Image

ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയിലെ ഫാമിലി നൈറ്റ്‌ വര്‍ണാഭം

ജോസ്‌ മാളേയ്‌ക്കല്‍ Published on 18 November, 2014
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയിലെ ഫാമിലി നൈറ്റ്‌ വര്‍ണാഭം
ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ ഫാമിലി നൈറ്റ്‌ `അഗാപ്പെ 2014' നവംബര്‍ 15 ശനിയാഴ്‌ച്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. സൃഷ്ടികളോടുള്ള അനന്തകാരുണികനായ ദൈവത്തിന്റെ കലവറയില്ലാത്ത സ്‌നേഹം, പരിപൂര്‍ണത്യാഗത്തിലൂന്നി സഹജീവികളോടുള്ള മനുഷ്യരുടെ സ്‌നേഹം, ദൈവോന്മുഖമായ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവം എന്നൊക്കെ അര്‍ഥം വരുന്ന ഗ്രീക്ക്‌ പദമായ `അഗാപ്പെ'യുടെ വിശാലമായ സ്‌നേഹത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട്‌ ആ പേരില്‍ നടത്തപ്പെട്ട ഫാമിലി നൈറ്റിന്റെ പ്രധാന ഉദ്ദേശം ഇടവകയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുക, അവരെ ഇടവകയുടെ മുഖ്യധാരയില്‍ കൊണ്ടുവരുക എന്നതായിരുന്നു.

വൈകിട്ട്‌ അഞ്ചുമണിക്കു ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരോടൊപ്പം ഇടവകജനങ്ങളെ സാക്ഷിയാക്കി വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഫാമിലി നൈറ്റ്‌ ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്‌തു. സെ. ജോണ്‍
ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്‌, റവ. ഫാ. അഗസ്റ്റിന്‍ നെല്ലരിക്കാലായില്‍, സെ. ചാള്‍സ്‌ ബൊറോമിയോ സെമിനാരിയന്‍ റവ. സിന്തിലാതന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

അവതരണ നൃത്തത്തിനുശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇടവകയില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ഫാമിലി നൈറ്റില്‍ പങ്കെടുത്ത പുതിയ കുടുംബാംഗങ്ങളെ ഓരോരുത്തരെയായി വികാരിയച്ചന്‍ സദസ്യര്‍ക്കു പരിചയപ്പെടുത്തുകയും അവര്‍ക്കെല്ലാവര്‍ക്കും ഇടവകയുടെ പ്രത്യേക പാരിതോഷികം നല്‍കുകയും ചെയ്‌തു.

ഇടവകയിലെ 9 വാര്‍ഡുകളും സജീവമായി കലാപരിപാടികളില്‍ പങ്കെടുത്തു. ബൈബിള്‍ അധിഷ്ടിത തീമുകളായിരുന്നു എല്ലാ വാര്‍ഡുകാരും അവതരണത്തിനു തെരഞ്ഞെടുത്തത്‌.
ന്യൂമാന്‍ , അല്‍ഫോന്‍സാ എന്നീ?വാര്‍ഡുകളില്‍നിന്നുള്ള മതബോധനസ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഇംഗ്ലീഷ്‌ സ്‌കിറ്റ്‌, സംഘനൃത്തം, സമൂഹഗാനം എന്നിവ നല്ലനിലവാരം പുലര്‍ത്തുന്നതും, സാരോപദേശം ഉള്‍ക്കൊള്ളുന്നതുമായിരുന്നു. അതേപോലെ തന്നെ സെ. തോമസ്‌, മദര്‍ തെരേസാ എന്നീ വാര്‍ഡുകള്‍ സംയുക്തമായും, സെ. മേരീസ്‌, ചാവറ വാര്‍ഡുകള്‍ കൂട്ടായും അവതരിപ്പിച്ച ലഘുനാടകങ്ങളും രസകരമായിരുന്നു. ബ്ലസഡ്‌ കുഞ്ഞച്ചന്‍, സെ. ജോര്‍ജ്‌ എന്നീ വാര്‍ഡുകളിലെ കൊച്ചുകുട്ടികളുടെ ഡാന്‍സും, ആക്‌ഷന്‍ സോംഗും സദസിനെ ഇളക്കിമറിക്കുന്നതായിരുന്നു. സെ. ജോസഫ്‌ വാര്‍ഡ്‌ ഡാന്‍സിലൂടെയും, സമൂഹഗാനത്തിലൂടെയും വേറിട്ടു നിന്നു. വാര്‍ഡു കൂട്ടായ്‌മകള്‍ മല്‍സരബുദ്ധിയോടെ രംഗത്തവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കാണികള്‍ കരഘോഷത്തോടെ ആസ്വദിച്ചു.

കലാപരിപാടികളുടെ ഇടവേളകളില്‍ നടത്തിയ ചോദ്യോത്തരപരിപാടിയും തല്‍സമയസമ്മാന വിതരണവും കാണികളില്‍ പ്രായഭേദമെന്യേ ആവേശ മുണര്‍ത്തി.

ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, സീറോമലബാര്‍ യൂത്ത്‌, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവരടങ്ങുന്ന കമ്മിറ്റി ഫാമിലി നൈറ്റ്‌ പരിപാടികള്‍ ചിട്ടയായി ക്രമപ്പെടുത്തി. മലിസായും, ഡെന്നിസും, ഡയാനും, സലിനായും എം. സി. മാരായി നല്ല പ്രകടനം കാഴ്‌ച്ചവച്ചു. സ്‌നേഹവിരുന്നോടെ ഫാമിലി നൈറ്റിനു തിരശീല വീണു.

ഫോട്ടോ: ജോസ്‌ തോമസ്‌
ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയിലെ ഫാമിലി നൈറ്റ്‌ വര്‍ണാഭം ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയിലെ ഫാമിലി നൈറ്റ്‌ വര്‍ണാഭം ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയിലെ ഫാമിലി നൈറ്റ്‌ വര്‍ണാഭം ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയിലെ ഫാമിലി നൈറ്റ്‌ വര്‍ണാഭം ഫിലാഡല്‍ഫിയ സീറോമലബാര്‍പള്ളിയിലെ ഫാമിലി നൈറ്റ്‌ വര്‍ണാഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക