Image

സാഹസികതയുടെ പര്യായം, അനശ്വര നടന്‍ ജയന്റെ വേര്‍പാടിന്‌ ഇന്ന്‌ 34 വയസ്‌

Published on 16 November, 2014
സാഹസികതയുടെ പര്യായം, അനശ്വര നടന്‍ ജയന്റെ വേര്‍പാടിന്‌ ഇന്ന്‌ 34 വയസ്‌
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച വേഷങ്ങള്‍ ചെയ്‌ത സാഹസികതയുടെ പര്യായം ജയന്‍ അന്തരിച്ചിട്ട്‌ ഇന്ന്‌ (നവംബര്‍ 16) 34 വര്‍ഷങ്ങള്‍ പിന്നിടുന്നു.

1980 നവംബര്‍ 16ന്‌ തമിഴ്‌നാട്ടിലെ ഷോളവാരത്ത്‌ വച്ച്‌ കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സ്‌ രംഗം ചിത്രീകരിക്കുന്നതിനിടെയാണ്‌ ജയന്‍ അന്തരിച്ചത്‌. സംവിധായകന്‍ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടില്‍ സംതൃപ്‌തനായിരുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്‌തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട്‌ എടുക്കാന്‍ സംവിധായകനെ നിര്‍ബന്ധിച്ചത്‌ എന്ന്‌ കോളിളക്കത്തിന്റെ നിര്‍മാതാവ്‌ പറയുന്നു. റീടേക്കില്‍ ഹെലിക്കോപ്‌റ്റ്ര്‌! നിയന്ത്രണം വിട്ട്‌ ഇടിക്കുകയായിരുന്നു.

1939 ജൂലൈ 25ന്‌ കൊല്ലം തേവള്ളിയില്‍ മാധവവിലാസം വീട്ടില്‍ മാധവന്‍പിള്ളയുടെയും ഓലയില്‍ ഭാരതിയമ്മയുടെയും മകനായാണ്‌ കൃഷ്‌ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ചത്‌. 15 വര്‍ഷം ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ടിച്ച ജയന്‍ ചീഫ്‌ പെറ്റി ഓഫീസര്‍ പദവി രാജി വെച്ചാണ്‌ 1974ല്‍ 'ശാപമോക്ഷം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത്‌.

ചെറിയ വില്ലന്‍ വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍ വേഷങ്ങളിലേക്കും ഉപനായക വേഷങ്ങളിലേക്കും അവിടെ നിന്ന്‌ നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്‌ത 'ശരപഞ്‌ജര'മാണ്‌ ജയന്‌ നായക പദവി നല്‍കിയത്‌. ഐ വി ശശി സംവിധാനം ചെയ്‌ത 'അങ്ങാടി' ജയനെ ജനകീയ നടനാക്കിത്തീര്‍ത്തു. 1974 മുതല്‍ 80 വരെ ആറ്‌ വര്‍ഷങ്ങള്‍കൊണ്ട്‌ ഒരു തമിഴ്‌ ചിത്രമുള്‍പ്പെടെ 116 ചിത്രങ്ങളില്‍ ജയന്‍ വേഷമിട്ടു. ശാപമോക്ഷം മുതല്‍ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു.
സാഹസികതയുടെ പര്യായം, അനശ്വര നടന്‍ ജയന്റെ വേര്‍പാടിന്‌ ഇന്ന്‌ 34 വയസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക