Image

അന്ധന്‍ (കവിത: രവി നായര്‍)

Published on 21 November, 2014
അന്ധന്‍ (കവിത: രവി നായര്‍)
ഇന്നലെയെ ഞാന്‍ കണ്ടിരുന്നു
നാളെയെയും ഞാന്‍ കാണുന്നു
കാണാത്തതിന്നിനെ മാത്രം !

നിദ്രയില്‍ വന്നുതിര്‍ന്ന സ്വപ്‌നങ്ങളിലെല്ലാം
ഇന്നലെയായിരുന്നു
നിദ്രയില്‍ നിന്നുണര്‍ന്ന പകലുകളിലെല്ലാം
നാളെയായിരുന്നു

ഓര്‍ക്കാന്‍ കൊതിച്ച ഇന്നലെകളില്‍
ഞാന്‍ ഞാനല്ലായിരുന്നു
വായില്‍ സ്വര്‍ണക്കരണ്ടിയും
കാലില്‍ സ്വര്‍ണക്കൊലുസുമായ്‌
സപ്രമഞ്ചക്കട്ടിലില്‍ പട്ടുമെത്തയില്‍
ഉറങ്ങിയെണീറ്റ കാലം
ആനപ്പുറത്തേറിയാറാടി നടന്ന കാലം
കൂട്ടരോടൊത്താടിപ്പാടിയ കാലം
വരുംവരായ്‌കകളെക്കുറിച്ചോര്‍ക്കാതെ
യാര്‍ത്തുല്ലസിച്ച കാലം
വര്‍ണ്ണരാജികളും ചായക്കൂട്ടുകളും
കുപ്പിവളകളും നറുമുന്തിരിയും
പ്രണയ ചഷകം നിറച്ച്‌
മനസ്സിനെ മദിച്ച കാലം
എല്ലാം ഞാന്‍ കണ്ടിരുന്നു

കാണാന്‍ കൊതിക്കുന്ന നാളെയിലും
ഞാന്‍ ഞാനല്ലാതാവുന്നു
നാളെയൊരു പുഴയരികത്ത്‌
ഒരു രണ്ടു നില കൂറ്റന്‍ കെട്ടിടം
നാളെയെന്‍ കുട്ടികളിരിക്കുന്ന
കനക സിംഹാസനം
നാളെയെനിക്കു വെറുതെയിരിക്കാന്‍
ബാങ്കിലൊരു കൂറ്റന്‍ ഡിപ്പോസിറ്റ്‌
നാളത്തെ പ്രഭാതത്തില്‍
ഉദിച്ചുയരുന്ന സൂര്യന്‍ കാണുന്നയെന്റെ പ്രൌഡി..
നാളെയെ ഞാന്‍ കാണുന്നൂ

ഇന്നിനെ ഞാന്‍ കാണുന്നില്ല
മുറിവേല്‍പ്പിക്കപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളെ
കാഴ്‌ച നശിച്ച കാമഭ്രാന്തന്മാരെ
തമ്മിലടിക്കുന്ന മതഭ്രാന്തന്മാരെ
വിശക്കുന്നുവെന്നു തികച്ചു പറയാന്‍
കെല്‌പ്പില്ലാത്ത ജീവച്ചവങ്ങളെ
കൊന്നൊടുക്കുന്ന വിഷവിത്തുകളെ
അണകെട്ടി തടുക്കുന്ന വെള്ളത്തിനെ
ആഞ്ഞടിക്കും കൊടുങ്കാറ്റിനെ
നാടിന്‍ വിപത്തായ രാഷ്ട്രീയ കോമരങ്ങളെ
നാശം ക്ഷണിക്കുന്ന പുതുതലമുറയെ
ഇരുളില്‍ പൊതിഞ്ഞ പകലുകളെ
ഭൂമിയില്‍ പതിക്കുന്ന വാല്‍നക്ഷത്രങ്ങളെ
വകഞ്ഞു മാറുന്ന ഭൂതല പ്രതലങ്ങളെ
പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന ആറ്റം ബോംബുകളെ..

ഇന്നലെയെ ഞാന്‍ കണ്ടിരുന്നു
നാളെയെയും ഞാന്‍ കാണുന്നു

കാണാത്തതൊന്നു മാത്രം
കാണാത്തതിന്നിന്റെ രോദനം മാത്രം ...
അന്ധന്‍ (കവിത: രവി നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക