Image

മുല്ലപ്പെരിയാര്‍ പൊട്ടുന്നതുവരെ പി.ജെ.ജോസഫ് മിണ്ടാതിരിക്കും!! -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 28 November, 2014
മുല്ലപ്പെരിയാര്‍ പൊട്ടുന്നതുവരെ പി.ജെ.ജോസഫ് മിണ്ടാതിരിക്കും!! -അനില്‍ പെണ്ണുക്കര
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉറങ്ങാതെ കണ്ണിലെണ്ണയൊഴിച്ച് ഉറങ്ങാതിരിക്കുന്ന ഒരു മന്ത്രിയുണ്ട് നമുക്ക്. പി.ജെ.ജോസഫ്…

ഇടതു, വലതു മന്ത്രിസഭയില്‍ മന്ത്രിയായും എം.എല്‍.എ. ആയും, ഗായകനായും, കൃഷിക്കാരനായുമൊക്കെ വിലസിയ പി.ജെ.ജോസഫ് ഇപ്പോള്‍ പത്രക്കാരെ കാണുമ്പോള്‍ എന്തെങ്കിലുമൊന്ന് പറഞ്ഞാലായി…

ചിലകുട്ടികള്‍ക്ക് പേടികിട്ടിയ പോലെയായി ജോസഫിന്റെ കാര്യം…
ജയലളിതയും, കരുണാനിധിയും, അഥവാ സാക്ഷാല്‍ രജനീകാന്ത് തമിഴ്‌നാട് മുഖ്യമന്ത്രി ആയാലും മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളക്കാര്‍ക്കില്ലാത്ത ഐക്യം തമിഴ്‌നാട്ടുകാര്‍ക്കുണ്ട്. അതാണ് തമിഴ് രക്തം…

മുല്ലപ്പെരിയാറിനുവേണ്ടി അവരെന്തും ചെയ്യും. മുല്ലപ്പെരിയാറില്‍നിന്നും നീയൊക്കെ വെള്ളം മോഷ്ടിക്കുമോടാ എന്ന് തമിഴന്‍മാരോട് പറഞ്ഞ ഒരു നേതാവേ നമുക്കുള്ളൂ. ശ്രീ. ജോണി വെള്ളിക്കാല!

സത്യന്‍ അന്തിക്കാടിന്റെ “നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക” എന്ന സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രമാണ് ജോണിവെള്ളിക്കാല. അത് സിനിമ!

ഇത് രാഷ്ട്രീയം. നെഞ്ചത്ത് കൈവച്ച് ഏതെങ്കിലും രാഷ്ട്രീയക്കാരോ കേരളാ മുഖ്യമന്ത്രിമാരോ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരഭിപ്രായം പറഞ്ഞിട്ടുണ്ടോ? ഇല്ല!

മൂന്ന് വര്‍ഷം മുമ്പ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ അടക്കം പല ലോകമലയാള നേതാക്കന്മാരും, രാഷ്ട്രീയക്കാരുമൊക്കെ കുമിളിയിലും ഇടുക്കിയിലുമൊക്കെ സമരം നടത്തിയതും നിരാഹാരം നടത്തിയതുമൊക്കെ കേരളജനത മറന്നിട്ടില്ല.
എന്നാലിതാ… സര്‍വ്വരാജ്യ മലയാളികളേ…കേട്ടോളിന്‍!!

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി കടന്നിരിക്കുന്നു!

ആരെയും കണ്ടില്ല. ഉറങ്ങാന്‍ കഴിയാത്ത മന്ത്രിയെയും കണ്ടില്ല. പി.സി.ജോര്‍ജിനെയും കണ്ടില്ല. ഇപ്പോളിതാ വി.എസ്സിനേയും കൂട്ടി ഉമ്മന്‍ചാണ്ടി നരേന്ദ്രമോഡിയെ കാണാന്‍ പോകുന്നു…
“പടപേടിച്ച് പന്തളത്തുചെന്നപ്പോള്‍ ചൂട്ടും കെട്ടിപട” എന്ന പോലെയാകും കാര്യങ്ങള്‍…
ഒരു ചുക്കും സംഭവിക്കില്ല…!!

ഇതുവരെ മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയില്ലല്ലോ… പൊട്ടുമ്പോള്‍ ആലോചിക്കാം എന്നു പറയും മോഡി… അതും കേട്ട് ചായേംകുടിച്ച് അവരിങ്ങ് പോരും. ബി.ജെ.പി. സര്‍ക്കാരിനാണെങ്കില്‍ തമിഴ്‌നാട്ടില്‍ ഒരു അക്കൗണ്ട് തുറന്നാല്‍ കൊള്ളാമെന്നുമുണ്ട്. ജയലളിതയെ മെല്ലെ തലോടി കേന്ദ്രം സഹായം തുടരുന്ന അവസ്ഥയ്ക്ക് യാതൊരുമാറ്റവും കേരളം കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിക്കേണ്ട… പക്ഷേ നഷ്ടപ്പെടുന്നത് മുല്ലപ്പെരിയാറിന്റെ താഴ് വാരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കായിരിക്കുമെന്ന് പ്രധാനമന്ത്രിയും, നമ്മുടെ മന്ത്രിമാരുമൊക്കെ ഒന്ന് ഓര്‍ത്താല്‍ വളരെ നന്നായിരിക്കും. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ 6 ജില്ലകള്‍ നാമാവശേഷമാകുമെന്നും ഡാം പൊട്ടുന്ന കാര്യമോര്‍ത്ത് ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് വീരവാദം മുഴക്കിയ ജോസഫ് ഇന്നലെവരെ നന്നായി ഉറങ്ങിയിട്ടുണ്ട്.

എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ മൊത്തത്തില്‍ ഒരു ചീഞ്ഞനാറ്റമുണ്ട്. പ്രധാനമായും രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന നിസംഗത. ഈക്കൂട്ടര്‍ കാട്ടുന്നമൗനത്തെ ദുരൂഹഗതയായിത്തന്നെ കേരളത്തിലെ നിഷ്പക്ഷമതികള്‍ കാണുന്നു. അതുകൊണ്ട് കോടതികളും കയ്യൊഴിഞ്ഞ സാഹചര്യത്തില്‍ പുതിയ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധചെലുത്തണം. അതിനായി ഉമ്മന്‍ചാണ്ടിയും, വി.എസ്സുമൊക്കെ രാഷ്ട്രീയം മറന്ന് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ നാല്‍പ്പത് ലക്ഷത്തിലധികം ആളുകളും, അവരുടെ സമ്പാദ്യവും, ആറ് ജില്ലകളും, ചെളി വന്നുമൂടി നാമാവശേഷമാകും. അതിന് ഒരു കാത്തിരിപ്പിന്റെ ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം…

സാമൂഹ്യപാഠം
വരാനുള്ളത് വഴിയില്‍ തങ്ങുമോ? ഠിം…ബ്ലും…ബ്ലും…ബ്ലും…


മുല്ലപ്പെരിയാര്‍ പൊട്ടുന്നതുവരെ പി.ജെ.ജോസഫ് മിണ്ടാതിരിക്കും!! -അനില്‍ പെണ്ണുക്കരമുല്ലപ്പെരിയാര്‍ പൊട്ടുന്നതുവരെ പി.ജെ.ജോസഫ് മിണ്ടാതിരിക്കും!! -അനില്‍ പെണ്ണുക്കരമുല്ലപ്പെരിയാര്‍ പൊട്ടുന്നതുവരെ പി.ജെ.ജോസഫ് മിണ്ടാതിരിക്കും!! -അനില്‍ പെണ്ണുക്കരമുല്ലപ്പെരിയാര്‍ പൊട്ടുന്നതുവരെ പി.ജെ.ജോസഫ് മിണ്ടാതിരിക്കും!! -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക