Image

സൂരജിന്റെ സസ്‌പെന്‍ഷന്‍ - വേലിയിലിരിക്കുന്ന പാമ്പ്

അനില്‍ പെണ്ണുക്കര Published on 22 November, 2014
സൂരജിന്റെ സസ്‌പെന്‍ഷന്‍ - വേലിയിലിരിക്കുന്ന പാമ്പ്
കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ തന്ത്രശാലി ആരായിരുന്നു എന്നു ചോദിച്ചാല്‍ കണ്ണിറുക്കി പറയാവുന്ന ഒരു പേര് മാത്രമേ ഉള്ളൂ. സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍ ! ഈ സ്ഥാനം വലിയ താമസമില്ലാതെ നമ്മുടെ മുഖ്യന്‍ ഉമ്മന്‍ചാണ്ടി സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനേക്കാള്‍ വലിയ കളിയാണ് ഒരു കാലത്ത് കെ.കരുണാകരന്റെ വത്സല ശിഷ്യന്‍ ആയിരുന്ന ശ്രീ.രമേശ് ചെന്നിത്തല കളിക്കുന്നത്. ബാര്‍ കോഴ ഇടപാടില്‍ മാണിയെ കുടുക്കാന്‍ ഉമ്മന്‍ചാണ്ടി പ്രയോഗിച്ച തന്ത്രം ലീഗിന് മൂക്കു കയറിടാന്‍ രമേശ് കളിക്കുന്നു. കൂട്ടിന് സ്വന്തം വകുപ്പും.

സൂരജ് എന്ന ഐ.എ.എസ്സുകാരന്‍ ഇടതുമുന്നണി ഭരണത്തിലിരിക്കുമ്പോള്‍ എളമരം കരീമിന്റെ സ്വന്തം ആളായിരുന്നു. പിന്നീട് ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി. ലീഗിന്റെ സ്വന്തം ആളായി. കഴിഞ്ഞ പത്ത് വര്‍ഷമായി സൂരജ് സമ്പാദിച്ചത് കോടികള്‍ വരും. കേരളത്തില്‍ പലയിടങ്ങളിലായി കോടികള്‍ വിലമതിക്കുന്ന ഫ്‌ളാറ്റ്, എന്നു വേണ്ട ഒരു പത്ത് തലമുറയ്ക്ക് താമസിക്കാനുള്ള വകുപ്പുണ്ടാക്കി ഈ ഐ.എ..എസ്സുകാരന്‍. 
പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് അറിയണമെങ്കില്‍ കേരളത്തിലെ റോഡുകളിലേക്കിറങ്ങിയാല്‍ മതി. എങ്ങനെയാണ് ഈ ഐ.എ.എസ്സുകാരന്‍ കാശുണ്ടാക്കിയതെന്ന് നമ്മുടെ റോഡുകള്‍ കഥ പറയും. എന്തായാലും സൂരജിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ കയ്യില്‍ കിട്ടി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേ കക്ഷി പറഞ്ഞു. “കൂടുതല്‍ ഉമ്മാക്കി കാട്ടാന്‍ വന്നാല്‍ ചിലതൊക്കെ പറയേണ്ടിവരുമെന്ന്”.

സരിതയും ഇതുതന്നെയാ പറഞ്ഞു നടക്കുന്നത്. സരിത ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ട് കഞ്ഞികുടിച്ച് കിടക്കാം. എന്നാല്‍, സൂരജിന് അങ്ങനെയല്ല്. ഐ.എ.എസുകാരന്‍ സര്‍ക്കാര്‍ ശമ്പളം. കഞ്ഞിക്ക് കുഴപ്പമുണ്ടാവില്ല.

അണമുട്ടിയാല്‍ ചേരയും കടിക്കും എന്നു പറഞ്ഞതു പോലെയാവും കാര്യങ്ങള്‍. സൂരജിനെ പിടികൂടിയ ചെന്നിത്തലയ്ക്കും ഈ ചേര കടിക്കണമെന്നാണ് ആഗ്രഹം. ചില അഴഇമതി വീരന്മാരുടെ വിവരങ്ങള്‍ സൂരജ് പുറത്തുവിട്ടാല്‍ ഒരു വര്‍ഷമെങ്കില്‍ ഒരുവര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ കയറി അങ്ങനെ ഒന്നു വിലസണം. അത് സംഭവിക്കണമെങ്കില്‍ ചാണ്ടി രാജിവെക്കണം. അതിന് ലീഗുള്‍പ്പെടെയുള്ളവര്‍ കുടുങ്ങണം. അതിന്റെ ഒന്നാമത്തെ അമിട്ടാണ് സൂരജ്. ചെന്നിത്തലയുടെ പോലീസിന്റെ സര്‍വ്വാധികാരം മുഖ്യമന്ത്രിക്കാണെന്നതൊക്കെ വെറും പുറംപൂച്ച് മാത്രം. പന്തിപ്പോഴും രമേശ് ചെന്നിത്തലയുടെ കോര്‍ട്ടില്‍ത്തന്നെ. അതുകൊണ്ടാണ് എല്ലാവര്‍ക്കും പേടി.

സൂരജിനെ വിശദമായി ചോദ്യം ചെയ്ത് തുടങ്ങി. നാളിതുവരെ ഉണ്ടാക്കിയ സ്വത്ത് വിവരങ്ങളുടെ കണക്കച്ചന്റ പല തിരിമറികളും ഉണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. കേരള രാഷ്ട്രീയത്തില്‍ പണ്ടുമുതല്‍ക്കേ ഉള്ളതാണ് ഉദ്യോഗസ്ഥന്‍മാരെ മറയാക്കി മന്ത്രിമാര്‍ നടത്തുന്ന പല അഴിമതികളും. അവസാനം അഴിക്കുള്ളിലാകുന്നത് ഉദ്യോഗസ്ഥന്മാരും. മന്ത്രിമാര്‍ കട്ടു തുടങ്ങിയപ്പോഴാണ് ബ്യൂറോക്രസിക്കും ഈ കാര്യത്തില്‍ പൂതി തോന്നിയത്. അവരും കൂടി ഈ ഗോദയിലേക്ക് ഇറങ്ങിയപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ട് ശരിയായി. മാറാട് കലാപം ഉണ്ടായ കാലം മുതല്‍ക്കേ ലീഗന്റെ വിശ്വസ്ഥനാണ് സൂരജ്. അതുകൊണ്ട് ലീഗ് സൂരജിനെ അങ്ങനെയങ്ങ്് കയ്യൊഴിയുമെന്ന് തോന്നുന്നില്ല. അഥവാ സൂരജ് എന്തെങ്കിലും വിളിച്ചു കൂവിയാല്‍ അത് ഏല്‍ക്കുന്നത് ലീഗിനായിരിക്കുകയും ചെയ്യും.

എന്തായാലും കേരളത്തില്‍ ആരു ഭരിച്ചാലും അഞ്ചാമത്തെ വര്‍ഷം കണ്ടകശനിയായിരിക്കും. നൂറുകൂട്ടം പ്രശ്‌നങ്ങള്‍ എത്ര നന്നായി ഭരിച്ചാലും എതിര്‍കക്ഷിക്കാര്‍ അടിച്ചോണ്ടു പോകും ഭരണം. ഇതിനൊക്കെ ഓരോ കാരണങ്ങള്‍ വേണ്ടേ ? അതൊക്കെ കാലാകാലങ്ങളില്‍ സംഭവിച്ചു കൊണ്ടേയിരിക്കും. 

സംഭവാമി യുഗേ….യുഗേ…….


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക