Image

ചാവറയച്ചന്‍ - നവോത്ഥാനത്തിന്റെ പോരാളി

ജയമോഹന്‍.എം Published on 23 November, 2014
ചാവറയച്ചന്‍ - നവോത്ഥാനത്തിന്റെ പോരാളി
ഇന്ത്യന്‍ കത്തോലിക്കാ സഭക്ക്‌ തീര്‍ച്ചയായും അപൂര്‍വ്വമായ നിമിഷങ്ങള്‍ തന്നെയാണിത്‌. സി.എം.ഐ, സി.എം.സി സഭകളുടെ സ്ഥാപകന്‍ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍, സി.എം.സി സഭാഗം വാഴ്‌ത്തപ്പെട്ട എലവുത്തിങ്കല്‍ ഏവുപ്രാസ്യമ്മ എന്നിവരെ വിശുദ്ധപദവിയിലേക്ക്‌ എത്തിയിരിക്കുന്നത്‌ തീര്‍ച്ചയായും അപൂര്‍വ്വമായ അവസരം തന്നെ.

ചാവറയച്ചന്‍ വിശുദ്ധ പദവിയിലേക്ക്‌ ഉയരുമ്പോള്‍ ഒരു നവോഥാന നായകന്റെ ജീവിതമാണ്‌ വലിയൊരു ലോകത്തിന്‌ മുമ്പിലേക്ക്‌ എത്തുക. പുണ്യം ചെയ്‌ത ജീവിതങ്ങളെ മനസിലാക്കി മാര്‍പാപ്പ പുണ്യവാളനായി നാമകരണം ചെയ്യുന്നു. പക്ഷെ അതിനും എത്രയോ മുമ്പു തന്നെ ചാവറയച്ചന്‍ എന്ന പുണ്യവാളന്റെ ദീര്‍ഘവീക്ഷണത്തിന്റെ കരുത്ത്‌ കേരളം എന്ന കൊച്ചു ദേശം അനുഭവിച്ചറിഞ്ഞു. വിദ്യാഭ്യാസം കൊണ്ട്‌ മാത്രമേ വിമോചനം സാധ്യമാകു എന്ന്‌ തിരിച്ചറിഞ്ഞ മഹദ്‌ ചിന്തകന്‍ തന്നെയാണ്‌ എന്നും കേരളത്തിന്‌ ചാവറയച്ചന്‍. അദ്ദേഹത്തിന്റെ സൃഷ്‌ടിയാണ്‌ പള്ളിക്കൂടം. പള്ളിയോട്‌ ചേര്‍ന്ന്‌ ചാവറയച്ചന്റെ പഠനകളരിയെ പള്ളിക്കൂടം എന്ന്‌ വിളിക്കുന്നു. അതിനേക്കാള്‍ പ്രധാനമായ മറ്റൊന്നുണ്ട്‌.

ഇന്ന്‌ കേരളത്തിലെ സ്‌കൂളുകളില്‍ കാണുന്ന ഉച്ചഭക്ഷണ വിതരണം അഥവാ ഉച്ചക്കഞ്ഞി തുടങ്ങിവെച്ചത്‌ ചാവറയച്ചനാണ്‌ എന്നതാണ്‌. വിശന്നിരിക്കാതെ കുരുന്നുകള്‍ക്ക്‌ പഠിക്കാന്‍ വേണ്ടിയാണ്‌ പള്ളിക്കൂടത്തില്‍ ഉച്ചക്കഞ്ഞി എന്ന ആശയം ചാവറയച്ചന്‍ നടപ്പിലാക്കുന്നത്‌. എന്നാല്‍ ഇതിന്‌ മറ്റൊരു ഗുണഫലം കൂടിയുണ്ടായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരെ, ദളിതരെ സ്‌കൂളുകളിലേക്ക്‌ ആകര്‍ഷിക്കുവാന്‍ ഉച്ചക്കഞ്ഞി കാരണമായി. അങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാരിലേക്ക്‌ വിദ്യഭ്യാസം പകര്‍ന്നെത്തി. 1864ല്‍ പള്ളിക്കൂടം തുടങ്ങുകയും പാവപ്പെട്ടവര്‍ക്ക്‌ ഉച്ചക്കഞ്ഞി കൊടുത്തു തുടങ്ങുകയും ചെയ്‌ത ചാവറയച്ചന്റെ ദീര്‍ഘവീക്ഷണം ഇന്നും പള്ളിക്കുടം എന്ന വിളിപ്പേര്‌ കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിക്കും ഓര്‍മ്മവരും. കേരളത്തില്‍ ആദ്യത്തേത്‌ എന്ന്‌ കരുതപ്പെടുന്ന അഗതിമന്ദിരം കൈനകരിയില്‍ സ്ഥാപിച്ചതും ചാവറയച്ചന്‍ തന്നെ.

ജാതി ചിന്ത കടുപ്പത്തില്‍ വേരേടിയിരുന്ന ഒരു കാലത്ത്‌ സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്ന നിലയില്‍ ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ മഹനീയം തന്നെ. മാന്നാനത്ത്‌ സംസ്‌കൃത വിദ്യാലയം സ്ഥാപിച്ച ചാവറയച്ചന്‍ അവിടെ സവര്‍ണ്ണരെയും അവര്‍ണ്ണരെയും ഒരുപോലെ സ്വീകരിച്ചു. അവര്‍ക്കിടയില്‍ ജാതിയുടെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു.

അറിവിന്റെയും മാറ്റത്തിന്റെയും വഴികളിലേക്ക്‌ കേരളത്തിനെ പിടിച്ചു നടത്തിയതിലും ചാവറയച്ചന്റെ പങ്ക്‌ അതിപ്രധാനം തന്നെ. 1846ലാണ്‌ മാന്നാനത്ത്‌ ചാവറയച്ചന്‍ പ്രസ്‌ സ്ഥാപിക്കുന്നത്‌. വിദേശത്ത്‌ നിന്നും പ്രസ്‌ വാങ്ങാന്‍ പണില്ലാതിരുന്നത്‌കൊണ്ട്‌ ഒരു നാടന്‍ പ്രസ്‌ നിര്‍മ്മിക്കുകയാണ്‌ ചാവറയച്ചന്‍ ചെയ്‌തത്‌. തിരുവനന്തപുരത്തെ ഗവണ്‍മെന്റ്‌ പ്രസില്‍ പോയി കണ്ട്‌ പഠിച്ചതിനു ശേഷം അതേപോലൊയൊരു മോഡല്‍ വരച്ച്‌ നല്‍കിയാണ്‌ ചാവറയച്ചന്‍ തന്റെ പ്രസിന്‌ രൂപകല്‌പനയാക്കിയത്‌. ജഞ്‌നാപീയുഷം എന്ന പ്രാര്‍ഥനാ പുസ്‌തകമാണ്‌ ഇവിടെ നിന്നും ആദ്യമായി അച്ചടിച്ചത്‌. പിന്നീട്‌ നസ്രാണി ദീപിക എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ പത്രം പുറത്തെത്തുന്നതും ഇവിടെ നിന്നു തന്നെ.

ചാവറയച്ചന്റെ അനസ്‌താസ്യയുടെ രക്തസാക്ഷിത്വം എന്ന കൃതിയാണ്‌ മലയാളത്തിലെ ആദ്യത്തെ ഖണ്‌ഡ കാവ്യമായി പരിഗണിക്കപ്പെടുന്നത്‌. ചാവറയച്ചന്‍ രചിച്ച ബൈബിള്‍ നാടകങ്ങളാണ്‌ മലയാളത്തിലെ ആദ്യത്തെ നാടകങ്ങള്‍ എന്ന്‌ കേരളാ സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുണ്ട്‌.

1955ല്‍ ആരംഭിച്ച കാനനൈസേഷന്‍ പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ ചാവറയച്ചന്റെ വിശുദ്ധപദവിയില്‍ എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം തന്നെ. 1986 ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ്‌ ചാവറയച്ചനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. വാഴ്‌ത്തപ്പെട്ടതിനു ശേഷം വിശുദ്ധപദവിയില്‍ എത്തണമെങ്കില്‍ അദ്ദേഹത്തിന്റെ മധ്യസ്ഥത വഴി ഏതെങ്കിലും അത്ഭുതം നടന്നതായി കണ്ടെത്തണം. അങ്ങനെയൊരു അത്ഭുത സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തുന്നത്‌ 2009 മെയ്‌ 27നാണ്‌. ചാവറയച്ചനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയുടെ ഫലമായി പാല കൊട്ടാരത്തില്‍ ജോസിന്റെയും മേരിയുടെയും മകള്‍ മരിയയുടെ രണ്ടു കോങ്കണ്ണുകളും ശരിയായി എന്നതായിരുന്നു ഈ അത്ഭുത വാര്‍ത്ത.

ചാവറയച്ചന്‍ വിശുദ്ധനാക്കപ്പെടുന്നതിനൊപ്പം സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്ന നിലയില്‍ സാഹിത്യകാരന്‍ എന്ന നിലയില്‍ ചാവറയച്ചന്റെ ഖ്യാതി ലോകമെങ്ങും പടരേണ്ടതുണ്ട്‌. ഉച്ചനിചത്വങ്ങളുടെ ഒരു കാലത്ത്‌ എല്ലാവിധ അസമത്വത്തിനെതിരെയും പോരാടിയ വ്യക്തി വിശുദ്ധനാക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പോരാട്ടം കൂടിയാണ്‌ വിശുദ്ധതയിലേക്ക്‌ കടക്കുന്നത്‌. ആ പോരാട്ടം ഏറ്റെടുത്ത്‌ മുമ്പോട്ടുകൊണ്ടുപോകേണ്ടത്‌ സഭയുടെ മാത്രം ഉത്തരവാദിത്വമാകുന്നില്ല. മറിച്ച്‌ കേരളീയ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാകുന്നു.

കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കുന്ന `ഒരു നല്ല അപ്പന്റെ ചാവരുള്‍' നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട ഒന്നാകുന്നു. എല്ലാത്തിനും ഉപരിയായി പള്ളിക്കുടം എന്ന്‌ എപ്പോഴും പറയുന്ന മലയാളി പള്ളിക്കടുത്ത്‌ പഠനത്തിനായി സ്‌കൂള്‍ സ്ഥാപിച്ച്‌ തുടങ്ങിയ ചാവറയച്ചനെ ജാതിമത ഭേദമന്യേ സ്‌മരിക്കേണ്ടതുണ്ട്‌.
ചാവറയച്ചന്‍ - നവോത്ഥാനത്തിന്റെ പോരാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക