Image

വള്ളത്തോള്‍ പുരസ്‌കാരം ഡോ. പി.സി നായര്‍ ഏറ്റുവാങ്ങി

Published on 26 November, 2014
വള്ളത്തോള്‍ പുരസ്‌കാരം ഡോ. പി.സി നായര്‍ ഏറ്റുവാങ്ങി
തിരുവനന്തപുരം: ഈവര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം തിരുവനന്തപുരത്ത്‌ ചേര്‍ന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഡോ. പി.സി നായര്‍ ഏറ്റുവാങ്ങി. ജൂറി കമ്മിറ്റി അംഗം ആര്‍. രാമചന്ദ്രന്‍ നായര്‍ ഐ.എ.എസ്‌ (റിട്ട. ചീഫ്‌ സെക്രട്ടറി), ഡോ. നന്ത്യാത്ത്‌ ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു.

അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ ഡോ. പി.സി നായര്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

സമുന്നതനായി മഹാകവി വള്ളത്തോളിന്റെ നാമഥേയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ എനിക്ക്‌ അതിയായ സന്തോഷവും അഭിമാനവുമുണ്ട്‌. എന്റെ അറിവില്‍ ഇതാദ്യമായിട്ടാണ്‌ മഹാകവിയുടെ പേരിലുള്ള ഈ പുരസ്‌കാരം ഒരു പ്രവാസി എഴുത്തുകാരന്‌ നല്‍കുന്നത്‌. അതിന്‌ ജൂറി കമ്മിറ്റി അംഗങ്ങളോടുള്ള നന്ദി അറിയിക്കുന്നതോടൊപ്പം പ്രവാസി ജീവിതത്തിനിടയിലും നിസ്‌തദ്രമായി മലയാള ഭാഷയെ പരിപോഷിപ്പിക്കുവാന്‍ ശ്രമിക്കുകയും സര്‍ഗ്ഗാത്മക കൃതികള്‍ കൈരളിക്കു കാഴ്‌ചവെയ്‌ക്കുകയും ചെയ്യുന്നവരെപ്പറ്റി രണ്ടു വാക്ക്‌ ഇവിടെ പറയട്ടെ.

ഞാനീ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്‌ എല്ലാ പ്രവാസി എഴുത്തുകാര്‍ക്കും വേണ്ടിയാണ്‌. ഇത്‌ അവര്‍ക്കുകൂടിയുള്ള ഒരു അംഗീകാരമായിട്ടാണ്‌ ഞാന്‍ കരുതുന്നത്‌. ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള മനുഷ്യസഹജമായ ആഗ്രഹപൂര്‍ത്തീകരണത്തിന്‌ വേണ്ടിയാണവര്‍ വിദേശത്തേക്ക്‌ കുടിയേറുന്നത്‌. ഇംഗ്ലണ്ടിലോ, അമേരിക്കയിലേ, മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലോ എവിടെയായാലും അവരുടെ ഭൗതീക സാഹചര്യങ്ങള്‍ മലയാള ഭാഷയോടുള്ള അവരുടെ അഭിരുചി വളര്‍ത്താന്‍ സഹായകമല്ല. ഉദാഹരണമായി എനിക്ക്‌ പരിചിതമായ അമേരിക്ക തന്നെ എടുക്കാം. അവിടെ ന്യൂയോര്‍ക്ക്‌, ചിക്കാഗോ തുടങ്ങിയ വന്‍ നഗരങ്ങളിലുള്ള കേന്ദ്ര ലൈബ്രറികളിലും, വാഷിംഗ്‌ടണിലെ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസിലും, വിരലിലെണ്ണാവുന്ന ഏതാനും യൂണിവേഴ്‌സിറ്റികളിലുമൊഴിച്ച്‌ മറ്റൊരിടത്തും മലയാള പുസ്‌തകങ്ങള്‍ ലഭ്യമല്ല. ദൈനംദിന ജീവിതത്തിലെ അവരുടെ ഭാഷ (ചുരുക്കം ചില വീടുകളിലൊഴിച്ച്‌) മലയാളമല്ല. മിക്കവരുടേയും ഔദ്യോഗീക ജീവിതം തീര്‍ത്തും സാങ്കേതികവിദ്യകളിലധിഷ്‌ഠിതമാണ്‌. ഇങ്ങനെയെല്ലാമുള്ള പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഏകാഗ്രതയോടെയുള്ള മലയാള ഭാഷാ സേവനം ചെയ്യുന്ന ചിലരെങ്കിലും ഉണ്ടെന്നുള്ളത്‌ ശുഭോദര്‍ക്കമല്ലേ? വിലാസിനി എന്ന തൂലികാനാമത്തില്‍ പ്രശസ്‌തമായ ചില നോവലുകള്‍ മലയാളത്തിലെഴുതിയ ശ്രീ. എം.കെ. മേനോന്‍ വളരെക്കാലം പ്രവാസജീവിതം നയിച്ചയാളാണ്‌. അതുപോലെ കേരളത്തിനുപുറത്ത്‌ ദീര്‍ഘകാലം ജീവിച്ചെങ്കിലും (ഒരര്‍ത്ഥത്തില്‍ അവരും പ്രവാസികള്‍ തന്നെ) മലയാളത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണല്ലോ ശ്രീ ഒ.വി. വിജയനും, എം. മുകുന്ദന്‍ തുടങ്ങിയവര്‍.

ഇനി പ്രവാസി എഴുത്തുകാരെ കേരളീയര്‍ എങ്ങനെ ആദരിക്കുന്നു എന്നൂകൂടി നോക്കാം. കേരളത്തിലെ സാംസ്‌കാരിക സംഘടകള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന തോന്നാലാണ്‌ എനിക്കുള്ളത്‌. ഒരു കാലത്ത്‌ വിദേശങ്ങളിലിരുന്ന്‌ മലയാള സാഹിത്യ സപര്യ നടത്തുന്നവരെ കേരളത്തിലെ സാഹിത്യകാരന്മാരും മാധ്യമങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ന്‌ ആ ചിന്താഗതിയില്ല. അതു മാറണം. വളരെ പ്രതികൂലമായ സാഹചര്യങ്ങള്‍ക്കിടയിലും സര്‍ഗ്ഗാത്മക പ്രക്രിയയ്‌ക്ക്‌ സമയം കണ്ടെത്തുന്ന പ്രവാസി പ്രതിഭകളെ തിരിച്ചറിയാനും, അവര്‍ക്ക്‌ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാനും സാഹിത്യ അക്കാഡമി പോലുള്ള സംഘടനകള്‍ മുന്നോട്ടുവരണം. ഇപ്പോള്‍ എന്റെ അറിവില്‍ നോര്‍ക്കയുടെ പേരിലുള്ള അവാര്‍ഡ്‌ മാത്രമാണ്‌ പ്രവാസി എഴുത്തുകാര്‍ക്കുള്ളത്‌. അതും ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍. അനൗദ്യോഗിക സംഘടനകളും പ്രവാസി എഴുത്തുകാരെ ആദരിക്കാന്‍ മുന്നോട്ടുവരണം. അങ്ങനെ അവരുടെ ഭാഷാസ്‌നേഹം ദുര്‍ബലമാകാതിരിക്കാനും മലയാള സാഹിത്യത്തില്‍ പ്രയത്‌നിക്കാനും, അതുകൊണ്ട്‌ ഭാഷാസമ്പത്ത്‌ പുഷ്‌ടിപ്പെടാനും ഇടയാകട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

ഡോ. പി.സി. നായര്‍.
വള്ളത്തോള്‍ പുരസ്‌കാരം ഡോ. പി.സി നായര്‍ ഏറ്റുവാങ്ങിവള്ളത്തോള്‍ പുരസ്‌കാരം ഡോ. പി.സി നായര്‍ ഏറ്റുവാങ്ങി
Join WhatsApp News
Sudhir Panikkaveetil 2014-11-26 19:36:17
Hearty Congratulations to you Nair Sir. best regards, Sudhir Panikkaveetil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക