Image

വിശുദ്ധ ചാവറ അച്ചനെ ആദരിച്ച വഴികളിലൂടെ- സിറിയക് സ്‌കറിയ

സിറിയക് സ്‌കറിയ Published on 19 November, 2014
 വിശുദ്ധ ചാവറ അച്ചനെ ആദരിച്ച വഴികളിലൂടെ- സിറിയക് സ്‌കറിയ
വിശ്വാസവും ചിന്തയും പ്രവര്‍ത്തിയും ബഹുജന നന്മയ്ക്കായ് സമന്വയിപ്പിച്ച കര്‍മ്മശ്രേഷ്ഠന്‍ ഇതാണ് ഒരു വാചകത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍.

മതവും, അനുഷ്ഠാനങ്ങളും, വാക്കുകളുമൊക്കെ വിദ്വേഷത്തിന്റെ മുള്‍മുനകളാകുന്ന ഇന്നത്തെ ലോകത്ത് എല്ലാവര്‍ക്കും നന്മ ചെയ്ത കടന്നുപോയ ചാവറയച്ചനെ പോലെയുള്ളവരുടെ പ്രവര്‍ത്തികള്‍ പ്രചരിപ്പിക്കേണ്ടവ കലോചിതം തന്നെ.

മാതൃഭൂമി സീനിയര്‍ എഡിറ്റര്‍ പി.കെ.രാജശേഖരന്‍, ഇടതുപക്ഷചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ഇക്ബാല്‍, ബഹുമാന്യരായ വൈദികര്‍, തുടങ്ങി അനേകര്‍ ഈ കഴിഞ്ഞ കുറേ ആഴ്ചകളിലായ് ചരിത്രത്തിന്റെയും ജീവിത ദര്‍ശനങ്ങളുടെയുമൊക്കെ അക്ഷരവീഥിയിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുകയുണ്ടായി.

2014, നവം.23ന്റെ പൊന്‍പുലരിയില്‍ ചാവറയച്ചന്‍ ഔദ്യോഗികമായ് വിശുദ്ധനായ് പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഇനിയും ആ മഹത് വ്യക്തിയെ അറിയാത്തവര്‍ക്കായ് ഈമലയാളി ഒരു dossier ഒരുക്കുകയാണ്.

'Make in India' എന്ന പ്രചരണത്തിന് ഉദാഹരണമാക്കേണ്ട വ്യക്തിത്വമാണ് ചാവറയച്ചന്‍. കാരണം മറ്റൊന്നുമല്ല, ശ്രീ.പി.കെ. രാജശേഖരന്‍ പറഞ്ഞതുപോലെ, മനസ്സില്‍ കൊത്തിവച്ച് കൊണ്ടുവന്ന തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ് മോഡല്‍ ഒരു വാഴപ്പിണ്ടിയിലേക്ക് ചെത്തിമിനുക്കി പകര്‍ത്തിയപ്പോള്‍ ആദ്യമായ് തദ്ദേശീയമായ് രൂപകല്പന ചെയ്യപ്പെട്ടു അച്ചടിയന്ത്രം ചാവറയച്ചനിലൂടെ 'കൈരളിയുടെ മണ്ണില്‍' നിര്‍മ്മിക്കപ്പെട്ടു. ഉച്ചക്കഞ്ഞി സ്‌ക്കൂളുകളില്‍ നടപ്പിലാക്കിയതിലൂടെ സാര്‍വ്വത്രിക സാമൂഹിക വിദ്യാഭ്യാസ സംവിധാനം നിലവില്‍ വന്നു. പള്ളിക്കൂടം എന്ന വികസന മോഡലിലൂടെ ലോകം കണ്ട ഏറ്റവും വലിയ സാശ്രയ സഹകരണ സംവിധാനത്തിലും ചാവറയച്ചന്റെ ദര്‍ശനങ്ങള്‍ സാക്ഷ്യമേകി. ലോകത്തിന്റെ സങ്കുചിത ഭാവങ്ങളെ ദൈവിക ദര്‍ശനങ്ങളിലൂടെ അതിജീവിച്ച്, ഒള്ളവനും ഇല്ലാത്തവനും ഒരേ അവസരം നല്‍കി, നിറം കൂടിയവനെയും കുറഞ്ഞവനെയും ഒരേ കണ്ണുകളാല്‍ കണ്ട്, ക്ഷണികമായ മനുഷ്യജീവിതത്തിന് ഒരു പുത്തന്‍ ജീവിതദര്‍ശനം നല്‍കി പ്രവര്‍ത്തിച്ച വിശുദ്ധ ചാവറ അച്ചന്‍ കാല്പനിക ലോകത്തിന് ഇന്നും അനുകരണീയന്‍ തന്നെ.

ചാവറയച്ചന്‍ തുടങ്ങിവച്ച വഴിയിലൂടെ കേരളം സാമൂഹികമായ് ഉണര്‍ന്നെങ്കിലും ഉച്ചനീചത്വങ്ങളുടെയും ജാതിമതസ്പര്‍ദ്ധയുടെയും നീരാളിപിടുത്തത്തില്‍ നിന്നും ഇന്നും നാം മോചിതരല്ല.

വിദ്യാഭ്യാസം ഓരോരുത്തരുടെയും അഭിരുചിക്കും അന്തര്‍ലീനമായ കഴിവുകള്‍ക്കും അനുസൃതമാക്കുന്ന വ്യവസ്ഥതിയിലേക്കുള്ള ഉയര്‍ച്ചയിലേക്കു മാത്രമെ കേരളം രക്ഷപ്പെടുകയുള്ളൂ.
അത്തരമൊരു നവയുഗ ശില്പിക്കായ് വാഴപ്പിണ്ടി വിപ്ലവത്തിലൂടെ 'Make in India' യാഥാര്‍ത്ഥ്യമാക്കിയ വിശുദ്ധ ചാവറ അച്ചന്റെ ദീപ്തസ്മരണകള്‍ ഞാന്‍ സമര്‍പ്പിക്കട്ടെ.
 വിശുദ്ധ ചാവറ അച്ചനെ ആദരിച്ച വഴികളിലൂടെ- സിറിയക് സ്‌കറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക