Image

സ്വര്‍ഗ്ഗീയ വിരുന്നിന്‌ ന്യൂയോര്‍ക്കില്‍ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ആരംഭം

ജോയിച്ചന്‍ പുതുക്കുളം Published on 21 November, 2014
സ്വര്‍ഗ്ഗീയ വിരുന്നിന്‌ ന്യൂയോര്‍ക്കില്‍ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ആരംഭം
ന്യൂയോര്‍ക്ക്‌: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്‌) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്‌ (ഹെവന്‍ലി ഫീസ്റ്റ്‌) ന്യൂയോര്‍ക്കില്‍ തുടക്കംകുറിച്ചു.

ന്യൂയോര്‍ക്കിലെ ക്യൂന്‍സിലെ കേരളാ സെന്ററില്‍ നടന്ന പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ആത്മീയ അന്തരീക്ഷത്തില്‍ ലോകരാജ്യങ്ങളുടെ ഉണര്‍വ്വിനായി ഈ നൂറ്റാണ്ടില്‍ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ സ്ഥാപകനും സീനിയര്‍ പാസ്റ്ററുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) സ്വര്‍ഗ്ഗീയ വിരുന്നിന്റെ അമേരിക്കന്‍ ആസ്ഥാനവും, സഭയും പ്രാര്‍ത്ഥിച്ച്‌ ആരംഭിച്ചു. കോട്ടയത്തുനിന്നും പ്രത്യേക പരിശീലനം ലഭിച്ച ശുശ്രൂഷകന്മാര്‍ ന്യൂയോര്‍ക്കിലും, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ ആരംഭിക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ ആരാധനയ്‌ക്ക്‌ നേതൃത്വം നല്‍കും.

1997-ല്‍ കോട്ടയത്ത്‌ നടന്ന ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ക്രിസ്‌തുവിനെ സ്വീകരിച്ച തങ്കു ബ്രദര്‍ ദൈവീക നിയോഗത്താല്‍ സ്വന്ത ഭവനത്തില്‍ ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനാ യോഗമാണ്‌ കഴിഞ്ഞ 17 വര്‍ഷത്തില്‍ അധികമായി കേരളത്തിലും, ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി അതിശക്തമായി പടര്‍ന്നു പന്തലിച്ച സ്വര്‍ഗ്ഗീയ വിരുന്ന്‌ സഭയായി മാറിയത്‌.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഉണര്‍വ്വ്‌ യോഗങ്ങളിലെ പ്രധാന പ്രാസംഗികരില്‍ ഒരാളായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), ലോക രാജ്യങ്ങളില്‍ ശുശ്രൂഷിക്കുന്ന റിച്ചാര്‍ഡ്‌ ബോണ്‍കിയോടൊപ്പം (Rehinhard Bonnkce) ശുശ്രൂഷിച്ചിട്ടുണ്ട്‌.

ഇന്ത്യയിലെ ആത്മീയ മുന്നേറ്റത്തിനു നേതൃത്വം നല്‍കിയ സഹോദരന്‍ ദിനകരന്റെ കേരളത്തിലെ അവസാനത്തെ മഹായോഗത്തിനു കോട്ടയത്ത്‌ നേതൃത്വം നല്‍കുവാനും ബ്രദര്‍ തങ്കുവിന്‌ ദൈവീക നിയോഗം ഉണ്ടായി.

ഈ നൂറ്റാണ്ടില്‍ ദൈവീക രോഗശാന്തിക്കായി ദൈവം അതിശക്തമായി ഉപയോഗിച്ച ഓറല്‍ റോബര്‍ട്ട്‌സിനെ മരണത്തിന്‌ ചില ദിവസങ്ങള്‍ക്കു മുമ്പ്‌ അദ്ദേഹത്തിന്റെ കാലിഫോര്‍ണിയയിലെ ഭവനത്തില്‍ സന്ദര്‍ശിക്കുന്നതിനും കഴിഞ്ഞത്‌ ദൈവീക നിയോഗത്താല്‍ ആയിരുന്നു എന്ന്‌ ബ്രദര്‍ തങ്കുവും പത്‌നി ആനിയും വിശ്വസിക്കുന്നു.

കേരളത്തിലെ എല്ലാ പട്ടണങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലും, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്‌, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളിലും അനേകം ലോക്കല്‍ സഭകളുള്ള ഹെവന്‍ലി ഫീസ്റ്റിന്‌ ചുരുങ്ങിയ കാലത്തിനുള്ളില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ ആരാധന തുടങ്ങുവാന്‍ കഴിഞ്ഞു.

ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ (1824 Fairfax Street, Elmont, NY 11003) എല്ലാ ഞായറാഴ്‌ചകളിലും രാവിലെ 9 മണിക്ക്‌ ആരാധനയുണ്ടായിരിക്കും.

ഡാലസ്‌, ഒക്കലഹോമ, അറ്റ്‌ലാന്റ, ചിക്കാഗോ, കാലിഫോര്‍ണിയയിലെ സാന്റിയാഗോ എന്നിവടങ്ങളില്‍ സ്വര്‍ഗ്ഗീയ വിരുന്നിന്‌ ആരംഭം കുറിച്ചുകഴിഞ്ഞു.

ദൈവത്തിന്റെ കവിഞ്ഞൊഴുകുന്ന കൃപമാത്രമാണ്‌ ഈ വളര്‍ച്ചയുടെ രഹസ്യമെന്ന്‌ തങ്കു ബ്രദറും, അദ്ദേഹത്തോട്‌ ചേര്‍ന്ന്‌ നേതൃത്വം നല്‍കുന്ന തോമസുകുട്ടി ബ്രദറും ശക്തമായി വിശ്വസിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ ജെയ്‌ക്ക്‌ (732 343 5094), ബ്ര. ജിജി (516 200 3229), ബ്ര. അബു (347 448 0714). വെബ്‌സൈറ്റ്‌: www.thehevenlyfeast.org
സ്വര്‍ഗ്ഗീയ വിരുന്നിന്‌ ന്യൂയോര്‍ക്കില്‍ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ആരംഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക