Image

നന്ദി ചൊല്ലി തീര്‍ത്തിടുവാന്‍ വാക്കുകള്‍ പോരാ...(ജി. പുത്തന്‍കുരിശ്‌)

Published on 26 November, 2014
നന്ദി ചൊല്ലി തീര്‍ത്തിടുവാന്‍ വാക്കുകള്‍ പോരാ...(ജി. പുത്തന്‍കുരിശ്‌)
വന്ന വഴികളിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍, ആ മനോഹര ഗാനംപോലെ, നമ്മള്‍ക്ക്‌ നന്ദി ചൊല്ലി തീര്‍ത്തിടുവാന്‍ വാക്കുകള്‍ പോരാ.. താരാട്ടു പാടി ഉറക്കിയവര്‍, പിച്ച വച്ചു നടത്തിയവര്‍, കിടപ്പാടവും, ഉണ്ണാനും ഉടുക്കാനും തന്നവര്‍, അക്ഷരങ്ങള്‍ പറഞ്ഞു തന്നവര്‍, ആഹാരം പാകം ചെയ്‌തു തന്നവര്‍, വസ്‌ത്രം കഴുകി ഇസ്‌തിരി ഇട്ടു തന്നവര്‍, വീഴാന്‍ തുടങ്ങിയപ്പോള്‍ സഹായ ഹസ്‌തം വച്ചു നീട്ട`ിയവര്‍, ജീവിതത്തിന്റെ ഏകാന്തതകളില്‍ ആത്‌മധൈര്യം നഷ്‌ടപ്പെട്ട`്‌ വിറങ്ങലിച്ച്‌ നിന്നപ്പോള്‍, നിശബ്‌ദരായി നമ്മളുടെ ഓരം ചേര്‍ന്ന്‌ നടന്നവര്‍ അങ്ങനെ വാക്കുകള്‍ കൊണ്ട്‌ നന്ദി ചൊല്ലി തീര്‍ക്കാന്‍ കഴിയാത്ത ഒരു വലിയ സമൂഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ അയവിറക്കലാണ്‌ നാം കൊണ്ടാടുന്ന താങ്ക്‌സ്‌ ഗിവിങ്ങ്‌. നാളികേരത്തിന്റെ നാട്ട`ിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട്‌ അതില്‍ നാരായണക്കിളി കൂടുപോലുള്ളൊരു നാലു കാലോലപ്പുരയുണ്ട്‌ എന്ന്‌ നാം ഏറ്റു പാടുമ്പോള്‍ ഗൃഹാതുരത്വം നിറഞ്ഞ വരികളില്‍ എവിടെയോ നന്ദി നിറഞ്ഞ ഹൃദയത്തിന്റെ തേങ്ങലുകള്‍ കേള്‍ക്കാം. നീ എല്ലാം കൊണ്ടും എന്നെ അനുഗ്രഹിച്ചിരിക്കുന്നു പക്ഷെ നന്ദി നിറഞ്ഞ ഒരു ഹൃദയം കൂടി എനിക്ക്‌ തന്നെ മതിയാവൂ എന്ന്‌ പ്രാര്‍ത്ഥിച്ച ജോര്‍ജ്‌ ഹെര്‍ബര്‍ട്ടിന്റെ വാക്കുകളില്‍ നാം പലപ്പോഴും പറയാന്‍ മടിക്കുന്ന വാക്കുകളുടെ പ്രതിധ്വനി കേള്‍ക്കാം.

സ്വന്തം വിശ്വാസത്തെ സ്വാതന്ത്ര്യത്തോടെ അനുഷ്‌ഠിക്കാന്‍ പറ്റിയ ഇടം തേടുന്ന ഒരു കൂട്ടം മത വിഭജനവാദികളും, സ്വന്തമായി അല്‌പം ഭൂമിയും അതില്‍ താമസിക്കുവാന്‍ ഒരു കൊച്ചു വീടും പിന്നെ ആവശ്യത്തിനു പണവും എന്ന സ്വപ്‌നവും പേറി നടന്നിരുന്ന ചിലരും ചേര്‍ന്ന്‌, മേഫ്‌ളവര്‍ എന്ന കപ്പലില്‍ ഇംഗ്ലണ്ടിലെ പ്‌ളിമത്ത്‌ തുറമുഖത്ത്‌ നിന്ന്‌ യാത്ര തിരിച്ചപ്പോള്‍ അത്‌ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കുകയായിരുന്നു. ഏറ്റവും അസ്വാസ്ഥ്യം നിറഞ്ഞതും ചെകുത്താന്റെയും കടലിന്റയും നടുവില്‍ അകപ്പെട്ടതു പോലെയുള്ള നീണ്ട യാത്ര അറുപത്തി ആറു ദിവസത്തിനു ശേഷം ലക്ഷ്യസ്ഥാനമായ മാസച്ച്യൂസെറ്റ്‌സില്‍ അവസാനിച്ചപ്പോള്‍ ദിവാസ്വപ്‌നങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടു തുടങ്ങി. ഇവിടെയാണ്‌, പിന്നീട്‌, പില്‍ഗ്രിംസ്‌ എന്ന്‌ വിളിക്കപ്പെടുന്ന ഈ ആദ്യ കുടിയേറ്റക്കാര്‍ അവര്‍ വിട്ടുപോന്ന സ്ഥലത്തിന്റെ ഓര്‍മ്മകളെ നിലനിര്‍ത്തിക്കൊണ്ട്‌ പ്‌ളിമത്ത്‌ എന്ന ഗ്രാമം കെട്ടിപ്പെടുത്തത്‌.

തണുത്തുറഞ്ഞ ശൈത്യത്തിന്റെ ക്രൂരതയും, യാത്രാക്ഷീണവും, കൂടാതെ അസുഖങ്ങളും അവരെ കപ്പലില്‍ തന്നെ താമസിക്കാന്‍ നിര്‍ബന്ധിതരാക്കി. ആകെയുണ്ടായിരുന്ന നൂറ്റിരണ്ട്‌ യാത്രക്കാരില്‍ പകുതിപേര്‍ക്ക്‌ മാത്രമെ അവര്‍ കണ്ടെത്തിയ, തേനും പാലും ഒഴുകുന്ന പുതിയ ദേശത്തിന്റെ ആദ്യ വസന്തം കാണാന്‍ കഴിഞ്ഞുള്ളു. മാര്‍ച്ച്‌ മാസത്തോടുകൂടി ബാക്കി ഉണ്ടായിരുന്നവര്‍ കരയിലേക്ക്‌ മാറിയപ്പോള്‍, അവരെ അത്‌ഭുതപ്പെടുത്തിക്കൊണ്ട്‌ ഒരു അബനാക്കി അമേരിക്കന്‍ ഇന്‍ഡ്യന്‍ ആദ്യമായി ഇംഗ്ലീഷില്‍ അഭിവാദ്യം ചെയ്‌തു. ചില ദിവസങ്ങള്‍ക്കു ശേഷം , അയാള്‍, പോടക്‌സ്‌റ്റ്‌ എന്ന ഗോത്രത്തില്‍ പെട്ടവനും, ഇംഗ്ലണ്ടുകാരനായ ഒരു കപ്പിത്താന്‍ തിരിച്ച്‌ അയാളുടെ സ്വന്തനാട്ടിലേക്ക്‌ പോകുന്നതിന്‌ മുമ്പ്‌ തട്ട`ിക്കൊണ്ടുപോയി അടിമവേലയ്‌ക്ക്‌ വിറ്റവനുമായ, സ്‌ക്വന്റോയോടൊപ്പം തിരികെ എത്തി. സ്‌ക്വന്റൊ, പട്ടിണിയാലും അനാരോഗ്യത്താലും ഏറ്റവും തളര്‍ന്നവശരായിരുന്ന ഈ ആദ്യ കുടിയേറ്റക്കാരെ, നദിയില്‍ നിന്നും മീന്‍ പിടിക്കേണ്ട വിധം, മെയ്‌പ്പിള്‍ മരത്തില്‍ നിന്നും എങ്ങനെ രസം ഊറ്റി എടുക്കണം, എങ്ങനെ കോട്ടന്‍ കൃഷി ചെയ്യണം, വിഷലിപ്‌തമായ ചെടികളെ തിരിച്ചറിയാനുമൊക്കെ പഠിപ്പിക്കുകയുണ്ടായി. അതുകൂടാതെ, സ്‌ക്വന്റോ, ഈ കുടിയേറ്റക്കാരെ, പിന്നീടുള്ള അന്‍പതു വര്‍ഷത്തോളം നീണ്ട്‌ നില്‍ക്കുന്ന സൗഹൃദത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്‌ വാംപനോഗ്‌ എന്ന ഗോത്രത്തെ പരിചയപ്പെടുത്തി. കുടിയേറ്റക്കാരായ യൂറോപ്പ്യന്‍സിന്റേയും ആദിവാസികളായ അമേരിക്കന്‍ ഇന്‍ഡ്യന്‍സിന്റേയും ഇടയ്‌ക്ക്‌ ഇത്രയും നിണ്ടും നിന്ന ഒരു സൗഹൃദത്തെ കുറിച്ച്‌ പിന്നീട്‌ ഒരിക്കലും നാം എങ്ങും കേള്‍ക്കുന്നില്ലാ എന്നത്‌ ഇന്നും ഒരു ദുഃഖ സത്യമായി നിലകൊള്ളുു.

ആയിരത്തി അറുനൂറ്റി ഇരുപത്തി ഒന്ന്‌ പില്‍ഗ്രിംസിനെ സംബന്ധിച്ചിടത്തോളം വിജയപ്രദമായ ഒരു കൊയ്‌ത്തു കാലമായിരുന്നു. തങ്ങള്‍ കൃഷി ചെയ്‌ത കോട്ടന്‍ ഏറ്റവും ഫലപ്രദമായ വിളവ്‌ തന്ന കാലം. അതിനെ മൂന്ന്‌ ദിവസം നീണ്ടു നില്‌ക്കുന്ന ഒരു ഉത്സവമാക്കി മാറ്റാന്‍ അന്നത്തെ ഗവര്‍ണര്‍ വില്ല്യം ബ്രാഡ്‌ഫോര്‍ഡ്‌ തീരുമാനിച്ചു. ജീവിതത്തിലെ എല്ലാ നന്മകള്‍ക്കുമുള്ള നന്ദി സൂചകമായി, എല്ലാ മതവിശ്വാസികളോടും മൂന്ന്‌ ദിവസത്തെ നൊയ്‌്‌മ്പ്‌ നോക്കാനും, ഉത്സവം ഒരു സദ്യയോടുകൂടി അവസാനിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു. ആദ്യത്തെ താങ്ക്‌സ്‌ ഗിവിങ്ങ്‌ അന്ന്‌ ആരംഭിച്ചെങ്കിലും, ആയിരത്തി എഴുന്നൂറ്റി എണ്‍പത്തി ഒന്‍പതില്‍ ആണ്‌ പ്രസിഡണ്ട്‌ ജോര്‍ജ്‌ വാഷിങ്‌ടന്‍ ആ ദിവസത്തെ അംഗീകരിച്ചു കൊണ്ട്‌, യു.സ്‌. ഗവര്‍മെന്റിന്റെ പേരില്‍, വിളംബരം പുറപ്പെടുവിച്ചത്‌.

താങ്ക്‌സ്‌ ഗിവിങ്ങ്‌ കൊണ്ടാടുന്ന ഈ ദിവസങ്ങളില്‍, നാം ഓരോത്തരും തിരിഞ്ഞു നോക്കുമ്പോള്‍, എവിടെ നിന്നോ നമ്മളുടെ ജീവിതത്തില്‍ കടന്നു വരികയും നമ്മള്‍ക്ക്‌ വഴികാട്ടികളും മാര്‍ഗ്ഗ ദര്‍ശികളാകുകയും ചെയ്‌ത അബനാക്കി അമേരിക്കന്‍ ഇന്‍ഡ്യനേയും സ്‌ക്വന്റൊമാരേയും കാണാന്‍ കഴിയും. അവരെ നാം ഈ നാളുകളില്‍ സ്‌മരിക്കുന്നതോടൊപ്പം നമ്മളും ഓരോ സ്‌ക്വന്റൊമാരും അബനാക്കി അമേരിക്കന്‍ ഇന്‍ഡ്യനുമൊക്കെ ആയി തീരട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്യുന്നു.
നന്ദി ചൊല്ലി തീര്‍ത്തിടുവാന്‍ വാക്കുകള്‍ പോരാ...(ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക