Image

ബാര്‍കോഴ: സി.പി.എമ്മിന്റെ സമരം തട്ടിക്കൂട്ടെന്ന് വി.എം.സുധീരന്‍; ജനപക്ഷയാത്ര എറണാകുളത്ത്

Published on 21 November, 2014
ബാര്‍കോഴ: സി.പി.എമ്മിന്റെ സമരം തട്ടിക്കൂട്ടെന്ന് വി.എം.സുധീരന്‍; ജനപക്ഷയാത്ര എറണാകുളത്ത്

അങ്കമാലി: ബാര്‍കോഴ വിവാദത്തില്‍ സി.പി.എമ്മിന്റെ സമരം തട്ടിക്കൂട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണതെന്നും, മറ്റ് തട്ടിക്കൂട്ട് സമരങ്ങള്‍ പോലെ ഇതും നാണം കെട്ട് അവസാനിപ്പിക്കേണ്ടി വരുമെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ജനപക്ഷയാത്രക്ക് എറണാകുളം ജില്ല അതിര്‍ത്തിയായ അങ്കമാലിയില്‍ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴ വിവാദത്തില്‍ ഇടപ്പെട്ടത് സി.പി.എമ്മിന് പുലിവാലായി. തര്‍ക്കം അവസാനിപ്പിക്കാന്‍ പല തന്ത്രങ്ങള്‍ ആലോചിച്ചിട്ടും സാധിക്കുന്നില്ല. കൂടുതല്‍ വഷളാവുകയാണ്. പാര്‍ട്ടിയില്‍ മാത്രമല്ല മുന്നണിയിലും അത് കലഹം സൃഷ്ടിച്ചിരിക്കുകയാണ്. നാളിത് വരെ ചെയ്തതിന്റെ തിക്തഫലമാണ് ഇടത് മുന്നണി അനുഭവിക്കുന്നത്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയുമാണ്. ബാര്‍ കോഴ വിവാദത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇടത് മുന്നണി ഉന്നയിക്കുന്നത്. അവര്‍ പറയുന്നതെല്ലാം അവര്‍ക്ക് തന്നെ വിനയാവുകയാണ്. അടിസ്ഥാനമോ, തെളിവുകളോ ഇല്ലാത്ത കാര്യമാണ് ബാര്‍ കോഴ :സൂധീരന്‍ പറഞ്ഞു.

കേരളത്തില്‍ ഇന്ന് വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കിട്ടാത്ത സ്വീകാര്യതയാണ് ജനപക്ഷ യാത്ര കടന്ന് വരുന്ന മേഖലകളില്‍ ലഭിക്കുന്നത്. എല്ല തുറകളിലുമുള്ള ജനങ്ങള്‍ കാലങ്ങളായി ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ തയാറായതിന്റെ നന്ദിയാണ് ജനങ്ങള്‍ തടിച്ച് കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ മനസില്‍ ആഗ്രഹിച്ച കാര്യങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നെഞ്ചിലേറ്റുന്നത്. മദ്യത്തെ പോലെ മയക്ക് മരുന്നും നാടിന്നാപത്താണ്. അതിനാല്‍ മയക്ക് മരുന്നിനെതിരേയും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുകയാണെന്ന് സുധീരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക