Image

പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്ക്‌ കൂടുതല്‍ ആനുകൂല്യം നല്‍കണം: സുപ്രീം കോടതി

Published on 26 November, 2014
പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്ക്‌ കൂടുതല്‍ ആനുകൂല്യം നല്‍കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്ത്‌ പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ആനുകൂല്യം നല്‍കണമെന്ന്‌ സുപ്രീം കോടതി. ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിന്‌ ഇത്‌ അനിവാര്യമാണ്‌. 2011ലെ സെന്‍സസ്‌ പ്രകാരം സ്‌ത്രീ-പുരുഷാനുപാതം 944ന്‌ 1000 എന്ന നിലയിലായിരുന്നു. ഇത്‌ കണക്കിലെടുത്താണ്‌ ജസ്റ്റിസുമാരായ ദീപക്‌ മിശ്ര, യു.യു ലളിത്‌ എന്നിവരടങ്ങുന്ന ബഞ്ചിന്റെ തീരുമാനം.

പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാനം നിലകൊള്ളുന്നതായി ജനങ്ങള്‍ക്ക്‌ വ്യക്തമാക്കണം. ആനുകൂല്യങ്ങളെക്കുറിച്ചുള്ള വ്യക്തിഗതമായ അറിവ്‌ ജനങ്ങളിലേക്കെത്തണം. ഹരിയാനയടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും അനുപാതത്തില്‍ സാരമായ കുറവാണ്‌ കാണപ്പെടുന്നത്‌. കഴിഞ്ഞ ജൂണിലെ റിപ്പോര്‍ട്ട്‌ പ്രകാരം ഹരിയാനയിലെ മൊഹീന്ദര്‍ഖഡില്‍ 770, റെവാരിയില്‍ 806, ഝാജ്ജറില്‍ 811, ബിവാനിയില്‍ 832 എന്നിങ്ങനെയാണ്‌ നിരക്ക്‌. ലിംഗാനുപാതത്തിലെ കുറവ്‌ നികത്താനായി സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ ബോധ്യപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു.

സമൂഹത്തില്‍ പെണ്‍ഭ്രൂണഹത്യ നിര്‍ത്തലാക്കാനും പെണ്‍കുട്ടികള്‍ക്ക്‌ അര്‍ഹിക്കുന്ന പ്രാധാന്യം ലഭ്യമാക്കാനും സംസ്ഥാനങ്ങള്‍ പ്രത്യേക ബോധവത്‌കരണങ്ങള്‍ക്ക്‌ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക