Image

മുല്ലപ്പെരിയാറും നമ്മുടെ നേതാക്കന്മാരും --ബാബു പാറയ്ക്കല്‍

ബാബു പാറയ്ക്കല്‍ Published on 21 November, 2014
മുല്ലപ്പെരിയാറും നമ്മുടെ നേതാക്കന്മാരും --ബാബു പാറയ്ക്കല്‍
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി. 136 അടിയില്‍ കൂടിയാല്‍ അപകടസാധ്യതയുണ്ടെന്ന് കേരളം വിശ്വസിക്കുന്നു. 142 അടിവരെ ആയാലും കുഴപ്പമില്ലെന്ന് മുല്ലപ്പെരിയാര്‍ ഡാം ഭൂപടത്തില്‍ മാത്രം കണ്ടിട്ടുള്ള സുപ്രീം കോടതി ജഡ്ജിമാര്‍ വിധിയെഴുതി. ഡാം പണിതിരിക്കുന്നത് കേരളത്തിലാണ്. പക്ഷേ ഡാമിന്റെ ഭരണം തമിഴ്‌നാടിനാണ്. വെള്ളം എപ്പോള്‍ കൊണ്ടുപോകണം കൊണ്ടു പോകേണ്ട എന്നൊക്കെ അവര്‍ തീരുമാനിക്കും. ഡാമിന്റെ നിയന്ത്രണം പൂര്‍ണ്ണമായും തമിഴ്‌നാടിന്റെ അധീനതയിലാക്കാന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കു കഴിഞ്ഞു. അതിനു കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ടും നല്ല വക്കീലന്മാരെ വച്ചും അവര്‍ കാര്യങ്ങള്‍ അവരുടെ വശത്താക്കി. കേരളം ഭയപ്പെടുന്നതുപോലെ ഡാമിനു വല്ലതും സംഭവിച്ചാല്‍തന്നെ തമിഴ്‌നാട്ടിലുള്ള ഒരുത്തനും ഭയപ്പെടേണ്ട കാര്യവുമില്ല.
125 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുണ്ണാമ്പു മിശ്രിതത്തില്‍ പണിതു വച്ച ഡാമിന് 155 അടി ഉയരവും 1200 അടിവീതിയുമുണ്ട്. 624 ചതുരക്ര കി.മീ. വൃഷ്ടി പ്രദേശമായുള്ള ഡാമിലേക്ക് മഴക്കാലത്തു ധാരാളം ജലം എത്തുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളമാണ് കമ്പം, തേനി മുതലായ പ്രദേശങ്ങളില്‍ കൃഷിക്കും വീട്ടുകാര്യങ്ങള്‍ക്കും എല്ലാം ഉപയോഗിക്കുന്നത്. ഡാമിന്റെ ഇപ്പോഴത്തെ സുരക്ഷയെ ചൊല്ലി കേരള സര്‍ക്കാരിലോ പ്രതിപക്ഷത്തുള്ള ആരും വിലപിക്കുന്നില്ല. കുറച്ചുനാള്‍ മുമ്പ് 136 അടി നല്ല നിരപ്പു വന്നപ്പോള്‍ “മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും.” എന്നു പറഞ്ഞ് കേരള കോണ്‍ഗ്രസ് വമ്പിച്ച സമരം സംഘടിപ്പിച്ചു. കാരണം കേരള കോണ്‍ഗ്രസിന്റെ അടിത്തറയായ മലയോര മേഖലയിലുള്ളവരാണ് ഈ ഡാമിന്റെ ഭീഷണിയിലായിരിക്കുന്നത്. വാര്‍ത്തകള്‍ പ്രചാരം നേടി പുറം ലോകം അറിയുമെന്നായപ്പോള്‍ ജയലളിത ഒരു ബോംബു പൊട്ടിച്ചു. മുല്ലപ്പെരിയാര്‍ ഡാം തീറെഴുതിക്കൊടുത്തതുള്‍പ്പെടെ അനധികൃതമായി കണക്കിലധികം വെള്ളം തമിഴ്‌നാട് കടത്തിക്കൊണ്ടുപോകുന്നതിന് അധികാരികള്‍ കണ്ണടയ്ക്കുന്നതിന് അവര്‍ പണമായി കൊടുത്ത കോടികളുടെ കണക്കും കമ്പം, തേനി പ്രദേശത്ത് സമ്മാനമായി രാഷ്ട്രീയക്കാര്‍ക്കു കൊടുത്ത ആയിരക്കണക്കിനേക്കര്‍ സഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരുവിവരങ്ങളും പുറത്തു പറയുമെന്നു പറഞ്ഞു. ക്ഷണത്തില്‍ സമരങ്ങള്‍ പിന്‍വലിച്ചു. ഡാം പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചു. പിന്നെ ഈ വിഷയം കേട്ടിട്ടുപോലുമില്ല.

ഇപ്പോള്‍ ജലനിരപ്പുയര്‍ന്ന് 138, 140, 142 ആയി ഉയര്‍ന്നു. കുറച്ചുനാള്‍ മുമ്പ് 'ഡാം ഇപ്പോള്‍ പൊട്ടുമെന്നു' ഗീര്‍വാണം മുഴക്കിയവര്‍ ഇപ്പോള്‍ നിശബ്ദരാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാരയ്ക്ക് മറുപാര പണിയുവാന്‍ തിരക്കിലാണ്. സരിതയും പാമോയിലും ചാരക്കേസും… അങ്ങനെ എത്രയെണ്ണം! മാണി ബാര്‍കോഴ വിവാദത്തില്‍ മുങ്ങിക്കുളിച്ചുകിടക്കുന്നു. മാണിക്കിട്ടു കൊട്ടിയ ഈ പാര എങ്ങനെയെങ്കിലും “ലൈവ്” ആയി നിര്‍ത്താന്‍ പാടുപെടുന്ന ജോസഫ് സാര്‍. പിണറായിയും പന്ന്യനും തമ്മില്‍ പോരടിച്ച് ചെളിവാരി എറിയുന്ന തെരക്കിലാണ്. ഏതു കേസുകെട്ടിനും കേട്ടാലുടന്‍ കോടതിയെ സമീപിക്കുന്ന അച്ചുമാമ. എല്ലാവരും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായിട്ടും നിശബ്ദരാണ്. ഇവിടെയാണ് ജയലളിതയുടെ കഴിവു മനസ്സിലാക്കേണ്ടത്. ജയലളിതയുടെ പനീര്‍ശൈല്‍വം എന്ന പാവയ്ക്ക് പോലും കൊമ്പുകിളര്‍ത്തു. എന്തായാലും ഞങ്ങള്‍ ഷട്ടര്‍ തുറക്കിലെന്ന വാശിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഇനി ഇതിന്റെ പേരില്‍ ജനങ്ങള്‍ പ്രക്ഷോഭമുണ്ടാക്കിയാല്‍- ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ താഴെവീണാലും കേരളത്തിന്റെ മൊത്തം ഭരണം തമിഴര്‍ ഏറ്റെടുക്കും. അതിനുവേണ്ടിയാണ് സുപ്രീംകോടതി ജഡ്ജിയായിരുന്ന ഒരു തമിഴനെ പിടിച്ച് കേരള ഗവര്‍ണ്ണര്‍ സ്ഥാനം ഏല്‍പ്പിച്ചത്.

തമിഴര്‍ക്ക് അവരുടെ സംസ്ഥാനത്തോടു വിധേയത്വം ഉണ്ട്. തമിഴ്‌നാടു സര്‍ക്കാര്‍ എന്തുവിലകൊടുത്തും തമിഴരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. മലയാളികള്‍ തമ്മിലടിച്ചും അഴിമതി നടത്തിയും സ്വന്തം കീശവീര്‍പ്പിക്കും. ഇതിനുവേണ്ടി ആരേ വേണമെങ്കിലും അവര്‍ കുരുതികൊടുക്കും. ഇക്കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വ്യത്യാസമില്ല.

ഈ അവസരത്തില്‍ കേരളസര്‍ക്കാരിനു ചെയ്യാവുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, ഇടുക്കി ജില്ല തമിഴ്‌നാടിനോടു ചേര്‍ന്ന് മുല്ലപ്പെരിയാറിന്റെ വിഷയം ക്ലോസ് ചെയ്യുക. അതിനു പ്രതിഫലമായി തമിഴ്‌നാടു സര്‍ക്കാര്‍ കാര്യമായി എന്തെങ്കിലും തരാതിരിക്കില്ല. അതുവാങ്ങി സ്വിസ് ബാങ്കിലിടുക. കേരളത്തിന്റെ അകത്തുള്ള നമ്മുടെ ഡാം നമുക്ക് അന്യമായി തീര്‍ന്നിട്ടും അതു തണലായി കരുതുന്ന രാഷ്ട്രീയക്കാര്‍ ഭരണപ്രതിപക്ഷഭേദമെന്യേ താമസിയാതെ ജയിലിലേക്കു പോകുന്ന ജയലളിതയുടെ അടിവസ്ത്രങ്ങള്‍ അലക്കിത്തരാമെന്നു പറഞ്ഞുകൂടെകൂടുക. അതിനും പാരിതോഷികം ലഭിക്കാതിരിക്കില്ല. നമ്മുടെ നേതാക്കന്മാരെയോര്‍ത്തു നമുക്കു ലജ്ജിക്കാം.


മുല്ലപ്പെരിയാറും നമ്മുടെ നേതാക്കന്മാരും --ബാബു പാറയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക