‍ വിളക്കിന്റെ വെളിച്ചത്തിന്‍ എന്ത്‌ മീനാണെന്ന്‌ അവന്‌ മനസ്സിലായില്ല. വല വലിച്ചുനോക്കിയപ്പോള്‍ വലിയ ഏതോ മീന്‍ വലയില്‍ വീണെന്ന്‌ കൊച്ചുവര്‍ക്കി നിരൂപിച്ചു. വല കൂട്ടിപിടിച്ച്‌ അതിനെ പൊക്കിയെടുത്ത്‌ വിളക്കിന്റെ വെളിച്ചത്തില്‍പിടിച്ചു നോക്കി.

അതൊരു മുര്‍ഖന്‍ പാമ്പായിരുന്നു. വലയില്‍ കുടുങ്ങിയ വെപ്രാളത്തില്‍ മൂര്‍ഖന്‍ പത്തി വിടര്‍ത്തി കൊത്തി. കൊച്ചുവര്‍ക്കിയുടെ നെറ്റിയുടെനടുവിലാണ്‌ കൊത്ത്‌ കൊണ്ടത്‌.

കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാല്‍ വിഷം പാമ്പിലേക്കുതന്നെ പോകുമെന്ന്‌ കൊച്ചുവര്‍ക്കി പറഞ്ഞു കേട്ടിരുന്നു. പാമ്പു രക്ഷപ്പെടാന്‍ വയ്യാത്തവിധത്തില്‍ വലയില്‍ കുടുങ്ങിയിരുന്നു. കൊച്ചുവര്‍ക്കി അതിനെ വലയോട്‌
കൂട്ടിപിടിച്ച്‌ തലമുതല്‍ വാലുവരെ കടിച്ചു. കടിയേറ്റ്‌ ചത്തരഞ്ഞ പാമ്പിന്റെ ഉടലുംകയ്യില്‍പിടിച്ച്‌ കൊച്ചുവര്‍ക്കി പുറകോട്ട്‌ മലര്‍ന്നടിച്ച്‌ വീണു. പാമ്പിന്റെഅരഞ്ഞ ഉടലും കയ്യില്‍ പിടിച്ച്‌ മരണം കൊത്തിപ്പറിച്ചെടുത്ത്‌ ചേതനയറ്റതന്റെ പിതാവിന്റെ ജഡം കണ്ട്‌ വിശ്വസിക്കാനാവാതെ കൊച്ചുതോമ ഉച്ഛത്തില്‍ അലറി വിളിച്ചു.

അപ്പച്ചാ ാ.... ച്ഛാ.....ാ ാ

ഹൃദയം പൊട്ടിയുളള ആ വിളി ഗ്രാമത്തിലെങ്ങും മാറ്റൊലി കൊണ്ടു.

അപ്പച്ചാ ാ.... ച്ഛാ.....ാ ാ

ഇടവപ്പാതിയുടെ ആരംഭത്തില്‍ വേഴാമ്പല്‍ പൊയ്‌കയില്‍ ഊത്തപിടിക്കുവാന്‍ പോയിരുന്നവര്‍ കൊച്ചുതോമ ഹൃദയം പൊട്ടി അവന്റെ അപ്പച്ഛനെവിളിക്കുന്നത്‌ കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും കേട്ടിരുന്നുപോലും.

അപ്പച്ചാ ാ.... ച്ഛാ.....ാ ാ


സ്റ്റീഫന്‍ നടുക്കുടിയില്‍
407-830-6717
nmstephen@hotmail.com
വേഴാമ്പല്‍ പൊയ്‌കയിലെ കൊച്ചുവര്‍ക്കി (കഥ: സ്റ്റീഫന്‍ നടുക്കുടിയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക