Image

ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ് ഹ്യൂഗ്‌സ്മരണത്തിന് കീഴടങ്ങി.

Published on 26 November, 2014
ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ് ഹ്യൂഗ്‌സ്മരണത്തിന് കീഴടങ്ങി.
സിഡ്‌നി: പ്രാദേശിക മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ് ഹ്യൂഗ്‌സ്(25) മരണത്തിന് കീഴടങ്ങി. തലയില്‍ ബോള്‍ കൊണ്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി കോമയിലായിരുന്നു. സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം.

അപകടത്തിന് ശേഷം കോമയിലായ ഹ്യൂഗ്‌സിന് പിന്നീട് ബോധം തെളിഞ്ഞതേയില്ലെന്ന് ആശുപത്രിയില്‍ നിന്നും പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. മരണസമയത്ത് ഹ്യൂഗ്‌സിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു.

ചൊവ്വാഴ്ച സിഡ്‌നിയില്‍ നടന്ന പ്രാദേശിക ലീഗിലെ സൗത്ത് ആസ്‌ട്രേലിയ ന്യൂസൗത്ത് വെയില്‍സ് മത്സരത്തിനിടെയാണ് സംഭവം. പേസ്  ബൗളര്‍ സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് ഹ്യൂഗ്‌സിന്റെ കഴുത്തിനു മുകളില്‍ ശക്തിയായി വന്നിടിക്കുകയായിരുന്നു. പന്ത് ഇടിച്ചതിന്റെ ആഘാതത്തില്‍ പിച്ചില്‍ തളര്‍ന്നിരുന്ന ഹ്യൂഗ്‌സ് ഒരു നിമിഷത്തിനുള്ളില്‍ തന്നെ വീണുപോയി. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പന്ത് കഴുത്തെല്ലില്‍ കൊള്ളുകയായിരുന്നു.

അപകടമുണ്ടായ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കുകയും പിന്നീട്  ഹ്യൂഗ്‌സിനെ ഹെലികോപട്‌റില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 48 മണിക്കൂറിന് ശേഷം മാത്രമെ എന്തെങ്കിലും  പറയാനാവു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

അപകടം നടന്ന മത്സരത്തില്‍ 63 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ഹ്യൂഗ്‌സ്.  ആസ്‌ട്രേലിയയ്ക്ക് വേണ്ടി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക