Image

പതിനായിരങ്ങളെ ഊട്ടി ദേവസ്വത്തിന്റെ അന്നദാനം (ശബരിമല വിശേഷങ്ങള്‍: അനില്‍ പെണ്ണുക്കര)

Published on 26 November, 2014
പതിനായിരങ്ങളെ ഊട്ടി ദേവസ്വത്തിന്റെ അന്നദാനം (ശബരിമല വിശേഷങ്ങള്‍: അനില്‍ പെണ്ണുക്കര)
സന്നിധാനത്ത്‌ എത്തുന്ന ഭക്തര്‍ പല സാമ്പത്തിക നിലവാരമുള്ളവരാണെങ്കിലും അയ്യപ്പ സന്നിധിയില്‍ ദേവസ്വം ബോര്‍ഡ്‌ നല്‍കുന്ന അന്നദാനം ഇവര്‍ക്കെല്ലാം ഏറെ പ്രിയം. കല്ലും മുള്ളും താണ്ടി തിരുസന്നിധിയിലെത്തുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ്‌ അന്നദാനം നടത്തി വരുന്നു.അയ്യന്റെ നടയിലിരുന്നു ഭക്ഷണം കഴിക്കുക വഴി ജീവിതത്തിന്റെ അത്യപൂര്‍വമായ അഭിലാഷങ്ങള്‍ നിറവേറ്റപ്പെട്ടതായാണ്‌ ഭക്തര്‍ കണക്ക്‌ കൂട്ടുന്നത്‌.

ദേവസ്വം അന്നദാന കൗണ്ടര്‍ വഴി ദിവസേന പതിനയ്യായിരത്തില്‍ അധികം ഭക്തര്‍ക്ക്‌ പുലര്‍ച്ചെ ആറ്‌ മണി മുതല്‍ വിവിധ ഘട്ടങ്ങളിലായി ഭക്ഷണം വിതരണം ചെയ്‌ത്‌ വരുന്നു. രാവിലെ ആറ്‌ മുതല്‍ പതിനൊന്നു മണി വരെ പ്രഭാത ഭക്ഷണത്തിന്‌ പ്രധാനമായും റവ ഉപ്പുമാവും കടലക്കറിയും ചക്കര കാപ്പിയുമാണ്‌ വിതരണം നടത്തുന്നത്‌. പതിനൊന്നരയോടെ ഉച്ചഭക്ഷണം. ചോറ്‌, സാമ്പാര്‍, അവിയല്‍, രസം, തോരന്‍, അച്ചാര്‍ എന്നീ കറികളാണ്‌ വിളമ്പുന്നത്‌. വൈകിട്ട്‌ ദീപാരാധനക്ക്‌ ശേഷം രാത്രി പതിനൊന്ന്‌ വരെ കഞ്ഞി, പയര്‍, തോരന്‍, അച്ചാര്‍ എന്നീ കറികള്‍ കൂട്ടി ഭക്ഷണം. രാത്രി നട അടച്ച ശേഷവും തീര്‍ഥാടകര്‍ ഉണ്ടെങ്കില്‍ ആവശ്യമെങ്കില്‍ ഉപ്പ്‌മാവ്‌ വിതരണം നടത്തുന്നു.

പലവേലയില്‍ 40 പേരും ഡിപ്പാര്‍ട്ട്‌മെന്റില്‍ 25 പേരും വൃത്തിയാക്കല്‍ ജോലികള്‍ക്ക്‌ 50 പേരുമാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌.

ടോക്കണ്‍ നല്‍കിയാണ്‌ ആഹാരം നല്‍കുന്നത്‌. സേവനം പ്രയോജനപ്പെടുത്തുന്ന ആളുകളുടെ എണ്ണം കൃത്യമായി മനസ്സിലാക്കാന്‍ ഇത്‌ സഹായിക്കുന്നു. ആയിരം പേര്‍ക്ക്‌ ഒരേ സമയം ഇരുന്ന്‌ ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്‌. സ്റ്റീല്‍ മേശകളും സ്റ്റൂളുകളും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്‌.

നിത്യേന ഒന്നരലക്ഷം രൂപ വരെ ചെലവ്‌ വരുന്ന അന്നദാനം അയ്യപ്പ ഭക്തരുടെ സംഭാവനകള്‍ കൊണ്ടാണ്‌ നടത്തുന്നത്‌. സംഭാവനകളെ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. ദേവസ്വം ബോര്‍ഡ്‌ അന്നദാന കൌണ്ടറുകളിലോ അന്നദാന മണ്ഡപത്തിലോ ഭക്തര്‍ക്ക്‌ പണമടച്ച്‌ രസീത്‌ കൈപ്പറ്റാവുന്നതാണ്‌.


ഉണ്ണിയപ്പം: കരാറുകാരില്‍ നിന്നും നഷ്ടം ഈടാക്കാന്‍ വ്യവസ്ഥ

ശബരിമല സന്നിധാനത്ത്‌ ഉണ്ണിയപ്പം നിര്‍മാണത്തില്‍ കരാറുകാരന്‍ വീഴ്‌ച വരുത്തി ദേവസ്വത്തിന്‌ നഷ്ടമുണ്ടാക്കിയാല്‍ കരാറുകാരനില്‍ നിന്നും ഈ തുക ഈടാക്കുന്നതിന്‌ കരാറില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്ന്‌ ശബരിമല എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ വി എസ്‌ ജയകുമാര്‍ പറഞ്ഞു.

ഗ്യാസ്‌ കാരയിലെ കരാറുകാരന്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. കരാര്‍ ലംഘനത്തിന്‌ നടപടി നടന്ന്‌ വരുകയാണ്‌.ദേവസ്വത്തിന്‌ നഷ്ടം വരുത്തിയിട്ടുള്ള പക്ഷം കരാര്‍ അനുസരിച്ച്‌ ഈ തുക ഈടാക്കും. ശബരിമലയില്‍ തെര്‍മിക്‌ ഫ്‌ലൂയിഡ്‌, ഇലക്ട്രിക്‌, ഗ്യാസ്‌ എന്നീ മൂന്ന്‌ വ്യത്യസ്ഥ രീതിയിലുള്ള ഇന്ധനം ഉപയോഗിക്കുന്ന പ്ലാന്റുകളിലാണ്‌ ഉണ്ണിയപ്പ നിര്‍മ്മാണം നടക്കുന്നത്‌. മൂന്ന്‌ കരാറുകാരെ ഇതിലേക്ക്‌ ഏര്‍പ്പെടുത്തിയിരുന്നു.

നിര്‍ദിഷ്ട രീതിയിലും പാകത്തിലും അപ്പം നിര്‍മിച്ച്‌ ഏഴ്‌ എണ്ണം വീതം ബട്ടര്‍ പേപ്പര്‍ കവറുകളില്‍ നിറച്ച്‌ ഒരു കൂട്ടില്‍ 846 എണ്ണത്തില്‍ കുറയാതെ ഏല്‍പ്പിക്കുന്നതിലേക്കാണ്‌ കരാര്‍ നല്‍കിയിട്ടുള്ളത്‌.

ഹെല്‍പ്‌ ലൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും

അയ്യപ്പന്‍മാരുടെ സൗകര്യാര്‍ഥം 175 ഹെല്‍പ്‌ലൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ശബരിമല എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ വി എസ്‌ ജയകുമാറിന്റെ അധ്യക്ഷതയില്‍ സന്നിധാനത്തു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. സന്നിധാനത്തും പരിസരങ്ങളിലുമായി 150 ഉം സ്വാമി അയ്യപ്പന്‍ റോഡില്‍ 25 ഉം ഹെല്‍പ്‌ലൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.

ശബരിമല ബെയ്‌ലിപാലം മേഖലയിലെ ട്യൂബ്‌ ലൈറ്റുകള്‍ അറ്റകറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കി. 30 ട്യൂബ്‌ ലൈറ്റുകളാണ്‌ അറ്റകുറ്റപ്പണി നടത്തിയത്‌. ഇതോടെ ഈ മേഖലയില്‍ കൂടിയുള്ള രാത്രി യാത്ര കൂടുതല്‍ സുഗമമായി. സ്വാമി അയ്യപ്പന്‍ റോഡില്‍ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ ആരംഭിക്കുന്നത്‌ പരിഗണിക്കും. ശരംകുത്തിയിലെ കവറേജ്‌ മെച്ചപ്പെടുത്തുന്നതിന്‌ ബിഎസ്‌എന്‍എല്‍ നടപടി സ്വീകരിക്കും. സ്റ്റീല്‍ പാത്രങ്ങളുടെ വിലയും ഗുണനിലവാരവും സംബന്ധിച്ച്‌ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ജൂസിന്‌ അമിത വില ഈടാക്കുന്നത്‌ തടയുന്നതിന്‌ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. അനധികൃത കച്ചവടക്കാരെയും ഭിക്ഷക്കാരെയും ഒഴിവാക്കുന്നതിന്‌ നടപടി സ്വീകരിക്കും. സ്വാമി അയ്യപ്പന്‍ റോഡില്‍ നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്നതു തടയുന്നതിനും തീരുമാനമായി.

ദേവസ്വം വിജിലന്‍സ്‌ വിഭാഗം മേധാവി സി.പി. ഗോപകുമാര്‍, എഎസ്‌ഒ ടി. നാരായണന്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ സി.ടി. പത്മകുമാര്‍, ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ടി.കെ. അജിത്‌ പ്രസാദ്‌, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അയ്യപ്പന്‍മാര്‍ക്ക്‌ ആനന്ദമായി സംഗീതസന്ധ്യ

അയ്യപ്പ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കി നെയ്യാറ്റിന്‍കര ശ്രീ മൂകാംബിക സംഗീത പഠന കേന്ദ്രം ഡയറക്‌റ്റര്‍ രാജീവ്‌ ആദികേശവ്‌ സന്നിധാനത്തെ ശ്രീ ധര്‍മ്മ ശാസ്‌താ ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗീത സന്ധ്യ അയ്യപ്പന്‍മാര്‍ക്ക്‌ ആനന്ദമായി. ഏഴാം വര്‍ഷമാണ്‌ ആകാശവാണി ആര്‍ട്ടിസ്റ്റ്‌ കൂടിയായ രാജീവ്‌ സന്നിധാനത്ത്‌ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്നത്‌. വര്‍ക്കല കണ്ണന്‍ വയലിനും മധുമോഹന്‍ മൃദംഗവും ശിവപ്രസാദ്‌ പുല്ലാംകുഴലും ഹരിപ്രസാദ്‌ തബലയും വായിച്ചു.

വൈദ്യുതി ലൈനുകളുടെ സമീപം വസ്‌ത്രം ഉണക്കരുത്‌

കെ എസ്‌ ഇ ബി യുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ട്രക്‌ച്ചറുകളിലും വൈദ്യുതി പ്രവഹിക്കുന്ന ലൈനുകളുടെ സമീപത്തും കേബിളുകളിലും നനഞ്ഞ വസ്‌ത്രങ്ങള്‍ ഉണക്കരുതെന്ന്‌ കെ എസ്‌ ഇ ബി അറിയിച്ചു. അപകടകരവും ജീവഹാനിക്ക്‌ ഇടയാക്കുമെന്നതിനാലും തീര്‍ഥാടകര്‍ ശ്രദ്ധിക്കണം.
മദ്യപിച്ചെത്തിയവര്‍ പിടിയില്‍

മദ്യപിച്ച്‌ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയ പതിമൂന്ന്‌ പേരെ സന്നിധാനം പോലീസ്‌ കസ്റ്റഡിയിലെടുത്തു. വൈക്കം ഉല്ലല സ്വദേശി സുമേഷ്‌ എ ജി (33), പാമ്പാടി സ്വദേശി സുശീലന്‍ (48), കോരുത്തോട്‌ സ്വദേശി ഷിബു (31), അടൂര്‍ സ്വദേശി രാധാകൃഷ്‌ണന്‍ (48), വാഴൂര്‍ സ്വദേശി കുഞ്ഞുമോന്‍ (62), പുത്തൂര്‍ സ്വദേശികളായ മോഹനന്‍ (49), വിജയന്‍ പിള്ള (48), ഓച്ചിറ സ്വദേശി പ്രകാശ്‌ (38), മാവേലിക്കര മാങ്കുഴി സ്വദേശി സുരേന്ദ്രന്‍ (44), പാല രാമപുരം സ്വദേശി രാമന്‍ (43), ചവറ സ്വദേശി ഷിബു (36), കാര്‍ത്തികപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (49), നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി വിജയന്‍ എന്നിവരാണ്‌ പിടിയിലായത്‌. നടപ്പന്തല്‍, മാളികപ്പുറം, പതിനെട്ടാം പടിക്ക്‌ സമീപം എന്നിവിടങ്ങളില്‍ നിന്നാണ്‌ എ എസ്‌ ഐ മാരായ വേണു, സോമനാഥന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ വിമല്‍ രാജ്‌, അജീഷ്‌, ദിനേശന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.

ലഹരിവസ്‌തുക്കള്‍ക്കെതിരെ ബോധവത്‌കരണം

എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നിധാനം േറഞ്ച്‌ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സന്നിധാനത്തും പരിസരത്തും ലഹരി വസ്‌തുക്കള്‍ക്കും മദ്യത്തിനുമെതിരെ പോസ്റ്റര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്‌ അജിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. മലയാളം, തമിഴ്‌, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലാണ്‌ പോസ്റ്ററുകള്‍. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റ്ററുടെ കീഴില്‍ 24 മണിക്കൂറും മൂന്ന്‌ ഷിഫ്‌റ്റായാണ്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്‌. ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ മികച്ച ഫലം നല്‍കുന്നതായി ഇന്‍സ്‌പെക്ടര്‍മാരായ വിനോജ്‌, മധുസൂദനന്‍ പിള്ള, അസിസ്റ്റന്റ്‌ ഇന്‍സ്‌പെക്ടര്‍ സുഭാഷ്‌ എന്നിവര്‍ അറിയിച്ചു.
ഹൃദയാഘാതം: അയ്യപ്പ ഭക്തന്‍ മരിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശി മാര്‍ക്കേണ്ടയ ഉഗ്രാല (55) ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്‌ച്ച രാവിലെ 4.45 ന്‌ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം പത്തനംത്തിട്ട ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി.

അയ്യപ്പന്‍മാര്‍ക്ക്‌ ബോധവത്‌കരണവുമായി ആരോഗ്യ വകുപ്പ്‌

മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്‌ അയ്യപ്പന്‍മാരെ ബോധവത്‌കരിക്കുന്നതിന്‌ പമ്പ മുതല്‍ അപ്പാച്ചിമേട്‌ വരെ ആരോഗ്യ വകുപ്പ്‌ സ്ഥാപിച്ചിരിക്കുന്ന ബോധവത്‌കരണ ബാനറുകള്‍ ശ്രദ്ധേയമാകുന്നു. സാവധാനം മല കയറുക, ഇടയ്‌ക്കിടെ വിശ്രമിക്കുക, ചികിത്സാ സംബന്ധിയായ വിവരങ്ങള്‍ കൂടെ കരുതുക, കഴിച്ച്‌ കൊണ്ടിരിക്കുന്ന മരുന്നുകള്‍ കൂടെ കരുതുക, മല കയറുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌റ്ററെ സമീപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ തുണിയില്‍ തയ്യാറാക്കിയിട്ടുള്ള ബാനറുകളില്‍ ഉള്ളത്‌. മലയാളം, തമിഴ്‌ ഭാഷകളിലാണ്‌ ബാനറുകള്‍. മല കയറുമ്പോഴുള്ള ആയാസം മൂലം ഹൃദയാഘാതവും മരണവും ഉണ്ടാകുന്നത്‌ തടയുകയാണ്‌ ബോധവത്‌കരണത്തിന്റെ ലക്ഷ്യം.

മല കയറുമ്പോള്‍ പത്തു മിനിറ്റ്‌ നടന്ന ശേഷം അഞ്ചു മിനിറ്റെങ്കിലും വിശ്രമിക്കണം. മല കയറുമ്പോള്‍ ആവശ്യമെങ്കില്‍ ഓക്‌സിജന്‍ പാര്‍ലറുകളുടെ സേവനം ഉപയോഗിക്കാം. ഡോക്‌ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും മികച്ച സേവനം തീര്‍ഥാടന പാതയിലെ സര്‍ക്കാര്‍ ഡിസ്‌പെന്‍സറികളില്‍ ലഭിക്കും. സന്നിധാനത്ത്‌ പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍ വഴിയെത്തുക. പതിനെട്ടാം പടിയിലേക്ക്‌ ക്യു പാലിച്ച്‌ എത്തണം. മടക്കയാത്രയ്‌ക്ക്‌ നടപ്പന്തല്‍ ഫ്‌ളൈഓവര്‍ ഉപയോഗിക്കാം.
പതിനായിരങ്ങളെ ഊട്ടി ദേവസ്വത്തിന്റെ അന്നദാനം (ശബരിമല വിശേഷങ്ങള്‍: അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക