Image

ആറന്‍മുള വിമാനത്താവളം: കെ.ജി.എസ്‌ ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 21 November, 2014
ആറന്‍മുള വിമാനത്താവളം: കെ.ജി.എസ്‌ ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ സുപ്രീംകോടതിയില്‍ കെ.ജി.എസ്‌ ഗ്രൂപ്പ്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പരിസ്ഥിതി അനുമതി നിഷേധിച്ച ട്രൈബ്യൂണല്‍ ഉത്തരവ്‌ കോടതി ശരി വച്ചു. പരിസ്ഥിതി ആഘാത പഠനം നടത്തിയ സ്ഥാപനത്തിന്‌ അംഗീകാരമില്ലെന്ന കണ്ടെത്തലാണ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ ശരി വച്ചത്‌.

ഹരിത ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ കെ.ജി.എസ്‌ ഗ്രൂപ്പ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. പദ്ധതിക്ക്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്‌ എല്ലാ പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കും ശേഷമാണ്‌. ഇതൊന്നും പരിഗണിക്കാതെയാണ്‌ ഹരിത ട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചത്‌. ട്രൈബ്യൂണലിന്റെ വിധി റദ്ദാക്കിക്കൊണ്ട്‌ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നായിരുന്നു കെ.ജി.എസിന്റെ വാദം.

വ്യക്തമായ പരിസ്ഥിതി ആഘാത പഠനമോ, മാനദണ്‌ഡങ്ങളനുസരിച്ച്‌ സമീപവാസികളുടെ അഭിപ്രായമോ കേട്ടു തെളിവെടുപ്പോ നടത്തിയിട്ടില്ലെന്നും ഇവ പരിസ്ഥിതി അനുമതി നിഷേധിക്കുന്നതിനു മതിയായ കാരണങ്ങളാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷണം നടത്തിയിരുന്നു. തെറ്റായ വിവരങ്ങള്‍ കാണിച്ചാണു പരിസ്ഥിതി അനുമതി നേടിയതെന്നും നെല്‍വയല്‍, നീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചുവെന്നുമുളള ഹര്‍ജിക്കാരുടെ ആരോപണം തെളിഞ്ഞുവെന്നും ട്രൈബ്യൂണല്‍ വിധിയില്‍ പറഞ്ഞിരുന്നു.

തണ്ണീര്‍ത്തട നിയമ ലംഘനം ഉള്‍പ്പെടെ നിരവധി ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണ്‌ ആറന്‍മുളയില്‍ കെ,ജി.എസ്‌ ഗ്രൂപ്പ്‌ വിമാനത്താവളം നിര്‍മിക്കാന്‍ ഒരുങ്ങിയത്‌. ഇതിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആറന്‍മുള വിമാനത്താവളം: കെ.ജി.എസ്‌ ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക