Image

അമ്മായീടെ നടുവേദന (കഥ: സാം നിലമ്പള്ളില്‍)

Published on 24 November, 2014
അമ്മായീടെ നടുവേദന (കഥ: സാം നിലമ്പള്ളില്‍)
രണ്ടാമതൊരു നിക്കാഹുകൂടി ചെയ്‌താലോ എന്ന്‌ ഗൗരവമായി ആലോചിക്കുകയാണ്‌ ബദറുദ്ദീന്‍ മുതലാളി. ആലോചിച്ചിരുന്നാല്‍ മാത്രംപോരല്ലോ, സംഗതി നടക്കുകയുംകൂടി വേണ്ടേ? അവിടെയാണ്‌ പ്രശ്‌നം. ഗള്‍ഫിലുള്ള ചെക്കന്മാരും, പന്മനെ കെട്ടിച്ചുവിട്ടിരിക്കുന്ന മോളും എതിര്‍ക്കുമെന്നുള്ളതിന്‌ സംശയമൊന്നുമില്ല. ബീവിയുടെ എതിര്‍പ്പ്‌ കാര്യമാക്കുന്നില്ല. അവള്‍ ഒന്നിനും സമ്മതിക്കത്തില്ലെന്ന്‌ വെച്ചാല്‍ പിന്നെന്താ ചെയ്യുക? ഒന്നിനും എന്നുവെച്ചാല്‍ ദിനകരന്‍ വൈദ്യരുടെ ഭാഷയില്‍ വിഷയസംബന്ധമായി എന്നുപറയും. മറ്റൊരുവിധത്തില്‍ നോക്കിയാല്‍ വൈദ്യരുതന്നെയാണ്‌ ഇപ്പോഴത്തെ പ്രശ്‌നത്തിന്‌ കാരണക്കാരന്‍. കൈകാലുകള്‍ക്ക്‌ ബലക്ഷയമുണ്ടെന്ന്‌ പറഞ്ഞുചെന്ന മുതലാളിക്ക്‌ ലൈംഗികഉത്തേജനത്തിനുള്ള രസായനം കൊടുത്തതുകൊണ്ടല്ലേ ബീവി തന്നെപുറത്താക്കി കതകടച്ചത്‌. അന്നത്തെ ഒരു രാത്രിക്കുശേഷം ജോലിക്കാരി റഹ്‌മത്തും പിന്നീട്‌ വന്നിട്ടില്ല. അവള്‍ക്കും മതിയായിക്കാണും.

`ഇതിനൊരു പരിഹാരം ദിനകരന്‍ വൈദ്യരുതന്നെ കാണിച്ചുതരണം,' ഗത്യന്തരം ഇല്ലാതെവന്നപ്പോള്‍ അദ്ദേഹത്തെ സമീപിച്ച്‌ കാര്യംപറഞ്ഞു.

അതുകേട്ട്‌ വൈദ്യര്‌ ഒരുപാട്‌ചിരിച്ചു. മുപ്പതുസെക്കന്‍ഡ്‌ ചിരിച്ചിട്ട്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു, `രസായനംകഴിക്കിരുന്നാല്‍ പോരേ, മുതലാളി?'

വൈദ്യര്‍ക്ക്‌ അങ്ങനെ പറയാം. അതുകഴിക്കാന്‍ തുടങ്ങിയതിനുശേഷമാണ്‌ ആകെപ്പാടെ ഒരുന്മേഷം ഉണ്ടായത്‌. ജീവിതം പച്ചപിടിച്ചതുപോലെ; കുറച്ചുകൂടി ചെറുപ്പമായതുപോലെ. വൈദ്യര്‌ രസായനം ഉണ്ടാക്കുകയാണെങ്കില്‍ ബദറുദ്ദീന്‍ അത്‌ സേവിച്ചിരിക്കും. പ്രശ്‌നപരിഹാരത്തിന്‌ പലവഴികള്‍ തേടുന്നതിനിടയിലാണ്‌ രണ്ടാമതൊരു നിക്കാഹിനെപ്പറ്റി ആലോചിച്ചത്‌. പാക്കിസ്ഥാനിലോ സൗദിയിലോമറ്റോ ആയിരുന്നെങ്കില്‍ ഇതൊന്നും ഒരു പ്രശ്‌നമാകുമായിരുന്നില്ല. അടുത്തകാലത്ത്‌ പത്രത്തില്‍ വായിച്ചതല്ലേ അറേബ്യയില്‍ തൊണ്ണൂറു വയസുകാരന്‍ പതിനഞ്ചുവയസുകാരിയെ നിക്കാഹ്‌ ചെയ്‌തെന്ന്‌. അതുമായിട്ട്‌ താരതമ്യപ്പെടുത്തുമ്പോള്‍ താന്‍ ചെറുപ്പക്കാരനാണ്‌; വെറും അറുപത്തഞ്ചല്ലേ ആയിട്ടുള്ളു. അറബിരാജ്യത്ത്‌ ജനിക്കാതെപോയതോര്‍ത്ത്‌ അയാള്‍ സങ്കടപ്പെട്ടു.

രണ്ടാമത്തെ നിക്കാഹ്‌ നടക്കാത്തകാര്യമാണെന്ന്‌ അവസാനം മനസിലായി. രാജ്യത്തെ നിയമം അനുസരിച്ച്‌ ഇപ്പോഴുള്ള ഭാര്യയെ മൊഴിചൊല്ലിയിട്ടുവേണം രണ്ടാമതൊന്നിനെപ്പറ്റി ചിന്തിക്കാന്‍. അതിന്‌ മക്കളും സമ്മതിക്കുമെന്ന്‌ തോന്നുന്നില്ല. തടിയന്മരായ അളിയന്മാര്‌ കല്ല്യാണംകഴിക്കണമെന്ന തന്റെ മോഹംതന്നെ എന്നെത്തേക്കും ഇല്ലാതാക്കും. ഇങ്ങനെ എത്രനാള്‌ വരാന്തയില്‍ ഉറക്കമില്ലാതെ കിടക്കേണ്ടിവരും എന്നോര്‍ത്തപ്പോള്‍ മുതലാളിക്ക്‌ കരയണമെന്നുതോന്നി.

രാജ്യത്തെ പുതിയനിയമം അനുസരിച്ച്‌ പെണ്ണുങ്ങളെ നോക്കുന്നതുപോലും കുറ്റമാണ്‌. വെറുതെയൊന്ന്‌ നോക്കിയാല്‍ ഒരുവര്‍ഷം ജയിലില്‍ കിടക്കണം. ഒന്നുതൊട്ടാല്‍ അഞ്ചുവര്‍ഷം. പിന്നത്തെകാര്യം പറയാതിരിക്കകയാ നല്ലത്‌. റഹ്‌മത്ത്‌ കേസിനുപോയാല്‍ തനിക്ക്‌ ജീവപര്യന്തം ഉറപ്പാണ്‌. അവള്‍ അതിനൊന്നും പോകത്തില്ലെന്നാണ്‌ ഉറച്ചവിശ്വാസം. തിന്നചോറിന്‌ നന്ദിയുള്ളവളാണ്‌ അവള്‍. അവളുംകൂടി സമ്മതിച്ചിട്ടല്ലേ അന്നുരാത്രിയില്‍..

`മുതലാളിക്കിത്‌ എന്തിന്റെ അസുഹമാ? ഞാന്‍ വിളിച്ചുകൂവുമേ.' അവള്‍ ഭീഷണിപ്പെടുത്തി.

`നീ കൂവിക്കോ, ഞാനും കൂടെക്കൂവാം,' എന്നുപറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

`ഞാനീ പരിപാടി നിറുത്തിയിട്ട്‌ ഇരുപത്തഞ്ച്‌ കൊല്ലമെങ്കിലും ആയിക്കാണും. അങ്ങേര്‌ മയ്യത്തായതില്‍പിന്നെ അങ്ങനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ല.'

`നീയൊന്നും ചിന്തിക്കാതെ അടങ്ങിക്കിടന്നോ.'

അന്നുപിറ്റേന്ന്‌ പോയതാണ്‌, പിന്നീടവളെ കണ്ടിട്ടേയില്ല. റഹ്‌മത്തെന്താ ജോലിക്ക്‌ വരാത്തതെന്ന്‌ ബീവി പലവട്ടം ചോദിച്ചു. എനിക്കെങ്ങന അറിയാമെന്ന്‌ മറുപടിയും കൊടുത്തു. അവള്‍ വരാത്തതില്‍ മുതലാളിക്ക്‌ നൈരാശ്യമൊന്നുമില്ല. പത്തറുപത്‌ വയസുള്ള കിളവിത്തള്ളയെ സമീപിച്ചത്‌ നിവൃത്തികേടുകൊണ്ടാണല്ലോ.

അടുത്തദിവസം ചന്തയില്‍വെച്ച്‌ സുഭാഷിണിയെ കണ്ടപ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടതുപോലെതോന്നി. പകല്‍വെളിച്ചത്തില്‍ അവളെകണ്ടാല്‍ പുരുഷന്മാര്‍ തലതിരിച്ച്‌ നടക്കുമെന്ന്‌
അറിയാമായിരുന്നിട്ടും ഭഎന്താടി സുഭാഷിണി, സുഹമല്ലേ? എന്ന്‌ ചോദിച്ചു. അതിനവളുടെ സ്‌നേഹപ്രകടനം ഒന്നുകാണേണ്ടതായിരുന്നു.

`അയ്യോ, ഇതെന്റെ മുതലാളിയല്ലേ? അങ്ങ്‌ ഷീണിച്ചുപോയല്ലോ; അസുഹം വല്ലതുമായിരുന്നോ?' ജനമദ്ധ്യത്തില്‍വെച്ച്‌ അവള്‍ കെട്ടിപ്പിടിക്കുമെന്ന്‌ ഭയന്ന്‌ മുതലാളി പെട്ടന്ന്‌ പുറകോട്ടുമാറി.

`മുതലാളീടെ അസുഹം നീ മറ്റിക്കൊടുക്കുമോടി, സുഭാഷിണി?' മലക്കറി കച്ചവടക്കാരന്‍ സുഗതന്‍ ചോദിച്ചു.

`നീ പോടാ.' അവള്‍ വിളിച്ച പുളിച്ചവാക്കുകേട്ട്‌ അവന്‍ മലക്കറിക്കുട്ടയിലേക്ക്‌ തലപൂഴ്‌ത്തി.

`എന്താ ചെറിയൊരു ഇളക്കം?' മീന്‍കാരന്‍ അസനാര്‌ ചോദിച്ചത്‌ കേട്ടില്ലെന്ന്‌ ഭാവിച്ച്‌ മുന്‍പോട്ടുനടന്നു. ഇവന്മാര്‍ക്ക്‌ അറിയുമോ താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്‌ എന്താണെന്ന്‌. അതുമാറ്റാന്‍ സുഭാഷിണി ആയാലുംമതി. പക്ഷേ, എങ്ങനെ അവടെ വീട്ടില്‍ ചെന്നുകയറും? കണ്ണും തുറന്നുവെച്ചുകൊണ്ട്‌ ഇരിക്കയല്ലേ നാട്ടില്‍ ചിലപരിഷകള്‍. കവി അലിയാര്‌ ഒരിക്കല്‍ അവിടെപോയതിന്റെ കഥ നാട്ടില്‍ പാട്ടാണ്‌. അവന്‍ കഥയെഴുതാനാണ്‌ പോയതെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

ഇനിയൊരു പരിഹാരമാര്‍ഗം ഉള്ളത്‌ രാഷ്‌ട്രീയക്കാര്‌ ചെയ്യുന്നതുപോലെ തലയില്‍ മുണ്ടിട്ടുകൊണ്ട്‌ കയറിചെചല്ലുക എന്നുള്ളതാണ്‌. ചെക്കന്മാര്‌ ഗള്‍ഫീന്ന്‌ കുഴല്‍വഴി പണം അയക്കുമ്പോള്‍ ഒരു മുണ്ടുവാങ്ങാ?നാണോ വിഷമം? മുതലാളി ഈരിഴയന്‍ തോര്‍ത്തുതന്നെ ഒരെണ്ണംവാങ്ങി. അതിട്ട്‌ തലമൂടിക്കൊണ്ടാണ്‌ സന്ധ്യക്ക്‌ സുഭാഷിണിയുടെ വീടുംതേടിപ്പോയത്‌. ആരോടാണ്‌ ഒന്നുചോദിക്കുക? സ്ഥലത്തെ വേശ്യയായ സുഭാഷിണീടെ വീടേതാണെന്ന്‌ ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ? റോഡരുകില്‍ ബോര്‍ഡ്‌ വച്ചിരുന്നെങ്കില്‍ ആരോടും ചോദിക്കാതെ കയറിച്ചെല്ലാമായിരുന്നു. ഭാഗ്യത്തിന്‌ ഒരുകൊച്ചുചെക്കന്‍ എതിരേവരുന്നത്‌ കണ്ടു. കൊച്ചനായതുകൊണ്ട്‌ ചോദിച്ചാല്‍ സംശയമൊന്നും തോന്നുകയില്ല. `എടാ മോനെ, സുഭാഷിണീടെ വീടേതാണെന്ന്‌ അറിയാമോ?'

ചെക്കന്‍ ഒരുനിമിഷം സംശയിച്ചുനിന്നിട്ട്‌ ചൂണ്ടിക്കാണിച്ചു, `ദാ ആവെട്ടംകാണുന്നതാ.'

അവനെങ്കിലും തന്നോട്‌ മനസലിവ്‌ ഉണ്ടായല്ലോ? സ്‌നേഹപൂര്‍വ്വം അവന്റെ പുറത്തൊന്ന്‌ തട്ടിയിട്ട്‌ വെട്ടംകണ്ട വീട്ടിലേക്ക്‌ കയറിച്ചെന്നു. സുഭാഷിണിയില്ലേ എന്ന്‌ ചോദിക്കാന്‍ തുടങ്ങയപ്പോളാണ്‌ മുസലിയാര്‌ അബ്‌ദു റഹ്മാന്‍ വരാന്തയില്‍ ഇരിക്കുന്നത്‌ കണ്ടത്‌. ഇയാളും സൂഭാഷിണീടെ പറ്റുകാരനാണോയെന്ന്‌ സംശയിച്ചുനില്‍ക്കുമ്പോള്‍ അയാള്‍ എഴുന്നേറ്റുവന്ന്‌ ചോദിച്ചു. `ആരാ, ബദറുദ്ദീന്‍ അല്ലേടോ അത്‌?'

ആണെന്നോ അല്ലെന്നോ പറയേണ്ടത്‌? തലയില്‍ തുണിയിട്ടിട്ടും പ്രയോജനമില്ലല്ലോ? അയാള്‍ പേര്‌ വിളിച്ചുകഴിഞ്ഞു. `താനെന്താടോ ഇവിടെ?' അയാള്‍ വീണ്ടും ചോദിച്ചു.

താനെന്താ അവിടെയെന്ന്‌ അങ്ങോട്ടും ചോദിക്കണമെന്ന്‌ വിചാരിച്ചതാണ്‌. അപ്പോളാണ്‌ അയാടെ ഭാര്യയും മക്കളും അകത്തെമുറിയില്‍നിന്ന്‌ ഇറങ്ങിവരുന്നത്‌ കണ്ടത്‌.

`അവിടെത്തന്നെ നിക്കാതെ കയറിവന്ന്‌ കുത്തീരിക്കടോ, ബദറേ,' മുസലിയാര്‍ ക്ഷണിച്ചു. ഷണനം സ്വീകരിക്കാതെ ഇറങ്ങി ഓടിയാലോയെന്ന്‌ ഒരുനിമിഷം ആലോചിച്ചു. അതോ സുഭാഷിണീടെ വീടേതാണെന്ന്‌ ചോദിക്കണോ? രണ്ടു ശരിയല്ലെന്ന്‌ തോന്നിയതിനാല്‍ അകത്തുകയറി കുത്തിയിരുന്നു.

`എന്താടോ ഈവഴിക്ക്‌, അതും സന്ധ്യനേരത്ത്‌?' മുസലിയാര്‍ക്ക്‌ അറിയണം.

എന്താണ്‌ പറയേണ്ടതെന്ന്‌ ആലോചിച്ചു. `ഒന്ന്‌ നടക്കാനിറങ്ങിയതാ. വൈദ്യരുപറഞ്ഞു ദിവസവും നടക്കണമെന്ന്‌; രാവിലേയും വൈകിട്ടും.'

`ഈവഴി നടക്കാന്‍ കൊള്ളില്ല, പ്രത്യേകിച്ചും സന്ധ്യകഴിഞ്ഞാല്‍. ഇവിടെ അടുത്ത്‌ ഒരു ദുര്‍മാര്‍ഗക്കാരി താമസമുണ്ട്‌. മാന്യന്മാര്‍ക്ക്‌ വഴിനടക്കാന്‍ കൊള്ളാവുന്ന സ്ഥലമല്ല ഇത്‌.'

പിന്നെ മുസലിയര്‌ എന്തിനാ ഇവിടെ താമസിക്കുന്നതെന്ന്‌ ചോദിച്ചു.

`വേറെ മാര്‍ഗമില്ല,' അയാള്‍ പറഞ്ഞു. `ഈവസ്‌തുവിറ്റിട്ട്‌ എങ്ങോട്ടെങ്കിലും മാറാമെന്ന്‌ വിചാരിക്കുകയാ. ബദറിന്‌ താല്‍പര്യമുണ്ടെങ്കില്‍ ഈവസ്‌തു വാങ്ങിച്ചോ.'

മുസലിയാരുടെ വസ്‌തുവിന്‌ വിലപറഞ്ഞിട്ട്‌ അവിടെനിന്ന്‌ ഇറങ്ങി, പട്ടി ചന്തക്കുപോയപോലെ.
അന്നുരാത്രിയിലും മുതലാളി വരാന്തയില്‍കിടന്ന്‌ കൊതുകുകടികൊണ്ടു. വിഷയദുഃഖത്തിന്‌ പരിഹാരമുണ്ടാക്കികൊടുത്തതും ബീവിതന്നെ ആയിരുന്നു. `റഹ്‌മത്തിനെ കാണാനില്ലല്ലോ? ഇനി വല്ല അസുഹവുമായി കിടപ്പിലാണോ; പോയി ഒന്നന്വേഷിച്ചിട്ട്‌ വരരുതോ?'

അങ്ങനെ ബീവിയുടെ അനുമതിയോടെയാണ്‌ റഹ്‌മത്തിന്റെ വീടുതേടി പോയത്‌. സുഭാഷിണിയുടെ വീടുതേടിയതുപോലത്തെ പ്രയാസമൊന്നും വേണ്ടിവന്നില്ല പകല്‍വെളിച്ചത്തില്‍ അവളുടെവീട്‌ കണ്ടുപിടിക്കാന്‍. വെളിയില്‍ ആരേയുംകാണാഞ്ഞതുകൊണ്ട്‌ ഇവിടാരുമില്ലേയെന്ന്‌ ചോദിച്ചു. ചോദ്യകേട്ട്‌ ഇറങ്ങിവന്നത്‌ ഒരുചെറുപ്പക്കാരി. റഹ്‌മത്തില്ലേയെന്ന്‌ ചോദിച്ചപ്പോള്‍ `അയ്യോ ഇത്‌ മുതലാളിയല്ലേ; ഞങ്ങടെ വീടൊക്കെ അറിയുമോ? കയറി ഇരുന്നാട്ടെ.'

ഇവള്‌ ആളുകൊള്ളാമല്ലോ എന്നുകരുതി മുതലാളി അവള്‍ നീക്കിയിട്ട കസേരയില്‍ ഇരുന്നു. `അമ്മായി നടുവെട്ടി ആശുപത്രീലാ. അന്ന്‌ അവിടുന്ന്‌ വന്നതിന്‌ശേഷം നടുവിന്‌ വേദനയാണെന്ന്‌ പറഞ്ഞ്‌ കിടപ്പിലായതാ. എന്തോ ഭാരംചുമന്നെന്നാ പറഞ്ഞത്‌.'

അതുകേട്ട്‌ മുതലാളി ചിരിച്ചു. എന്നിട്ട്‌ മരുമോടെ പേരെന്താണെന്ന്‌ ചോദിച്ചു. ആസിയാ എന്നാണെന്ന്‌ അവള്‍ പറഞ്ഞു. മുതലാളീടെ നോട്ടംകണ്ടിട്ട്‌ പെണ്ണിന്‌ എവിടെയൊക്കെയോ ഇക്കിളി അനുഭവപ്പെട്ടു. നോട്ടത്തില്‍നിന്ന്‌ രക്ഷപെടാന്‍ ഒരുചായ ഇടട്ടേയെന്ന്‌ അവള്‍ചോദിച്ചു.

`ചായയൊന്നും വേണ്ടടി; നിന്റെ മാപ്പിളയെന്തിയേ?'

`പണിക്കുപോയിരിക്കയാ.'

നീയൊരു മൊഞ്ചത്തിയാണല്ലോടി എന്ന്‌ മുതലാളി. അത്‌ മുതലാളി വെറുതേ പറയുകയാണെന്ന്‌ അവള്‍.

`നിന്റെ കൊച്ചുങ്ങളൊക്കെ എന്തിയേ?'

`ഒരു കുഞ്ഞേയുള്ളു, ഉറങ്ങുകാ.'

`എന്നാ നീയൊരു ചായയിട്‌. നിന്റെ കൈകൊണ്ടൊരു ചായ കുടിച്ചിട്ട്‌പോകാം.' ചിരിച്ചുകൊണ്ട്‌ അകത്തേക്കുപോയ ആസിയായുടെ പുറകേ ചായയിടുന്നത്‌ കാണാന്‍ മുതലാളിയും ചെന്നു. തന്റെ അമ്മായിക്ക്‌ നടുവുവേദന വന്നതെങ്ങനെയാണെന്ന്‌ അയാള്‍ പോയതിനുശേഷമാണ്‌ അവള്‍ക്ക്‌ മനസിലായത്‌.


സാം നിലമ്പള്ളില്‍.

sam3nilam@yahoo.com
അമ്മായീടെ നടുവേദന (കഥ: സാം നിലമ്പള്ളില്‍)
Join WhatsApp News
RAJAN MATHEW DALLAS 2015-01-02 21:13:03
  LAUGHED A LOT...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക