Image

വരയാടുളേ വിട... (പ്രകൃതിയുടെ നിഴലുകള്‍ തേടി - 45: ജോര്‍ജ്‌ തുമ്പയില്‍)

Published on 22 November, 2014
വരയാടുളേ വിട... (പ്രകൃതിയുടെ നിഴലുകള്‍ തേടി - 45: ജോര്‍ജ്‌ തുമ്പയില്‍)
രാജമലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ ലോകം പിടിച്ചടക്കിയതു പോലെ തോന്നി. ഏതൊരു സഞ്ചാരിക്കും അങ്ങനെ തോന്നിയേക്കാം. കാരണം, പ്രകൃതിയുടെ നിറകുടമാണ്‌ ഇവിടം. പരന്നു കിടക്കുന്ന ആകാശവിതാനം, പച്ചപ്പിന്റെയും മഞ്ഞിന്റെയും പ്രകാശത്തിന്റെയുമൊക്കെ ചേതോഹരമായ വര്‍ണ്ണവിസ്‌മയം. അതിനിടയിലൂടെ ഊളിയിട്ടു, ഞാന്‍ ഇവിടെ ഉണ്ടേ എന്ന്‌ ഓര്‍മ്മപ്പെടുത്തുന്ന വരയാട്‌ എന്ന നീലഗിരി താര്‍. (തമിഴ്‌നാടിന്റെ സംസ്ഥാനമൃഗമാണിത്‌). ഞങ്ങള്‍ക്കു വേണ്ടി വരയാടുകളില്‍ ചിലത്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തു. ഞാന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും വരയാടുകളെക്കുറിച്ചുള്ള ഒരു ബ്രോഷര്‍ സംഘടിപ്പിച്ചു. കൊച്ചുമോനും ബിനുവും ചേര്‍ന്ന്‌ വരയാടുകളോടൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങളെടുക്കാനുള്ള ശ്രമമായിരുന്നു. അപ്പോഴേയ്‌ക്കും അവ ഓടിപ്പോയി. ചിലത്‌ ചിണുങ്ങി നിന്ന്‌ ഫോട്ടോയ്‌ക്ക്‌ വേണ്ടി നിന്നു തന്നുവെങ്കിലും സമയോചിതമായി ക്ലിക്ക്‌ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെയൊരു വ്യസനം ഇരുവരുടെയും മുഖത്ത്‌ പ്രകടമായിരുന്നു. സാധാരണ ആടുകളുമായി വളരെ സാദൃശ്യവും, ജൈവികമായി അടുപ്പവുമുള്ള ഈ ജീവികളില്‍ ആണാടുകള്‍ക്കായിരിക്കും കൂടുതല്‍ വലിപ്പം. ആണാടുകള്‍ക്ക്‌ 100 മുതല്‍ 110 സെന്റീമീറ്റര്‍ വരെ ഏകദേശ ഉയരവും പെണ്ണാടുകള്‍ക്ക്‌ 6080 സെന്റീമീറ്റര്‍ വരെ ഏകദേശ ഉയരവും ഉണ്ട്‌. ആണാടുകള്‍ 100 കിലോഗ്രാം വരെ ഭാരം കാണും. ആണാടുകള്‍ക്കും പെണ്ണാടുകള്‍ക്കും പിന്നിലേക്കു വളഞ്ഞ കൊമ്പുകളുണ്ട്‌. അതാണ്‌ അതിന്റെ ഭംഗി. പെണ്ണാടുകളുടെ കൊമ്പുകള്‍ താരതമ്യേന ചെറുതാണ്‌. 60 കിലോഗ്രാം പെണ്ണാടുകളുടെ ഭാരമുണ്ട്‌.

ഞാന്‍ ബ്രോഷറിലേക്ക്‌ കണ്ണോടിച്ചു. ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ്‌ വരയാടുകളുടെ പ്രത്യുത്‌പാദനം. ഈ സമയങ്ങളില്‍ ഇവിടെ സന്ദര്‍ശകര്‍ക്ക്‌ കര്‍ശനമായി വിലക്കുണ്ട്‌. രാജമലയിലേക്ക്‌ പോകുന്നവര്‍ ഇക്കാര്യം ഓര്‍മ്മിക്കുന്നത്‌ നന്ന്‌. മൂന്നര വര്‍ഷമാണ്‌ ഒരു വരയാടിന്റെ പൂര്‍ണ്ണമായ ആയുസ്സ്‌. ലോകത്തില്‍ പശ്ചിമഘട്ടത്തിന്റെ മാത്രം സ്വന്തമായ വരയാടുകളാണ്‌ ഇരവികുളത്തെയും രാജമലയെയും പ്രശസ്‌തമാക്കുന്നത്‌. തമിഴ്‌നാട്‌-കേരള സംസ്ഥാനങ്ങളില്‍ മാത്രം കാണുന്ന വരയാടുകള്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഏകദേശം 800 എണ്ണത്തോളമുണ്ടെന്ന്‌ അവിടെയുണ്ടായിരുന്ന ഒരു ഗാര്‍ഡ്‌ പറഞ്ഞു തന്നു. അത്രയുമുണ്ടോയെന്ന്‌ സംശയമുണ്ടായിരുന്നുവെങ്കിലും ശരിയാണെന്നു തോന്നി.

ആനമല ടൈഗര്‍ റിസര്‍വിലെ ഗ്രാസ്‌ ഹില്‍സാണ്‌ ലോകത്തെ വരയാടുകളുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥ. പുല്‍മേട്ടിലൂടെ മേഞ്ഞു നീങ്ങുന്ന വരയാടുകള്‍ ശരിക്കുമൊരു കാഴ്‌ച തന്നെയാണ്‌. മലയുടെ ഉയരമുള്ള പാറക്കെട്ടുകളും അതിന്റെ ചരിവുകളുമാണ്‌ അവരുടെ പ്രിയ സ്ഥലങ്ങള്‍. വളരെ ഗൗരവത്തോടെയാണ്‌ ഇവിടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.

ആട്ടിന്‍ കുടുംബത്തില്‍ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളില്‍ ഉള്ളത്‌. അതുകൊണ്ട്‌ വരയാടുകളെ `കാട്ടാട്‌` എന്നും വിളിക്കാറുണ്ട്‌. വരയാടുകള്‍ക്ക്‌ ഈ പേരു ലഭിച്ചത്‌ തമിഴില്‍ നിന്നാണെന്ന്‌ ബിനു പറഞ്ഞു. തമിഴില്‍ വരൈ എന്നാല്‍ പാറ എന്നാണ്‌ അര്‍ത്ഥം. പാറയുടെ മുകളില്‍ താമസിക്കുന്ന ആട്‌ എന്നര്‍ഥം വരുന്നതാണ്‌ ഈ പേര്‌. പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍പ്രദേശങ്ങളാണ്‌ വരയാടുകളുടെ വിഹാരകേന്ദ്രങ്ങള്‍. ഇത്തരം സ്ഥലങ്ങളിലെ പാറക്കെട്ടുകളുള്ള പ്രദേശങ്ങളോട്‌ ഇവക്ക്‌ പ്രത്യേക മമതയുണ്ട്‌. പാറക്കെട്ടുകളില്‍ ചെറിയ കുത്തുകള്‍ പ്രയോജനപ്പെടുത്തി അവയിലൂടെ സഞ്ചരിക്കാന്‍ ഇതിനു കഴിയും. ഇരപിടിയന്മാരില്‍ നിന്നും രക്ഷപെടാന്‍ വരയാടുകള്‍ ഇത്തരം പാറക്കെട്ടുകള്‍ ഉപയോഗിക്കാറുണ്ട്‌. പ്രത്യുത്‌പാദനവും പാറയിടുക്കുകളില്‍ തന്നെ.

തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവ പശ്ചിമ ഘട്ടത്തിന്റെ അഞ്ച്‌ ശതമാനം പോലും വരാത്ത ഭൂവിഭാഗത്തില്‍ മാത്രമാണുള്ളത്‌. ഉയര്‍ന്ന വന്‍പാറകള്‍ ഉള്ള മലകളാല്‍ ചുറ്റപ്പെട്ട പുല്‍മേടുകളിലാണ്‌ വരയാടുകള്‍ കാണപ്പെടുന്നത്‌. തെക്കേ ഇന്ത്യയില്‍ നീലഗിരി മുതല്‍ ആനമല വരെയും പശ്ചിമഘട്ടത്തില്‍ ഉടനീളവും വരയാടുകള്‍ കാണപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും മൂലമാണ്‌ വരയാടുകള്‍ വംശനാശം നേരിടാന്‍ ഇടയായതെന്നു ബ്രോഷറില്‍ കാണുന്നുണ്ട്‌. വേനല്‍കാലത്തെ കാട്ടു തീയും നാട്ടു മൃഗങ്ങള്‍ തീറ്റതേടി വനമേഖലയിലേക്കു കടന്നതും വരയാടുകളുടെ വാസസ്ഥലം ചുരുക്കി. ഇരവികുളത്തെ വാസസ്ഥലം വന്മലകളാല്‍ ചുറ്റപ്പെട്ടിരുന്നതും ഇവിടുത്തെ മനുഷ്യര്‍ക്ക്‌ പ്രതികൂലമായ കാലാവസ്ഥയുമാണ്‌ ഇവിടെ വരയാടുകള്‍ക്ക്‌ രക്ഷയായതെന്ന്‌ ഗാര്‍ഡ്‌ പറഞ്ഞു.

താഴെ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ഞങ്ങളുടെ വാഹനത്തിലേക്ക്‌ പോകാന്‍ വേണ്ടി ഫോറസ്റ്റ്‌ വാഹനം കാത്തു കിടക്കുകയായിരുന്നു. എല്ലാവരും വണ്ടിക്കുള്ളിലേക്ക്‌ കയറി. മഞ്ഞ്‌ കനത്തു വന്നു. ഇവിടെ വരയാടുകള്‍ മാത്രമേയുള്ളോയെന്ന്‌ കൊച്ചുമോന്‌ സംശയം. അതു കേട്ടിട്ടാകണം, ഡ്രൈവര്‍ പറഞ്ഞു, വരയാടുകള്‍ മാത്രമല്ല നീലഗിരി മാര്‍ട്ടിനും ചെങ്കീരിയേയും ഇവിടെ കാണാം. ചോലക്കാടുകളില്‍ കരിങ്കുരങ്ങുകളുണ്ട്‌. കടുവയും പുള്ളിപ്പുലിയും ഉണ്ടെങ്കിലും ചെന്നായയും ശരീരം നിറയെ രോമവുമായി തവിട്ടു നിറത്തില്‍ കുറുക്കനും വ്യാപകം. ഇതിനു പുറമേ പൊഹയന്‍ എന്ന്‌ വിളിക്കുന്ന പൂച്ച വര്‍ഗ്ഗത്തിലെ ഒരു അജ്ഞാതനുമുണ്ടത്രേ. പൊഹയനേക്കുറിച്ചായി പിന്നെ സംസാരം. വണ്ടി നീങ്ങിത്തുടങ്ങി.

പക്ഷിനിരീക്ഷകര്‍ 132 ഇനം പക്ഷികളെ ഇവിടെ നിന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ ബ്രോഷറിലുണ്ട്‌. ഇരുപതോളം ഉഭയജീവികളും നൂറിലേറെ ചിത്രശലഭങ്ങളും ഒക്കെയായി ഇരവികുളം ദേശീയോദ്യാനം ഒരു പ്രത്യേക ലോകം തുറന്നിടുന്നു. കൂടാതെ, ഇന്നും രേഖപ്പെടുത്താത്ത നിരവധി ജീവികളുടെ ആവാസ വ്യവസ്ഥകൂടിയാണിവിടം. അറിയാത്ത എന്തെല്ലാം രഹസ്യങ്ങള്‍ ഇവിടെ ഉറങ്ങിക്കിടക്കുന്നുണ്ടാവണം. അതിനേക്കുറിച്ച്‌ ഓര്‍മ്മിച്ചപ്പോള്‍, ഇവിടം നിറഞ്ഞ കേരളത്തിലാണല്ലോ ജനിച്ചതെന്ന്‌ ഓര്‍ത്ത്‌ അഭിമാനം തോന്നി.

ഒരു വളവു തിരിഞ്ഞ്‌ താഴേയ്‌ക്ക്‌ കുത്തനെയുള്ള ഇറക്കം ഇറങ്ങിയപ്പോള്‍ അരഞ്ഞാണം പോലെ അരുവികള്‍ കണ്ണില്‍ പെട്ടു. ചോലക്കാടുകളില്‍ നിന്നും ഉത്ഭവിക്കുന്നതാണത്‌. പെരിയാറിലേക്കും ചാലക്കുടിപ്പുഴയിലേക്കും ഒഴുകിയിറങ്ങുന്ന ഇവ മഴക്കാലത്ത്‌ കൂടുതല്‍ ശക്തിപ്പെടുമത്രേ. കിഴക്കോട്ടൊഴുകുന്ന പാമ്പാറിന്റെയും ഉത്ഭവസ്ഥാനം ഇവിടെ നിന്നു തന്നെ.

മനുഷ്യരുടെ കടന്നുകയറ്റമില്ലാതെ, ശബ്ദകോലാഹലങ്ങളില്ലാതെ വനം വകുപ്പ്‌ ജീവനക്കാര്‍ സംരക്ഷിക്കുന്ന ഈ ഭൂപ്രദേശത്ത്‌ പോകാനുള്ള ഒരവസരവും ഒരിക്കലും പാഴാക്കില്ലെന്ന്‌ മനസ്സില്‍ ഉറപ്പിച്ചു. ഇരവികുളം ഒരു സ്വപ്‌നഭൂമിയായി മനസ്സില്‍ വിലയം കൊള്ളവേ, മഞ്ഞ്‌ മറ പിടിച്ച്‌ മുന്നില്‍ നിന്നു. അന്തരീക്ഷം കുളിരാര്‍ന്നു നില കൊണ്ടു.

(തുടരും)
വരയാടുളേ വിട... (പ്രകൃതിയുടെ നിഴലുകള്‍ തേടി - 45: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
George Paranilam 2014-11-22 16:08:39
വരയാടുകളിൽ യാതൊരു വരയും കാണ ു ന്നില്ലല്ലോ
വിദ്യാധരൻ 2014-11-23 08:12:04
'പാറനിലം' എന്ന നിലത്ത് 'പാറ' അന്വേഷിക്കുന്നത് പോലെയിരിക്കും വരയാടിന്റെ പുറത്ത് വര അന്വേഷിക്കുന്നത്? കാലം പലതും മായിച്ചു കളയാൻ തയ്യാറാണെങ്കിലും നമ്മൾക്ക് അത് സാധിക്കുന്നില്ലോല്ലോ?
കള്ളൻ വാസു 2014-11-24 17:32:55
നല്ല ആടിനെ  മോഷ്ടിച്ച്, കൊന്ന്,തൊലി ഉരിഞ്ഞ്, വരഞ്ഞ്, മുളകും മസാലേം ഒക്കെ കേറ്റി ചുട്ടു, വാറ്റ് ചാരായവും ഒക്കെ ഇടുക്കിയിലെ കാട്ടിൽ ഇരുന്ന കുടിക്കുന്ന  കാലത്ത്, ഞങ്ങൾ കള്ളന്മാരുടെ കോഡു ഭാഷയായിരുന്നു വരയാട് എന്നത്. അതിന് പാറനിലം ആടിന്റെ പുറത്തു വര നോക്കിയാൽ കണ്ടെന്നു വരില
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക