Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-12: സാം നിലമ്പള്ളില്‍)

Published on 15 November, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-12: സാം നിലമ്പള്ളില്‍)
അദ്ധ്യായം പന്ത്രണ്ട്‌.

അന്നുരാത്രി വളരെ വൈകിയാണ്‌ ജൊസേക്ക്‌ ജോലികഴിഞ്ഞെത്തിയത്‌. എന്നും വൈകിട്ട്‌ ആറരക്കും ഏഴിനുമിടക്ക്‌ വീട്ടിലെത്തുന്ന ഭര്‍ത്താവിനെ ഒന്‍പതുമണിയായിട്ടും കാണാഞ്ഞ്‌ സെല്‍മ വിഷമിച്ചു. ജൂതരെ എസ്സെസ്സുകാര്‍ വേട്ടയാടുകയാണെന്ന്‌ അവള്‍ക്കറിയാം. ഏതുനിമിഷവും എന്തും സംഭവിക്കാമെന്നുള്ള ഭയത്തിലാണ്‌ എല്ലാവരും കഴിയുന്നത്‌.

ഒന്‍പതുമണി കഴിഞ്ഞപ്പോള്‍ തിരക്കിട്ട്‌ കയറിവന്ന്‌ ഒന്നുനോക്കുകപോലുംചെയ്യാതെ വേഗംപോകാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ സെല്‍മ പരിഭ്രമിച്ചു. ഈയിടെയായി നിസാരമായ കാര്യങ്ങള്‍വരെ അവളെ ഭയപ്പെടുത്തുകയാണ്‌. റോഡില്‍ ഒരു കാറിന്റെ ഹോണ്‍കേട്ടാല്‍മതി അവള്‍ ഞെട്ടിവിറക്കും. ഹിറ്റ്‌ലറുടെ പട്ടാളക്കാര്‍ ഏതുനിമിഷവും വാതിലില്‍ മുട്ടാമെന്നാണ്‌ അയലത്തെ സ്‌ത്രീകള്‍ പറയുന്നത്‌. ജൂതത്തെരുവുകള്‍ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണത്രെ.

ഭര്‍ത്താവ്‌ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാകാതെ അവള്‍ അയാളെത്തന്നെ നോക്കിനിന്നു. എന്താണ്‌ കാര്യമെന്ന്‌ ചോദിക്കുനുള്ള ധൈര്യമില്ല. നാസികള്‍വന്ന്‌ വീടൊഴിയാന്‍ ആവശ്യപ്പെട്ടോ? പെട്ടിയും കിടക്കയുമായി റയില്‍വേ സ്റ്റേഷനിലേക്ക്‌ നടക്കാന്‍ പറഞ്ഞോ? സെല്‍മക്ക്‌ ഒന്നും മനസിലാകുന്നില്ല.

`നമ്മള്‍ രക്ഷപെടാന്‍ പോകുകയാണ്‌.' അവളുടെ പരിഭ്രമംകണ്ടിട്ട്‌ ജൊസേക്ക്‌ പറഞ്ഞു. `അത്യാവശ്യംവേണ്ട വസ്‌ത്രങ്ങളും നിന്റെ ആഭരണങ്ങളും മാത്രമെടുത്താല്‍മതി. നമ്മള്‍ വീടുവിട്ട്‌ പോവുകയാണെന്ന്‌ ആര്‍ക്കും തോന്നേണ്ട.'

സെല്‍മക്ക്‌ തന്റെ ഹൃദയം സ്‌തംഭിക്കുന്നതുപോലെ തോന്നി; കൈകാലുകള്‍ വിറക്കുന്നു; എന്തെങ്കിലും സംസാരിക്കാന്‍ നാവ്‌ പൊന്തുന്നില്ല.

`നോക്കിനില്‍ക്കാന്‍ സമയമില്ല,' ഭാര്യയുടെ പരിഭ്രമം കണ്ടിട്ട്‌ അവന്‍ വീണ്ടുംപറഞ്ഞു. `മൂന്ന്‌ ഫാമിലികള്‍ ഒന്നിച്ചാണ്‌ പോകുന്നത്‌. നാസികള്‍ കാണാതെ ഡെന്‍മാര്‍ക്കിലേക്ക്‌ കടക്കാന്‍ സാധിച്ചാല്‍ നമ്മള്‍ രക്ഷപെട്ടു.'

`എങ്ങനെയാ പോകുന്നത്‌?' അവസാനം സെല്‍മയുടെ വായില്‍നിന്ന്‌ രണ്ടുവാക്കുകള്‍ വെളിയില്‍വന്നു.

`ഡെന്‍മാര്‍ക്കില്‍നിന്നുവന്ന ഒരുട്രക്ക്‌ ഇന്നുരാത്രി തിരിച്ചുപോകുന്നുണ്ട്‌. അതില്‍ കയറി രക്ഷപെടാന്‍ നോക്കാം. ഇല്ലെങ്കില്‍ ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റെഫാനെ കൊണ്ടുപോയതുപോലെ എസ്സെസ്സ്‌ നമ്മളേയും പിടിച്ചുകൊണ്ടുപോകും.'

കൂട്ടുകാരനേയും കുടുംബത്തേയും നാടുകടത്തിയതോര്‍ത്ത്‌ ജൊസേക്ക്‌ ഈയിടെയായി വലിയ ദുഃഖത്തിലായിരുന്നു. സാറയുടേയും കുഞ്ഞുങ്ങളുടേയും കാര്യമോര്‍ത്ത്‌ സെല്‍മയും സങ്കടപ്പെട്ടിരുന്നു. തങ്ങളുടെ വീടുമായി അടുത്തബന്ധമുള്ള കുടുംബമായിരുന്നു അവരുടേത്‌. അവര്‍ മറ്റൊരു തെരുവിലായിരുന്നു താമസമെങ്കിലും അവധിദിവസങ്ങളിലും വിശേഷദിവസങ്ങളിലും പരസ്‌പര സന്ദര്‍ശനങ്ങളുണ്ടായിരുന്നു. അവരുംകൂടി ഇപ്പോള്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന്‌ അവള്‍ ആഗ്രഹിച്ചു.

വീടുവിട്ട്‌ പോവുകയാണെന്നുള്ള വസ്‌തുതയുമായി പൊരുത്തപ്പെടാന്‍ സെല്‍മക്ക്‌ ഇനിയും സാധിച്ചിട്ടില്ല. കൊണ്ടുപോകേണ്ട വസ്‌ത്രങ്ങള്‍ ഏതൊക്കെയാണെന്ന്‌ അവള്‍ തിരഞ്ഞുകൊണ്ടിരുന്നു. ഭാര്യയുടെ മെല്ലെപ്പോക്കുകണ്ട്‌ ജൊസേക്കിന്‌ ദേഷ്യംവന്നു. കാര്യത്തിന്റെ ഗൗരവം അവള്‍ക്ക്‌ ഇനിയും മനസിലായിട്ടില്ലെന്ന്‌ തോന്നുന്നു. അതുകൊണ്ടാണല്ലോ താങ്ങിയും തൂങ്ങിയും നില്‍ക്കുന്നത്‌.

`സെല്‍മ, ആലോചിച്ചുനില്‍ക്കാന്‍ സമയമില്ല; വണ്ടി ഏതുനിമിഷവും ഇവിടെയെത്തും. റെഡിയായില്ലെങ്കില്‍ അവര്‍ നമുക്കുവേണ്ടി കാത്തുനില്‍ക്കത്തില്ല. എസ്സെസ്സുകാര്‍ കറങ്ങിനടക്കുകയാണെന്ന്‌ നിനക്കറിയാമല്ലോ. അവരെ വെട്ടിച്ചുവേണം നമുക്ക്‌ പോകേണ്ടത്‌.' വസ്‌ത്രങ്ങള്‍ പായക്കുചെയ്യാന്‍ ഭാര്യയെ സഹായിക്കുന്നതിനിടയില്‍ അവന്‍ വിശദീകരിച്ചു.

`എന്റെ കയ്യുംകാലുമൊക്കെ വിറക്കുന്നു.' അവള്‍ പറഞ്ഞു. ഇത്രയുംനാള്‍ജീവിച്ച വീടുപേക്ഷിച്ച്‌ എങ്ങോട്ടോ പോവുകയാണെന്ന്‌ പറഞ്ഞാല്‍, അതും ഈ രാത്രിയില്‍. അവള്‍ക്ക്‌ ഒന്നും മനസിലാകുന്നില്ല. `നമ്മളെ വഴിയില്‍ അവര്‍ പിടികൂടിയാലോ?'

`പിടികൂടിയാല്‍ നമ്മുടെ ദൗര്‍ഭാഗ്യമെന്ന്‌ കണക്കാക്കിയാല്‍മതി. ഇതൊരു പിടിവള്ളി മാത്രമാണ്‌. രക്ഷപെട്ടാല്‍ ഭാഗ്യമെന്നു കരുതാം.' അവന്‍ പറഞ്ഞു.

മക്കള്‍ രണ്ടുപേരും നല്ല ഉറക്കത്തിലാണ്‌. നാളെരാവിലെ അവര്‍ ഉണരുന്നത്‌ വേറൊരു രാജ്യത്തായിരിക്കും. അവിടെ ചെന്നാല്‍ എങ്ങനെ ജീവിക്കുമെന്ന്‌ സെല്‍മ ചോദിച്ചു. കുറെദിവസം കഴിയാനുള്ള പണം അവന്റെ കയ്യിലുണ്ട്‌. ജര്‍മനിയില്‍നിന്ന്‌ രക്ഷപെട്ടുവരുന്നവരെ സഹായിക്കാനും താമസസൗകര്യങ്ങള്‍ ഒരുക്കാനും അവിടുത്തെ യഹൂദസമൂഹം കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന്‌ കേട്ടു.

ജൊസേക്കും മിഖൈലും, പീറ്ററും കൂടിയാണ്‌ രക്ഷപെടാനുള്ള പദ്ധതി തയ്യാറാക്കിയത്‌. കൂടുതല്‍പേര്‍ അറിഞ്ഞാല്‍ രഹസ്യം പരസ്യമാകുമെന്ന്‌ തോന്നിയതുകൊണ്ട്‌ സഹപ്രവര്‍ത്തകരോടുപോലും ഒന്നുംപറഞ്ഞിട്ടില്ല. സ്റ്റെഫാനും അവരുടെ ഗ്യാങ്ങിലുള്ള ഒരാളായിരുന്നു. അവനുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവനെക്കൂടി ഇതില്‍ കൂട്ടിയേനെ. എന്തുചെയ്യാം? പാവത്തിനെയല്ലേ നാസികള്‍ ആദ്യം പിടികൂടിയത്‌. അവനും കുടുംബവും ഇപ്പോള്‍ എവിടെയാണെന്നോ ജീവനോടെതന്നെയുണ്ടോ എന്നുപോലും അറിയാന്‍വയ്യ.

ഇനി താമസിച്ചാല്‍ തങ്ങള്‍ക്കും സ്റ്റെഫാന്റെ അവസ്ഥവരുമെന്ന്‌ തീര്‍ച്ചയുള്ളതിനാലാണ്‌ രക്ഷപെടലിനെപ്പറ്റി ചിന്തിച്ചത്‌. സ്വയമേ ഒഴിഞ്ഞുപോകുന്നവരെ നാസികള്‍ തടയുന്നില്ലെന്ന്‌ കേട്ടു; അതാണ്‌ ധൈര്യംപകര്‍ന്നത്‌. മിഖൈലാണ്‌ ഡെന്‍മാര്‍ക്കിലേക്ക്‌ പോകുന്ന ട്രക്ക്‌ കണ്ടുപിടിടിച്ചത്‌. `പന്നികളേംകൊണ്ട്‌ ബര്‍ലിനിലേക്ക്‌ വന്ന ട്രക്കാണത്രെ. ഇവിടെവന്ന്‌ കഴുകിവൃത്തിയാക്കുമെങ്കിലും അല്‍പം നാറ്റം സഹിച്ചേ പറ്റു. സാരമില്ല. ഒരുരാത്രിയിലത്തെ കാര്യമല്ലേയുള്ളു. ജീവന്‍രക്ഷിക്കാന്‍ കുറെ നാറ്റം സഹിച്ചാലും വേണ്ടില്ല.' അവന്‍ സമാധാനിപ്പിച്ചു. ട്രൈവര്‍ക്ക്‌ നൂറ്‌ മാര്‍ക്ക്‌*കൊടുക്കാമെന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ റിസ്‌ക്ക്‌ ഏറ്റെടുക്കാന്‍ തയ്യാറായി.

?മാര്‍ക്ക്‌: ജര്‍മന്‍ കറന്‍സി.

ട്രക്ക്‌ വരുന്നതുംകാത്ത്‌ വളരെനേരം ഇരുന്നിട്ടും കാണാഞ്ഞതുകൊണ്ട്‌ ജോസേക്ക്‌ പരിഭ്രാന്തനായി. അവന്‍ ക്‌ളോക്കില്‍ നോക്കി. മണി പതിനൊന്നര ആയിരിക്കുന്നു. എന്തെങ്കിലും കുഴപ്പം സംഭവിച്ചുകാണും, അല്ലെങ്കില്‍ ഇത്രയും താമസിക്കത്തില്ല. തങ്ങളുടെ രക്ഷപെടല്‍പദ്ധതി പോലീസ്‌ അറിഞ്ഞുകാണുമോ? അവര്‍ ഇങ്ങോട്ട്‌ വരുന്നവഴി എസ്സെസ്സ്‌ ട്രക്ക്‌ തടഞ്ഞ്‌ പരിശോധിച്ചുകാണും. ചോദ്യംചെയതപ്പോള്‍ മിഖൈലും, പീറ്ററും കുറ്റം സമ്മതിച്ചുകാണും. ജോസേക്കും തങ്ങളുടെകൂടെ പോരാന്‍ തയ്യാറായിരിക്കുകയാണെന്ന്‌ അവര്‍ പറഞ്ഞിട്ടുണ്ടെങ്കിലോ? അങ്ങനെയെങ്കില്‍ തന്നെ അറസ്റ്റുചെയ്യാന്‍ എസ്സെസ്സ്‌ ഉടനെ ഇവിടെയെത്തും. സെല്‍മയെ വിഷമിപ്പിക്കേണ്ട എന്നുവിചാരിച്ച്‌ തന്റെ മനോവിചാരങ്ങളൊന്നും അവളോട്‌ വെളിപ്പെടുത്തിയില്ല.

വീടുവിട്ടുപോകാന്‍ സെല്‍മക്ക്‌ തീരെ മനസില്ലായിരുന്നു. പതിനാറാമത്തെ വയസില്‍ ഇവിടെവന്നുകയറിയതാണ്‌, ജൊസേക്കിന്റെ കൈപിടിച്ച്‌. എത്ര വര്‍ഷങ്ങളായിക്കാണുമെന്ന്‌ അവള്‍ ആലോചിച്ചുനോക്കി. ഇപ്പോള്‍ തനിക്ക്‌ വയസ്‌ ഇരുപത്തിയേഴ്‌. അവള്‍ വിരല്‍മടക്കി കണക്കുകൂട്ടി. പതിനേഴ്‌, പതിനെട്ട്‌?.. അങ്ങനെ ഇരുപത്തേഴില്‍ വന്നപ്പോള്‍ കൈകളിലെ പത്തും കാലിലെ ഒരുവിരലുംകൂട്ടി പതിനൊന്നായി. അപ്പോള്‍ പതിനൊന്ന്‌ വര്‍ഷമായി താന്‍ ഈ വീട്ടില്‍ വന്നിട്ട്‌. ഇതിനിടയില്‍ രണ്ട്‌ മക്കളും ജനിച്ചു. സില്‍വിയക്ക്‌ എട്ടുവയസായി, സ്രുലേക്കിന്‌ അഞ്ചും. ജീവിതാവസാനംവരെ ഈ വീട്ടില്‍ കഴിയാമെന്നാണ്‌ വിചാരിച്ചത്‌. ജൊസേക്കിന്‌ യുദ്ധോപകരണ നിര്‍മാണ ഫാക്‌ട്ടറിയില്‍ ജോലിയുണ്ട്‌. ശമ്പളമൊക്കെ കുറവാണെങ്കിലും ഉള്ളതുകൊണ്ട്‌ ജീവിതം ഒരു ഉത്സവമാക്കാന്‍ അവള്‍ക്ക്‌ അറിയാമായിരുന്നു. നിലനില്‍പ്പിനെതന്നെ കീഴ്‌മേല്‍ മറിക്കുന്ന കൊടുങ്കാറ്റ്‌ ആഞ്ഞുവീശുമെന്ന്‌ അവള്‍ വിചാരിച്ചിരുന്നതേയില്ല.


തന്റെ വീടുവിട്ട്‌ പോകുന്നതിനെപ്പറ്റി സെല്‍മക്ക്‌ ചിന്തിക്കാന്‍ സാധിക്കുന്നില്ല; തന്റെ മക്കള്‍ ജനിച്ചുവീണവീടാണിത്‌. അവരുടെ കുഞ്ഞിക്കാലുകള്‍ ഓടിക്കളിച്ചവീട്‌. അവരെ വളര്‍ത്തിവലുതാക്കി അവര്‍ പറന്നുപോകുന്നതുംനോക്കി സന്തോഷത്തോടെ വയസന്‍ ജൊസേക്കും കിഴവി സെല്‍മയും ഒറ്റക്ക്‌ ഈ വീട്ടില്‍ കഴിയും. തൊണ്ണൂറാമത്തെ വയസില്‍ താന്‍ മരിക്കുന്നതിനെപ്പറ്റി അവള്‍ സങ്കല്‍പിക്കാറുണ്ട്‌. അപ്പോള്‍ തൊണ്ണൂറ്റിരണ്ട്‌ വയസുള്ള കിളവന്‍ ജൊസേക്ക്‌ തന്റെ കിടക്കക്ക്‌ സമീപമിരുന്ന്‌ വിങ്ങിപ്പൊട്ടുന്നു.

`ഞാന്‍പോയാലും നിങ്ങള്‍ അപ്പനെ നോക്കിക്കൊള്ളണെ, മക്കളെ.' ചുറ്റുനിന്ന്‌ കണ്ണുനീര്‍ വാര്‍ക്കുന്ന സില്‍വിയയോടും. സ്രുലേക്കിനോടും താന്‍ അവസാനമായി പറയുകയാണ്‌.

`ഞാനും ഉടനെതന്നെ നിന്റെ പിന്നാലെ വരുന്നുണ്ട്‌, സെല്‍മ,' കിളവന്‍ സമാധാനിപ്പിക്കുന്നു.

അതെല്ലാം ഓര്‍ത്തപ്പോള്‍ സെല്‍മ ചിരിച്ചു.

`നീയെന്താ തന്നെയിരുന്ന്‌ ചിരിക്കുന്നത്‌,' ജൊസേക്ക്‌ ചോദിച്ചു

`മരിക്കുന്ന കാര്യമോര്‍ത്ത്‌ ചിരിച്ചതാ.'

`മരിക്കുന്ന കാര്യമോര്‍ത്താല്‍ ആരെങ്കിലും ചിരിക്കുമോ?'

`ഇപ്പോഴല്ല, തൊണ്ണൂറാമത്തെ വയസില്‍.'

`നിനക്ക്‌ വട്ടുപിടിച്ചെന്നാ തോന്നുന്നത്‌,' ജൊസേക്ക്‌ എഴുന്നേറ്റുപോയി പിയാനോ വായിക്കാന്‍ തുടങ്ങും.

തന്റെ പ്രിയപ്പെട്ട വീടിനോട്‌ ഇപ്പോള്‍ വിടപറയുകയാണ്‌. അവള്‍ക്ക്‌ തന്റെ ഹൃദയം തകരുന്നതുപോലെ തോന്നി. പഴയകാര്യങ്ങളെല്ലാം ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ വാതിലില്‍ മുട്ടുകേട്ടു, മിഖൈലാണ്‌. വെളിയില്‍ തണുപ്പായിരുന്നിട്ടും അവന്‍ വിയര്‍ത്ത്‌ കുളിച്ചിരിക്കുന്നു, ഭയന്ന മുഖഭാവം.

`വേഗം ഇറങ്ങ്‌, ട്രക്ക്‌ ആളൊഴിഞ്ഞിടത്ത്‌ മാറ്റി നിര്‍ത്തിയിരിക്കയാണ്‌.' അവന്‍ പറഞ്ഞു

കുഞ്ഞുങ്ങളെ തോളിലേറ്റി വെളിയിലിറങ്ങി. വീടുപൂട്ടുമ്പോള്‍ ജൊസേക്കിന്റെ കണ്ണുകള്‍ നിറഞ്ഞത്‌ സെല്‍മ കണ്ടില്ല.


(തുടരും....)

പതിനൊന്നാം ഭാഗം വായിക്കുക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക