Image

ദൈവത്തിന്‌റേത് ദൈവത്തിന്; സീസറിന്റേതും ദൈവത്തിന്!- ജെ.മാത്യൂസ്

ജെ.മാത്യൂസ് Published on 14 November, 2014
ദൈവത്തിന്‌റേത് ദൈവത്തിന്; സീസറിന്റേതും ദൈവത്തിന്!- ജെ.മാത്യൂസ്

നാല്‍പതിലേറെ വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ഒരു മലയാളിസമാജത്തിന്റെ മുഖ്യ പരിപാടിയായ ഓണാഘോഷം ചര്‍ച്ചചെയ്യാന്‍ പ്രത്യേകം വിളിച്ചുകൂട്ടിയ കമ്മറ്റി മീറ്റിംഗ്. കലണ്ടര്‍ നോക്കി പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. 'തിരുവോണം കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച.' എതിര്‍പ്പ് പെട്ടെന്നായിരുന്നു, 'അന്നു പറ്റില്ല, ഞങ്ങടെ പള്ളീടെ ഓണാഘോഷമാണെന്ന്.' പ്രസിഡന്‌റ് അന്വേഷിച്ചു, ശനിയാഴ്ച ആയാലോ?' മറ്റൊരു പള്ളിക്കാരുടെ വക വിയോജിപ്പ്, 'ആ ശനിയാഴ്ചയാണ് ഞങ്ങളെ പള്ളീടെ ഓണം.'  വീണ്ടും പ്രസിഡന്റ്, 'രണ്ടാമത്തെ ഞായറാഴ്ച ആയാലോ?' ഇത്തവണ വിയോജിപ്പ് വന്നത് ഹിന്ദുസംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന കമ്മറ്റി അംഗങ്ങളില്‍ നിന്നായിരുന്നു.

ഓണാഘോഷത്തിനൊര ദിവസം കണ്ടെത്താന്‍ കഴിയാതെ ചര്‍ച്ചകള്‍ നീണ്ടുപോയി. ഇതിനകം രണ്ടുപേര്‍ പിരിഞ്ഞുപോയിരുന്നു. മറ്റേതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍. ഇതുവരെ നിശബ്ദനായിരുന്ന ഒരംഗം ചോദിച്ചു, നമ്മുടെ സംഘടനയ്ക്ക് ഉചിതമെന്നു തോന്നുന്ന ഒരു ദിവസം നടത്തിയാലെന്താ? മറ്റുള്ളവരുടെ ആഘോഷം നോക്കി നമ്മള്‍ പരിപാടി മാറ്റുന്നതെന്തിനാണ്?' അയാളുടെ നേരെ എതിര്‍പ്പിന്റെ വിരലുകള്‍ നീണ്ടു, നിരവധി. ഈ വിഷയം അടുത്തയോഗത്തില്‍ ചര്‍ച്ചചെയ്യാമെന്നുള്ള തീരുമാനത്തോടെ കമ്മറ്റി മീറ്റിംഗ് അവസാനിച്ചു.

അമേരിക്കയിലുള്ള ബഹുഭൂരിപക്ഷം മതേതര സാംസ്‌കാരിക സംഘടനകളും നേരിടുന്നതാണ് ഈ പ്രതിസന്ധി. എല്ലാ വിഭാഗക്കാര്‍ക്കും പ്രാതിനിധ്യം നല്‍കാന്‍ ചില സംഘടനകള്‍ കമ്മറ്റി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു, അനിശ്ചിതത്വവും അഭിപ്രായ ഭിന്നതയും വര്‍ദ്ധിപ്പിച്ചതു മാത്രം ഫലം. ഓരോ ജാതിമതസംഘടനയുടെയും പരിപാടികള്‍ക്കുവേണ്ടി വഴിമാറി കൊടുത്തുകൊടുത്ത് വഴിവക്കില്‍പ്പോലും ഇടംകിട്ടാത്ത ഗതികേടാണിന്ന് ചില മതേതരസംഘടനകള്‍ക്കുള്ളത്.

ഈ ദുരവസ്ഥയ്‌ക്കൊരു മാറ്റം വരണം. ജാതിമത പ്രാദേശികസംഘടനകള്‍ അവ പ്രതിനിധാനം ചെയ്യുന്ന പ്രത്യേക വിഭാഗം ജനങ്ങളുടെ താല്പര്യ സംരക്ഷണത്തിനും ഉന്നമനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. ആ പ്രവര്‍ത്തനങ്ങള്‍ അതാതുവിഭാഗം ജനങ്ങള്‍ക്ക് ഗുണകരമാണുതാനും. എന്നാല്‍ മതേതര സംഘടനകള്‍ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെ പൊതുവായ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്നു. ജാതിമത പ്രാദേശിക ചിന്തകളില്‍ തീവ്രതയുള്ള പ്രവര്‍ത്തകര്‍ അതാതു സംഘടനകളില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നതാണ് എല്ലാവര്‍ക്കും പ്രയോജനകരം. അവര്‍ മതേതര സംഘടനകളില്‍ കടന്നുവന്ന് ആധിപത്യം സ്ഥാപിക്കാന്‍  ശ്രമിച്ചാല്‍ മലയാളി സമാജങ്ങള്‍ വ്യത്യസ്ത ജാതിമത വിഭാഗങ്ങളുടെ മത്സരരംഗമാകും.

ഒട്ടേറെ ജനപിന്തുണയുള്ള ഒരു സാംസ്‌കാരിക സംഘടനയുടെ ഈയിടെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ തിരുമേനി(ബിഷപ്പ്)മാര്‍ പക്ഷംപിടിച്ച് പരസ്യ പ്രസ്ഥാവന നടത്തി. സ്വന്തം സമുദായത്തിലും പൊതുസമൂഹത്തിലും ഭിന്നിപ്പുണ്ടാകാന്‍ ആ ഇടപെടല്‍ ഇടവരുത്തി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചില സ്ഥാനാര്‍ത്ഥികല്‍ അവരവരുടെ സമുദായത്തില്‍ ഉന്നതപദവി അലങ്കരിച്ചിട്ടുണ്ടെന്നുള്ളത് ഒരു യോഗ്യതയായി എടുത്തു പറഞ്ഞു. ജന്മംകൊണ്ടു തന്നെ അംഗത്വമുള്ളവരെ മാത്രം ഉള്‍ക്കൊള്ളുന്നവയാണ് ജാതിമത സംഘടനകള്‍. മതേതര സംഘടനകള്‍ അങ്ങനെയല്ല, സ്വമനസ്സാലെ അംഗത്വം സ്വീകരിക്കുന്നവരുടെ പൊതുവായ കൂട്ടായ്മയാണ്. ഇവ തമ്മില്‍ ലക്ഷ്യങ്ങളിലും പ്രവര്‍ത്തനശൈലികളിലും അന്തരമുണ്ട്. ഈ തിരിച്ചറിവ് പല നേതാക്കള്‍ക്കും ഇല്ലെന്നുള്ളത് ഖേദകരമാണ്. എങ്ങനെയെങ്കിലും കാര്യം നേടാനുള്ള (തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള) തീവ്രമായ വ്യഗ്രതയില്‍ സ്വാമിമാരുടെ പാദം തൊട്ടു നമസ്‌കരിച്ചും തിരുമേനിമാരുടെ മോതിരം മുത്തിയും വോട്ടുപിടിക്കുന്ന അടവ് സാംസ്‌കാരിക നേതാക്കളള്‍ക്ക് ഭൂഷണമല്ല. ദൈവത്തിന്റേത് 'ദൈവത്തിനും സീസറിന്റേത് സീസറിനും' എന്ന പഴയപ്രമാണം, 'ദൈവത്തിന്റേത് ദൈവത്തിന്, സീസറിന്റേതും ദൈവത്തിന്' എന്ന് തിരുത്തി പ്രയോഗിക്കാതിരിക്കാന്‍ ദൈവത്തിന്റെയും 'സീസറി'ന്റെയും പ്രതിനിധികള്‍ ശ്രദ്ധിക്കണം.

ദൈവത്തിന്‌റേത് ദൈവത്തിന്; സീസറിന്റേതും ദൈവത്തിന്!- ജെ.മാത്യൂസ്
Join WhatsApp News
Ponmelil Abraham 2014-11-14 05:17:02
J. Mathews Sir, your observations are absolutely correct and your conclusive remedies are well grounded. Thanks for the wonderful message on the subject.
Cmc 2014-11-14 10:03:22
Keep throwing the 'shtick' some of it might stick
s.k.cherian 2014-11-14 10:28:56
if all were thinking like u. This place and organizations will became much better.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക