Image

ഭാരതസഭക്ക് അഭിമാനമായി രണ്ടുകേരളമക്കള്‍ ചാവറയച്ചനും എവുപ്രാസ്യാമ്മയും(മാര്‍ ജോസഫ് പൗവ്വത്തില്‍ )

Published on 23 November, 2014
ഭാരതസഭക്ക് അഭിമാനമായി രണ്ടുകേരളമക്കള്‍ ചാവറയച്ചനും എവുപ്രാസ്യാമ്മയും(മാര്‍ ജോസഫ് പൗവ്വത്തില്‍ )

ഭാരതസഭക്ക് അഭിമാനമായി രണ്ടുകേരളമക്കള്‍ ചാവറയച്ചനും എവുപ്രാസ്യാമ്മയും  ശ്രദ്ധയിലേക്ക് എത്തുകയാണ്. ദീര്‍ഘമായ നാമകരണ നടപടികള്‍ക്കൊടുവിലാണ് ഇവര്‍ കത്തോലിക്ക സഭയിലെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഇന്ന് വത്തിക്കാനില്‍ ഇരുവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുകയാണ്. നാമകരണ പരിപാടികള്‍ ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചല്ല, മരിച്ചവരെക്കുറിച്ചാണ് എന്ന് ആദ്യമേ മനസ്സിലാക്കേണ്ടതുണ്ട്. മരിച്ചവര്‍ ഒരു രാജ്യത്തേയും പൗരന്മാരല്ല, അവരെ സ്വര്‍ഗീയ പൗരന്മാരെന്നു വേണമെങ്കില്‍ വിളിക്കാം. ജീവിച്ചിരുന്ന കാലത്ത് ജീവിതവിശുദ്ധിയാല്‍ അറിയപ്പെട്ടവര്‍ മരിച്ചുകഴിഞ്ഞാലും അവരെ പരിചയപ്പെട്ടവര്‍ അവരുടെ ഓര്‍മ പുലര്‍ത്തുന്നത് സ്വാഭാവികമാണ്. ഇത്തരം വിശുദ്ധര്‍ സംസാരവിഷയമാവുകയുമെല്ലാം ചെയ്യുമ്പോഴാണ് സഭ പ്രാരംഭ നാമകരണനടപടികള്‍ തുടങ്ങുക.

കബറിടം സ്ഥിതിചെയ്യുന്നിടത്ത് രൂപതാധ്യക്ഷന്‍െറ പക്കലാണ് നാമകരണ നടപടികള്‍ തുടങ്ങാനായി ആവശ്യപ്പെടുക. രൂപതാധ്യക്ഷന്‍ ഒരു ചരിത്രപഠന കമീഷനെ വെച്ച് നിര്‍ദേശിക്കപ്പെട്ട ആളിന്‍െറ ജീവിതത്തെക്കുറിച്ച് പ്രാഥമികപഠനം നടത്തുന്നു. കമീഷന്‍ റിപ്പോര്‍ട്ടു പഠിച്ചശേഷം അര്‍ഹതയുണ്ടെന്നു മനസ്സിലായാല്‍, പൗരസ്ത്യസഭകളില്‍ മെത്രാന്മാരുടെ സിനഡുമായി ആലോചിച്ചശേഷം കൂടുതല്‍ വിശദ പഠനത്തിനുവേണ്ടി വിദഗ്ധ കമ്മിറ്റിയെയും അതിന്‍െറ അധ്യക്ഷനായി രണ്ടുപേരെ Postulator, Vice Postulator എന്ന പദവികളില്‍ നിയമിക്കുന്നു. അതോടെ പരിഗണിക്കപ്പെടുന്ന വ്യക്തിയെ ‘ദൈവദാസനായി’ (Servant of God) പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പിന്നീട്, വളരെ വിശദമായ അന്വേഷണവും പഠനവുമാണ് നടക്കുക. വ്യക്തിയുടെ ജീവിതവും പ്രബോധനങ്ങളും പ്രവര്‍ത്തന ശൈലിയും അതോടു ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം പരിശോധനാവിധേയമാക്കും. ഇതിനുശേഷമാണ് സമഗ്രമായ റിപ്പോര്‍ട്ടില്‍ എല്ലാകാര്യങ്ങളും ചേര്‍ത്ത് മെത്രാന്‍ റോമിലേക്കു അയച്ചു കൊടുക്കുക. അവിടെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന കാര്യാലയം വീണ്ടും കൂടുതല്‍ വിശദമായ അന്വേഷണത്തിനായി ഒരു സമിതിയെ നിശ്ചയിക്കും. അവിടെ രൂപതാതലത്തിലെ പഠനവിവരങ്ങള്‍ വിശകലനം ചെയ്യുകയും മറ്റ് അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യും.

അപ്പോള്‍ റോം അംഗീകരിക്കുന്ന ഒരു Postulator ഉണ്ടായിരിക്കും. റോമന്‍ കാര്യാലയത്തിന്‍െറ വിശദമായ പഠനത്തിലൂടെ വീരോചിതമായ പുണ്യങ്ങളുടെ ഉടമയാണ് നിര്‍ദേശിക്കപ്പെട്ടയാള്‍ എന്നു തീരുമാനിച്ചാല്‍ അദ്ദേഹത്തെ മാര്‍പാപ്പയുടെ അനുവാദത്തോടെ ‘ധന്യന്‍’ (Venerable) എന്ന പദവി നല്‍കി ആദരിക്കും. പരിഗണിക്കപ്പെട്ട വ്യക്തിയുടെ പ്രാര്‍ഥനാ സഹായത്താല്‍ അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതു കര്‍ശനമായ പഠനത്തിനു വിഷയമാക്കും. വിദഗ്ധരുടെ ഈ പഠനത്തിലൂടെ അദ്ഭുതം നടന്നിട്ടുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടാല്‍ വ്യക്തി ‘വാഴ്ത്തപ്പെട്ടവന്‍’ (Blessed) പദവിയിലേക്കു ഉയര്‍ത്തപ്പെടും. വീണ്ടും ഒരദ്ഭുതവും കൂടി നടന്നിട്ടുണ്ടങ്കില്‍ അതും സ്ഥിരീകരിക്കപ്പെട്ടു കഴിയുമ്പോഴാണ് ഒരാളെ മാര്‍പാപ്പ കര്‍ദിനാളന്മാരുമായി കൂടി ആലോചിച്ച് ‘വിശുദ്ധനായി’ പ്രഖ്യാപിക്കുക. ചാവറ കുര്യാക്കോസച്ചന്‍ 1871 ലാണ് നിര്യാതനായത്. ഏവുപ്രാസ്യാമ്മ 1952ലും. ദീര്‍ഘകാല പഠനത്തിനും പ്രാര്‍ഥനക്കും ശേഷം സഭ പ്രാര്‍ഥനാപൂര്‍വം ദൈവാനുഗ്രഹം തേടിയാണ് ഒരാള്‍ ദൈവകൃപ പൂര്‍ണമായി നേടിയെന്നും സഭയില്‍ വണക്കത്തിന് യോഗ്യനാണെന്നും അപ്രമാദിത്വപരമായ പ്രഖ്യാപനം നടത്തുന്നത്. വിശുദ്ധരായി (Saint) പ്രഖ്യാപിക്കപ്പെടുന്നവര്‍ സഭമുഴുവനിലും വണക്കത്തിന് അര്‍ഹരാകുന്നു എന്നും ഓര്‍മിക്കുക.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആത്മീയത ദൈവചിന്തയിലും ഭക്തിയിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ദൈവസ്നേഹവും സഹോദരസ്നേഹവും തമ്മില്‍ വേര്‍പെടുത്താനാവില്ല. ദൈവത്തെ സ്നേഹിക്കുന്നവന്‍ തന്നെപ്പോലെ തന്‍െറ അയല്‍ക്കാരനെയും സ്നേഹിക്കണം. ചാവറയച്ചനും എവുപ്രാസ്യാമ്മയും ദൈവസ്നേഹത്താല്‍ പ്രേരിതരായിട്ടാണ് കുടുംബവും നാടും മറ്റു ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ച് സമര്‍പ്പിതജീവിതത്തിലേക്കും സന്യാസത്തിലേക്കും തിരിഞ്ഞത്. പ്രാര്‍ഥനയും ഭക്താനുഷ്ഠാനങ്ങളും അവര്‍ക്കു പ്രാണവായുപോലെയായിരുന്നു. മറ്റുള്ളവരേയും ദൈവോന്മുഖരാക്കാനും ഭക്താനുഷ്ഠാനങ്ങള്‍ പ്രചരിപ്പിക്കാനും ഇരുവരും സദാ സന്നദ്ധരായി.

എവുപ്രാസ്യാമ്മ ആശ്രമത്തിനുള്ളില്‍ കഴിഞ്ഞയാളായിരുന്നെങ്കിലും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക പതിവായിരുന്നു. അതുപോലെ പരിചിതരായവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളുമെല്ലാം സഹിക്കാനും ക്ഷമിക്കാനും അവര്‍ തയാറായിരുന്നു. ചാവറയച്ചന്‍ പ്രാര്‍ഥനയിലും ആരാധനയിലുമാണ് തന്‍െറ ജീവിതത്തെ ഉറപ്പിച്ചു നിര്‍ത്തിയത്. ഇടവകകളിലും കുടുംബങ്ങളിലും ഭക്താനുഷ്ഠാനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നേതൃത്വംവഹിച്ച അദ്ദേഹം സ്വന്തം ആധ്യാത്മികതയില്‍ മാത്രം ശ്രദ്ധിച്ചുകഴിയുകയായിരുന്നില്ല മറ്റുള്ളവരെയും ആധ്യാത്മികതയില്‍ ഉണര്‍ത്താനും ദൈവോന്മുഖരാക്കാനുമാണ് അദ്ദേഹം എന്നും ശ്രമിച്ചത്. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നേതൃത്വം ചാവറയച്ചനെ ഒരു സാമൂഹിക പരിഷ്കര്‍ത്താവായിട്ടാണ് പൊതുസമൂഹം കാണുക.

19ാം നൂറ്റണ്ടിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ മുന്നേറ്റത്തില്‍ അച്ചന്‍ വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. ഇന്ന് പുതിയ പുതിയ സാംസ്കാരിക നാവോത്ഥാന നായകരെ ഉയര്‍ത്തിക്കാട്ടുവാനാണ് പലരും ശ്രമിക്കുന്നത്. ചരിത്രം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് തിരുത്തിക്കുറിക്കാന്‍ ഇന്ന് രാഷ്ട്രീയക്കാരും പ്രത്യയശാസ്ത്രക്കാരുമെല്ലാം കൊണ്ടുപിടിച്ചു ശ്രമിക്കയാണല്ളോ. വിദ്യാഭ്യാസമാണ് പുരോഗതിയുടെ യന്ത്രമെന്നും മറ്റും നാമിപ്പോള്‍ പറയാറുണ്ടല്ളോ. അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമെല്ലാം എക്കാലവും വിദ്യാലയങ്ങള്‍ (കളരികള്‍) ഉണ്ടായിരുന്നു. ആയുധപരിശീലന കളരികളും ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. പക്ഷേ,  കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരായിരുന്നുവെന്നു പറയാം. ഇംഗ്ളീഷ് ഭാഷവഴിയുണ്ടാകാവുന്ന പ്രൊട്ടസ്റ്റന്‍റ് സ്വാധീനത്തെക്കുറിച്ച് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും താമസിയാതെ കത്തോലിക്ക സഭയും ഈ രംഗത്ത് പ്രവേശിച്ചു.

സുറിയാനി കത്തോലിക്കരുടേതായി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ചാവറയച്ചന്‍ ഏറെ ശ്രദ്ധിച്ചു. അദ്ദേഹത്തിനു വിദ്യാഭ്യാസരംഗത്തു ഏറെ താല്‍പര്യമുണ്ടായിരുന്നു. സുറിയാനിക്കാരുടെ വികാരി ജനറാളാകുന്നതിനു മുമ്പുതന്നെ, 1846ല്‍ അദ്ദേഹം മാന്നാനത്ത് ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു. മെത്രാനച്ചന്‍െറ അംഗീകാരത്തോടെ പള്ളിയോടനുബന്ധിച്ചെല്ലാം പള്ളിക്കൂടങ്ങള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം കര്‍ശനമായ നിര്‍ദേശം നല്‍കി. അങ്ങനെ ചെയ്യാത്ത പള്ളികള്‍ പൂട്ടിയിടേണ്ടിവരുമെന്നുവരെ താക്കീതു ചെയ്തതായിട്ടാണ് കേട്ടിട്ടുള്ളത്.

ക്രൈസ്തവ വിദ്യാലയങ്ങളുടെ പ്രത്യേകത അവര്‍ എല്ലാ മതസ്ഥര്‍ക്കുമായി വിദ്യാലയങ്ങള്‍ തുറന്നുകൊടുത്തു എന്നതായിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ ഭീഷണിമൂലം സര്‍ക്കാര്‍ സ്കൂളില്‍ പോലും താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാതിരുന്ന കാലത്താണ് ചാവറയച്ചനും മറ്റും ഇതു ചെയ്തതെന്നോര്‍ക്കണം. പിന്നാക്ക ജാതിക്കാരില്‍നിന്ന് ആദ്യകാലത്ത് വിദ്യാഭ്യാസം നേടിയവരെല്ലാം ഇക്കാര്യം കൃതജ്ഞതയോടെ പറയുമായിരുന്നു. ഈ വിദ്യാലയങ്ങള്‍ സ്വാശ്രയ സ്ഥാപനങ്ങളായിട്ടാണ് ആരംഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ സഹിച്ചാണ് വിദ്യാലയങ്ങള്‍ നടത്തിയത്. നടത്തിപ്പിനായിട്ടാണ് ‘പിടി അരി’ പിരിവ് (ഓരോ വീട്ടിലും ഭക്ഷണം പാകം ചെയ്യാനെടുക്കുമ്പോള്‍ ഒന്നോ രണ്ടോ ‘പിടി അരി’ പള്ളിക്കായി മാറ്റിവെച്ചുള്ള പതിവ്) ആരംഭിച്ചത്.

അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ തുടങ്ങിയ സന്യാസസമൂഹങ്ങളും വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നല്‍കി. അവര്‍ കേരളത്തിന്‍െറ നാനാഭാഗങ്ങളിലായി ധാരാളം സ്കൂളുകളും കോളജുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രഫഷനല്‍ വിദ്യാഭ്യാസരംഗത്തും അവര്‍ മുമ്പന്തിയിലാണ്. കേരളത്തിന്‍െറ പ്രമുഖ വിദ്യാഭ്യാസ ഏജന്‍സികളുടെ ഗണത്തില്‍ ഈ സന്യാസ സമൂഹങ്ങളുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പെണ്‍പള്ളിക്കൂടങ്ങളും ബോര്‍ഡിങ്ങുകളും സ്ഥാപിച്ചത്, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസരംഗത്തു മുന്നേറാന്‍ ഇടയാക്കി. വിദ്യാഭ്യാസരംഗത്ത് ചാവറയച്ചന്‍ നല്‍കിയ ഈ പ്രോത്സാഹനം മറ്റു സമുദായങ്ങള്‍ക്കും പ്രചോദനമായി എന്നതാണ് വസ്തുത. വിദ്യാഭ്യാസരംഗത്ത് എല്ലാവരേയും ഉള്‍ക്കൊള്ളിക്കണമെന്നത് ഇന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്‍െറതന്നെ ഭാഗമാണ്.

എടുത്തുപറയേണ്ട ഒരു കാര്യം ചാവറയച്ചന്‍ ദലിതരുടെ ഉത്കര്‍ഷത്തില്‍ ശ്രദ്ധിച്ചു എന്നതാണ്. സാമൂഹികമായി പിന്നാക്കം നില്‍കുന്ന ആ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിദ്യാഭ്യാസം അത്യാവശ്യമാണെന്നു മനസ്സിലാക്കിയ വിശുദ്ധന്‍ അവരെ വിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ താല്‍പര്യപ്പെട്ടു. അവര്‍ക്ക് സഹായകരമായിട്ടാണ് വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞി നല്‍കുന്ന സമ്പ്രദായം തുടങ്ങിയത്. അതുപോലെ തന്നെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മുണ്ടും ഉടുപ്പുകളുമെല്ലാം അദ്ദേഹം സൗജന്യമായി നല്‍കുകയുണ്ടായി. ഇതെല്ലാം ഇന്ന് സര്‍ക്കാറുതന്നെ ഏറ്റെടുത്തു ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടല്ളോ. മാന്നാനത്തും ചുറ്റുപാടുമുള്ള ദലിതരില്‍ അദ്ദേഹം കൂടുതല്‍ തല്‍പര്യമെടുത്തു. അവരെ വിളിച്ചുകൂട്ടുകയും സംസാരിക്കുകയും അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയുമെല്ലാം അദ്ദേഹത്തിന്‍െറ പരിപാടികളായിരുന്നു. അവരുടെ ആധ്യാത്മികാഭിവൃദ്ധി സര്‍വപ്രധാനമായി അദ്ദേഹം കണ്ടു.

സാംസ്കാരിക രംഗത്തും അദ്ദേഹം മറ്റുള്ളവര്‍ക്കു പ്രചോദനമായിരുന്നു. അദ്ദേഹം പല ചെറു ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളും നാടകങ്ങളുമെല്ലാം അദ്ദേഹത്തിന്‍െറ സാംസ്കാരിക രംഗത്തെ സംഭാവനകളായിട്ടുണ്ട്. കുടുംബങ്ങള്‍ക്കുവേണ്ടിയിട്ടുള്ള ‘നല്ല അപ്പന്‍െറ ചാവരുള്‍’ എന്ന ലഘുഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. 19ാം നൂറ്റാണ്ടില്‍ കേരളത്തിലെ ഇന്നത്തെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ സമര്‍ഥമായ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ചാവറയച്ചന്‍. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മറ്റു സമുദായങ്ങളിലുള്ളവര്‍ക്ക് പ്രചോദനമായിരുന്നു. ആധ്യാത്മികതയെ മുറുകെ പിടിച്ചുകൊണ്ട് സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതു നിസ്സാരവത്കരിക്കുന്നതു ചരിത്രത്തോടു ചെയ്യുന്ന അനീതിയായിരിക്കും. മറ്റുള്ളവര്‍ ഈ രംഗങ്ങളില്‍ ചെയ്ത സംഭാവനകളെ ഇവിടെ നിഷേധിക്കുകയല്ല പക്ഷേ, അദ്ദേഹത്തിനു അര്‍ഹമായ അംഗീകാരം നല്‍കുകതന്നെ വേണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക