Image

ഡോ. പി.സി. നായര്‍ക്ക് പ്രവാസി സാഹിത്യകാരന്മാര്‍ക്കുള്ള വള്ളത്തോള്‍ സമ്മാനം

Published on 11 November, 2014
ഡോ. പി.സി. നായര്‍ക്ക് പ്രവാസി സാഹിത്യകാരന്മാര്‍ക്കുള്ള വള്ളത്തോള്‍ സമ്മാനം
തിരുവനന്തപുരം: പ്രവാസി മലയാള സാഹിത്യകാരന്മാര്‍ക്കുള്ള വള്ളത്തോള്‍ സമ്മാനം ഇബ്‌സന്‍, ഹെര്‍മ്മന്‍ ഹെസ്സെ മുതലായ വിശ്വസാഹിത്യകാരന്മാരുടെ കൃതികളുടെ പരിഭാഷകന്‍ ഡോ. പി.സി. നായര്‍ക്ക്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാനം പ്രശസ്തകവി പി.നാരായണക്കുറുപ്പിന്. 1,11,111 രൂപയുടെ നാണ്യോപഹാരവും കീര്‍ത്തിഫലകവുമാണ് സമ്മാനം.
ആര്‍. രാമചന്ദ്രന്‍നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, േഡാ. എ.എം. വാസുദേവന്‍പിള്ള, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, സി.ജി. രാജഗോപാല്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട വിധിനിര്‍ണയ സമിതിയാണ് സമ്മാനാര്‍ഹരെ നിശ്ചയിച്ചത്.
തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പി.നാരായണകുറുപ്പ്, ഡോ.പി.സി.നായര്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. വളളത്തോളിന്റെ നാമധേയത്തിലുളള അവാര്‍ഡ് അര്‍ഹിക്കുന്ന അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ വളളത്തോള്‍ സാഹിത്യ സമിതി പ്രസിഡന്റ് ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. പ്രൊഫ.ആര്‍.ഹേമന്ത് കുമാര്‍, ഡോ.എ.എം.വാസുദേവന്‍ പിളള, പി.നാരായണക്കുറുപ്പ്, ഡോ.പി.സി.നായര്‍, പ്രൊഫ.ഹരികുമാര്‍ നെടുമുടി, ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍, ആര്‍.അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 


തിരുവല്ല സ്വദേശിയായ പി.സി.നായര്‍ 1959-ല്‍ തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബി.എ.ഓണേഴ്‌സ് പാസ്സായി. കുറച്ചുകാലം ഡല്‍ഹിയില്‍ പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ.ഇ.എ.ജെ. ജോണ്‍സന്റെ കൂടെ ജോലി ചെയ്തു.

പിന്നീട് ഉപരിപഠനത്തിന് അമേരിക്കയിലേക്കു പോയ അദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും തുടര്‍ന്ന് ഡോക്ടറേറ്റും നേടി ഡോ.പി.സി.നായരായി.

മലയാളത്തില്‍ നിന്ന് അകലെയായിരുന്നിട്ടും അദ്ദേഹമിപ്പോള്‍ ഒരു മലയാള നോവല്‍ എഴുതിയരിക്കുന്നു: മേരി മഗ്ദലന്റെ ആത്മകഥ.

ഡാന്‍ ബ്രൗണ്‍ 2003- ല്‍ ഡാവിഞ്ചികോഡ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് മഗ്ദലനിലെ മേരിയെ പുതിയൊരു കണ്ണുകൊണ്ടു കണ്ടു തുടങ്ങിയവര്‍ ഏറെയാണ്. ബ്രൗണിന്റെ മേരി ചരിത്രത്തിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിച്ചവരുമുണ്ട്.

എന്നാല്‍ , ഗലീലി കടല്‍തീരത്തെ മഗ്ദലന്‍ പട്ടണത്തില്‍ ജനിച്ച് യഹൂദപാരമ്പര്യത്തില്‍ വളര്‍ന്ന്, യേശു എന്ന നിമിത്തത്തിലൂടെ സ്വയം കണ്ടെത്തുന്ന മേരിയെയാണ് ഡോ.പി.സി. നായര്‍ അവതരിപ്പിക്കുന്നത്. ബൈബിളിലെ നഖചിത്രങ്ങളില്‍ നിന്ന് ആധികാരിക ഗവേഷണഗ്രന്ഥങ്ങളുടെ സഹായത്തോടെ മേരിയുടെ ജീവിതം അദ്ദേഹം പുനര്‍നിര്‍മിക്കുന്നു.

ആത്മകഥാരൂപത്തില്‍ നോവലെഴുതുക എളുപ്പമല്ല. പക്ഷേ, ചരിത്രത്തിനും വിശ്വാസത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ സമര്‍ത്ഥമായി സഞ്ചരിച്ച് അസാധാരണമായൊരു രചാനാ ശില്പ്പം തീര്‍ത്തിരിക്കുന്നു നോവലിസ്റ്റ്.

ആത്മകഥാരൂപത്തിന്റെ പരിമിതികള്‍ നിലനില്‍ക്കെത്തന്നെ മേരി മഗ്ദലന്‍ ദാര്‍ശനികമാനങ്ങളുള്ള കഥാപാത്രമായി നമുക്കു മുന്നില്‍ അവതരിക്കുന്നു. ആത്മകഥ ആവശ്യപ്പെടുന്നതരത്തിലുള്ള ലളിതശൈലിക്ക് ബോധപൂര്‍വ്വമായ കൗശലങ്ങളുടെ പിന്‍ബലമില്ലതാനും.

ഡാവിഞ്ചികോഡ് വായിച്ചവരും വായിച്ചെന്നു സ്വയം വിശ്വസിക്കുന്നവരും മേരി മഗ്ദലന്റെ ആത്മകഥ വായിക്കണമെന്നും പറയാന്‍ ഡോ.പി.സി. നായര്‍ സ്ഥലത്തില്ല; അദ്ദേഹം ഇപ്പോഴും അമേരിക്കയിലാണ്.
(Jose Panchipuram-Bhashaposhini)

ഡോ. പി.സി. നായര്‍ക്ക് പ്രവാസി സാഹിത്യകാരന്മാര്‍ക്കുള്ള വള്ളത്തോള്‍ സമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക