Image

താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി

Published on 26 November, 2014
താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. താറാവ് കുഞ്ഞിന് 100 രൂപയും രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവക്ക് 200 രൂപയുമാണ് നല്‍കുക. നേരത്തെ ഇത് യഥാക്രമം 75 രൂപയും 150 രൂപയുമായാണ് തീരുമാനിച്ചിരുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്. പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ളെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ജില്ലകളിലെ ഏതാനും പഞ്ചായത്തില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തകരും ഇറച്ചി വില്‍പനക്കാരും അതീവ ജാഗ്രത പുലര്‍ത്തണം. മനുഷ്യരിലേക്ക് പടരുന്ന വൈറസിനെ ഇതുവരെ കണ്ടത്തെിയിട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിലും സമീപ ജില്ലകളിലും പടര്‍ന്നുകൊണ്ടിരിക്കുന്ന പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രണ്ടു കോടി രൂപ കൂടി അനുവദിച്ചു. പക്ഷിപ്പനി മറ്റു ജില്ലകളില്‍ കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക ഉടന്‍ തന്നെ കളക്ടര്‍മാര്‍ക്ക് കൈമാറും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക