Image

വരയാടുകള്‍ക്ക്‌ നടുവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 44: ജോര്‍ജ്‌ തുമ്പയില്‍)

Published on 15 November, 2014
വരയാടുകള്‍ക്ക്‌ നടുവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 44: ജോര്‍ജ്‌ തുമ്പയില്‍)
ചിന്നാറില്‍ നിന്നും നേരെ രാജമലയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. സുന്ദരമായ കാലാവസ്ഥ. അധികനേരം എടുത്തില്ല, ബിനു വളരെ മനോഹരമായി ഞങ്ങളെയും കൊണ്ട്‌ ഇന്നോവ രാജമലയുടെ എന്‍ട്രന്‍സിന്റെ വാതില്‍ക്കല്‍ നിര്‍ത്തി തന്നു. സന്ദര്‍ശകരുടെ തിരക്ക്‌ ഏറെയായിരുന്നു. ചോല പുല്‍ മേടുകളടങ്ങിയ ആവാസ വ്യവസ്ഥ പ്രകടം. മഞ്ഞിന്റെ നൃത്തഗമനം ഒരു വഴിക്ക്‌. അകമ്പടി പോലെ, വഴിയിലെങ്ങും വരയാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍. ലോകത്ത്‌ അപൂര്‍വ്വമായി കാണുന്ന വരയാടുകളെ സംരക്ഷിക്കുന്ന ഇവിടുത്തെ കാര്യങ്ങളെക്കുറിച്ച്‌ എത്രയെഴുതിയാലും തികയുകയുമില്ല. എന്‍ട്രന്‍സില്‍ നിന്ന്‌ പാസ്‌ എടുത്താലേ മുകളിലേക്ക്‌ കയറാനാവൂ. കൊച്ചുമോന്‍ പാസിന്റെ കാര്യത്തിനായി പോയി. സ്വകാര്യവാഹനങ്ങള്‍ മുകളിലേക്ക്‌ കയറാന്‍ അനുവദിക്കാറില്ല. വനം വകുപ്പിന്റെ പ്രത്യേക വാഹനത്തില്‍ രാജമലയിലേക്ക്‌ പോകാം. വരയാടുകളുടെ പ്രജനനകാലത്ത്‌ എല്ലാവര്‍ഷവും ആറുമാസം പാര്‍ക്ക്‌ അടച്ചിടുമെന്നു ബിനു പറഞ്ഞു. കൊച്ചുമോന്‍ പാസ്സുമായി വന്നു. വനംവകുപ്പിന്റെ വണ്ടി ഞങ്ങളെ കാത്ത്‌ അവിടെ കിടപ്പുണ്ടായിരുന്നു. ഒപ്പം വേറെയും സഞ്ചാരികള്‍ വാഹനത്തില്‍ കയറി. കുത്തനെ കയറ്റമാണ്‌. വളവും തിരിവുകളുമേറെയുണ്ട്‌. വാഹനം മെല്ലെ മഞ്ഞിനെ വകഞ്ഞു മാറ്റി മുകളിലേക്ക്‌ കയറി.

മൂന്നാറില്‍ നിന്നും ഇവിടേക്ക്‌ 15 കിലോമീറ്റര്‍ ദൂരമേയുള്ളു. രാവിലെ 7 മുതല്‍ വൈകിട്ട്‌ 6 വരെ ഇവിടെ സന്ദര്‍ശിക്കാമെന്ന്‌ പാസ്സില്‍ പ്രത്യേകമായി നോട്ട്‌ ചെയ്‌തത്‌ ഞാന്‍ ശ്രദ്ധിച്ചു. ഇവിടേക്ക്‌ അധികവും വരുന്നത്‌ സ്‌കൂള്‍ കുട്ടികളുടെ ടൂര്‍ സംഘമാണ്‌. അവരുടെ വലിയൊരു കൂട്ടം ശബ്‌ദമുണ്ടാക്കി കടന്നു പോകുന്നു. കണ്ണന്‍ ദേവന്‍ മലനിരകളാണ്‌ ചുറ്റും. 97 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ്‌ വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ അധിവസിക്കുന്ന ഇരവികുളം ദേശീയോദ്യാനം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്‌. പുല്‍മേടുകള്‍ ഇവിടം കൂടുതല്‍ മനോഹരമാക്കുന്നു. വണ്ടി കയറ്റം കയറി ചെന്നതും ഡ്രൈവര്‍ പെട്ടെന്ന്‌ ബ്രേക്കിട്ടു. മുന്നില്‍ ഒരു കൂട്ടം വരയാടുകള്‍ ! യാതൊരു പേടിയുമില്ലാതെ അവ സമയമെടുത്ത്‌ റോഡ്‌ മുറിച്ചു കടന്നു. ഞങ്ങള്‍ ആവേശത്തോടെ വാഹനത്തിന്റെ ജനാലയിലൂടെ ആ കാഴ്‌ച കണ്ടു. ലോകത്ത്‌ മറ്റെങ്ങും കാണാന്‍ കഴിയാത്ത ഒരു കാഴ്‌ച അടുത്തു കണ്ടതിന്റെ ത്രില്ല്‌ എല്ലാ മുഖത്തും പ്രകടം.

പഞ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി ഇവിടെയാണ്‌. ആനമുടി ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്നതു ദൂരെ കാണാം. ഹിമാലയത്തിന്‌ തെക്ക്‌ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്‌. (2695 മീറ്റര്‍) ഇരവികുളത്തിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗമായി ആനമുടി ഉയര്‍ന്നു നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന്‌ 2695 മീറ്റര്‍ ഉയരത്തിലാണിത്‌. ഈ പ്രദേശം അപൂര്‍വ്വമായ സസ്യജാലങ്ങള്‍ നിറഞ്ഞതാണെന്ന്‌ വഴിയിലെ സൂചന ബോര്‍ഡുകള്‍ കാണിച്ചു തന്നു. ഓര്‍ക്കിഡുകള്‍, കാട്ടുബോള്‍സം എന്നിവയുടെ മറ്റെങ്ങും കാണാത്ത ഇനങ്ങള്‍ ഇരവികുളത്തുണ്ട്‌. വരയാടുകളെ കൂടാതെ കടുവ, കാട്ടുപോത്ത്‌, പുലി തുടങ്ങിയവും ഇവിടെയുണ്ടെന്ന്‌ കൊച്ചുമോന്‍ പറഞ്ഞു. പക്ഷേ, അതൊന്നും സഞ്ചാരികളെ കാണാനായി താഴേയ്‌ക്ക്‌ ഇറങ്ങി വരാറില്ല. ആനമുടിയുടെ ചെങ്കുത്തായ മലഞ്ചെരുവുകളിലെ പുല്‍മേടുകളാണ്‌ അവയുടെ സാമ്രാജ്യം.

ഇവിടെ ടൂറിസ്റ്റുകള്‍ക്ക്‌ പോകാന്‍ അനുവാദമുള്ള ഏക പ്രദേശമാണ്‌ രാജമലയെന്നു ബിനു പറഞ്ഞു. ബിനു പലവട്ടം ഇവിടെ വന്നിട്ടുണ്ട്‌. ദേശീയോദ്യാനത്തെ മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നുവെന്ന്‌ സൂചന ബോര്‍ഡില്‍ നിന്നു വായിച്ചെടുത്തു. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ. ടൂറിസം ഏരിയയായ രാജമലയിലേക്കു മാത്രമാണ്‌ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമുള്ളത്‌. കയറ്റം കയറി ഒരു കെട്ടിടത്തിനു മുന്നില്‍ ഞങ്ങളുടെ വണ്ടി നിന്നു. ഇവിടെ നിന്ന്‌ ഇറങ്ങി അല്‍പ്പം ദൂരം നടക്കാം. മഞ്ഞ്‌ പൊഴിയുന്നുണ്ടായിരുന്നു. ഇവിടെ ടോയ്‌ലെറ്റ്‌ സൗകര്യമുണ്ട്‌. നല്ല ചായയും കിട്ടും. മഞ്ഞ്‌ നനയാതിരിക്കാന്‍ നല്ല വലിപ്പമുള്ള കുടയും കിട്ടും. ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി നടക്കാന്‍ റെഡിയായപ്പോഴേയ്‌ക്കും കൊച്ചുമോന്‍ കുടയുമായി എത്തി. ഇന്റര്‍പ്രട്ടേഷന്‍ സെന്ററില്‍ പ്രകൃതി സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്‌. ചോലക്കാടിന്റെ ഓരത്തുകൂടെ പുല്‍മേടുകളിലേക്ക്‌ കയറിയപ്പോള്‍ ഏതോ ഒരു സ്വര്‍ഗ്ഗ ലോകത്ത്‌ എത്തിച്ചേര്‍ന്നതു പോലെ. കയറ്റത്തിന്റെ ആയാസം കുറക്കുന്നതിനായി കൊച്ചുമോനും ബിനുവും ഓരോ തമാശകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും ലഭിച്ച ചെറു ലഘു ലേഖ മറിച്ചു നോക്കിക്കൊണ്ടാണ്‌ ഞാന്‍ നടന്നത്‌. നല്ല സുഖമുള്ള കാലാവസ്ഥ. ഇരവികുളത്തിന്റെ ചരിത്രം തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 1854ല്‍ ഡൗഗല്‍സ്‌ ഹാമില്‍ട്ടണ്‍ എന്ന സായിപ്പ്‌ ഈ ഭൂപ്രദേശത്തിന്റെ മനോഹാരിത തിരിച്ചറിഞ്ഞിരുന്നു. ജെ.ഡി. മണ്‍റോ മൂന്നാറിന്റെ ഈ നിന്മോന്നത പ്രദേശങ്ങളില്‍ തേയിലത്തോട്ടത്തിനുള്ള സാദ്ധ്യത കണ്ട്‌ പൂഞ്ഞാര്‍ രാജാവില്‍ നിന്നും ഭൂമി പാട്ടത്തിനെടുത്ത്‌ നോര്‍ത്ത്‌ ട്രാവന്‍കൂര്‍ പ്ലാന്റേഷന്‍ ആന്‍ഡ്‌ അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക്‌ നല്‍കി. കാട്‌ വെട്ടി തോട്ടങ്ങളുണ്ടാക്കിയപ്പോഴും കുറേയധികം ഭാഗങ്ങള്‍ വന്യജീവികളുടെ സംരക്ഷണത്തിനും അന്നത്തെ ഏറ്റവും വലിയ വിനോദമായ വേട്ടയാടലിനും മാറ്റി വച്ചു. ആ പ്രദേശങ്ങളെ 'ഗെയിം റിസര്‍വ്വ്‌' ആയി സംരക്ഷിച്ചു. തോട്ടം മാനേജര്‍മാരുടെ ഹൈറേഞ്ച്‌ ഗെയിം പ്രിസര്‍വേഷന്‍ അസോസിയേഷന്‍ ഈ പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തി.

മൂന്നാറിലെ ഭൂമിയുമായി ബന്ധപ്പെട്ട്‌ 1971ല്‍ നിയമം നിലവില്‍ വന്നതോടെ, 1975ല്‍ ഇരവികുളം രാജമല വന്യജീവി സംരക്ഷണകേന്ദ്രം പ്രഖ്യാപിക്കപ്പെട്ടു. ഏറെയും ഉയരമുള്ള സ്ഥലമാണ്‌ ഇവിടെയുള്ളതെന്ന്‌ ബിനു പറഞ്ഞു. 1975ല്‍ ഇരവികുളം ഒരു ദേശീയോദ്യാനമായി. പൊറാട്ടു മല, പെരുമാള്‍ മല, കുമരിക്കല്‍, വരയാട്ടുമല, കൊളുക്കന്‍ മല, എരുമമല, എരുമപ്പെട്ടിമല തുടങ്ങി നിരവധി സ്ഥലങ്ങള്‍ രണ്ടായിരം മീറ്ററിന്‌ മുകളിലുള്ളവയാണ്‌. ഇരവികുളം ഭാഗത്തെ ഏതാണ്ട്‌ രണ്ടാക്കി മാറ്റുന്നതാണ്‌ ടര്‍ണേഴ്‌സ്‌ വാലി.

ഉയരം കൊണ്ടും കാലാവസ്ഥകൊണ്ടും ഇരവികുളത്തെ ജൈവവൈവിധ്യവും സവിശേഷമാണ്‌. വിസ്‌തൃതമായ പുല്‍മേടുകള്‍, മലമടക്കുകളില്‍ കാണുന്ന ചോലക്കാടുകള്‍ ഒക്കെ ഇന്നും തനതായ രീതിയില്‍ സംരക്ഷിക്കപ്പെടുന്നു. ഈ പുല്‍മേടുകളില്‍ നിന്നും 308 ഓളം ഇനം പുല്ലിനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പുല്‍മേടുകളിലും ചോലക്കാടുകളിലും കാണുന്ന അപൂര്‍വ്വമായ ഓര്‍ക്കിഡുകള്‍ ഉള്‍പ്പെടെയുള്ള നിരവധി സസ്യ ഇനങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതത്രേ. ഇവയെല്ലാം ഇരവികുളത്തെ മറ്റ്‌ പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നു. കുറിഞ്ഞി പൂക്കുന്ന കാലത്ത്‌ ഇവിടം സ്വര്‍ഗ്ഗതുല്യമാകുമെന്നു ബിനു പറഞ്ഞു. ഞാന്‍ കുറിഞ്ഞി പൂവിട്ട്‌ നില്‍ക്കുന്നത്‌ കണ്ടിട്ടില്ല. എനിക്കത്‌ കാണണം, ഈ സ്വര്‍ഗ്ഗത്തില്‍ മതിവരുവോളം ജീവിക്കണം.. അമേരിക്കയിലിരുന്ന്‌ ഇത്‌ സ്വപ്‌നം കാണുമ്പോള്‍ ഇരവികുളത്തിന്റെ ഉച്ചിയില്‍ വരയാടുകളെ കണ്ട്‌ കുളിരു കോരിയത്‌ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു.

യാത്രാ സൗകര്യം : റോഡുമാര്‍ഗ്ഗം മൂന്നാറില്‍ നിന്ന്‌ 15 കിലോമീറ്റര്‍. സമീപ റെയില്‍വെസ്‌റ്റേഷനുകള്‍ : കോട്ടയം, മൂന്നാറില്‍ നിന്ന്‌ 142 കി.മീ. എറണാകുളം, മൂന്നാറില്‍ നിന്ന്‌ 130 കി.മീ. സമീപ വിമാനത്താവളം : മധുര (തമിഴ്‌നാട്‌) ഏകദേശം 142 കി.മീ. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌, ഏകദേശം 150 കി.മീ.

(തുടരും)
വരയാടുകള്‍ക്ക്‌ നടുവില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 44: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക