Image

സുധീരന്‍ മുതല്‍ ഗണേശന്‍െറ പോത്ത്‌ വരെ ( ഡോ. ഡി. ബാബു പോള്‍)

ഡോ. ഡി. ബാബു പോള്‍ Published on 27 November, 2014
 സുധീരന്‍ മുതല്‍ ഗണേശന്‍െറ പോത്ത്‌ വരെ ( ഡോ. ഡി. ബാബു പോള്‍)
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നിര്‍വഹിക്കുന്ന ജനങ്ങളുടെ ഭരണം എന്ന്‌ ജനാധിപത്യത്തെ നിര്‍വചിച്ചത്‌ തിയോഡോര്‍ പാര്‍ക്കര്‍ എന്ന പാതിരി ആയിരുന്നെങ്കിലും എബ്രഹാം ലിങ്കണ്‍ വിശ്രുതമായ ജെറ്റിസ്‌ബര്‍ഗ്‌ പ്രസംഗത്തില്‍ പരാവര്‍ത്തനംചെയ്‌ത്‌ ഉപയോഗിച്ചതിനാല്‍ ലിങ്കന്‍െറ പേരിലാണ്‌ അത്‌ അറിയപ്പെടുന്നത്‌. 1863 നവംബര്‍ 19നായിരുന്നു ജെറ്റിസ്‌ബര്‍ഗ്‌ പ്രസംഗം. അതിന്‌ ഒരു വ്യാഴവട്ടം മുമ്പാണ്‌ അടിമത്തം അവസാനിപ്പിക്കാന്‍ സമരംചെയ്‌ത പാര്‍ക്കര്‍ എല്ലാ ജനങ്ങള്‍ക്കുമായി എല്ലാ ജനങ്ങളും ചേര്‍ന്ന്‌ നിര്‍വഹിക്കുന്ന എല്ലാ ജനങ്ങളുടെയും ഭരണമായ ജനാധിപത്യം സാക്ഷാത്‌കരിക്കണമെങ്കില്‍ അടിമസമ്പ്രദായം അവസാനിപ്പിക്കണമെന്ന്‌ പ്രസംഗിച്ചത്‌. ബൈബ്‌ളില്‍നിന്ന്‌ കടംകൊണ്ട ശൈലിയില്‍ ഫോര്‍ സ്‌കോര്‍ ആന്‍ഡ്‌ സെവന്‍ എന്ന വാക്കുകളില്‍ കാലദൈര്‍ഘ്യം അടയാളപ്പെടുത്തിയ ലിങ്കണ്‍ ആ പ്രസംഗത്തിന്‍െറ ഉത്തരാര്‍ധത്തില്‍ പാര്‍ക്കറുടെ സ്വാധീനത തെളിയിക്കുന്ന വാക്യങ്ങളിലത്തെുമ്പോഴാണ്‌ ഈ വാചകം ഉപയോഗിക്കുന്നത്‌. എല്ലാ ജനങ്ങളും ഓള്‍ ദ പീപ്‌ള്‍എന്നതിന്‌ പകരം ജനങ്ങള്‍ ദ പീപ്‌ള്‍ എന്നാണ്‌ ലിങ്കണ്‍ പ്രയോഗിച്ചത്‌. എല്ലാവര്‍ക്കും തുല്യാവകാശം കിട്ടുന്നതിന്‌ മുമ്പായിരുന്നു പാര്‍ക്കര്‍ എഴുതിയത്‌. ലിങ്കന്‍െറ പ്രസംഗമാകട്ടെ, എല്ലാ ജനങ്ങള്‍ക്കും മനുഷ്യര്‍ എന്ന നിലയില്‍ തുല്യാവകാശം ഉണ്ടെന്ന ധാരണ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന്‌ പിറകെയാണ്‌ വന്നത്‌. അതുകൊണ്ട്‌ ?ഓള്‍? എന്ന പദം കൂടാതത്തെന്നെ ആശയം വ്യക്തമാകും എന്നതിനാലാവണം ലിങ്കണ്‍ ആ പദം ഉപേക്ഷിച്ചത്‌. ആശയം വ്യത്യസ്‌തമല്‌ളെന്ന്‌ വ്യക്തം. മദ്യം ഉപയോഗിക്കുന്നവര്‍ക്കു കൂടി അവകാശപ്പെട്ടതാണ്‌ ജനാധിപത്യം. മദ്യം കഴിക്കാത്ത വ്യക്തിയെന്ന നിലയില്‍ പറയട്ടെ, മദ്യം കഴിക്കുന്നവര്‍ ഇന്ത്യ മഹാരാജ്യത്തിലെ രണ്ടാംതരം പൗരന്മാരൊന്നുമല്ല.

മദ്യം കഴിക്കുന്നവരുടെ പിന്തുണ പുച്ഛത്തോടെ തള്ളിക്കളയാന്‍ അവകാശമുണ്ടായിരുന്ന അവസാനത്തെ ഭരണാധികാരിയെ കെ.സി.എസ്‌. മണി എന്ന ശുദ്ധ ബ്രാഹ്മണന്‍ മൂക്കുചത്തെി നാടുകടത്തിയിട്ട്‌ കൊല്ലം പത്തറുപത്തഞ്ചായി. നാലണ മുടക്കിയാല്‍ ആര്‍ക്കും അംഗത്വം എടുക്കാവുന്ന ഒരു സംഘടനയുടെ തലപ്പത്ത്‌ ഇരുചെവിയറിയാതെ നിയമിക്കപ്പെട്ട ഒരു പ്രസിഡന്‍റിന്‌ സര്‍ സി.പി. രാമസ്വാമി അയ്യരെപ്പോലെ സംസാരിക്കാന്‍ അവകാശമില്ല. ശ്രീമാന്‍ വി.എം. സുധീരന്‍െറ പ്രസ്‌താവനയെക്കുറിച്ചാണ്‌ പറയുന്നത്‌.

യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ സന്തോഷ്‌ ട്രോഫി മത്സരം നടക്കുകയാണ്‌. വി.എം. സുധീരനാണ്‌ ഗോളി. സ്‌റ്റേഡിയം തെക്കുവടക്കാണ്‌. തെക്കും വടക്കും ആണ്‌ ഗോള്‍ വീഴേണ്ടത്‌. കളി തുടങ്ങി പാതിനേരം കഴിഞ്ഞപ്പോള്‍ സുധീരന്‍ എന്ന ഗോള്‍ കീപ്പര്‍ കുറ്റി പറിച്ചുകൊണ്ട്‌ ഒരൊറ്റയോട്ടം. ഗോള്‍ പോസ്റ്റ്‌ കിഴക്കുവശത്ത്‌ കുത്തി. ജി.വി. രാജ പവലിയന്‌ മുന്നില്‍. ഇനി മുതല്‍ ഇവിടെ അടിച്ചാല്‍ മാത്രമേ ഗോള്‍ ആവുകയുള്ളൂ. ഉമ്മന്‍ ചാണ്ടിയും ബാബുവും ഒന്നും പന്തുമായി തെക്കുവടക്ക്‌ ഓടിയിട്ട്‌ കാര്യമില്ല. ഇനി ഓടേണ്ടത്‌ കിഴക്കു പടിഞ്ഞാറാണ്‌. ഇതെന്ത്‌ നീതി, ഇതെന്ത്‌ ന്യായം എന്ന്‌ ചോദിച്ചുകൂടാ. ചോദിക്കുന്നവരെ കുടിയന്മാരായി മുദ്രകുത്തും; അവര്‍ ചായ പോലും കുടിക്കാത്തവര്‍ ആയാലും. സുധീരന്‌ ആ സന്ദര്‍ഭം ഉണ്ടാക്കിക്കൊടുത്തത്‌ കോഴ (കെ.) മോഹിക്കാത്ത (എം.) മാണിയുടെ നിയമബുദ്ധിയാണെന്ന്‌ ബിജു രമേശ്‌ പറയാതെയും പറഞ്ഞും ആരോപിക്കുന്നത്‌ അവഗണിക്കുക. സുധീരന്‍ കളിക്കിടയില്‍ കളിക്കളത്തിലൂടെ സ്‌ട്രീക്കിങ്‌ നടത്തിയതാണ്‌ കേരള രാഷ്ട്രീയത്തില്‍ ഇന്ന്‌ കാണുന്ന കലക്കവെള്ളത്തിന്‌ കാരണമായത്‌. സുധീരനെ കടത്തിവെട്ടി ഉമ്മന്‍ ചാണ്ടി മദ്യനിരോധ പാതയില്‍ അതിവേഗം ബഹുദൂരം മുന്നോട്ടുപോയതോടെ വെട്ടിലായത്‌ സുധീരനാണ്‌. ബാബരി മസ്‌ജിദ്‌ പൊളിഞ്ഞതോടെ മുദ്രാവാക്യം നഷ്ടപ്പെട്ട കര്‍സേവകരുടെ അവസ്ഥയിലായി സുധീരന്‍. ആ ഗതികേടില്‍നിന്ന്‌ കരകയറാന്‍ ശ്രമിക്കുന്നത്‌ തെറ്റല്ല. ഏതായാലും തെരഞ്ഞെടുപ്പിലൂടെ കെ.പി.സി.സി പ്രസിഡന്‍റാവുകയില്‌ളെന്ന്‌ ഉറപ്പായതിനാല്‍ നാലുപേര്‍ കേട്ടാല്‍ ചാവറയച്ചനെപ്പോലെ വിശുദ്ധനായി അവരോധിക്കപ്പെടാന്‍ മോഹിക്കുന്നതും തെറ്റല്ല. എങ്കിലും, ഈ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളോട്‌ `നീയൊക്കെ പോയി പണി നോക്കടാ, നിന്‍െറയൊന്നും വോട്ട്‌ എനിക്കുവേണ്ട' എന്ന്‌ അസ്‌മാദൃശരുള്‍പ്പെടുന്ന സമൂഹം മാനിക്കുന്ന സുധീരനെപ്പോലെ ഒരാള്‍ പറയരുതായിരുന്നു.

മെത്രാന്മാരുടെ മദ്യവിരോധം പോലെയായി ഈ പ്രസ്‌താവനയും. മെത്രാന്മാര്‍ മദ്യനിരോധത്തിനെതിരായ നിലപാട്‌ എടുക്കുന്നത്‌ മനസ്സിലാക്കാന്‍ കഴിയും. അത്‌ അവര്‍ പറയേണ്ടത്‌ അവരുടെ കുഞ്ഞാടുകളോടാണ്‌. തങ്ങളുടെ അജപാലന ശുശ്രൂഷ പരാജയപ്പെട്ടിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ മദ്യം അപ്പാടെ നിരോധിച്ച്‌ സ്വന്തം ആടുകളെ മദ്യത്തില്‍നിന്ന്‌ രക്ഷിക്കണമെന്ന്‌ പറയുന്നതിലെ അഭംഗി തിരുമേനിമാര്‍ തിരിച്ചറിയണം. ക്രിസ്‌ത്യാനി മദ്യപിക്കരുതെന്ന്‌ മെത്രാന്മാര്‍ക്ക്‌ പറയാം. അതങ്ങ്‌ പള്ളിയില്‍ പറഞ്ഞാല്‍ മതി. ഈ രാജ്യത്തെ ഹിന്ദുവും ദലിതനും മുസല്‍മാനും കുടിക്കാതിരിക്കാനുള്ള യത്‌നം അവര്‍ ഏറ്റെടുക്കേണ്ടതില്ല. സ്ഥാനത്തും അസ്ഥാനത്തും വര്‍ഗീയത ആരോപിക്കപ്പെടുന്ന ഇടമായി നമ്മുടെ നാട്‌ മാറിയിരിക്കെ, മുസ്ലിംലീഗും മെത്രാന്‍ സമിതിയും ഒരുപക്ഷത്തും വെള്ളാപള്ളിയും കൂട്ടുകാരും മറുപക്ഷത്തും നിരന്നുനിന്ന്‌ പരസ്‌പരം വെല്ലുവിളിക്കാനുള്ള സന്ദര്‍ഭം ഒഴിവാക്കുകതന്നെ വേണം.
രാജവെമ്പാലയെ വരെ തെരുവുനായ്‌ക്കള്‍ ആക്രമിക്കുന്ന ഈ കാലത്ത്‌ പട്ടി മനുഷ്യനെ കടിക്കുന്നത്‌ വാര്‍ത്തയാക്കരുത്‌; ഏത്‌ ബിജു രമേശ്‌ ആയാലും. മാണി കോഴ വാങ്ങിയോ എന്നത്‌ ചര്‍ച്ചക്കെടുക്കേണ്ട വിഷയമേ അല്ല. തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്കാണ്‌ സംഭാവന കൊടുത്തതെങ്കില്‍ കണ്ടുപിടിക്കാന്‍ എന്താണ്‌ വിഷമം? ഈയിടെ നടന്ന തെരഞ്ഞെടുപ്പ്‌ ലോക്‌സഭയിലേക്കാണ്‌. കേ.കോ.മാ. മത്സരിച്ചത്‌ കോട്ടയത്താണ്‌. കോട്ടയം കലക്ടര്‍ക്ക്‌ വിവരാവകാശനിയമം അനുസരിച്ച്‌ അപേക്ഷ കൊടുത്താല്‍ സംഗതി അറിയാം. അവിടെ ബിജുവിന്‍െറ സംഭാവന ഉണ്ടെങ്കില്‍ ഉണ്ട്‌. ഇല്ലെങ്കില്‍ അത്‌ വേറെ വിഷയം. ബിജു പറയുന്ന തുകയും കലക്ടര്‍ വെളിപ്പെടുത്തുന്ന തുകയും വ്യത്യസ്‌തമായെന്ന്‌ വരാം. അതും വേറെ വിഷയം. ഏതായാലും മാണി മുഖ്യമന്ത്രി ആവുകയില്‌ളെന്ന കാര്യം ഉറപ്പായി. ഇനിയെങ്കിലും അശീതി കഴിഞ്ഞ്‌ ശതാഭിഷേകത്തിലേക്ക്‌ നീങ്ങുന്ന ആ വയോധികനെ വെറുതെവിടരുതോ? മാണിയെയും കോണിയെയും രാഷ്ട്രീയമായി ആക്രമിക്കാം. ഇത്‌ ജനാധിപത്യ രാഷ്ട്രമാണ്‌. രോഗവും വാര്‍ധക്യവും ക്‌ളേശിപ്പിക്കുന്ന മാണിയുടെ മനസ്സ്‌ കൂടി വിഷമിക്കാന്‍ ഇടയാകാതിരിക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍, ഏതുതരത്തില്‍ നോക്കിയാലും ഈ മദ്യവിവാദം സമൂഹത്തിന്‌ ഒരു നന്മയും ചെയ്യുന്നില്ല. അതുകൊണ്ട്‌ ഇനി നമുക്ക്‌ അഴിമതി നിര്‍മാര്‍ജനത്തിലേക്ക്‌ തിരിയാം. സൂരജ്‌, രാഹുല്‍, ഗണേശന്‍െറ പോത്ത്‌ എല്ലാം ഉണ്ടല്ലോ.
 സുധീരന്‍ മുതല്‍ ഗണേശന്‍െറ പോത്ത്‌ വരെ ( ഡോ. ഡി. ബാബു പോള്‍)
Join WhatsApp News
jep 2014-11-29 07:28:12

ഇപ്പോൾ ചാണ്ടിയും മാണിയും ഒരുപോലയ .തന്റെ കാപട്യ മാന്യതയ്ക്ക് കോട്ടം വന്നപ്പോൾ ഉള്ളിലെ സംഹാര രൂപം മറ മാറി വെളിയിലക്ക് ചാടി  വന്നു.(പൊതു മുതൽ കക്കുന്ന മിക്കവരുടെയും സ്വഭാവം ഇത് തന്നയ) .നാട്ടുകാർക്കും രാഷ്ടിയക്കര്ക്കും ഉദ്യോഗസ്ഥര്ക്കും,മാധ്യമങ്ങള്ക്കും നേരത്തേ  അറിയാവുന്ന ഇവ പത്ര മാദ്ധ്യമങ്ങളിൽകൂടെ  വെളിയിൽ വന്നെന്നെ ഉള്ളു .വെറും കള്ളനെ കള്ളനെന്നും, പൊതു ഖജനാവ്കൊള്ളയടിക്കുന്നവരേ ആദരവോടെ ബഹുമാനിക്കാനും എന്തിനും സ്വയം വിശദീകരണമുള്ള, വിവരമുള്ള മലയാളിക്കേ ഇങ്ങനെ  കഴിയൂ .ഇവരുടെ ഒക്കെ അഴിമതി സാമ്രാജ്യം എന്തു വിപുലമാണന്നു! പക്ഷേ പൊതു വേദിയിൽ പറയാൻ  പറ്റില്ലല്ലോ .


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക