Image

യശോദ ബസ്സില്‍; അംഗരക്ഷകര്‍ കാറില്‍! മോഡി ഇതൊന്നും കാണുന്നില്ലേ? - അനില്‍ പെണ്ണുക്കര.

അനില്‍ പെണ്ണുക്കര Published on 25 November, 2014
യശോദ ബസ്സില്‍; അംഗരക്ഷകര്‍ കാറില്‍! മോഡി ഇതൊന്നും കാണുന്നില്ലേ? - അനില്‍ പെണ്ണുക്കര.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവേളയില്‍ താന്‍ വിവാഹം കഴിച്ചതാണെന്ന നരേന്ദ്രമോഡിയുടെ വെളിപ്പെടുത്തല്‍ നമ്മെ കൊണ്ടെത്തിച്ചത് യശോദബെന്‍ എന്ന സാധു സ്ത്രീയിലേക്കാണ്.

നരേന്ദ്രമോഡി ഇന്ന് ലോകം അറിയപ്പെടുന്ന ഭരണകര്‍ത്താവായി വളര്‍ന്നു കഴിഞ്ഞു. എങ്കിലും ഒരു പുരുഷന്റെ വിജയത്തിനു പിന്നിലെ സ്ത്രീയാകാന്‍ യശോദബെന്നിന് സാധിച്ചില്ല. ഈ വിജയങ്ങളുടെ ക്രഡിറ്റൊന്നും തല്‍ക്കാലം മോഡിയോ, ബി.ജെ.പി.യോ യശോദയ്ക്ക് നല്‍കുകയുമില്ല.

എങ്കിലും പ്രധാനമന്ത്രിയായ മോഡി യശോദാ ബെന്നിനെ കൈവിടുന്നില്ല എന്നാണ് പത്രവാര്‍ത്തകള്‍ പറയുന്നത്. മോഡി പ്രധാനമന്ത്രിയായശേഷം യശോദബെന്നിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് പോലീസുകാര്‍ അവരോടൊപ്പം എപ്പോഴും ഉണ്ട്. എന്നാല്‍ യശോദബെന്‍ സ്ത്രീയാണെന്ന് തെളിയിച്ചുകൊണ്ട് വിവരാവകാശ നിയമപ്രകാരം ചില കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
“എന്തിന്റെ പേരിലാണ് തനിക്ക് സുരക്ഷ തരുന്നതെന്ന് വ്യക്തമാക്കണമെന്നും, പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിലാണോ ഇപ്പോഴത്തെ സുരക്ഷ എന്നും അറിയണം” എന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരില്‍നിന്നും ഇതുവരെയും യശോദയ്ക്ക് മറുപടി ലഭിച്ചിട്ടില്ല.
തനിക്ക് സുരക്ഷയൊരുക്കണമെന്ന് നിര്‍ദ്ദേശിച്ചു സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍, അതിലെ മാനദണ്ഡങ്ങള്‍, അവയുടെ പകര്‍പ്പുകള്‍ എല്ലാം യശോദാബെന്‍ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്നു.

ഇപ്പോള്‍ യശോദയ്ക്ക് ലഭിക്കുന്ന സുരക്ഷയില്‍ അവര്‍ തൃപ്തയല്ല. ഉണ്ടായിരുന്ന സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ടു. യശോദബെന്‍ ബസില്‍ യാത്രചെയ്യുമ്പോള്‍ അംഗരക്ഷകര്‍  ഔദ്യോഗിക വാഹനത്തില്‍ ബസിനെ അനുഗമിക്കുന്നു.

ഇത്രയും കാര്യങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇനി വിഷയത്തിലേക്ക് വരാം.
നരേന്ദ്രമോഡി യശോദബെന്നിനെ ഭാര്യയായി അംഗീകരിച്ചിരിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം അതുകൊണ്ടാണല്ലോ ഈ സുരക്ഷയും, അംഗീകാരവുമൊക്കെ അവര്‍ക്കും ലഭിക്കുന്നത്.
എന്നാല്‍ നാളിതുവരെ ചിത്രത്തിലില്ലാതിരുന്ന ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാര്യാപദം ഔദ്യോഗികമായി അലങ്കരിക്കുമ്പോള്‍ നമുക്കൊക്കെ ഒരു ചോദ്യം മോഡിയോട് ചോദിക്കുന്നതില്‍ കുഴപ്പമില്ല.

“യശോദാബെന്നിനെ ഒപ്പം താമസിപ്പിച്ചുകൂടെ…?” ഉത്തരം പറയേണ്ടത് ലോകം ഉറ്റു നോക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്!!

സാധാരണ ഇത്തരം കാര്യങ്ങളില്‍ വന്‍ വിവാദങ്ങള്‍, വീടിനു മുമ്പില്‍ കുടില്‍കെട്ടി സമരമൊക്കെ ഉണ്ടാകുന്നതാണ്. പക്ഷെ യശോദ ഭാരത സ്ത്രീയുടെ മാന്യത കാക്കുന്നു.

അവര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടത് ന്യായം “എന്തിന്റെ പേരിലാണ് സുരക്ഷ?” ഭര്‍ത്താവിന്റെ സുരക്ഷിതത്വത്തിനപ്പുറത്ത് ഒരു ഭാര്യയ്ക്ക് മറ്റൊരു സുരക്ഷിതത്വമുണ്ടോ? ഭാര്യയ്ക്ക് ഭര്‍ത്താവും, ഭര്‍ത്താവിന് ഭാര്യയും നല്‍കുന്ന ആദരവും, അംഗീകാരവും പരിരക്ഷയുമാണ് കുടുംബജീവിതത്തിന്റെ കാതല്‍. അത് യശോദബെന്നും ആഗ്രഹിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഈക്കാര്യത്തില്‍ മോഡി മനസു തുറന്നാല്‍, അവരെ ഒപ്പം കൂട്ടിയാല്‍ ലോകം മുഴുവന്‍ കയ്യടിക്കും എന്നത് തീര്‍ച്ച…


യശോദ ബസ്സില്‍; അംഗരക്ഷകര്‍ കാറില്‍! മോഡി ഇതൊന്നും കാണുന്നില്ലേ? - അനില്‍ പെണ്ണുക്കര.യശോദ ബസ്സില്‍; അംഗരക്ഷകര്‍ കാറില്‍! മോഡി ഇതൊന്നും കാണുന്നില്ലേ? - അനില്‍ പെണ്ണുക്കര.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക