Image

എന്റെ വന്ദ്യപിതാവിന്റെ പാവനസ്‌മരണയ്‌ക്കു മുന്നില്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 12 November, 2014
എന്റെ വന്ദ്യപിതാവിന്റെ പാവനസ്‌മരണയ്‌ക്കു മുന്നില്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
മന്ദസ്‌മേരാഭമാണെങ്കിലും ജീവിത കനലിന്‍ ചൂടെഴും പ്രൗഢഭാവം
സ്വന്തംമക്കള്‍ക്കു മുന്നിന്‍ സതതമായ്‌ പ്രകടിപ്പിച്ച ശാന്തപ്രഭാവം
എന്നും സൗമ്യനായ്‌ കര്‍മ്മഭൂമി താണ്ടിയ ധീരനാം അദ്ധ്യാപകശ്രേഷ്‌ഠന്‍്‌
വന്ദ്യനാം മല്‍പ്പിതാ, തല്‍സ്‌മരണ പുളകമായ്‌ പൂത്തുനില്‍പ്പെന്നുമെന്നില്‍ !

ഒരു തലമുറയുടെ മഹാസൗധം ! ശാന്തസുന്ദരമായ കടമ്പനാട്‌ എന്ന ഗ്രാമത്തില്‍ പുരാതനമായ താഴേതില്‍ കുടുംബത്തിലെ ഏഴ്‌ ആണ്‍മക്കളില്‍ ആറാമനായി പിറന്നു്‌, 93 വസന്തശിശിരങ്ങളിലൂടെ സംഭവബഹുലമായ കര്‍മ്മവീഥികളിലൂടെ, സത്യവും നീതിയും മുറുകെപ്പിടിച്ച്‌, പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ചുണ്ടുകളില്‍ സദാ തത്തിക്കളിച്ച്‌, എകാന്തതയിലും ഭഎന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ' എന്ന മന്ത്രണം അധരപുടങ്ങളില്‍ ഉരുവിട്ട്‌, കര്‍മ്മോന്മുഖനായി, ത്യാഗോജ്വലനായി ജീവിതം നയിച്ച്‌, അര നൂറ്റാണ്ടോളം സമര്‍ത്ഥനായ അദ്ധ്യാപക ശേഷ്‌ഠനായും, പ്രതിഭാശാലിയായ കവിപുംഗവനായും വിരാജിച്ച്‌, 2002 നവമ്പര്‍ 13 നു്‌ കാലയവനികയില്‍ മറഞ്ഞ എന്റെ വമ്പ്യപിതാവിന്റെ ചരമ വ്യാഴവട്ട ജൂബിലിയില്‍
ആ മഹത്‌സ്‌മരണയുടെ വിചാര വികാര വീചികള്‍ രാത്രിയുടെ ഏകാന്തതയില്‍ ചിത്തത്തിലുദിച്ചത്‌ പത്രത്താളിലേക്കു പകര്‍ത്തുകയാണു്‌.. ഒരു പിതാവ്‌ മക്കളുടെ സ്വകാര്യസ്വത്താണു്‌. മാതൃകാ ജീവിതം നയിച്ച്‌ മക്കള്‍ക്കു സത്‌പഥം കാട്ടിയ പിതാവ്‌ എന്നും സംപൂജ്യനും ആദരണീയനുമാണ്‌.

എട്ടുമക്കളെ പോറ്റി വളര്‍ത്തിയോരെന്നച്ഛാ
കൂട്ടിനൊറ്റയെണ്ണം പോലുമില്ലാതാ വാര്‍ദ്ധക്യം
കൂട്ടായ്‌ ദൈതമാത്രം തുണയായ്‌ കഴിഞ്ഞതാ
ണൊട്ടു ദുഃഖസ്‌മൃതിയായെന്‍ ഹൃത്തം മഥിപ്പത്‌.

തൊണ്ണൂറ്റി മൂന്നാം വയസ്സിലും ഊനമറ്റ 32 ദന്തങ്ങള്‍ വിതറിയ സുസ്‌മേരവും, കന്മഷമറ്റ ഒരു ഹൃദയത്തിന്റെ നൈര്‍മ്മല്യവും, വിജ്ഞാനതീഷ്‌ണത ഓളം വെട്ടുന്ന ക്ഷീണിച്ച നയനങ്ങളും, ഗാത്രത്തിന്റെ ബലഹീനതയിലും അരോഗ ദൃഢഗാത്രനായി അന്ത്യം വരെ ശാന്തരൂപിയായി ജീവിച്ച ഒരു വൃദ്ധയുവാവ്‌.മരിക്കേണ്ടി വന്നാലും സത്യത്തില്‍ നിന്നും വ്യതിചലിക്കരുത്‌, താഴ്‌മയും ദീനരോട്‌ അനുകമ്പയും കാട്ടണം, വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം, ദൈവത്തെ മുന്‍നിര്‍ത്തി എപ്പോഴും ചരിക്കണം എന്നീ ജീവിതമൂല്യങ്ങള്‍ മക്കള്‍ക്കു സദാ ഓതിത്തന്ന ജ്ഞാനവൃദ്ധന്‍. സന്ധ്യയ്‌ക്കു നിലത്തു വിരിച്ചിട്ട പുല്‍പ്പായില്‍ പ്രായക്രമമനുസരിച്ച്‌ കുടുംബാംഗങ്ങള്‍ നിരന്നിരുന്നു പ്രാത്ഥിക്കാനുള്ള കര്‍ശന നിബന്ധനയും പ്രാര്‍ത്ഥയ്‌ക്കു ശേഷം വിരിഞ്ഞ കരതലങ്ങള്‍ മക്കളുടെ ശിരസില്‍ വച്ച്‌ അനുഗ്രഹവര്‍ഷങ്ങള്‍ ചൊരിഞ്ഞതും, മഹാന്മാരുടെ കഥകള്‍ പറഞ്ഞുതന്നതും, ഊണുമുറിയിലെ `റ്റൈംറ്റേബിള്‍' നിഷ്‌ക്കര്‍ഷയും എല്ലാം ഒരു തിലശീലയിലെന്നപോലെ തെളിയുന്നു,
ഒരു പിതാവിന്റെ അനുഗ്രഹത്തിന്റെ വില ഇന്നു്‌ ആ മക്കള്‍ മനസ്സിലാക്കുന്നു. സമ്പത്തിനേക്കാള്‍ മാതാപിതാക്കള്‍ സ്വന്തം മക്കള്‍ക്കു്‌ അനുഗ്രഹങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്ന ഒരു എളിയ അഭ്യര്‍ത്ഥന ഇത്തരുണത്തില്‍ ഞാന്‍ വയ്‌ക്കുകയാണ്‌

ഒരു ഗ്രാമത്തിന്റെ പരിമിതികളിലും പരിധിയിലും എട്ടു മക്കളെയും അന്നു വിദൂരമായ പട്ടണത്തില്‍ മാത്രം ലഭ്യമായിരുന്ന കലാലയ വിദ്യാഭ്യാസംനല്‍കുവാന്‍ കാട്ടിയ ധൈര്യത്തെ അഭിമാനത്തോടെ സ്‌മരിക്കട്ടെ. ജീവിതയാനത്തിന്റെ നിമ്‌നോന്നതങ്ങളിലും കൊടുങ്കാറ്റിലും പലതവണ ആ നൗക ആടി ഉലഞ്ഞിട്ടും പതറാതെ ദൈവകരങ്ങളില്‍ അഭയമര്‍പ്പിച്ചു മുന്നേറിയആ കഠിനാദ്ധ്വാനിയെ അഭിമാനാദരങ്ങളോടെ എന്നും എന്റെ
ഹൃദയശ്രീകോവിലില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നു. താന്‍ അദ്ധ്യാപകനായിരുന്ന സ്‌ക്കൂളിലെ മാനേജരുമായി `ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ , സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌' എന്ന വിഷയത്തില്‍ അഭിപ്രായ ഭിന്നത ഉണ്ടായപ്പോള്‍ ആ
സ്‌ക്കൂളിലെ ജോലി സധൈര്യം രാജി വച്ചിട്ട്‌ മൂന്നു മൈല്‍ അകലെ കുറെ സ്ഥലം വാങ്ങുകയും ഒരു സ്‌ക്കൂളിനു്‌ അപേക്ഷിച്ച ശേഷം പിതൃസ്വത്തായി തനിയ്‌ക്കു കിട്ടിയ പത്തു പറ നിലം വിറ്റ്‌ ഒരു കെട്ടിടം പണിയിയ്‌ക്കയും ചെയ്‌ത, അതും ഒരു വലിയ കുടുംബത്തിന്റെ ഭാരവും തോളില്‍ വഹിച്ചുകൊണ്ട്‌ മുന്നേറിയ, ആ സ്ഥൈര്യത്തെ, എത്ര അഭിനന്ദിച്ചാലും മതിയാകയില്ല. ബസും കാറുമൊന്നും സുലഭമല്ലാതിരുന്ന 1950 കളില്‍ സൈക്കിളിലും കാല്‍ നടയായും കടമ്പനാട്ടു നിന്നും വളരെ അകലെയുള്ള ഓഫീസുകളില്‍്‌ അനേക തവണ കയറിയിറങ്ങി ഒരു ഹൈസ്‌ക്കൂളിനു്‌ അനുമതി വാങ്ങിയത്‌ അക്കാലത്ത്‌ ഒരു ചരിത്ര സംഭവമായിരുന്നു. തന്റെ ദീര്‍ഘനാളത്തെ കഠിനാദ്ധ്വാനത്തിനുള്ള അനുമതി `കടമ്പനാട്‌ സെന്റ്‌ തോമസ്‌ ഹൈസ്‌ക്കളിനു്‌' ഉള്ള ഉത്തരവു കൈയില്‍ ലഭിച്ചപ്പോള്‍ ആ ഹൃദയം ഇങ്ങനെ പാടിയിരിക്കാം.:

ഇന്നത്രേ രവി ദിഗ്‌മുഖങ്ങളെ സമാശ്ലേഷിപ്പൂ സല്ലീലനായ്‌
ഇന്നത്രേ അണിഭാഗ്യപൂരിതയായ്‌ മാറുന്നതീ മന്ദിരം
ഇന്നത്രേ സുത കര്‍മ്മകോടി സഫലം സാധിപ്പു സര്‍വ്വേശ്വരന്‍
ഇന്നത്രേ ചരിതാര്‍ത്ഥനായ്‌ ചമയവും ചാര്‍ത്തുന്നു `മാര്‍ത്തോമ്മയും'.

ആ ഹൈസ്‌കൂള്‍ തന്റെ സഭയ്‌ക്ക്‌ (മലങ്കര ഓര്‍ത്തഡോക്‌സ്‌) സൗജന്യമായി വിട്ടുകൊടുത്തുകൊണ്ട്‌ അവിടെത്തന്നെ ഹെഡ്‌മാസ്റ്ററായി തുടര്‍ന്നതും ആ ത്യാഗസമ്പന്നന്റെ മൗലിയിലെ വേറൊരു തൂവല്‍ക്കമ്പളമാല്‌. അമേരിക്കന്‍ ഐക്യനാടുകളില്‍ ഒരു വര്‍ഷക്കാലം ഒരു ഹൃസ്വ സമ്പഅശനം നടത്തുകയും,
മക്കളുടെ ജീവിതം കണ്ട്‌ ചരിതാര്‍ത്ഥനായി മടങ്ങുകയും ചെയ്‌തുവെന്നത്‌ ചാരിതാര്‍ത്ഥ്യം നല്‍കുന്നു.

സ്വജീവിതത്തിലെ സുകൃതങ്ങളാലാവാം ശാന്തമായ വാര്‍ക്യത്തില്‍ കഷ്ടതയനുഭവിക്കാതെ കടന്നുപോകാന്‍ സംഗതിയായതും. മറ്റു പല സ്വകാലീനരേയും അപേക്ഷിച്ച്‌ വളരെ ശാന്തിയും സമാധാനവും ഉള്ള ഒരു
ജീവിതം നയിച്ച ആ വന്ദ്യപിതാവിന്റെ ജീവിതവൃതങ്ങളും, ദൈവാശ്രയവും, നന്മപ്രവൃത്തികളും, പിന്‍തലമുറയ്‌ക്കു മാതൃകയായെങ്കിലെന്നു്‌ ആശിക്കുന്നു. എന്റെ വന്ദ്യപിതാവിനു പ്രണാമം !
എന്റെ വന്ദ്യപിതാവിന്റെ പാവനസ്‌മരണയ്‌ക്കു മുന്നില്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക