Image

ഇതിഹാസങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തി ബി.ജെ.പിയും കോണ്‍ഗ്രസും– ദല്‍ഹി കത്ത് (പി.വി. തോമസ്)

(പി.വി. തോമസ്) Published on 15 November, 2014
ഇതിഹാസങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തി ബി.ജെ.പിയും കോണ്‍ഗ്രസും– ദല്‍ഹി കത്ത് (പി.വി. തോമസ്)
ജവഹര്‍ലാല്‍ നെഹ്‌റുവന്റെയും സര്‍ദാര്‍ വല്ലാഭായി പട്ടേലിന്റെയും പ്രിയദര്‍ശിനി ഇന്ദിരാഗാന്ധിയുടെ ഐതിഹാസിക ജീവിതങ്ങളില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തി മുതലലെടുക്കുവാന്‍ ശ്രമിക്കുന്നത് നിന്ദ്യമാണ്. അതാണ് ബി.ജെ.പിയും കോണ്‍ഗ്രസും ഇപ്പോള്‍ ഈ യുഗവിഗ്രഹങ്ങളുടെ പേരില്‍ ചെയ്യുന്നത്. ഇവരുടെ ഭരണത്തെയും കാലഘട്ടത്തെയും അപഗ്രഥിക്കുന്നതും നേട്ടങ്ങളെയും കോട്ടങ്ങളെയും വിലയിരുത്തുന്നതും സ്വാഗതാര്‍ഹമാണ്. പക്ഷേ അത് ജുഗ്പ്‌സാവഹമായ വ്യക്തിഹത്യയിലേക്കും തെരുവ് രാഷ്ട്രീയത്തിലേക്കും അധപതിക്കുന്നത് വേദനാജനകം ആണ്.
നെഹ്‌റുവിന്റെ 125-#ാ#ം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ (നവംബര്‍ 14 , 2014) അദ്ദേഹത്തെ ചരിത്രത്തിന്റെ കൂട്ടില്‍ നിര്‍ത്തി കൊണ്ട് വിചാരണ ചെയ്യുന്നത് രാഷ്ട്രീയ ധര്‍മ്മം ആണ്. പക്ഷേ, അത് ഒരു വിഗ്രഹത്തിനു മുകളില്‍ മറ്റൊരു വിഗ്രഹത്തെ അടിച്ചേല്‍പിക്കുവാനും തേജോവധം ചെയ്യുവാനും ഉള്ള രാഷ്ട്രീയ ഉദ്ദേശത്തോടെ ആയിരിക്കുന്നത്. മഹാത്മാഗാന്ധിയെ പോലെ നെഹ്‌റുവിനും പട്ടേലിനും ഇന്ദിരാഗാന്ധിക്കും ഇന്ത്യന്‍ ചരിത്രത്തിലുള്ള സ്ഥാനം മാനിച്ചുകൊണ്ടാണ് നെഹ്‌റുവന്റെ പ്രസക്തി വിലയിരുത്തുവാന്‍ ഇവിടെ ശ്രമിക്കുന്നത്.
1947 ഓഗസ്ത് 14-ന് അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു നടത്തിയ ചരിത്ര പ്രധാനമായ ആ പ്രസംഗം ഇവിടെ ഓര്‍മ്മിക്കാതെ വയ്യ. അദ്ദേഹം പറഞ്ഞു--
Long years ago we made a tryst with destiny, and now the time comes when we shall redeem our pledge, not wholly or in full measure, but very substantially. At the stroke of the midnight hour, when the world sleeps, India will awake to life and freedom. A moment comes, which comes but rarely in history, when we step out from the old to the new, then an age ends, and when the soul of a nation, long suppressed, finds utterance.
ലോക രാഷ്ട്രങ്ങളും ചരിത്രവും ഇന്ത്യയുടെ ശബ്ദം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച നിമിഷം ആയിരുന്നു അത്. നെഹ്‌റുവിന്റെ വാക്കുകളും പ്രവര്‍ത്തികളും അദ്ദേഹത്തിന്റെ 125-ാം ജന്മദിനത്തില്‍ പുനര്‍ചിന്തനം ചെയ്യപ്പെടുകയാണ്. ഒരു ഇതിഹാസത്തെ വിമര്‍ശനബുദ്ധ്യാ പഠിക്കുവാന്‍ ശ്രമിക്കുകയാണ് ഒരു തലമുറയും ഒരു കാലഘട്ടവും. ഇവിടെ അസ്വസ്ഥത ഉളവാക്കുന്ന കാര്യം നരേന്ദ്രമോഡിയുടെ ആരോഹണത്തോടെ നെഹ്‌റു-ഇന്ദിര-രാജീവ് ലെഗസികള്‍ ഒരു വശത്തും പട്ടേല്‍ ലെഗസി മറുവശത്തുമായി അണി നിരത്തപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസുകാരനായ പട്ടേലിനെ നാളിതുവരെ കോണ്‍ഗ്രസ് അവഗണിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കാള്‍ വലുത് - നിര്‍മ്മിച്ചാണ് ഇതിന് പരിഹാരം ചെയ്യുവാന്‍ മോഡി തീരുമാനിച്ചിരിക്കുന്നത്. ഉരുക്കില്‍ തീര്‍ത്ത ഉരുക്കു മനുഷ്യന്റെ പ്രതിമ ഗുജറാത്തില്‍ ആണ് സ്ഥാപിക്കുവാന്‍ പോകുന്നത്. ഗുജറാത്ത് പട്ടേലിന്റെയും മോഡിയുടെയും ജന്മനാടാണല്ലോ. അത് മഹാത്മാഗാന്ധിയുടെയും മൊറാര്‍ജി ദേശായിയുടെയും കൂടെ ജന്മനാടാണ് എന്ന കാര്യവും ഓര്‍മ്മിക്കണം. പട്ടേലിന്റെ പ്രതിമക്ക് അഖണ്ഡതയുടെ പ്രതിമ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യയെ ഒറ്റ രാജ്യമാക്കി പുനരേകീരരിച്ച പട്ടേലിനുള്ള നല്ല ഒരു ഉപഹാരം ആണ് ഇതെന്നതില്‍ സംശയം ഇല്ല. സംഭവം പ്രശ്‌നം ആകുന്നത്, പ്രതിമയില്‍ രാഷ്ട്രീയം കലരുമ്പോള്‍ ആണ്. മോഡിയും സംഘപരിവാറും പട്ടേലിനെ ഹിന്ദുത്വതത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. നെഹ്‌റുവിനെ കപട മതനിരപേക്ഷവാദി ആയിട്ടും. പട്ടേലിന്റെ ഹൈന്ദവ ആഭിമുഖ്യം കൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ തരം താഴ്ത്തി കണ്ടതെന്നാണ് മോഡിയുടെയും സംഘപരിവാറിന്റെയും വാദം. നെഹ്‌റു കുടുംബത്തോട് മൊത്തത്തില്‍ മോഡിക്കും പരിവാറിനും പ്രതിപത്തിയില്ല. ഒക്‌ടോബര്‍ 31-ന് ഇന്ദിരഗാന്ധിയുടെ രക്തസാക്ഷി ദിനം തന്നെയാണ് - പട്ടേലിന്റെ ജന്മദിനവു. ഇന്ദിരാഗാന്ധിയുടെ മരണം മുതല്‍ (1984) ഈ ദിവസം രക്തസാക്ഷിദിനമായിട്ടാണ് ആചരിക്കുന്നത്. പക്ഷേ, ഈ വര്‍ഷം അതും പട്ടേലിന്റെ ജന്മദിനമായിട്ടാണ് ആഘോഷിച്ചത്. പട്ടേലിന്റെ ജന്മദിനം ഏകതയുടെ ദിനമായിട്ടാണ് മോഡിയും ബി.ജെ.പി.യും ആഘോഷിച്ചത്. ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമായ ശക്തിസ്ഥല്‍ രക്തസാക്ഷിദിനത്തില്‍ സന്ദര്‍ശിക്കുവാന്‍ പോലും മോഡി കൂട്ടാക്കിയില്ല ! ഇതോടെ സ്പന്ദരാഷ്ട്രീയവും ഇരു വിഭാഗങ്ങളും തമ്മില്‍ മൂര്‍ച്ഛിച്ചു. നെഹ്‌റുവിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മോഡിയെ ക്ഷണിച്ചില്ല. ഇതിന് കോണ്‍ഗ്രസിന്റെ മറുപടി നെഹ്‌റുവിന്റെ ആദര്‍ശങ്ങളില്‍ വിശ്വാസം ഇല്ലാത്തവരെ ക്ഷണിക്കുന്നതില്‍ കോണ്‍ഗ്രസിന് താല്പര്യം ഇല്ലെന്നാണ് ! പട്ടേലിനെയും നെഹ്‌റു കുടുംബത്തെയും ചൊല്ലിയുള്ള ഈ കുടിപ്പക കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കുമെന്നതില്‍ തര്‍ക്കമില്ല.
മോഡിക്ക് നെഹ്‌റു ഡൈനാസ്റ്റിയെയും, കോണ്‍ഗ്രസിനെയും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും തുടച്ചു മാറ്റണം. കോണ്‍ഗ്രസിനാകട്ടെ, നെഹ്‌റു ഡൈനാസ്റ്റി തകര്‍ന്നാല്‍ അതിന്റെ അസ്ഥിത്വം തന്നെ തകരുമെന്നറിയാം. നെഹ്‌റുവും പട്ടേലും ഇന്ദിരയും മറ്റുപലരെയും പോലെ സ്വതന്ത്രഭാരതത്തിന്റെ ശില്പികള്‍ ആണ്. ഇത് ആരെങ്കിലും നിരാകരിക്കുമെന്നും തോന്നുന്നില്ല. പിന്നെ എന്തിനാണ് ഈ വില കുറഞ്ഞ തെരുവ് രാഷ്ട്രീയം ? ഇവിടെ ഏതായാലും 125-ാം ജന്മദിനം ആഘോഷിക്കുന്ന നെഹ്‌റുവാണ് വിഷയം. ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ സംഭാവന ? പതിനേഴു വര്‍ഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു (1947-1964). പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് അദ്ദേഹം മഹാത്മാഗാന്ധിയോടൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ മുന്‍ പോരാളി ആയിരുന്നു. ഒമ്പതു പ്രാവശ്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചിട്ടുണ്ട്. നെഹ്‌റു 3262 ദിവസങ്ങള്‍ (ഒമ്പത് വര്‍ഷത്തിന് 23 ദിവസം കുറവ്) ജയിലില്‍ തടവുകാരനായി കഴിഞ്ഞിട്ടുണ്ട്. എന്തായിരുന്നു ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ നെഹ്‌റുവിന്റെ സംഭാവന ? 1869 നവംബര്‍ 14 ന് അലഹബാദിലെ ധനാഢ്യനായ ഒരു അഭിഭാഷകന്റെ മകനായി ജനിച്ച് (മോത്തിലാല്‍ നെഹ്‌റു) കൊട്ടാര സദൃശമായ ആനന്ദഭവനില്‍ ബാല്യം കഴിച്ച് ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം നടത്തി സ്വാതന്ത്ര്യത്തിന്റെ എരിതീയിലേക്ക് യുവത്വത്തില്‍ എടുത്തുചാടിയ ജവഹര്‍ലാല്‍ നെഹ്‌റു ആരായിരുന്നു വാസ്തവത്തില്‍ ? അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും വലിയ ദീര്‍ഘദര്‍ശി ആയിരുന്നോ ? അതോ സ്വപ്നജീവിയോ ? എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്നോ ? സ്വതന്ത്രസേനാനിയും ദേശഭക്തനും ആയിരുന്നോ ? യുദ്ധവിരുദ്ധനും സമാധാനപ്രിയനും ആയിരുന്നോ ? ഒരു ദേശീയവാദിയും അതേസമയം തന്നെ അന്താരാഷ്ട്രവാദിയായ ഒരു വിശ്വപൗരനും ആയിരുന്നോ ? നെഹ്‌റുവിന്റെ ജീവചരിത്രകാരനായ ഡി.എഫ്.കരാക്ക എഴുതിയത് അദ്ദേഹം എപ്പോഴും മേഘങ്ങള്‍ക്കിടയിലെവിടെയോ ജീവിച്ചിരിക്കുന്നുവെന്നാണ് !
1935 - ല്‍ സ്വതന്ത്ര്യസമരം കത്തിനില്‍ക്കുമ്പോള്‍ “സ്വാതന്ത്ര്യത്തിലേക്ക്” എന്ന പുസ്തകത്തില്‍ നെഹ്‌റു എഴുതി. “ഞാന്‍ പലപ്പോഴും അതിശയിക്കാറുണ്ട് ഞാന്‍ ആരെയെങ്കിലും ശരിക്കും പ്രതിനിധീകരിക്കാറുണ്ടോയെന്ന്. എന്റെ ജീവിത ചിന്തയും സമീപനവും പടിഞ്ഞാറിനോട് കൂടുതല്‍ സാദൃശ്യമുള്ളതാണ്. എന്നാല്‍ ഒട്ടേറെ രീതിയില്‍ ഇന്ത്യ എന്നാല്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്നു. ഉപബോധത്തിന്റെ ഏതോ തലങ്ങളില്‍ നൂറുവര്‍ഷങ്ങളായിട്ടുള്ള ബ്രാഹ്മണരെക്കുറിച്ചുള്ള വംശസ്മൃതികള്‍ വീണു കിടപ്പുണ്ട്. എനിക്ക് എന്റെ ഭൂതകാല സമ്പത്തുകളോ വര്‍ത്തമാനകാല നേട്ടങ്ങളോ ഉപേക്ഷിക്കുവാന്‍ ആവുകയില്ല. ഇവ രണ്ടും എന്റെ ഭാഗം ആണ് - പടിഞ്ഞാറും കിഴക്കും. ഇവ എന്റെ സഹായത്തിനെത്തിയിട്ടുണ്ടെങ്കിലും ഇവ എന്നില്‍ ഒരു ആദ്ധ്യാത്മിക ഏകാന്തത സൃഷ്ടിക്കുന്നു. ഞാന്‍ പടിഞ്ഞാറ് ഒരു അപരിചിതനാണ്. പക്ഷേ, എന്റെ സ്വന്തം നാട്ടില്‍ പോലും ചിലപ്പോള്‍ എനിക്ക് ഒരു നാടുകടത്തപ്പെട്ടവന്റെ വികാരം ആണ്. നാടുകടത്തപ്പെട്ടവന്റെ ഈ ഏകാന്തതയ്ക്ക് തിരയടങ്ങാത്ത ഒരു വന്‍കടലിന്റെ പ്രക്ഷുബ്ധമായ ശാന്തതയുണ്ടായിരുന്നു. അത് നെഹ്‌റുവിന് മാത്രമേ അറിയുമായിരുന്നുള്ളൂ.
നെഹ്‌റുവില്‍ ക്ഷുഭിതനായ ഒരു നിഷേധി എപ്പോഴും വളരുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരിക്കല്‍ ആക്രോശിച്ചത്. കരിഞ്ചന്തക്കാരെ ഞാന്‍ തൊട്ടടുത്ത തെരുവുമരത്തില്‍ തൂക്കിലിടുമെന്ന്. പക്ഷേ, നടന്നില്ല. അവിടെ വിപ്ലവകാരി സ്വപ്നാടകന്‍ ആയി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കള്ളപ്പണവും നെഹ്‌റുവിന്റെ ഭരണത്തിനു കീഴില്‍ സമൃദ്ധമായി തഴച്ചുവളര്‍ന്നു. അഴിമതിയുള്‍പ്പെടെ ഇന്നു കാണുന്ന ഒട്ടേറെ സാമൂഹ്യ തിന്മകളുടെ ആരംഭം നെഹ്‌റു ഭരണകാലത്തായിരുന്നുവെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. അദ്ദേഹം ഒരു ജനാധിപത്യവാദിയും അതേസമയം തന്നെ ഏകാധിപതിയും ആയിരുന്നു. ഒരു ജനകീയ ഏകാധിപതി.
അദ്ദേഹത്തിനു ചുറ്റും സ്വാതന്ത്ര്യസമരത്തിന്റെ വിശുദ്ധപരിവേഷം ഉണ്ടായിരുന്നു. ജനങ്ങല്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു. അദ്ദേഹം ജനങ്ങള്‍ക്ക് 'പണ്ഡിറ്റ്ജി' ആയിരുന്നു. കുട്ടികള്‍ക്ക് 'ചാച്ചാനെഹ്‌റുവും'. പണ്ഡിറ്റ്ജിക്ക് സമശീര്‍ഷനായി ഒരു നേതാവ് കോണ്‍ഗ്രസിന് അകത്തോ പുറത്തോ ഉണ്ടായിരുന്നില്ലാ. പാര്‍ലമെന്റിന് അകത്തോ പുറത്തോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ ചോദ്യം ചെയ്യുവാന്‍ ആരും ഉണ്ടായിരുന്നില്ല. സര്‍ദാര്‍ പട്ടേലിന്റെ മരണശേഷം നെഹ്‌റുവിന് എതിരാളികളായി ആരും ഉണ്ടായിരുന്നില്ല. അദ്ദേഹം കോളനി വാഴ്ചയുടെയും ക്യാപ്പിറ്റലിസത്തിന്റെയും , കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും മിശ്രിതസൃഷ്ടിയായി രൂപാന്തരപ്പെടുകയായിരുന്നു. ഒരു കേന്ദ്രീകൃത ആസൂത്രണകമ്മീഷന്‍ സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. (അതാണ് ഇപ്പോള്‍ മോഡി അഴിച്ച് പണിയുന്നത്). റഷ്യന്‍ മാതൃകയില്‍ പഞ്ചവത്സര പദ്ധതികള്‍ ആരംഭിച്ചു, വികസനത്തിനായി. ഡാമുകള്‍ പണിതു. പൊതുമേഖല സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചു. ഉരുക്ക് ഫാക്ടറികള്‍ പണിതുയര്‍ത്തി. ആധുനിക ഭാരത നിര്‍മ്മാണത്തിന് അടിത്തറയിട്ടു. ഡാമുകളും ഉരുക്ക് നിര്‍മ്മാണശാലകളും ആണ് ആധുനികഭാരതത്തിലെ അമ്പലങ്ങള്‍ എന്ന് ദൈവ നിഷേധിയായ ആ പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു. അപ്പോഴും അദ്ദേഹം ഒരു സ്വപ്നജീവിയായിരുന്നു. അതേസമയം തന്നെ പ്രായോഗികവാദിയും. പ്രായോഗിക വാദതലത്തില്‍ അദ്ദേഹത്തിന് മനസ്സിലായി തുടങ്ങി. അദ്ദേഹത്തിന്റെ കാശ്മീര്‍ നയം പരാജയപ്പെട്ടു. കാശ്മീരില്‍ ഒരു ഹിതപരിശോധന നടത്താമെന്ന് ഐക്യരാഷ്ട്രസംഘടനക്ക് ഉറപ്പ് നല്‍കിയത് അദ്ദേഹം ആയിരുന്നു. (പക്ഷേ, ആ തീരുമാനം എടുത്ത മന്ത്രിസഭാ യോഗത്തില്‍ പട്ടേലും സന്നിഹിതരായിരുന്നു). 1947 ഒക്‌ടോബറില്‍ പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ്ഗക്കാര്‍ കാശ്മീര്‍ കയ്യേറിയപ്പോള്‍ പട്ടേലും ജനറല്‍ തിമ്മയ്യയും (അന്ന് അദ്ദേഹം ലഫ്റ്റനന്റ് ജനറല്‍ തിമ്മയ്യ ആയിരുന്നു) ശക്തമായ സൈനിക ഇടപെടലിനെ പിന്തുണച്ചു. പക്ഷേ, നെഹ്‌റു ഉത്തരവ് പുറപ്പെടുവിച്ചില്ല. അദ്ദേഹം അന്ന് ശക്തമായ ഒരു നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് പാക്കിസ്ഥാന്‍ കയ്യേറിയ കാശ്മീര്‍ എന്ന ഒരു പ്രവിശ്യ ഉണ്ടാകുമായിരുന്നില്ലെന്ന് വിശ്വസിക്കുന്ന ചരിത്രകാരന്മാര്‍ ഉണ്ട്. 1962 - ലെ ഹിന്ദി-ചീനി ഭായിഭായീയും പഞ്ചശീലവും ചൈനാപോളിസിയും നെഹ്‌റുവിന്റെ വന്‍ പരാജയങ്ങളായി അവശേഷിക്കുന്നു. 1962-ലെ ചൈനീസ് ആക്രമണത്തിലേറ്റ പരാജയത്തില്‍ നിന്നും നെഹ്‌റുവിന് മാനസികമായും ശാരീരികമായും മുക്തനാകുവാന്‍ ആയില്ല മരണം വരെയും. ശാരീരികമായി അദ്ദേഹം ഇതിന്റെ പരിണിത ഫലമായി ഒരു പക്ഷാഘാതത്തിനിരയായി !
സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ പ്രധാന അഴിമതികേസ് പൊങ്ങി വന്നത് നെഹ്‌റുവിന്റെ കാലത്തായിരുന്നു - 1949- ല്‍. ജീപ്പ് കുംഭകോണം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കേസില്‍ ഉള്‍പ്പെട്ടത് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മേധാവി വി.കെ.കൃഷ്ണമേനോന്‍ ആയിരുന്നു. 80 ലക്ഷം രൂപ (ഒരു പക്ഷേ, ഇന്നത്തെ 100 കോടി രൂപ) ആയിരുന്നു അതില്‍ ഇന്ത്യക്ക് നഷ്ടമായത്. പട്ടാളത്തിനുവേണ്ടി 2000 ജീപ്പുകള്‍ ആണ് മേനോന്‍ മുഖേന ഒരു ബ്രീട്ടീഷ് കമ്പനിയില്‍ നിന്നും വാങ്ങുവാന്‍ കരാറാക്കിയത്. പക്ഷേ, യുദ്ധം കഴിഞ്ഞിട്ടും ജീപ്പുകള്‍ എത്തിയിട്ടില്ല. ഒടുവില്‍ എത്തിയപ്പോഴാകട്ടെ വെറും 155 എണ്ണം മാത്രം. അതും ഉപയോഗ യോഗ്യം അല്ലാത്ത അവസ്ഥയിലും ! ഒന്നിലേറെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റികള്‍ നടപടിക്കായി ശുപാര്‍ശ ചെയ്‌തെങ്കിലും നെഹ്‌റു കൂട്ടാക്കിയില്ല. അദ്ദേഹം അഴിമതിക്കാരെ സംരകഷിച്ചു. അതുതന്നെയാണ് കുപ്രസിദ്ധമയാ ഹരിദാസ് മുന്ത്ര കേസിലും സംഭവിച്ചത്. ഇപ്രവാശ്യം നെഹ്‌റു സംരക്ഷിച്ചത് അദ്ദേഹത്തിന്റെ ധനകാര്യമന്ത്രി റ്റി.റ്റി കൃഷ്ണാചാരിയെ ആണ്. അഴിമതിയും അഴിമതിക്കാരെ സംരക്ഷിക്കലും നെഹ്‌റുവിന്റെ കാലത്തു തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു.
വ്യക്തിപരമായി നെഹ്‌റുവിന്റെ ഒരു നല്ല വശം തുറന്നു കാണിക്കുന്ന ഒരു സംഭവം ഞാന്‍ ഓര്‍മ്മിക്കുന്നു. എന്നോട് ഈ കാര്യം പറഞ്ഞത് ഡൂണ്‍ സ്‌കൂളില്‍ രാജീവ് ഗാന്ധിയുടെയും ,സഞ്ജയ് ഗാന്ധിയുടെയും പിന്നീട് രാഹുല്‍ ഗാന്ധിയുടെയും അദ്ധ്യപകന്‍ ആയിരുന്ന ശൈലേഷ് ഭട്ട് ആണ്. സഞ്ജയ് ഡൂണ്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഒരു ദിവസം അദ്ദേഹത്തെ അച്ചടക്ക ലംഘനത്തിന് പിടിച്ചു. നടപടിയും എടുത്തു. സ്‌കൂളില്‍ നിന്നും പുറത്താക്കുക. അന്ന് വല്ല്യച്ചന്‍(നെഹ്‌റു) പ്രധാനമന്ത്രി ആണ്. അമ്മ (ഇന്ദിരാഗാന്ധി) കോണ്‍ഗ്രസിന്റെ മുതില്‍ന്ന നേതാവും. വിവരം നെഹ്‌റുവിന്റെ അടുത്തെത്തി. അദ്ദേഹം എതിര്‍ത്ത് ഒരക്ഷരം പറയാതെ ഇന്ദിരയോട് പറഞ്ഞു സഞ്ജയനെ പോയി വിളിച്ചുകൊണ്ട് വരിക, ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ താന്‍ ഇക്കാര്യത്തില്‍ കൊച്ചു മകനുവേണ്ടി ഒരു നിലപാട് എടുക്കുകയില്ല.
നെഹ്‌റുവിനെതിരെ എന്തെല്ലാം വിമര്‍ശനങ്ങളും വിദ്വേഷങ്ങളും പ്രചരിപ്പിക്കപ്പട്ടാലും അദ്ദേഹം ആധുനിക ഇന്ത്യയുടെ ശില്പിയാണ്. ഒരു ഭരണാധികാരിയെ വിലയിരുത്തുമ്പോള്‍ അദ്ദേഹം ഭരിച്ച കാലഘട്ടത്തെ കൂടെ പഠിക്കുവാന്‍ ഉണ്ട്. അയല്‍ രാജ്യങ്ങള്‍ പട്ടാളഭരണത്തിലേക്കും രാജഭരണത്തിലേക്കും മതാധിഷ്ഠിത ഭരണത്തിലേക്കും അരാജകത്വത്തിലേക്കും വഴുതിവീണപ്പോള്‍ ഇന്ത്യക്ക് ഒരു ജനാധിപത്യ-മതേതരത്വഭരണകൂടത്തെ പ്രദാനം ചെയ്യുവാന്‍ നെഹ്‌റുവിന് സാധിച്ചു.
ഒരു സ്വപ്നസഞ്ചാരിയായിരുന്ന അദ്ദേഹത്തിന് ഒട്ടേറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ പലതും ബാക്കി വച്ചിട്ടാണ് അദ്ദേഹം ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് യാത്രയായത്. മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ മേശപ്പുറത്തു നിന്നും കണ്ടെത്തിയ അമേരിക്കന്‍ കവി ശ്രേഷ്ഠന്‍ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഈ കവിതാശകലം അതിന് ഉദാഹരണം ആണ്.
“The woods are lovely, dark and deep / But I have promises to keep, /And miles to go before I sleep, / And miles to go before I sleep.”
പക്ഷേ, ആ യാത്ര അധികം തുടരുവാന്‍ അദ്ദേഹത്തിനായില്ല.
ഇതിഹാസങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തി ബി.ജെ.പിയും കോണ്‍ഗ്രസും– ദല്‍ഹി കത്ത് (പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക