Image

വ്രതനിഷ്‌ഠ ആത്മസാക്ഷത്‌കാരത്തിനുള്ള അധ്വാനം: മേല്‍ശാന്തി ഇ എന്‍ കൃഷ്‌ണ ദാസ്‌ നമ്പൂതിരി

അനില്‍ പെണ്ണുക്കര Published on 21 November, 2014
വ്രതനിഷ്‌ഠ ആത്മസാക്ഷത്‌കാരത്തിനുള്ള അധ്വാനം: മേല്‍ശാന്തി ഇ എന്‍ കൃഷ്‌ണ ദാസ്‌ നമ്പൂതിരി
വ്രത നിഷ്‌ഠ ആത്മസാക്ഷാത്‌കാരത്തിനായുള്ള അധ്വാനമാണെന്നും ആചാരങ്ങള്‍ പാലിക്കാതെയുള്ള മലകയറ്റത്തിനു ഫലപ്രാപ്‌തിയുണ്ടാവില്ലന്നും ശബരിമല മേല്‍ശാന്തി ഇ എന്‍ കൃഷ്‌ണദാസ്‌ നമ്പൂതിരി അഭിപ്രായപ്പെട്ടു. നിഷ്‌ഠ പാലിക്കാതെയുള്ള തീര്‍ഥാടനം അധ്വാനിക്കാതെ കിട്ടിയ ധനം പോലെയാണ്‌, ഇതിന്‌ നിലനില്‍പ്പില്ല. ലോകത്തിലെ മറ്റിതര ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്‌ ശബരിമലയിലെ ആത്മീയ സങ്കല്‍പ്പം. മറ്റ്‌ ക്ഷേത്രങ്ങളില്‍ നമ്മള്‍ പ്രാര്‍ഥനാനിരതരാകുമ്പോള്‍ ഭഗവാന്റെ അനുഗ്രഹത്തിന്‌ പാത്രീഭൂതനാകും. എന്നാല്‍ ശബരിമലയിലെ വ്രത നിഷ്‌ഠയോടെ നമ്മള്‍ ഭഗവാന്‍ തന്നെയായി മാറും. താന്‍ തേടുന്നതിനെ തന്നില്‍ തന്നെ കണ്ടെത്തുന്ന അപൂര്‍വതയുടെ സമ്മേളനമാണ്‌ ശബരിമലയിലെ ആത്മീയത പ്രദാനം ചെയ്യുന്നത്‌.

പ്രകൃതിയും മനുഷ്യനും വിലയിക്കുന്ന ആത്മീയതയില്‍ വിശുദ്ധിക്ക്‌ വര്‍ധിച്ച പ്രാധാന്യമാണുള്ളത്‌. ഇത്തരുണത്തില്‍ പുണ്യം പൂങ്കാവനം പദ്ധതിക്ക്‌ ഏറെ സവിശേഷതകളുണ്ട്‌. അയ്യപ്പന്‍െറ ആരൂഡമായ പൂങ്കാവനം ശുദ്ധിയായി പരിപാലിക്കെണ്ടത്‌ ഭക്തരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
2009 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന കൃഷ്‌ണദാസ്‌ നമ്പൂതിരി ആത്മീയ പഠനം ആരംഭിക്കുന്നത്‌ പിതാവില്‍ നിന്നും പകര്‍ന്ന്‌ കിട്ടിയ മന്ത്രോച്ചാരണത്തിലൂടെയാണ്‌. 15 വര്‍ഷക്കാലം മുംബൈയിലും ഒരു വര്‍ഷം മൈസൂര്‍ ചാമുണ്ഡി ക്ഷേത്രത്തിലും ശാന്തിക്കാരനായ പരിചയവും ഇദ്ദേഹത്തിനുണ്ട്‌. കലൂര്‍

പാവക്കുളം ക്ഷേത്രത്തിലെ പൂജാരിയായിരിക്കെയാണ്‌ ശബരിമല മേല്‍ശാന്തിയാകുന്നത്‌. ഭാര്യ ലയ സംഗീതോപാസകയാണ്‌. അശ്വിന്‍, അനിരുദ്ധന്‍ എന്നിവര്‍ മക്കളാണ്‌.
വ്രതനിഷ്‌ഠ ആത്മസാക്ഷത്‌കാരത്തിനുള്ള അധ്വാനം: മേല്‍ശാന്തി ഇ എന്‍ കൃഷ്‌ണ ദാസ്‌ നമ്പൂതിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക