Image

വിശുദ്ധപദവിയില്‍

Published on 23 November, 2014
വിശുദ്ധപദവിയില്‍
സിഎംസി സഭകളുടെ സ്ഥാപകന്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും സിഎംസി സഭാംഗം എവുപ്രാസ്യമ്മയും അടക്കം ആറു പുണ്യാത്മാക്കള്‍ വിശുദ്ധപദവിയില്‍.

ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരെ ശ്ലൈഹികാധികാരമുപയോഗിച്ചു വിശുദ്ധരായി പ്രഖ്യാപിച്ചു. ഇറ്റലിക്കാരായ ജൊവാനി അന്തോണിയോ ഫെറീന, അമാത്തോ റങ്കോണി, നിക്കോള ദ ലോംഗോബാര്‍ഡി, ലുദോവികോ ദ കസോറിയ എന്നിവരാണ് ചാവറയച്ചനും എവുപ്രാസ്യമ്മയ്ക്കുമൊപ്പം വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു മൂന്നിനു ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മവേദിയില്‍ പ്രവേശിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോ, ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും പോസ്റ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, മറ്റു നാലു വാഴ്ത്തപ്പെട്ടവരുടെയും പോസ്റ്റുലേറ്റര്‍മാര്‍, കര്‍ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാല്‍ അനുഗതനായാണു മാര്‍പാപ്പ എത്തിയത്. നാമകരണ സംഘത്തലവന്‍ കര്‍ദിനാള്‍ അമാത്തോ, ആറു വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചുകൊണ്ട് അവരുടെ ലഘു ജീവിതചരിത്രം വിവരിച്ചു.

ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍െറ നേതൃത്വത്തില്‍ കേന്ദ്രത്തിന്‍െറയും മന്ത്രിമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ് എന്നിവരുള്‍പ്പെട്ട കേരളത്തിന്‍െറയും സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങളും വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തു. ചാവറയച്ചന്‍റെ മധ്യസ്ഥതയില്‍ സൗഖ്യം ലഭിച്ച പാല കൊട്ടാരത്തില്‍ മരിയ റോസും കുടുംബാംഗങ്ങളും എവുപ്രാസ്യമ്മയുടെ മാധ്യസ്ഥ പ്രാര്‍ഥനയാല്‍ അസുഖം ഭേദമായ തൃശൂര്‍ കൊടകര സ്വദേശി ജുവലും കുടുംബാംഗങ്ങളും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി എവുപ്രാസ്യമ്മയുടെയും ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍േറയും കര്‍മ മണ്ഡലമായ ഒല്ലൂരിലെ സെന്‍റ് മേരീസ് മഠം കപ്പേളയിലും മാന്നാനംകുന്ന് ബേസ് റൗമയിലും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടക്കുന്നുണ്ട്.

കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, വരാപ്പുഴ ആര്‍ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ഇന്ത്യയില്‍ നിന്നുള്ള 25ഓളം ബിഷപ്പുമാര്‍, സി.എം.ഐ സഭയുടെ പ്രിയോര്‍ ജനറല്‍ ഡോ. പോള്‍ ആച്ചാണ്ടി, സി.എം.സി സഭ സുപ്പീരിയര്‍ ജനറല്‍ മദര്‍ സാങ്റ്റ കോലത്ത്, സി.എം.ഐ^സി.എം.സി ജനറല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി ആയിരത്തോളം മലയാളികള്‍ സന്നിഹിതരായിരുന്നു

വിശുദ്ധപദവിയില്‍വിശുദ്ധപദവിയില്‍വിശുദ്ധപദവിയില്‍വിശുദ്ധപദവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക