Image

സംവിധായകന്‍ മേജര്‍ രവി പറയുന്നത്

Published on 23 November, 2014
 സംവിധായകന്‍ മേജര്‍ രവി പറയുന്നത്

ന്യൂഡല്‍ഹി: ഹിന്ദുത്വ ആദര്‍ശത്തെ നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാന്‍ കഴിയുമെന്ന് മലയാള സംവിധായകന്‍ മേജര്‍ രവി.

സംഘ് പരിവാറിന്‍െറ നേതൃത്വ ത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോകഹിന്ദു കോണ്‍ഗ്രസിന്‍െറ രണ്ടാം ദിവസം നടന്ന ഹിന്ദുമാധ്യമ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെയും സോണിയയെയും കടന്നാക്രമിച്ചും ഹിന്ദുത്വത്തെയും മോദിയെയും പ്രകീര്‍ത്തിച്ചും മേജര്‍ രവി തന്‍െറ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിനോദവ്യവസായത്തെ എങ്ങനെ ഹിന്ദുത്വവത്കരിക്കാം എന്ന വിഷയം ചര്‍ച്ച ചെയ്ത സമ്മേളന സെഷനില്‍ മലയാള സംവിധായകന്‍ പ്രിയദര്‍ശനും തെന്നിന്ത്യന്‍ നടി സുകന്യയും പങ്കെടുത്തു.

ഒരാളും ജന്മനാ ദേശസ്നേഹിയായി ജനിക്കുന്നില്ളെന്നും മറിച്ച് ഉള്‍ക്കൊള്ളുന്ന സംസ്കാരത്തില്‍നിന്നാണ് ദേശസ്നേഹം ലഭിക്കുകയെന്നും മേജര്‍ രവി പറഞ്ഞു. സൈന്യത്തില്‍ നിന്നാണ് എനിക്ക് ദേശസ്നേഹം ലഭിച്ചത്. ഹിന്ദുത്വം എന്നത് ദേശീയ വികാരമാണ്. ഹിന്ദുത്വം എന്ന വികാരത്തിന് മുന്നില്‍ നായരാണോ നമ്പ്യാരാണോ എന്നീ ചിന്തകള്‍ക്ക് പ്രസക്തിയില്ല. ഈ വികാരത്തില്‍നിന്നാണ് അഞ്ചു സിനിമയെടുത്തത്. ഇനി സിനിമകളെടുക്കുന്നതും അങ്ങനെയായിരിക്കും- മേജര്‍ രവി പറഞ്ഞു. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുമ്പോള്‍ പാകിസ്താനു വേണ്ടി ജയ് വിളിക്കുന്ന മുസ്ലിംകളെ എങ്ങനെ ദേശസ്നേഹികളാക്കി മാറ്റാമെന്ന ചിന്തയില്‍നിന്നാണ് കീര്‍ത്തിചക്ര എന്ന പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ വെച്ച് ആദ്യ മലയാള സിനിമയെടുത്തതെന്ന് മേജര്‍ രവി പറഞ്ഞു.

ഈ സിനിമ കേരളത്തില്‍ മുസ്ലിംകള്‍ കൂടുതലുള്ള മലപ്പുറത്തും കോഴിക്കോട്ടും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ളെന്ന് പലരും പറഞ്ഞു. എന്നാല്‍ ഈ സിനിമ മലപ്പുറത്തും കോഴിക്കോട്ടും ഹൗസ്ഫുള്‍ ആയി ഓടി നാലരക്കോടി കലക്ഷനുണ്ടാക്കി. 1980ല്‍ സോണിയ ഗാന്ധി ഇന്ത്യയില്‍ വന്നതു മുതല്‍ ഇന്ത്യക്ക് പ്രശ്നങ്ങളാണെങ്കില്‍ ഇറ്റലിയുടെ സാമ്പത്തിക വളര്‍ച്ച അന്ന് മുതല്‍ മേലോട്ടായിരിക്കുകയാണ്. രാജീവ് ഗാന്ധിയുടെ വധം ആസൂത്രിതമാണ്. രാജീവ് വേദിയിലേക്ക് നടക്കുമ്പോള്‍ മാറിനിന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താല്‍ കാര്യമറിയും. ഇക്കാര്യം പറയുന്ന സുബ്രഹ്മണ്യം സ്വാമിയെക്കാള്‍ എല്ലാവര്‍ക്കും വിശ്വാസം സോണിയാജിയെ ആണെന്ന് രവി കുറ്റപ്പെടുത്തി.

(Madhyamam)

 സംവിധായകന്‍ മേജര്‍ രവി പറയുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക