Image

കെട്ടിയിട്ട് കവര്‍ച്ച: രണ്ടു കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍

Published on 21 November, 2014
കെട്ടിയിട്ട് കവര്‍ച്ച: രണ്ടു കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: നഗരത്തിനടുത്ത് കണിമംഗലത്ത് ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു കുട്ടികളടക്കം നാലു പേരെ സിറ്റി പൊലിസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രി കൈതക്കോടന്‍ വീട്ടില്‍ വിന്‍സെന്റിനേയും ഭാര്യ ലില്ലിയേയും കെട്ടിയിട്ട് 10 പവന്റെ ആഭരണങ്ങളും അര ലക്ഷത്തോളം രൂപയും തട്ടിയെടുത്ത സംഭവത്തില്‍ ഒല്ലൂര്‍ കനകക്കുന്നേല്‍ വീട്ടില്‍ മനോജ് (35), കണിമംഗലം വേഴപ്പറമ്പില്‍ ഷൈനി (40) എന്നിവരും ഷൈനിയുടെ പ്‌ളസ്ടു വിദ്യാര്‍ഥിയായ മകനും സുഹൃത്തുമാണ് അറസ്റ്റിലായത്. കവര്‍ച്ചക്കിടെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വിന്‍സെന്റ് വ്യാഴാഴ്ച മരിച്ചിരുന്നു.

വിവാഹബന്ധം വേര്‍പെടുത്തിയ ഷൈനി കുറച്ചു കാലമായി മനോജുമായി അടുപ്പത്തിലാണെന്ന് പൊലിസ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് നടത്തിയ ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രയാസത്തിലായിരുന്നു. കവര്‍ച്ച നടന്ന വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു മനോജ്. കവര്‍ച്ചക്കു ശേഷം മനോജും ഷൈനിയും സ്ഥലത്തു തന്നെ ഉണ്ടായിരുന്നു. 5,000 രൂപ തരാമെന്നു വാഗ്ദാനം ചെയ്താണ് ഷൈനി സ്വന്തം മകനെയും കൂട്ടുകാരനെയും കവര്‍ച്ചക്ക് കൂട്ടു വിളിച്ചതെന്ന് സിറ്റി പൊലിസ് കമീഷണര്‍ ജേക്കബ് ജോബ് പറഞ്ഞു.

സിറ്റി പൊലീസ് കമീഷണര്‍ ജേക്കബ് ജോബിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സി.ഐ ടി.ആര്‍. രാജേഷ്, നെടുപുഴ എസ്.ഐ ശെല്‍വരാജ്, ഷാഡോ പൊലീസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. കൈതക്കോടന്‍ വീട്ടില്‍ വിന്‍സെന്റും ഭാര്യ ലില്ലിയും ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലെത്തി വസ്ത്രം മാറുന്നതിനിടെ നാലംഗ സംഘം അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. കൈകളും കണ്ണും വായും മൂടിക്കെട്ടി 10 പവനും 50,000 രൂപയും കവര്‍ന്നു.

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിന്‍സെന്റ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നെഞ്ചിനേറ്റ ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്. 1972 മുതല്‍ ജര്‍മനിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന വിന്‍സെന്റ് അഞ്ചു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക