Image

ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യം: മാര്‍ പവ്വത്തില്‍

Published on 26 November, 2014
ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യം: മാര്‍ പവ്വത്തില്‍
വടവാതൂര്‍: വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യം ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യം എന്നതായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ആരംഭിച്ച അന്തര്‍ദേശിയ സഭൈക്യ ദൈവശാസ്ത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. 

സഭാശാസ്ത്രത്തിന്റെ മൂലക്കല്ലായി രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ അവതരിപ്പിച്ച സഭൈക്യം, പൗരസ്ത്യ സഭകള്‍, തിരുസഭ എന്നീ പ്രമാണരേഖകളുടെ പ്രസാധനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം സഭകള്‍ തമ്മിലുള്ള ഐക്യം വളര്‍ന്ന് മതാത്മക ഐക്യദാര്‍ഢ്യത്തിലേയ്ക്ക് കടക്കണമെന്ന് മാര്‍ പവ്വത്തില്‍ തുടര്‍ന്നു പറഞ്ഞു. സമ്മേളനത്തില്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ ഡോ. വിന്‍സെന്റ് ആലപ്പാട്ട് സ്വാഗതവും സെമിനാരി റെക്ടര്‍ റവ ഡോ. അലക്‌സ് താരാമംഗലം ആശംസയും റവ ഡോ.
ജോണ്‍സണ്‍ വടക്കുംചേരി കൃതജ്ഞതയും പറഞ്ഞു. വിവിധ വിഷയങ്ങളെ അധീകരിച്ച് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ ഡോ. അദ്ദായി ജേക്കബ്, പ്രഫസര്‍ ഡോ. കുഞ്ചെറിയ പത്തില്‍, റവ ഡോ. പോളി മണിയാട്ട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

കോട്ടയം സെന്റ് ആന്‍സ് സ്‌കൂള്‍, ഗിരിദീപം സ്‌കൂള്‍, ശ്രുതി മ്യൂസിക് സ്‌കൂള്‍ എന്നിവിടങ്ങളിലെ കലാകാരന്മാരുടെ കലാപരിപാടികള്‍ സിമ്പോസിയത്തിന് കൂടുതല്‍ മിഴിവേകി. സമാപനദിനമായ ഇന്ന് വിവിധ വിഷയങ്ങളെ അധീകരിച്ച് ഡോ. കോശി വൈദ്യന്‍, ബിഷപ് അബ്രാഹം മാര്‍ ജൂലിയോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന സഭൈക്യ സമാപനസമ്മേളനത്തോടെ സിമ്പോസിയം അവസാനിക്കും. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ വൈദികരും വൈദിക വിദ്യാര്‍ത്ഥികളുമാണ് ഈ സിമ്പോസിയത്തിന് നേതൃത്വം നല്കുന്നത്.  

ഫോട്ടോയ്ക്ക് അടിക്കുറിപ്പ്- വടവാതൂര്‍ സെമിനാരിയില്‍ ആരംഭിച്ച അന്തര്‍ദേശിയ സഭൈക്യ സിമ്പോസിയത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിക്കുന്നു. റവ. ഡോ. വിന്‍സെന്റ് ആലപ്പാട്ട്, മോണ്‍. മാത്യു ചാലില്‍,  റവ. ഡോ. അലക്‌സ് താരാമംഗലം എന്നിവര്‍ സമീപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക