Image

ന്യൂയോര്‍ക്കില്‍ മഞ്ഞുവീഴ്ച : സംസ്ഥാനത്ത് അടിയന്തരാവസ്ഥ

Published on 21 November, 2014
ന്യൂയോര്‍ക്കില്‍ മഞ്ഞുവീഴ്ച : സംസ്ഥാനത്ത് അടിയന്തരാവസ്ഥ
ന്യൂയോര്‍ക്:  ന്യൂയോര്‍ക്കിന്‍െറ പശ്ചിമ മേഖലയിലുണ്ടായ കനത്ത മഞ്ഞുവീഴ്ച ജനജീവിതം സ്തംഭിപ്പിച്ചു. പ്രദേശത്ത് ഏഴു പേര്‍ മരിച്ചിരുന്നു.15 അടി കനത്തില്‍ പതിച്ച മഞ്ഞിനടിയില്‍ കാര്‍ കുടുങ്ങിയാണ് ഒരാളുടെ മരണം. നാലു പേര്‍ ഹൃദയാഘാതം മൂലമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുനിരത്തുകള്‍ നിരവധി അടി കനത്തില്‍ മഞ്ഞ് പുതച്ചതോടെ ഗതാഗതം പൂര്‍ണമായി വഴിമുട്ടി. പശ്ചിമ സെനകയിലെ ഹൈവേയില്‍ മാത്രം നൂറുകണക്കിന് വാഹനങ്ങള്‍ നിരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
132 മൈല്‍ ദൂരത്തില്‍ ഹൈവേ പൂര്‍ണമായി മഞ്ഞിനടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നയാഗ്ര യൂനിവേഴ്സിറ്റി വനിതാ ബാസ്കറ്റ് ബാള്‍ താരങ്ങള്‍ 30 മണിക്കൂര്‍ വാഹനത്തില്‍ കുടുങ്ങി.
യാത്ര ദുഷ്കരമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവക്ക് അവധി നല്‍കി. കായിക പരിപാടികള്‍ നീട്ടിവെച്ചു.
പശ്ചിമ ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലാണ് മഞ്ഞുവീഴ്ചയുടെ കെടുതി കൂടുതല്‍ അനുഭവപ്പെട്ടത്. ദക്ഷിണ ചീക്ടെവാഗയില്‍ 65 അടി ഉയരത്തില്‍ മഞ്ഞു വീഴ്ചയുണ്ടായി. വീടുകളുള്‍പ്പെടെ പൂര്‍ണമായി മഞ്ഞിനടിയിലായി.
വെള്ളിയാഴ്ചയും ശക്തമായ ഹിമവാതത്തിന് സാധ്യതയുണ്ടെന്നും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിതെന്ന് ഫ്ളോറിഡ ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ പറഞ്ഞു. മഞ്ഞുവീണുകിടക്കുന്ന ന്യൂയോര്‍ക്കില്‍ ഗതാഗതം പതിവു സാഹചര്യത്തിലേക്കു തിരിച്ചുവരാന്‍ അഞ്ചു ദിവസമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നഗരത്തെ പൊതിഞ്ഞ മഞ്ഞുപാളികള്‍ ഉരുകുന്നതോടെ വെള്ളപ്പൊക്ക ഭീഷണിയും ന്യൂയോര്‍ക്കിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക