Image

എനിക്ക്‌ വില്ലന്‍ വേഷങ്ങളും ഇഷ്‌ടം: കുഞ്ചാക്കോ ബോബന്‍ ( ആശാ എസ് പണിക്കര്‍)

ആശാ എസ് പണിക്കര്‍ Published on 25 November, 2014
എനിക്ക്‌ വില്ലന്‍ വേഷങ്ങളും ഇഷ്‌ടം: കുഞ്ചാക്കോ ബോബന്‍ ( ആശാ എസ് പണിക്കര്‍)
മലയാള സിനിമയില്‍ രണ്ടാം വരവ്‌ സാധാരണ നടിമാര്‍ക്കു പറഞ്ഞിട്ടുളള കാര്യമാണ്‌. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത്‌ വിവാഹം കഴിച്ച്‌ കുടുംബ ജീവിതത്തിലേക്ക്‌ ഒതുങ്ങുകയും പിന്നീട്‌ വര്‍ഷങ്ങള്‍ക്കു ശേഷം അമ്മ വേഷങ്ങളിലൂടെ സിനിമയിലേക്ക്‌ തിരിച്ചെത്തുകയും ചെയ്യും. ചാക്കോച്ചനും സിനിമയില്‍ നിന്നും ഒരു ചെറിയ ഇടവേളയെടുത്തു. ആ സമയത്ത്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുമായി കാര്യമായി തന്നെ മുന്നോട്ടു പോയി. പിന്നീടാണ്‌ സിനിമയിലേക്ക്‌ തിരികെയെത്തിയത്‌. സിനിമാലോകവും ആരാധകരും ചാക്കോച്ചനെ കൈവിട്ടില്ല. ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പക്ഷേ രണ്ടാം വരവില്‍ പല തീരുമാനങ്ങളുമെടുത്താണ്‌ ചാക്കോച്ചനെത്തിയത്‌. പഴയപോലെ എപ്പോഴും പ്രേമഗാനവും പാടി നടക്കാനൊന്നും മെനക്കെട്ടില്ല. കാമ്പുള്ള തിരക്കഥയില്‍ ഉള്‍ക്കരുത്തുളള കഥാപാത്രങ്ങളുമായാണ്‌ പിന്നീട്‌ ചാക്കോച്ചനെ വെള്ളിത്തിരയില്‍ കണ്ടത്‌. പുതിയ സിനിമകള്‍...സിനിമാ സങ്കല്‍പങ്ങള്‍....ചാക്കോച്ചന്‍ മനസു തുറക്കുന്നു.

രണ്ടു വര്‍ഷം ആരാധകരെ നിരാശപ്പെടുത്തി ഒരിടവേള. പിന്നീട്‌ തിരിച്ചെത്തിയപ്പോഴാകട്ടെ തൊടുന്നതെല്ലാം വിജയം. ഇത്ര ഗംഭീരമായ ഒരു തിരിച്ചുവരവ്‌ പ്രതീക്ഷിച്ചിരുന്നോ?

വളരെ നല്ലൊരു സിനിമാ പാരമ്പര്യമുളള കുടുംബത്തിലെ അംഗമാണ്‌ ഞാന്‍. എന്റെ ലോകവും സിനിമ തന്നെയാണ്‌. ഞാന്‍ അതിലേക്ക്‌ തന്നെ വീണ്ടും വരുമെന്ന്‌ തീര്‍ച്ചയുണ്ടായിരുന്നു. പക്ഷേ ഇത്ര വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന്‌ ഞാന്‍ ഓര്‍ത്തില്ല. ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടുമെത്തുമ്പോള്‍ സിനിമാലോകത്തെ പ്രതികരണം എങ്ങനെയാകും എന്നൊരു അമ്പരപ്പുണ്ടായിരുന്നു. ഭാഗ്യം. എല്ലായിടത്തു നിന്നും നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌.

ഇപ്പോള്‍ മിക്ക സിനിമയിലും വേറിട്ട ഗെറ്റപ്പുകള്‍ പരീക്ഷിക്കാന്‍ മടിയില്ല?

എന്നും ചോക്‌ളേറ്റ്‌ നായകനായാല്‍ പോരല്ലോ. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുക എന്നതാണ്‌ നടനെ സംബന്ധിച്ച്‌ ഭാഗ്യമെന്ന്‌ പറയുന്നത്‌. ട്വന്റി ട്വന്റി എന്ന സിനിമയില്‍ ഒരു ഗാനരംഗത്ത്‌ അല്‍പനേരം മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു സീനില്‍ അഭിനയിച്ചുകൊണ്ടാണ്‌ ഞാന്‍ രണ്ടാം വട്ടം സിനിമയിലേക്ക്‌ വരുന്നത്‌. പിന്നീട്‌ ലോലിപോപ്പ്‌, സെവന്‍സ്‌, ഗുലുമാല്‍, മമ്മീ ആന്‍ഡ്‌ മീ എന്നിങ്ങനെ കുറച്ച്‌ ചിത്രങ്ങള്‍. ഇതില്‍ മമ്മീ ആന്‍ഡ്‌ മീ ഉര്‍വശി ചേച്ചിയുടെ സിനിമയായിരുന്നു എന്നു പറയാം. എന്നാല്‍ എല്‍സമ്മ എന്ന ആണ്‍കുട്ടിയായിരുന്നു നായകനെന്ന നിലയില്‍ ഞാന്‍ അഭിനയിച്ച സിനിമ. എന്റെ അന്നേ വരെയുള്ള എല്ലാ ഇമേജും അടിമുടി മാറ്റി മറിച്ചുകൊണ്ടാണ്‌ ലാല്‍ ജോസ്‌ ആ സിനിമയില്‍ എന്നെ അവതരിപ്പിച്ചത്‌.

പാലുണ്ണിയുടേത്‌ ഒട്ടും ഗ്‌ളാമറുളള കഥാപാത്രമായിരുന്നില്ല. എന്നിട്ടും?


ഞാന്‍ വളരെ സന്തോഷത്തോടെ ചെയ്‌ത വേഷമാണത്‌. സിന്ധുരാജും ലാല്‍ ജോസും പാലുണ്ണി എന്ന കഥാപാത്രത്തെക്കുറിച്ച്‌ പറഞ്ഞു തന്നപ്പോള്‍ത്തന്നെ എനിക്ക്‌ ആ സിനിമയില്‍ പ്രതീക്ഷയുണ്ടായിരുന്നു. തന്നെയുമല്ല വ്യത്യസ്‌തമായ ഒരു കഥാപാത്രത്തിനായി കാത്തിരിക്കുമ്പോഴാണ്‌ ലാലുവും സിന്ധുരാജും കൂടി ഈ കഥ പറയുന്നത്‌. കേട്ടപ്പോള്‍ തന്നെ സമ്മതിക്കുകയായിരുന്നു.

എങ്കിലും ഒരു നടനെന്ന നിലയില്‍ ബ്രേക്കായ ചിത്രം?


അതു തീര്‍ച്ചയായും ട്രാഫിക്‌ തന്നെ. ആ സിനിമയുടെ സംവിധയകന്‍ രാജേഷ്‌ പിളള ആദ്യം കഥ പറയാന്‍ വരുമ്പോള്‍ ഒരു പത്രവാര്‍ത്ത എന്നെ കാണിച്ചു തന്നിട്ട്‌ ഇതാണ്‌ സിനിമയുടെ കഥ എന്നു പറഞ്ഞു. സത്യം പറഞ്ഞാല്‍, എനിക്ക്‌ ഒന്നും മനസിലായില്ല. പിന്നീട്‌ അതിന്റെ തിരക്കഥ എഴുതിയ സഞ്‌ജയും ബോബിയും കൂടി സിനിമയുടെ പതിനാല്‌ സീനുകള്‍ എഴുതി തയ്യാറാക്കി എന്നെ കാണാന്‍ വന്നു. ഒറ്റവായനയില്‍ തന്നെ വളരെ പുതുമ തോന്നി. പിന്നെ അവരെന്നെ കാണാന്‍ വരുമ്പോഴെല്ലാം കുറേ സീന്‍സ്‌ കൊണ്ടു വന്ന്‌ വായിക്കാന്‍ തരും. അങ്ങനെ മുഴുവന്‍ തിരക്കഥയും വായിച്ചുകഴിഞ്ഞപ്പോള്‍ ഞാനൊരു കാര്യം മനസില്‍ തീര്‍ച്ചപ്പെടുത്തി. അതില്‍ ഡോ. എബിയുടെ റോളല്ല, ഏതു റോള്‍ തന്നാലും ഞാന്‍ അബിനയിക്കുമെന്ന്‌.

ഡോ.എബി ഒരു വില്ലനാവുകയാണ്‌?


ശരിയാണ്‌. ഞാന്‍ പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നു എന്നറിയുമ്പോള്‍ ഏതൊരു ഭര്‍ത്താവും ചെയ്‌തു പോയേക്കാവുന്ന കാര്യം മാത്രമായിരുന്നു ആ കഥാപാത്രവും ചെയ്‌തത്‌. വില്ലനായി അഭിനയിച്ചതിന്റെ പേരില്‍ പ്രേക്ഷകര്‍ എന്നെ വെറുക്കുന്നില്ല. അത്‌ ആ കഥാപാത്രത്തിന്റെ വിജയമാണ്‌.

ബിജുമേനോനുമായി നല്ലൊരു ഹിറ്റ്‌ കൂട്ടുകെട്ട്‌ ഉണ്ടായിരുന്നു. ഇടയ്‌ക്ക്‌ അതു പൊളിഞ്ഞെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ വിണ്ടും പഴയപടിയായി?

അത്‌ തികച്ചും യാദൃശ്ചികമാണ്‌. ഓര്‍ഡിനറിയില്‍ ഞങ്ങള്‍ ഹിറ്റായപ്പോള്‍ സീനിയേഴ്‌സ്‌, റോമന്‍സ്‌, മല്ലൂ സിംഗ്‌ , ഭയ്യാ ഭയ്യാ എന്നിങ്ങനെ വീണ്ടും കുറേ സിനിമകള്‍ കൂടി വന്നു. ഞങ്ങള്‍ അഭിനയിച്ച സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചതോടെ ഞങ്ങള്‍ക്കിടയിലും ഒരു പ്രത്യേക സ്‌നേഹബന്ധമുണ്ടായി. എന്റെ ഏറ്റവുമടുത്ത ഫാമിലി ഫ്രണ്ട്‌സില്‍ ഒരാളാണ്‌ ബിജു.

എങ്കിലും ഇപ്പോള്‍ പക്കാ കോമഡി ട്രാക്കിലാണല്ലോ?

വി.കെ. പ്രകാശിന്റെ ഗുലുമാലാണ്‌ ഞാന്‍ കോമഡി ചെയ്‌ത്‌ വിജയിച്ച ആദ്യ ചിത്രം. ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശാസമുണ്ട്‌. ഇനിയുളള കാലം നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാല്‍ മാത്രമേ പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചു പറ്റാന്‍ കഴിയൂ. അവരാണല്ലോ എല്ലാം.

നായികമാരില്‍ ആരാണ്‌ കൂടുതല്‍ കംഫര്‍ട്ടബിള്‍?

ഇപ്പോഴുള്ള നടിമാരെല്ലാം തന്നെ സിനിമയെന്നത്‌ തികച്ചും പ്രഫഷണലായി കാണുന്നവരാണ്‌. അതുകൊണ്ട്‌ സീന്‍സ്‌ എടുക്കുന്ന സമയത്ത്‌ നമുക്ക്‌ ബുദ്ധിമുട്ടേണ്ടി വരില്ല. കൂടെ അഭിനയിക്കുന്ന നായികമാര്‍ എല്ലാവരും തന്നെ കഴിവുള്ളവര്‍ തന്നെ.

ആരേയും പിണക്കുന്നത്‌ ഇഷ്‌ടമല്ല അല്ലേ?


അതല്ല, നായകന്‍, നായിക ഇവരെയൊക്കെ നിശ്ചയിക്കുന്നത്‌ സംവിധായകനാണ്‌. അവരുടെ അഭിനയത്തെ വിലയിരുത്തേണ്ടത്‌ സംവിധായകനും പ്രേക്ഷകരുമാണ്‌. എന്നെ സംബന്ധിച്ച്‌ ഏതു നായികയോടൊത്തും അഭിനയിക്കുന്നതിന്‌ പ്രയാസമില്ല. പിന്നെ ആവശ്യമില്ലാത്ത അഭിപ്രായങ്ങള്‍ പറഞ്ഞ്‌ മറ്റുളളവരെ വിഷമിപ്പിക്കാനോ, പിണക്കാനോ എനിക്കാവില്ല. അതുകൊണ്ടാണ്‌.

ഇപ്പോള്‍ പ്രണയരംഗങ്ങളില്‍ സ്വാഭാവികമായ അഭിനയമാണ്‌ ചാക്കോച്ചന്റേത്‌?

വിവാഹത്തിനു ശേഷമാണ്‌ ഞാനും പ്രിയയും തമ്മില്‍ യഥാര്‍ത്ഥ പ്രണയം തുടങ്ങിയത്‌. ഒരു പക്ഷേ അതുകൊണ്ടായിരിക്കും. സ്വന്തം ജീവിതത്തില്‍ പ്രണയം അതിന്റെ എല്ലാ തീവ്രതയോടും കൂടി അനുഭവിക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്കത്‌ സിനിമയില്‍ അഭിനയിച്ച്‌ കാണിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല.

സിനിമയിലെ പ്രണയരംഗങ്ങളില്‍ ഇത്ര ഒറിജിനാലിറ്റിയോടെ അഭിനയിക്കുന്നതു കാണുമ്പോള്‍ പ്രിയ എന്തു പറയും?

ഞാന്‍ അഭിനയിച്ച ചില പ്രണയരംഗങ്ങള്‍ കാണുമ്പോള്‍ പ്രിയയെന്നെ കളിയാക്കാറുണ്ട്‌. നല്ല ഹ്യൂമര്‍ സെന്‍സുള്ള ആളാണ്‌ കക്ഷി. പ്രിയ എന്റെ ഭാര്യ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും നല്ലൊരു നിരൂപകയും വിമര്‍ശകയും കൂടിയാണ്‌. ഞാന്‍ അഭിനയിക്കുകയാണെന്നും അത്‌ ക്യാമറയ്‌ക്കു മുന്നിലാണെന്നും പ്രിയക്കറിയാം. അതുകൊണ്ട്‌ പ്രത്യേകിച്ച്‌ കുഴപ്പമൊന്നുമില്ല.

ഏറ്റവും പ്രിയപ്പെട്ട മീശ ഇപ്പോള്‍ ഒരു സിനിമയിലുമില്ലല്ലോ?

മുമ്പ്‌ ഒരു സുന്ദരകാമുകന്റെ വേഷമായിരുന്നല്ലോ എനിക്കെല്ലാ സിനിമയിലും. അന്നൊക്കെ മീശ കളഞ്ഞാല്‍ എന്തോ ഭയങ്കരമായ കുറവ്‌ പോലെയാണ്‌ തോന്നിയിരുന്നത്‌. പക്ഷേ ഇപ്പോള്‍ അങ്ങനെയില്ല. എന്തു മാറ്റങ്ങള്‍ക്കും തയ്യാറാണ്‌. നല്ല കഥാപാത്രങ്ങള്‍ കിട്ടുമെങ്കില്‍.

ചാക്കോച്ചന്‍ ഭാര്യുടെ കാര്യത്തില്‍ ഭയങ്കര പൊസ്സസീവ്‌ ആണോ?

ഭാര്യയെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവ്‌ അല്‍പം പൊസസീവ്‌ ആകുന്നതുകൊണ്ട്‌ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ അതിരു കടക്കരുത്‌ എന്നു മാത്രം. ഭാര്യ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്ന ഒരു സാധാരണക്കാരനാണ്‌ ഞാന്‍. അല്ലാതെ ഭാര്യ എപ്പോഴും കൂടെ വേണം എന്ന നിര്‍ബന്ധബുദ്ധിയൊന്നും എനിക്കില്ല. ഞാന്‍ ഷൂട്ടിംഗിനായി പോകുമ്പോള്‍ പ്രിയയെയും കൊണ്ടുപോകാറുണ്ട്‌. അവള്‍ എന്റെ കൂടെയുളളത്‌ എനിക്കും സന്തോഷമാണ്‌.

* ആരൊക്കെയാണ്‌ സിനിമയിലെ സുഹൃത്തുക്കള്‍?

എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്‌. പ്രത്യേകിച്ച്‌ ജയസൂര്യ, ബിജു മേനോന്‍, ഇന്ദ്രജിത്ത്‌, അനുപ്‌ മേനോന്‍ എന്നിവരുമായി. ഞങ്ങള്‍ എല്ലാവരും ഫാമിലി വിസിറ്റ്‌ നടത്താറുണ്ട്‌.

* പെണ്‍സുഹൃത്തുക്കള്‍?

കൂടെ അഭിനയിക്കുന്ന മിക്ക നടിമാരുമായും നല്ല പ്രണ്ട്‌ഷിപ്പാണ്‌. കാവ്യ, ഭാവന, ഭാമ, രമ്യ നമ്പീശന്‍ ഇവരൊക്കെ എന്റെ മാത്രമല്ല പ്രിയയുടേയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്‌.

ന്യൂജനറേഷന്‍ സിനിമകള്‍ എന്നൊരു വിഭാഗമുണ്ടോ?

ചെറുപ്പക്കാരായ നിരവധി സംവിധായകരാണ്‌ ഇപ്പോള്‍ സിനിമയിലേക്ക്‌ കടന്നു വരുന്നത്‌. പറയാനുള്ള കാര്യങ്ങള്‍ ഒട്ടും മറച്ചു വയ്‌ക്കാതെ തങ്ങളുടെ സിനിമകളിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം അവര്‍ കാണിക്കുന്നുണ്ട്‌. ഇതിനെയാകാം ന്യൂജനറേഷന്‍ സിനിമയെന്നു വിളിക്കുന്നത്‌. അവര്‍ പറയുന്ന കഥയ്‌ക്കും അതവതരിപ്പിക്കുന്ന രീതിയ്‌ക്കുമെല്ലാം വളരെ വ്യത്യസ്‌തതയുണ്ട്‌. ഒരു പക്ഷേ അത്‌ കാലത്തിന്റെ മാറ്റം കൂടിയാവാം.

 ഇനിയും വില്ലന്‍ വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യുമോ?

തീര്‍ച്ചയായും. ഒരു പക്കാവില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌? സ്‌പാനിഷ്‌ മസാലയില്‍ എന്റെ കഥാപാത്രം ഒരു പക്കാ വില്ലനാണ്‌. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരാള്‍. അതുപോലെ ട്രാഫിക്കിലും ഒരു നെഗറ്റീവ്‌ ടച്ചുള്ള കഥാപാത്രമാണ്‌ എന്റേത്‌.

 പ്രിയപ്പെട്ട സംവിധായകര്‍ ആരൊക്കെയാണ്‌?

എനിക്ക്‌ നല്ല സിനിമകള്‍ തന്നിട്ടുള്ള സംവിധായകരാണ്‌ കമല്‍ സാറും വി.കെ.പ്രകാശും ലാല്‍ജോസുമൊക്കെ. അവരോടെനിക്ക്‌ പ്രത്യേക ബഹുമാനമുണ്ട്‌. പക്ഷേ പ്രത്യേകിച്ച്‌ ഒരു സംവിധായകനോടും ഇഷ്‌ടമില്ല. നല്ല സിനിമ സൃഷ്‌ടിക്കുന്ന ഏതൊരു സംവിധായകനേയും ഞാനാ സിനിമയില്‍ അഭിനയിച്ചിട്ടില്ല എങ്കില്‍പ്പോലും. എനിക്കിഷ്‌ടമാണ്‌.

* കഷണ്ടി കയറി തുടങ്ങിയല്ലോ.

ഇത്‌ മേക്കപ്പ്‌ ചെയ്‌ത്‌ കാണിക്കുന്ന കഷണ്ടിയല്ല കേട്ടോ. ഒറിജിനലാണ്‌. ഇപ്പോഴത്തെ ആളുകള്‍ക്ക്‌ ഇത്തരം തലയും മുടിയും ഗെറ്റപ്പുമൊക്കെയാണ്‌ ഇഷ്‌ടം. എങ്കില്‍ പിന്നെ അങ്ങനെയങ്ങ്‌ പോകാമെന്ന്‌ കരുതി.

ബോഡി ബില്‍ഡിംഗ്‌ എങ്ങനെ. സിക്‌സ്‌ പായ്‌ക്കും കടന്ന്‌ ഏയ്‌റ്റ്‌ പായ്‌ക്കിന്റെ കാലമാണ്‌?


സിക്‌സ്‌ പായ്‌ക്കൊന്നും വേണ്ട. അതൊന്നും നമുക്ക്‌ ചേരില്ല. തടി കുറച്ച്‌ ബോഡി ഒന്നു സ്‌ളിം ആക്കണം. ഇപ്പോള്‍ പറ്റിയ സമയമാണ്‌. ഒട്ടും വൈകാതെ തന്നെ ചെയ്യും. പിന്നെ ന്യൂജനറേഷന്‍ പിള്ളേര്‍ക്കൊപ്പം ഇടിച്ചു നില്‍ക്കണ്ടേ........

പഴയതുപോലെ ഇപ്പോഴും ആരാധകരുണ്ടോ?

ആരാധകര്‍ക്ക്‌ കുറവൊന്നുമില്ല. എല്ലാവരും ഫേസ്‌ബുക്കിലും മൊബൈലിലുമൊക്കെയല്ലേ. പഴയതുപോലെ കത്തുകളൊന്നുമില്ല. എങ്കിലും എവിടെ ചെന്നാലും നമുക്ക്‌ അവരുടെ സ്‌നേഹം അറിയാനാകും. അത്‌ തരുന്ന സന്തോഷം വലുതാണ്‌.
എനിക്ക്‌ വില്ലന്‍ വേഷങ്ങളും ഇഷ്‌ടം: കുഞ്ചാക്കോ ബോബന്‍ ( ആശാ എസ് പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക