Image

ചാവറ പിതാവിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തിയും നാമകരണ നടപടികളും (സിറിയക്‌ സ്‌കറിയ, സാന്‍ അന്റോണിയോ)

Published on 16 November, 2014
ചാവറ പിതാവിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തിയും നാമകരണ നടപടികളും (സിറിയക്‌ സ്‌കറിയ, സാന്‍ അന്റോണിയോ)
പാലാ കത്തീഡ്രല്‍ പള്ളിയുടെ സമീപം താമസിക്കുന്ന ജോസ്‌ കൊട്ടാരത്തിലിന്റെയും മേരിക്കുട്ടി ജോസ്‌ കൊട്ടാരത്തിലിന്റെയും മകളാണ്‌ മരിയാ മോള്‍. 2005 ഏപ്രില്‍ 5 നാണ്‌ മരിയാമോള്‍ ജനിച്ചത്‌. ജനിച്ച്‌ നാലഞ്ചുമാസം പ്രായമായിട്ടും രണ്ടുകണ്ണുകളും കൊണ്ട്‌ ഒരേപോലെ നേരെ നോക്കുവാന്‍ കുട്ടിക്ക്‌ കഴിയുമായിരുന്നില്ല. കണ്ണിന്റെ കൃഷ്‌മമണികള്‍ ഒരു വശത്തേക്ക്‌ മാത്രമേ ചലിക്കുമായിരുന്നുള്ളു. കുട്ടിയെ ആദ്യം പാലാ ഗവണ്‍മെന്റ്‌ ഹോസ്‌പിറ്റലിലെ ഡോക്‌ടറെ പ്രൈവറ്റായി കണ്ടു പരിശോധിപ്പിച്ചു. കുട്ടിയുടെ കണ്ണിന്‌ ഓപ്പറേഷന്‍ അല്ലാതെ മറ്റു ചികിത്സകള്‍ ഒന്നുമില്ല എന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. ചികിത്സക്കായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്‌പ്‌റ്റലിലേക്ക്‌ കുട്ടിയെ കൊണ്ടുപോകാനും പറഞ്ഞു.

9-12-2005 ല്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്‌പിറ്റലില്‍ കുട്ടിയെ പരിശോധിപ്പിച്ചു. കണ്ണിന്‌ ഓപ്പറേഷന്‍ തന്നെ വേണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു. കുട്ടിക്ക്‌ ഒരു വയസ്സിനുമുന്‍പ്‌ ഓപ്പറേഷന്‍ നടത്തുന്നതാണ്‌ കൂടുതല്‍ ഫലപ്രദം എന്നും ഡോക്‌ടര്‍ പറഞ്ഞു. ഓപ്പറേഷന്‍ അല്ലാതെ മറ്റെന്തെങ്കിലും വഴികള്‍ ഉണ്ടോ എന്നറിയാന്‍ വേണ്ടി 19 - 4 - 2006 ല്‍ വീണ്ടും കുട്ടിയെ കൂത്താട്ടുകുളം ദേവമാതാ ഹോസ്‌പിറ്റലില്‍ പരിശോധിപ്പിച്ചു. പരിശോധിച്ച ഡോക്‌ടര്‍ ഓപ്പറേഷന്‍ വേണമെന്നും അതിനുള്ള ആധുനികസൗകര്യങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്‌പിറ്റലില്‍ മാത്രമേ ഉള്ളു എന്നും പറഞ്ഞുവിടുകയും ചെയ്‌തു.

സാമ്പത്തികബുദ്ധിമുട്ടുകള്‍ മുലം ഉടനെ ഓപ്പറേഷന്‍ നടത്തുവാന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെ കുട്ടിയുടെ അമ്മ മേരിക്കുട്ടി 9-10-2007 ല്‍ മാന്നാനത്തുള്ള വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ കബറിടത്തില്‍ വന്ന്‌ ്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വൈസ്‌ പോസ്റ്റുലേറ്റര്‍ ഫാ. ജെയിംസ്‌ മഠത്തിക്കണ്ടം അവിടെ വരുകയും സംസാരിക്കുകയും ചെയ്‌തു. ചാവറപിതാവ്‌ താമസിച്ചിരുന്ന മുറിയിലും പോയി പ്രാര്‍ത്ഥിക്കുവാനും ഓഫീസില്‍ ചെന്ന്‌ സന്ദര്‍ശകഡയറിയില്‍ അഡ്രസ്സ്‌ എഴുതി നിയോഗം കുറിച്ചിടുകയും ഒരു നൊവേന പുസ്‌തകം വാങ്ങിക്കൊണ്ടുപോയി വീട്ടില്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാനും അച്ചന്‍ പറഞ്ഞു. ചാവറപിതാവിന്റെ മുറിയുടെ വെളിയില്‍ ഭിത്തിയില്‍ വച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ ഫോട്ടോ സാക്ഷ്യങ്ങള്‍ കണ്ട്‌ ഓപ്പറേഷന്‍ കൂടാതെ കൊച്ചിന്റെ കണ്ണ്‌ നേരെ ആകുവാന്‍ വേണ്ടി കുട്ടിയുടെ അമ്മ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ കുട്ടിക്ക്‌ രണ്ടര വയസ്സ്‌ പ്രായമായിരുന്നു. സൗഖ്യം ലഭിക്കുമ്പോള്‍ കുട്ടിയുടെ ഫോട്ടോ അനുഗ്രഹസാക്ഷ്യമായി പ്രദര്‍ശിപ്പിച്ചേക്കാമെന്ന്‌ നേര്‍ച്ചനേരുകയും ചെയ്‌തു. മൂന്ന്‌ ദിവസത്തിനുശേഷം 2007 ഒക്‌ടോബര്‍ 12-ാം തിയതി മാതാപിതാക്കള്‍ കുട്ടിയുമായി കബറിടത്തിലും മുറിയിലും എത്തി പ്രാര്‍ത്ഥിച്ചു. ഓഫീസില്‍ നിന്ന്‌ ലഭിച്ച ചാവറപിതാവിന്റെ പ്രാര്‍ത്ഥന എല്ലാദിവസവും വീട്ടില്‍ സന്ധ്യാ പ്രാര്‍ത്ഥനയ്‌ക്കുശേഷം ചൊല്ലുമായിരുന്നു.

മാതാപിതാക്കള്‍ കുട്ടിയെയുംകൊണ്ട്‌ വാഴ്‌ത്തപ്പെട്ട ചാവറപിതാവിന്റെ കബറിടത്തില്‍ വന്ന്‌ പ്രാര്‍ത്ഥിച്ചതിന്‌ ശേഷം (ഒക്‌ടോബര്‍ 16-ാം തിയതി) സന്ധ്യാപ്രാര്‍ഥനയും ചാവറപിതാവിനോടുള്ള പ്രാര്‍ത്ഥനയും കഴിഞ്ഞു കുട്ടി മാതാപിക്കളുടെ നേരെ തിരിഞ്ഞു നോക്കുമ്പോള്‍ കുട്ടിയുടെ രണ്ടു കണ്ണുകളും നേരെയായിരിക്കുന്നതായി തോന്നി. കുട്ടിയെ അടുത്തുവിളിച്ചു ശ്രദ്ധിച്ച്‌ നോക്കിയപ്പോള്‍ കണ്ണുകളുടെ വൈകല്യം പൂര്‍ണ്ണമായി മാറിയിരിക്കുന്നതായി കണ്ടു. മാതാപിതാക്കള്‍ കുട്ടിയുമായി മാന്നാനത്തുവന്ന്‌ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച്‌ ഫോട്ടോ സമര്‍പ്പിച്ച്‌ നേര്‍ച്ച നിറവേറ്റി.

2009 മെയ്‌ 27 -ാം തിയതി മാതാപിതാക്കള്‍ കുട്ടിയുടെ ഫോട്ടായുമായി മാന്നാനത്ത്‌ സാക്ഷ്യപ്പെടുത്തുന്നതിനായി വന്നു. വൈസ്‌ പോസ്റ്റുലേറ്ററച്ചന്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ രോഗസൗഖ്യത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ എഴുതി നല്‍കി. പിന്നീട്‌ ഡോക്‌ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളും പരിശോധനാ റിപ്പോര്‍ട്ടുകളും ശേഖരിച്ച്‌ രോഗസൗഖ്യത്തെക്കുറിച്ച്‌ റോമിലെ പോസ്റ്റുലേറ്റര്‍ ജനറല്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ആത്തപ്പിള്ളിയച്ചനെ അറിയിച്ചു. അച്ചന്റെ നിര്‍ദ്ദേശാനുസരണം റിപ്പോര്‍ട്ടും മറ്റ്‌ അനുബന്ധ രേഖകളും തയ്യാറാക്കി പോസ്റ്റുലേറ്റര്‍ അച്ചന്‌ അയച്ചു. അച്ചന്റെ മറുപടിയും കല്ലറങ്ങാട്ട്‌ പിതാവിനുള്ള കത്തും ലഭിച്ചു.

പോസ്റ്റുലേറ്ററച്ചന്റെ കത്ത്‌ രോഗസൗഖ്യത്തിന്റെ റിപ്പോര്‍ട്ടുസഹിതം മാര്‍ച്ച്‌ 18 2012 ല്‍ പാലാ അരമനയില്‍ വച്ച്‌, പ്രിയോര്‍ ജനറല്‍ റവ. ഡോ. ജോസ്‌ പന്തപ്ലാംതൊട്ടിയിലും, വൈസ്‌ പോസ്റ്റുലേറ്ററും ചേര്‍ന്ന്‌ സമര്‍പ്പിച്ചു. 2010 ഏപ്രില്‍ 14 ന്‌ അഭിവന്ദ്യ കല്ലറങ്ങാട്ട്‌പിതാവ്‌ നാമകരണകോടതി ആരംഭിക്കുന്നതിനുള്ള ഡിക്രി പുറപ്പെടുവിച്ചു.

ജൂലൈ 16, 2010 ല്‍ പാലാ അരമനയില്‍വച്ച്‌ രൂപതാകോടതിയുടെ ഉദ്‌ഘാടനം നടന്നു.നാമകരണകോടതിയുടെ പ്രസിഡണ്ടായി റവ. ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍ അച്ചനും പ്രമോട്ടര്‍ ഓഫ്‌ ജസ്റ്റീസ്‌ ആയി റവ. ഡോ. മൈക്കിള്‍ വട്ടപ്പലം അച്ചനും നിയമിതരായി

ആഗസ്റ്റ്‌ 16, 2011 ന്‌ നാമകരണ കോടതിയുടെ ഔദ്യോഗിക സമാപനപരിപാടി പാലാ ബിഷപ്പ്‌സ്‌ ഹൗസില്‍ നടന്നു.

ആഗസ്റ്റ്‌ 19, 2011 ന്‌ ഡോസിയര്‍ ന്യൂഡല്‍ഹിയിലുള്ള അപ്പസ്‌തോലിക്‌ ന്യൂണ്‍ഷ്യേച്ചറില്‍ പോസ്റ്റുലേറ്റര്‍ ജനറല്‍ ഏല്‌പിച്ചു.
ചാവറ പിതാവിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തിയും നാമകരണ നടപടികളും (സിറിയക്‌ സ്‌കറിയ, സാന്‍ അന്റോണിയോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക