Image

ദൃശ്യവിസ്മയത്തിന്റെ പകലിരവുകള്‍ തീര്‍ക്കാന്‍ ഇത്തവണ 140 സിനിമകള്‍

ആശാ പണിക്കര്‍ Published on 27 November, 2014
            ദൃശ്യവിസ്മയത്തിന്റെ പകലിരവുകള്‍ തീര്‍ക്കാന്‍ ഇത്തവണ 140 സിനിമകള്‍
  
*മേളയില്‍ കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' *ലോകസിനിമ-37 രാജ്യങ്ങള്‍, 61 ചിത്രങ്ങള്‍ *മത്സരം ഉള്‍പ്പെടെ 10 വിഭാഗങ്ങള്‍       *12 വനിതാ സംവിധായകര്‍     
*മലയാളം സിനിമ ഇന്ന് -7 ചിത്രങ്ങള്‍     *മത്സര വിഭാഗത്തില്‍ 4 ഇന്‍ഡ്യന്‍ ചിത്രങ്ങള്‍ *കണ്‍ട്രിഫോക്കസില്‍ തുര്‍ക്കി ചിത്രങ്ങള്‍  *ഫ്രഞ്ച്-ചൈനീസ് പാക്കേജുകളും

തിരുവനന്തപുരം: ഇത്തവണ കാഴ്ചയുടെ പൂരമൊരുക്കി ആസ്വാദകരെ കാത്തിരിക്കുന്നത് 140 ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ ഉള്‍പ്പെടെ പത്ത് വിഭാഗങ്ങളിലായാണ് ഇത്തവണ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

ലോകസിനിമാ വിഭാഗത്തില്‍ 37 രാജ്യങ്ങളില്‍ നിന്നായി 61 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകര്‍ക്കു മുന്നിലെത്തുക. ഇതില്‍ 12 വനിതാ സംവിധായകരുടെ ചിത്രങ്ങളുണ്ടെന്നതാണ് ഇത്തവണത്തെ മേളയുടെ വലിയൊരു സവിശേഷത. കഴിഞ്ഞ തവണ മേളയുടെ താരമായി മാറിയ പ്രശസ്ത സംവിധായകന്‍ കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

മത്സര വിഭാഗത്തില്‍ നാല് ഇന്‍ഡ്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുളളത്. മൊറോക്കോ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടു ചിത്രങ്ങള്‍ വിതവും സൗത്ത് കൊറിയ, ബ്രസീല്‍, ജപ്പാന്‍, ബംഗ്‌ളാദേശ്, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നും ഓരോ ചിത്രവും വീതമുണ്ട്.

മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ രഞ്ജിത് സംവിധാനം ചെയ്ത 'ഞാന്‍', മികച്ച കൊമേഴ്‌സ്യല്‍ വിജയം നേടിയ എബ്രിഡ് ഷൈന്റെ '1983' , നവാഗത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് മീന കന്ദസ്വാമി നായികയായി എത്തുന്ന 'ഒരാള്‍പൊക്കം', കാള്‍ട്ടണ്‍ ടവേഴ്‌സ്, അലീഫ എന്നിവയുള്‍പ്പെടെ മികച്ച ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശിപ്പിക്കും.

ബംഗാളി, മറാത്തി, ഹിന്ദി, തമിഴ് ഭാഷകളില്‍ നിന്നായി ഏഴുചിത്രങ്ങളാണ് ഇന്‍ഡ്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത ഇറ്റാലിയന്ഡ സംവിധായകന്‍ മാര്‍ക്കോ ബലൂച്ചിയുടെ 'മൈ മദേഴ്‌സ് സ്‌മൈല്‍' ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
നൂറാം വാര്‍ഷികം ആഘോഷിക്കുന്ന തുര്‍ക്കി സിനിമകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുളളതാണ് ഇത്തവണ കണ്‍ട്രി ഫോക്കസ് വിഭാഗത്തിന്റെ പ്രത്യേകത. ബുസൈന്‍ കരെബയുടെ 'കം ടു മൈ വോയ്‌സ്', കാന്‍ മുജ്‌ഡെസിയുടെ 'ഷിവാസ്,' തായ് ഫന്‍ പിര്‍സെലിമോഗുവിന്റെ 'ഐ ആം നോട്ട് ഹിം', എന്നിവയും മേളയുടെ സവിശേഷതയായിരിക്കും, ചൈനീസ്, ഫ്രഞ്ച്  ഫിലിം പാക്കേജുകളിലായി 13 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.
ജൂറി ഫിലിംസ് വിഭാഗത്തില്‍ ഷീഫെയുടെ 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി', 'ബ്‌ളാക്‌സ് സ്‌നോ', ' എ ഗേള്‍ ഫ്രം ഹുനാന്‍' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും, റെയ്‌സ് ക്‌ളെയ്ക്കിന്റെ 'നൈറ്റ് ഓഫ് സൈലന്‍സ്', സുമിത്രാ ഭാവെയുടെ 'വാസ്തുപുരുഷന്‍' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ മ ബസ്സര്‍ കീറ്റണിന്റെ നാല് ചിത്രങ്ങളും  കാന്‍, വെനീസ് മേളകളില്‍ ലൈഫ് വര്‍ക്ക് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഹങ്കേറിയന്‍ സംവിധായകന്‍ മിക്കലോസ് ജാക്‌സോയുടെ 1966 നും 1976നും ഇടയില്‍ ഇറങ്ങിയ അഞ്ചു ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

കണ്ടമ്പററി മാസ്റ്റര്‍ വിഭാഗത്തില്‍ സിനിമയുടെ കുലപതികളായ ഹനി അബു ആസാദ്, നവോമി കവാസ്, ഡാനിസ് താനോവിക് എന്നിവരുടെ നാല് വീതം ചിത്രങ്ങളുണ്ട്. ബോസ്‌നിയന്‍ സംവിധായകന്‍ ഡാനിസ് താനോവിക്കിന്റെ 'നോ മാന്‍സ് ലാന്‍ഡ്' മേളയിലുണ്ട്.  2013 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയപലസ്റ്റീന്‍ സംവിധായ.കന്‍ ഹനി അബു ആസാദിന്റെ 'മെര്‍' എന്ന സിനിമയും ഇത്തവണ  കണ്ടമ്പററി മാസ്റ്റര്‍ വിഭാഗത്തിന്റെ മുഖശോഭയാകും. ബെര്‍ലിന്‍ മതിലിന്റെ പശ്ചാത്തലത്തില്‍ അതിതീവ്രമായ പ്രണയത്തെയും മാനുഷിക ജീവിതത്തിന്റെ വിഭിന്ന മുഖങ്ങളെയും കാട്ടിത്തരുന്ന സിനിമയാണിത്. രണ്ടു യുവചാവേറുകളുടെ കഥ പറയുന്ന ചിത്രമാണ് 'പാരഡൈസ് നൗ'. ജാപ്പനീസി സംവിധായിക നവോമി കവേസ് ആണ് ഈ സംവിധായക നിരയിലെ സ്ത്രീ സാന്നിദ്ധ്യം. നവോമിയുടെ 1997ലെ 'സൂസാകു' എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റില്‍ ഗോള്‍ഡന്‍ ക്യാമറാ പുരസ്‌കാരം നേടിയ ചിത്രമാണ്.


    രാജ്യാന്തര ചലച്ചിത്രമേള: അവാര്‍ഡുകളുടെ പേരില്‍ അടുത്ത വിവാദം
      ഫിപ്രസി, നാറ്റ്പാക് അവാര്‍ഡുകള്‍ നിലനിര്‍ത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍,
        അംഗീകാരമുള്ള മറ്റ് അവാര്‍ഡുകള്‍ നല്‍കുമെന്ന് ചലച്ചിത്ര അക്കാദമി


തിരുവനന്തപുരം: ഇത്തവണ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച മലയാള സിനിമകള്‍ക്കുള്ള ഫിപ്രസി, നാറ്റ്പാക് അവാര്‍ഡുകള്‍ ഉണ്ടാകില്ലെന്നുറപ്പായി. ഈ അവാര്‍ഡുകള്‍ നിര്‍ത്തലാക്കുമെന്ന് ചലച്ചിത്രോത്സവ ഏകോപന സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു.

ഫിപ്രസി, നാറ്റ്പാക് അവാര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനവുമായി ചലച്ചിത്രോത്സവ ഏകോപന സമിതി മുന്നോട്ടു വന്നപ്പോള്‍ നാലുപാടു നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്.  എന്നാല്‍ ഫിപ്രസി, നാറ്റ്പാക് അവാര്‍ഡുകള്‍ക്ക് പകരം അംഗീകാരമുള്ള മറ്റ് അവാര്‍ഡുകള്‍ നല്‍കാനുള്ള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം വിവാദത്തിനു വഴിതെളിച്ചേക്കും.

കഴിഞ്ഞ കുറേ മേളകളിലായി ഇതില്‍ പങ്കെടുത്ത ഏറ്റവും മികച്ച രണ്ട് മലയാളം ചിത്രങ്ങള്‍ക്കാണ് ഫിപ്രസി, നാറ്റ്പാക് അവാര്‍ഡുകള്‍ നല്‍കുന്നത്. അന്തര്‍ദേശീയതലത്തിലുള്ള അവാര്‍ഡായാണ് ഫിപ്രസി കണക്കാക്കുന്നത്. കഴിഞ്ഞ കുറേ മേളകളിലായി മലയാള സിനിമയിലെ നവാഗത പ്രതിഭകളായ ചലച്ചിത്രസംവിധായകര്‍ക്കാണ് ഈ അവാര്‍ഡ് ലഭിച്ചിരുന്നത്. മേളയിലെ മത്സര വിഭാഗത്തിലുള്‍പ്പെട്ട മികച്ച ഏഷ്യന്‍ സിനിമയ്ക്കുളള അവാര്‍ഡാണ് നാറ്റ്പാക്(നെറ്റ്‌വര്‍ക്ക് ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ).

അന്തര്‍ദേശീയതലത്തില്‍ തന്നെ ഇത്രയും മാറ്റുളള പുരസ്‌കാരങ്ങള്‍ നിര്‍ത്തിക്കൊണ്ട് പുതിയ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം ശകത്മാകുന്നത്. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഏഴും, മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ട രണ്ട് മലയാള സിനിമകളും ഉള്‍പ്പെടുത്തി ഇവയില്‍ മികച്ച സിനിമയ്ക്ക് അവാര്‍ഡ് നല്‍കാനാണ് ഇപ്പോള്‍ തീരുമാനം.

നേരത്തേയുള്ള അവാര്‍ഡുകള്‍ക്ക് അംഗീകാരമില്ലെന്നും പുതിയ അവാര്‍ഡുകള്‍ക്കാണ് അംഗീകാരമുളളതെന്നുമാണ് ഇതു സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അവാര്‍ഡ് നിര്‍ണയത്തിനായി ഈ മേളയില്‍ നിന്ന് ഒമ്പത് സിനിമകളും കഴിഞ്ഞ മേളയിലുള്‍പ്പെടുത്തുകയും റിലീസ് ചെയ്തിട്ടില്ലാത്തതുമായ മൂന്ന് സിനിമകള്‍ കൂടി ഉള്‍പ്പെടുത്തി ആകെ 12 മലയാളം സിനിമകളില്‍ നിന്ന് മികച്ച സിനിമ കണ്ടെത്തി അതിന് അവാര്‍ഡ് നല്‍കും. ഇതിന് അവാര്‍ഡ് തുക നല്‍കാനും ആലോചനയുണ്ട്. ഇതുവരെ ഫിപ്രസി, നാറ്റ്പാക് അവാര്‍ഡുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കിയിരുന്നുള്ളൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക