Image

കള്ളപ്പണം: കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ലജ്ജാകരമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Published on 26 November, 2014
കള്ളപ്പണം: കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ലജ്ജാകരമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ലജ്ജാകരമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കള്ളപ്പണ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു എന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകള്‍ പുറത്ത്‌ വിടുമെന്ന്‌ പറഞ്ഞ കേന്ദ്രം, അതിന്‌ തയ്യാറായില്ലെന്നും കോണ്‍ഗ്രസിന്റെ ലോക്‌സഭാകക്ഷി നേതാവ്‌ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. കള്ളപ്പണ വിഷയം സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

അധികാരത്തില്‍ എത്തി നൂറ്‌ ദിവസത്തിനുള്ളില്‍ വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരിച്ചു കൊണ്ടുവന്ന ജനനന്മയ്‌ക്ക്‌ ഉപയോഗിക്കും എന്നാണ്‌ ബി.ജെ.പി പ്രഖ്യാപിച്ചത്‌. പണം തിരികെ ലഭിച്ചാല്‍ ഓരോ പൗരനും 15 ലക്ഷം രൂപ വീതം ലഭിക്കുമെന്നും പറഞ്ഞു. എന്നിട്ട്‌ എവിടെ ഈ പണമെല്ലാം. എവിടെയാണ്‌ നിങ്ങള്‍ ഇത്‌ ഒളിച്ചുവച്ചിരിക്കുന്നത്‌. കള്ളപ്പണ നിക്ഷേപമുള്ളവരുടെ അന്‌പതോളം പേരുടെ പേരുകള്‍ കൈവശമുണ്ടെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. എന്നാല്‍ അവ പുറത്ത്‌ വിടാന്‍ സര്‍ക്കാര്‍ ഒരിക്കലും തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്‌. നിസാര കാര്യങ്ങളെ പെരുപ്പിച്ച്‌ കാണിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. ഇത്തരം പൊങ്ങച്ചം പറച്ചില്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം ഖാര്‍ഗെ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക