Image

സ്വപ്നഭൂമിക (നോവല്‍:4- മുരളി ജെ നായര്‍)

മുരളി ജെ നായര്‍ Published on 22 November, 2014
 സ്വപ്നഭൂമിക (നോവല്‍:4- മുരളി ജെ നായര്‍)
നാല്
പായ്ക്കറ്റ് കട്ട് ചെയ്ത് ചെമ്മീന്‍ പരിപ്പ് വെള്ളത്തിലേക്കിട്ട് കൈകഴുകി. കോച്ചുന്ന തണുപ്പ്.
അനിലിന് ഇഷ്ടപ്പെട്ട വിഭവമാണ് കൊഞ്ചുകറി.
ഇക്കാര്യം പറഞ്ഞ് അവനെ എത്ര കളിയാക്കിയിരിക്കുന്നു! ഒരിക്കല്‍ പറഞ്ഞു:
“നിന്നെ പുറക്കാട്ട് കടപ്പുറത്തെ ഒരു മുക്കുവത്തിപ്പെണ്ണിനെക്കൊണ്ടുതന്നെ കെട്ടിക്കാം. എന്താ? അപ്പോ എന്നും ചെമ്മീന്‍ കിട്ടുമല്ലോ?”
“അതു പ്രയാസമാ.”
അച്ചായന്‍ ഇടപെട്ടു. “ഇപ്പോള്‍ പുറക്കാട്ടുകാര്‍ ചെമ്മീന്‍ കഴിക്കാറില്ലെന്നു കേട്ടു. എല്ലാമങ്ങ് എക്‌സപോര്‍ട്ടല്ലേ?”
“നിങ്ങളും നിങ്ങളുടെയൊരു ബിസിനസ്‌മെന്റും.” പരിഭവം നടിച്ചു കൊണ്ട് പറഞ്ഞു.
അനില്‍ രണ്ടുപേരെയും മാറിമാറിനോക്കി പൊട്ടിച്ചിരിച്ചു.
“അതൊന്നും നടപ്പില്ല എന്റെ പേരന്റ്‌സേ.” അനില്‍ പ്രഖ്യാപിച്ചു. “ഞാന്‍ എനിക്കിഷ്ടമുള്ള പെണ്ണിനെ കെട്ടു. അവളെ മമ്മി കുക്കിങ്ങ് പഠിപ്പിച്ചാല്‍ മതി. സാക്ഷാല്‍ കേരളാ കുക്കിങ്ങ്. കൊഞ്ചുകറി, കപ്പ, പുളിശ്ശേരി, അവിയന്‍…ഹായ്!”
“വേല മനസ്സിലിരിക്കട്ടെ മോനേ.” ഗൗരവം നടിച്ച് പറഞ്ഞു: “ഞങ്ങളെ സന്തോഷിപ്പിക്കാനായി ഈ ഡയലോഗൊന്നും ഇറക്കേണ്ട.”
“ഡയലോഗല്ല മമ്മീ, ഞാനിഷ്ടപ്പെട്ട പെണ്ണിനെ കണ്ടുപിടിച്ചു കൊണ്ടുവരും. എന്നിട്ടു കാര്യം തുറന്നുപറയും, എനിക്ക് ഒളിച്ചുകളി അറിയില്ലെന്ന് അറിയാമല്ലോ. നിങ്ങള്‍ വല്ലതും എതിര്‍ത്തു പറഞ്ഞാല്‍ കാര്യം കുഴഞ്ഞെന്നു വച്ചോ. ഞാന്‍ അവളുടെ കൈയും പിടിച്ചു ഇറങ്ങി ഒറ്റപോക്കുപോകും ങാ.”
വേണ്ട മോനേ, അതിന് നിന്റെ മമ്മി സമ്മതിക്കില്ല; മനസ്സില്‍ പറഞ്ഞു. കപ്പ എടുത്ത് കിച്ചന്‍ ടേബിളില്‍ വച്ചു. ഇന്നലെ ഇന്ത്യന്‍ കടയില്‍ നിന്നു വാങ്ങിയതാണ്. ഫ്രെഷ് ആണെന്നു തോന്നുന്നു. കപ്പ തൊലി കളഞ്ഞു നുറുക്കവേ ഓര്‍ത്തു. എത്രയോ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും അവന്‍ ശാപ്പാടിനു കൊണ്ടുവന്നിരിക്കുന്നു. എല്ലാവരോടും അവന്‍ മമ്മിയുടെ പാചകവൈദഗ്ദ്ധ്യത്തെപ്പറ്റി വീമ്പിളക്കുമത്രെ.
അവനേപ്പോലെ കുറെ കൂട്ടുകാരും. സായിപ്പിന്‍മാര്‍ക്ക് എരിവ് പിടിക്കില്ല എന്നായിരുന്നു വിശ്വാസം. അനിലിന്റെ കൂട്ടുകാര്‍  ആ ധാരണ തിരുത്തി. നല്ല എരിവുള്ള വിഭവങ്ങള്‍ എത്ര ആര്‍ത്തിയോടെയാണവര്‍ കഴിക്കാറുള്ളത്. എന്നിട്ട് ബാക്കി വരുന്നതൊക്കെ ഭംഗിയായി പായ്ക്കു ചെയ്ത് കൊണ്ടുപോകുകയും ചെയ്യും.
മലയാളികളുടെ എരിവു പ്രിയത്തെപ്പറ്റി അച്ചായന്‍ ഒരിക്കല്‍ തമാശ ഓര്‍ത്തു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു വെള്ളക്കാരന്‍ കമാന്‍ഡറും പന്തിയും കൊച്ചിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഡിന്നറിനു പോയി. നല്ല എരിവും പുളിയുമുള്ള സമൃദ്ധമായ ഡിന്നര്‍. പിറ്റേന്ന് കാലത്ത് കമാന്‍ഡര്‍ സായിപ്പ് ഭാര്യയേയും പറഞ്ഞു: “ഈ ഇന്ത്യാക്കാര്‍ ടോയ്‌ലറ്റില്‍ വെള്ളം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായി. ടോയ്‌ലറ്റ് പേപ്പറായാല്‍ തീപിടിച്ചെന്നു വരും!”
റോസമ്മ അറിയാതെ ചിരിച്ചുപോയി.
എന്നാലും അമേരിക്കന്‍ കൂട്ടുകാര്‍ വരുന്നെന്നറിഞ്ഞാല്‍ അത്ര എരിവില്ലാത്ത വിഭവങ്ങളും കരുതും. ചിക്കന്‍ ബേയ്ക്കുചെയ്തത്, ഫ്രൈഡ് റൈസ്, അവിയല്‍….
അണ്ടിപരിപ്പും ഉണക്കമുന്തിരിയും ഇട്ട് ഉണ്ടാക്കുന്ന ചിക്കന്‍ഫ്രൈഡ് റൈസ് ആണ് അനിലിന്റെ മറ്റൊരു ഇഷ്ടവിഭവം.
സന്ധ്യമോളുടെ സ്വഭാവം നേരെ മിറച്ചായിരുന്നു. അധികമൊന്നും കൂട്ടുകാരെ വീട്ടില്‍ കൊണ്ടുവരാറില്ല. കൊണ്ടുവന്നാലും ഭക്ഷണം കഴിപ്പിക്കാറില്ല.
അവള്‍ക്ക് ഭക്ഷണകാര്യത്തില്‍ അങ്ങനെ പ്രകടമായ ഇഷ്ടാനിഷ്ടങ്ങളുമില്ല. എല്ലാറ്റിലും ഒരുതരം നിസ്സംഗത. ഈ നിസ്സംഗത കൂടുതല്‍ അനുഭവപ്പെട്ടത് പ്രായപൂര്‍ത്തിയായതോടെയാണ്.
തൊട്ടതിനും പിടിച്ചതിനും ഒക്കെ കയര്‍ക്കുന്ന അച്ചായന്‍. അവള്‍ക്ക് എന്നും അപ്പനെ പേടിയായിരുന്നു. ആദ്യമൊക്കെ തന്നോട് അവള്‍ തുറന്നു സംസാരിക്കുമായിരുന്നു. പിന്നീട് തന്നെയും സംശയമായി, തന്നോടു പറയുന്ന കാര്യങ്ങള്‍ അച്ചായന്‍ അറിയുന്നുണ്ടോ എന്ന്.
അതുകൊണ്ടാണോ കൂടുതല്‍ ശകാരം എന്നവള്‍ സംശയിച്ചു.
അവളുടെ കാര്യത്തില്‍ നേരത്തേ ഉല്‍ക്കണ്ഠ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഒരുപക്ഷേ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.
ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചു.
ഇനി ഒരു മണിക്കൂര്‍. അതിനകം ലഞ്ച് ശരിയാകണം. ലീയോക്കാണാന്‍ മനസ്സു വെമ്പി.
അനിലിന്റെ മനോഭാവം എല്ലാം തീരുമാനിച്ചുറച്ചതുപോലെയാണ്. ഒരു വര്‍ഷത്തിനുശേഷം വിവാഹം. അവളുടെ പഠിത്തം കഴിഞ്ഞ് ജോലി ആയാലുടനെ.
ഇക്കാരണം കൊണ്ടുകൂടിയാവും അനില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് മാറിത്താമസിക്കാന്‍ തീരുമാനിച്ചത്. ലീയുമായി കൂടുതല്‍ സമയം ചെലവഴിക്കാമല്ലോ. ഒരിക്കല്‍ അച്ചായന്‍ ഇതേപ്പറ്റി കയര്‍ത്തു സംസാരിച്ചതാണ്. അന്ന് എന്തു പാടുപെട്ടു ഒന്ന് തണുപ്പിച്ചെടുക്കാന്‍.
അമേരിക്കയില്‍ എത്രയോ കാമുകീ കാമുകന്മാര്‍ വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു താമസിക്കുന്നു. ചിലര്‍ വിവാഹം കഴിച്ച് കുട്ടികളായതിനുശേഷം പിരിയുന്നു. അതേസമയം തന്നെ എത്രയോ അമേരിക്കന്‍ ദമ്പതികള്‍ വിവാഹത്തിന്റെ രജത ജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ആഘോഷിക്കുന്നു!
എന്തായാലും അനിലും ലീയും ഒന്നിച്ചാണു താമസമെന്നു തോന്നുന്നില്ല. അവള്‍ യൂണിവേഴ്‌സിറ്റി കാമ്പസിലാണെന്നാണഅ മുമ്പൊരിക്കല്‍ പറഞ്ഞത്.
ലീയെ പരിചയപ്പെടുന്നതിനു മുമ്പുതന്നെ അനില്‍ സ്വതസ്സിദ്ധമായ കുസൃതിയോടെ, താന്‍ കൂടെക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെപ്പറ്റി അഭിപ്രായം ചോദിക്കുമായിരുന്നു.
“ഇന്നാളില്‍ കൊണ്ടുവന്ന ലിസയെപ്പറ്റി എന്താ മമ്മിയുടെ അഭിപ്രായം? അല്ലെങ്കില്‍ “ആ ട്രേയ്‌സി മമ്മിയേപ്പറ്റി എപ്പോഴും ചോദിക്കും.”
അന്നൊക്കെ അവനെ കളിയാക്കി താക്കീതിന്റെ സ്വരത്തില്‍ പറയുമായിരുന്നു;
“നീ എന്തൊക്കെപ്പറഞ്ഞാലും എന്റെ പൊന്നുമോനേ, നിനക്കുള്ള പെണ്ണ് കേരളത്തിലെവിടെയോ വളരുന്നുണ്ട്. മാതാപിതാക്കളെ ദൈവത്തെപ്പോലെ കരുതുന്ന, മുടങ്ങാതെ പള്ളിയില്‍പ്പോകുന്ന, പഠിക്കാന്‍ മിടുക്കിയായ, പാചകകലയില്‍ സമര്‍ത്ഥയായ പെണ്‍കുട്ടി.”
“അതൊക്കെ  മമ്മിയെടേം ഡാഡിയെടേം മനസ്സിലിരിക്കുകയേ ഉള്ളു. നോക്കിക്കോ.”
അറിയാതെ നെടുവീര്‍പ്പിട്ടു.
ഇന്നിതാ അവന്‍ ഗേള്‍ഫ്രണ്ടിനേയും കൊണ്ടു വരുന്നു. അല്ല, ഭാവി വധുവിനെ മമ്മിക്കും ഡാഡിക്കും പരിചയപ്പെടുത്താന്‍ കൊണ്ടുവരുന്നു.
വിഭവങ്ങളെല്ലാം തയ്യാറായി.
മണി പന്ത്രണ്ട് അമ്പത്തിയഞ്ച്.
ബാത്‌റൂമിലേക്കു കയറി കൈയും മുഖവും കഴുകി ഒതുക്കി വച്ചു.
ഡോര്‍ ബെല്ലിന്റെ ശബ്ദം.
പെട്ടെന്ന് ടവലില്‍ തോര്‍ത്തി, ധൃതിവച്ച് നടന്നു. വാതിലിനടുത്ത് സോഫയിലിരുന്ന ഭര്‍ത്താവ് കളിയാക്കുന്ന മട്ടില്‍ രണ്ടുകൈയും വിടര്‍ത്തി ചോദിച്ചു; “എന്തവാടോ ഇത്?”
പെട്ടെന്നു നാണിച്ചു പോയി.
വാതില്‍ തുറന്നത് അച്ചായനും താനു കൂടി.
അനിലിന്റെ പിറകില്‍ അല്പം നാണത്തോടെ നില്ക്കുന്നു ലീ. കൈയില്‍ വലിയ പുഷ്പമഞ്ജുഷ.
രണ്ടുപേരെയും അകത്തേക്കാനയിച്ചു.
തന്റെ നേരെ നീട്ടിയ പൂക്കള്‍ വാങ്ങിയപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞുപോയി.
“വളരെ മനോഹരം. ഒരു വസന്തം തന്നെ നീ ഞങ്ങള്‍ക്കായി കൊണ്ടുവന്നല്ലോ.”
ലീ മൃദുവായി മന്ദഹസിച്ചു.
രണ്ടുപേരേയും ഇരിക്കാന്‍ ക്ഷണിച്ചു.
അനിലിന്റെ അടുത്ത് അവള്‍ ഇരുന്നു.
അവള്‍ക്കഭിമുഖമായി എതിരെയുള്ള സോഫയില്‍ ഇരുന്നു. അച്ചായന്‍ അടുത്തും.
“ഹൗ ആര്‍ യൂ?” ലീയെ നോക്കി ചോദിച്ചു.
“ഫൈന്‍, താങ്കയൂ.” പുഞ്ചിരിച്ചപ്പോള്‍ നുണക്കുഴി തെളിഞ്ഞു.
“ബട്ട് അയാം നോട്ട് ഫൈന്‍.” അനില്‍ പറഞ്ഞു. എന്നിട്ട് ഉറക്കെച്ചിരിച്ചു. “എനിക്ക് വിശക്കുന്നു.”
“ഇതാ ഇവന്റെ സ്വഭാവം. മമ്മിയെ കണ്ടാലുടനെ വിശക്കും.” ലീയോടു തമാശ പറഞ്ഞു.
ലീ മൃദുവായി മന്ദഹസിച്ചു. എന്നിട്ട് അനിലിന്റെ നേരെ നോക്കി. ഒളികണ്ണിട്ടു.
എന്തൊരു പൊരുത്തം ദൈവമേ! മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഇവരുടെ സ്‌നേഹം ഒന്നും നിലനില്ക്കണമേ. അച്ചായനെ നോക്കി. നേരിയ പുഞ്ചിരി മുഖത്തുണ്ടെങ്കിലും കൂടുതല്‍ പ്രകടമായി കാണുന്നത് നിസ്സംഗതയാണ്.
'കുടിക്കാനെന്താ വേണ്ടേ?' ലീയോടു ചോദിച്ചു.
“ഓ മമ്മീ ആദ്യം വല്ലതും തിന്നാന്‍ താ ഞങ്ങള്‍ക്ക്. എന്നിട്ടു മതി കുടിക്കാന്‍.” അനില്‍ വീണ്ടും. എന്നിട്ട് മണം പിടിച്ച് “സ്‌മൈല്‍സ് ഗ്രേറ്റ്.” 
“എനിക്ക് ഒരു ഗ്ലാസ് വെള്ളം മതി.” ലീ പറഞ്ഞു.
രണ്ടു ഗ്ലാസ്സില്‍ വെള്ളവുമായി വന്നു.
അനില്‍ എഴുന്നേറ്റ് അക്ഷമ നടിച്ച് നടക്കാന്‍ തുടങ്ങി.
“എന്നാല്‍ നിങ്ങള്‍ വരിന്‍, ഭക്ഷണം കഴിക്കാം,” ഉപചാരപൂര്‍വ്വം ക്ഷണിച്ചു.
തീന്‍മേശയിലെ ഓരോ വിഭവവും ചൂണ്ടിക്കാട്ടി ലീയോടു വിവരിച്ചു. അനിലിന്റെ മറ്റ് കൂട്ടുകാരോടു പറയുന്ന കണക്കെ.
“നിനക്കറിയാമോ, എന്റെ മമ്മിയാണ് ലോകത്തെ ഏറ്റവും എക്‌സ്‌പേര്‍ട്ട് കുക്ക്.” അനില്‍ പ്രഖ്യാപിച്ചു.
“ഇപ്പോള്‍ എനിക്കിതു വിശ്വാസമായി.” ലീ പറഞ്ഞു.
“താങ്ക്യൂ ലീ.”
ആയിരം നന്ദി, മോളം.
“നീ എന്റെ മമ്മിയില്‍ നിന്ന് കുക്കിങ് പഠിച്ചു കൊള്ളണം.”
ലീ മന്ദഹസിച്ചു.
അടുത്തതായി അനിലിന്റെ സംസാരവിഷയം മരച്ചീനിയായി.
“ഇതെന്താണെന്നറിയാമോ നിനക്ക്? ടപ്പിയോക്കാ, അതായത് കസ്സാവാ. ഒരു കാലത്ത്, ഞങ്ങളുടെ നാട്ടിലെ പാവപ്പെട്ടവന്റെ സ്റ്റേപ്പിള്‍ ഫുഡ്. ഇപ്പോള്‍ എന്നെപ്പോലെയുള്ളവരുടെ ഫേവറൈറ്റ് എക്‌സോട്ടിക് ഡിഷ്. ഞങ്ങളുടെയൊക്കെ ആത്മാവിന്റെ അംശമാണ് ഈ സാധനം.” 
“ഈ അനില്‍ എവിടെ പാര്‍ട്ടിക്കു പോയി വന്നാലും പറയും എരിവുള്ള കറിയില്ലാതെ എന്തു പാര്‍ട്ടി എന്ന്.”
ലീ അനിലിനെ നോക്കി ചിരിച്ചു മൃദുവായി.
അവള്‍ ചിന്താധീനയാകുന്നതു ശ്രദ്ധിച്ചു. ഭൂമിയെ അമ്മയായി കരുതുന്ന അവളുടെ ഗോത്രസങ്കല്പങ്ങളാവുമോ മനസ്സില്‍? ഇന്ന് ഹിമപാളികളില്‍ മൂടപ്പെട്ടു കിടക്കുന്ന ബെറിങ് പ്രകൃതിദത്തപാലം കടന്ന് ഏഷ്യയില്‍ നിന്ന് അന്നു നിങ്ങള്‍ വന്നു. വയറുപിഴപ്പു തേടി. പതിനായിരം കൊല്ലങ്ങള്‍ക്കു മുമ്പ് ജീവസന്ധാരണം തേടിയെത്തിയ നിന്റെ ഗ്രോത്രത്തിന്റെ പ്രാചീന ആവശ്യങ്ങളാ മോളേ ഞങ്ങളെയും ഈ നാട്ടിലെത്തിച്ചത്.
അമേരിക്കന്‍ ഇന്ത്യക്കാരെപ്പറ്റി വായിച്ചതോര്‍ത്തു. ഇന്ത്യയിലേക്കു പോകാന്‍ പടിഞ്ഞാറേക്കു യാത്ര തിരിച്ച കൊളംബസ് എത്തിപ്പെട്ടത് ഒരു പുതിയ വന്‍കരയിലാണെന്നു മനസ്സിലാകാതെ, അവിടെക്കണ്ട മനുഷ്യരെ ഇന്ത്യക്കാരെന്നു വിളിച്ചു. എന്നാല്‍ വേറെ ചില പണ്ഡിതന്മാരുടെ വിശകലനങ്ങള്‍ പ്രകാരം ഇന്ത്യന്‍ എന്ന വാക്കിന് വേറെയും അര്‍ത്ഥങ്ങള്‍ ഉണ്ടുപോലും.
പിന്നീട് കൂട്ടംകൂട്ടമായി വന്ന വെള്ളക്കാര്‍ ആ ആദിവാസികളുടെ മനസ്സിന്റെ, സംസ്‌കാരത്തിന്റെ നിഷ്‌കളങ്കത മുഴുവന്‍ മുതലെടുത്ത് അവരുടെ ഭൂമി സ്വന്തമാക്കി. ജനിച്ചു വളര്‍ന്ന മണ്ണില്‍ അന്യരായി. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ കൊന്നൊടുക്കി. ബാക്കിയുള്ളവരെ 'റിസര്‍വേഷനു'കളില്‍ കാഴ്ചവസ്തുക്കളാക്കി. ഒരു ഗോത്രസംഹാരത്തിന്റെ കഥ അങ്ങനെ നീളുന്നു.
ഋീയെ ഉറ്റുനോക്കി. വളരെ ശ്രദ്ധാപൂര്‍വ്വം അവള്‍ ചെമ്മീന്‍ കറി പാത്രത്തിലേക്ക് എടുക്കുന്നു. താന്‍ ശ്രദ്ധിക്കുന്നതുകണ്ട് മൃദുവായി പുഞ്ചിരിച്ചു.
ഇവളുടെ കണ്ണിലെ ബഹുമാനം, ഭാരതീയന്റെ, ദ്രാവിഡന്റെ ബഹുമാനമാണ്. മാതൃസ്‌നേഹമെന്ന വികാരം. പരാശക്തിക്ക് സ്ത്രീരൂപം നല്‍കിയ അതേ വികാരം.
ഭക്ഷണം കഴിഞ്ഞ് വളരെ നേരം സംസാരിച്ചിരുന്നു.
ലീയുടെ കുടുംബത്തെപ്പറ്റി ചോദിച്ചു മനസ്സിലാക്കി. ലീയുടെ അമ്മ അവള്‍ക്ക് പത്തുവയസ്സുള്ളപ്പോള്‍ മരിച്ചു. രണ്ടാനമ്മയുമായി അത്ര വലിയ ആത്മബന്ധമൊന്നും ഉണ്ടായില്ല. ഹൈസ്‌ക്കൂള്‍ കഴിഞ്ഞതോടെ വീടുമായുള്ള ബന്ധം നാമമാത്രമായി.
അച്ഛന് ബ്യൂറോ ഓഫ് ഇന്ത്യന്‍ അഫയേഴ്‌സില്‍ ഭേദപ്പെട്ട ജോലി. അമേരിക്കന്‍ ഇന്ത്യക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വകുപ്പാണ് ഈ 'ബ്യൂറോ.'
മൂത്ത രണ്ടു സഹോദരന്മാരും വിവാഹതരാണ്. ഒരാള്‍ ന്യൂയോര്‍ക്കില്‍. മറ്റെയാള്‍ ഷിക്കാഗോയില്‍. ഭേദപ്പെട്ട ജോലികള്‍ നോക്കി അവര്‍ കഴിയുന്നു.
പോകാന്‍ തയ്യാറായി അനില്‍ എഴുന്നേറ്റു.
“ലെറ്റസ് ഗോ.”
“ഞാന്‍ പോയിവരട്ടെ അമ്മേ?” അവള്‍ യാത്ര ചോദിക്കുന്നു.
ഒരു നിമിഷം കണ്ണടച്ച് നിന്നു.
വിവാഹവേഷത്തില്‍ പുത്രവധു ചോദിക്കുന്നു. ഞാന്‍ പോയിട്ടു വരട്ടെ അമ്മേ?
“വീണ്ടും കാണാം, ഉടനെ.”
അവള്‍ മന്ദഹസിച്ചു.
എന്നിട്ട് അനിലിനു പിറകേ പടിയിറങ്ങി.
അല്‍പ്പമൊന്നു വിങ്ങിയ മനസ്സ് ഭര്‍ത്താവില്‍ നിന്ന് മറച്ചുപിടിക്കാന്‍ മുഖം തിരിച്ചു.


 സ്വപ്നഭൂമിക (നോവല്‍:4- മുരളി ജെ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക