Image

ശബരിമല: അരവണ നിര്‍മാണം പുനരാരംഭിച്ചു ; ആവശ്യത്തിന്‌ കരുതല്‍ ശേഖരം

അനില്‍ പെണ്ണുക്കര Published on 28 November, 2014
ശബരിമല: അരവണ നിര്‍മാണം പുനരാരംഭിച്ചു ; ആവശ്യത്തിന്‌ കരുതല്‍ ശേഖരം
ശബരിമലയിലെ അരവണ നിര്‍മാണം ഇന്നലെ (നവംബര്‍ 27) പുലര്‍ച്ചെ 1.30 ന്‌ പുനരാരംഭിച്ചെന്നു ശബരിമല എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ വി എസ്‌ ജയകുമാര്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ നിര്‍മാണം മുടങ്ങാതെ ചേരുവകകള്‍ ലഭ്യമാക്കുന്നതിന്‌ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കരുതല്‍ ശേഖരം ആവശ്യത്തിനുള്ളത്‌ കൊണ്ട്‌ അരവണ പ്രസാദ വിതരണത്തെ ബാധിക്കില്ല.

അരവണ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന ചേരുവകകളിലൊന്നായ കല്‍ക്കണ്ടത്തിന്റെ വിതരണ കരാര്‍ കുമളിയിലെ ഹൈറേഞ്ച്‌ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിക്കാണ്‌ നല്‍കിയിരുന്നത്‌. ഭക്ഷ്യ സുരക്ഷാ ഗുണനിലവാരമനുസരിച്ചുള്ള കല്‍ക്കണ്ടം ഇവര്‍ വിതരണം ചെയ്യാതിരുന്നതിനെ തുടര്‍ന്ന്‌ ശബരിമല സ്‌റ്റോറിലെ കല്‍ക്കണ്ടം സ്‌റ്റോക്ക്‌ തീര്‍ന്നു. ഇത്‌ മൂലം നവംബര്‍ 24 ന്‌ രാത്രി അരവണ നിര്‍മാണം നിര്‍ത്തി വയ്‌ക്കേണ്ടി വരികയായിരുന്നു. തുടര്‍ന്ന്‌ ഗുണമേന്മയുള്ള കല്‍ക്കണ്ടം പ്രാദേശിക വിപണിയില്‍ നിന്നും ദേവസ്വം ബോര്‍ഡ്‌ നേരിട്ട്‌ ശേഖരിച്ചാണ്‌ അരവണ നിര്‍മാണം പുനരാരംഭിച്ചത്‌.

ശബരിമലയില്‍ തെര്‍മിക്‌ ഫ്‌ളൂയിഡ്‌, ഇലക്ട്രിക്‌, ഗ്യാസ്‌ എന്നീ മൂന്ന്‌ വ്യത്യസ്ഥ രീതിയിലുള്ള ഇന്ധനം ഉപയോഗിക്കുന്ന മൂന്ന്‌ പ്ലാന്റുകളിലാണ്‌ ഉണ്ണിയപ്പ നിര്‍മ്മാണം നടക്കുന്നത്‌.

ഇതില്‍ ആകെ ഉത്‌പാദനത്തിന്റെ 60 ശതമാനവും തെര്‍മിക്‌ ഫ്‌്‌ളൂയിഡ്‌ ഇന്ധന പ്ലാന്റിലാണ്‌ നിര്‍മിക്കുന്നത്‌. ഇതിനു പുറമേ വൈദ്യുതി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന കാരകളും, ആവശ്യമായി വരുന്ന പക്ഷം പ്രവര്‍ത്തിപ്പിക്കുന്നതിന്‌ ഗ്യാസ്‌ കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന പ്ലാന്റുമുണ്ട്‌. നലവിലെ പ്രതിദിന ഉത്‌പാദന ശേഷി 1.25 ലക്ഷം കവര്‍ അപ്പമാണ്‌. എന്നാല്‍, അപ്പത്തിന്റെ ഡിമാന്റ്‌ ഇത്രത്തോളം വരാറില്ല. ഇക്കാരണത്താല്‍ കൂടുതല്‍ കാലം അപ്പം നിര്‍മ്മിച്ച്‌ സൂക്ഷിക്കുന്നത്‌ കേടാകാന്‍ സാധ്യത ഉള്ളതിനാല്‍ ആവശ്യത്തിന്‌ കരുതല്‍ ശേഖരമായി കഴിഞ്ഞാല്‍ നിര്‍മാണത്തില്‍ കുറവ്‌ വരുത്താറുണ്ട്‌. ഇതിന്റെ ഭാഗമായി നിര്‍മാണ ചെലവ്‌ കൂടുതലുള്ള ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന കാരയില്‍ അവശ്യസന്ദര്‍ഭങ്ങളില്‍ നിര്‍മാണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെന്നും ശബരിമല എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ പറഞ്ഞു.
ശബരിമല: അരവണ നിര്‍മാണം പുനരാരംഭിച്ചു ; ആവശ്യത്തിന്‌ കരുതല്‍ ശേഖരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക