Image

ഷിക്കാഗോ ആള്‍ഡര്‍മാന്‍ സ്ഥാനാര്‍ത്ഥി ഷാജന്‍ കുര്യാക്കോസിന്‌ പിന്നില്‍ ഇന്ത്യന്‍ സമൂഹം

ജോയിച്ചന്‍ പുതുക്കുളം Published on 05 November, 2014
ഷിക്കാഗോ ആള്‍ഡര്‍മാന്‍ സ്ഥാനാര്‍ത്ഥി ഷാജന്‍ കുര്യാക്കോസിന്‌ പിന്നില്‍ ഇന്ത്യന്‍ സമൂഹം
ഷിക്കാഗോ: ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, മറ്റ്‌ വിവിധ സൗത്ത്‌ ഏഷ്യക്കാര്‍, യഹൂദര്‍, യൂറോപ്പുകാര്‍ തുടങ്ങി അനേകം വിഭിന്ന സംസ്‌കാരങ്ങളുടെ ഉടമകളും ഭാഷകള്‍ സംസാരിക്കുന്നവരുമാണ്‌ ഷിക്കാഗോയിലെ അമ്പതാം വാര്‍ഡിലെ ജനങ്ങള്‍. ആ വാര്‍ഡിലേക്ക്‌ മലയാള പാരമ്പര്യമുള്ള ഷാജന്‍ കുര്യാക്കോസ്‌ ആള്‍ഡര്‍മാന്‍ ആയി മത്സരിക്കുന്നു. ഷിക്കാഗോയുടെ പട്ടണപ്രാന്തപ്രദേശമായ നേപ്പര്‍വില്ലില്‍ ഒരു കാമ്പയിന്‍ ധനശേഖരണ മീറ്റിംഗില്‍ പിന്തുണ സംഘത്തോട്‌ സംസാരിക്കുകയായിരുന്നു ഷാജന്‍. ബാല്യകാലം മുതലുള്ള അടിസ്ഥാനപരമായ രാഷ്‌ട്രീയ സമ്പര്‍ക്കവും യശ്ശശരീരനായ മേയര്‍ ഹാരോള്‍ഡ്‌ വാഷിംഗ്‌ടണ്‍ മുതല്‍ അടുത്തകാലത്ത്‌ മേയര്‍ സ്ഥാനത്തുനിന്നും വിരമിച്ച റിച്ചാര്‍ഡ്‌ ഡെയിലി വരെയുള്ള പ്രഗത്ഭ രാഷ്‌ട്രീയ പ്രതിഭകള്‍ക്കുവേണ്ടി വോട്ടര്‍ രജിസ്‌ട്രേഷനും ക്യാമ്പയിനും നടത്തിയുള്ള പരിചയവും, വിജയത്തിനു സാക്ഷ്യം നിന്നിട്ടുള്ള തനിക്ക്‌ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളും വിജയരഹസ്യങ്ങളും പുതുമയല്ലെന്ന്‌ ഷാജന്‍ അറിയിച്ചു.

വ്യവസായ പട്ടണപ്പാതയെന്ന നാമമുണ്ടായിരുന്നിരിക്കിലും 1970- 1980 -ല്‍ കുടിയേറിയ വിവിധ ഇന്ത്യക്കാര്‍ തുടക്കം കുറിച്ച്‌ 1990- 2000 പതിറ്റാണ്ടുകളില്‍ തഴച്ചുവളര്‍ന്ന്‌ ലാഭകരവും ആകര്‍ഷകവുമായിത്തീര്‍ന്ന ഷിക്കാഗോയിലെ ഇന്ത്യന്‍ ഹബ്ബ്‌ ആയ ഡിവോണ്‍ അവന്യൂവിലെ സമൃദ്ധി കൈവരിച്ച അനവധി വ്യവസായ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കും നാട്ടുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരേപോലെ മനംകുളിര്‍പ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന തെരുവുകള്‍, വൃത്തിഹീനമായ നടപ്പാതകള്‍ എന്നിവ കൂടാതെ ഗതാഗത തടസ്സവും ജനങ്ങള്‍ക്ക്‌ സുരക്ഷിത സഞ്ചാരവിഘ്‌നവും സൃഷ്‌ടിക്കുന്നു. വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാനുള്ള മതിയായ സൗകര്യങ്ങളുടെ അഭാവം നിമിത്തം പൊതുജനങ്ങള്‍ ആ ഭാഗത്തേക്ക്‌ കടന്നുചെല്ലുവാന്‍ പോലും മടിക്കുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ വ്യാപാരം ഘനീഭവിച്ച്‌ നഷ്‌ടത്തിലായ നിരവധി വ്യാപാര സ്ഥാപനങ്ങളും അവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളും ഇപ്പോള്‍ ശൂന്യമായി കിടക്കുന്നു. മറ്റൊരു കൂട്ടം വ്യവസായികള്‍ സബര്‍ബുകളിലേക്കും മറ്റ്‌ സംസ്ഥാനങ്ങളിലേക്കും അവരുടെ വ്യാപാരങ്ങള്‍ മാറ്റി പ്രതിഷ്‌ഠിക്കുന്നു.

വാര്‍ഡിന്റെ സമ്പത്തിക വികസനം, വിദ്യാഭ്യാസം, സുരക്ഷിതത്വം ഇവയെല്ലാമാണ്‌ തന്റെ ലക്ഷ്യങ്ങളെന്ന്‌ ഷാജന്‍ ഊന്നിപ്പറഞ്ഞു. പൊതുജനങ്ങള്‍ക്ക്‌ ആശ്രയിക്കാന്‍ പറ്റിയ ഒരു ലൈബ്രറി അമ്പതാം വാര്‍ഡില്‍ ഇല്ല എന്ന വെളിപ്പെടുത്തല്‍ എല്ലാവരിലും അതിശയം ഉളവാക്കി. വിദ്യാഭ്യാസത്തിന്‌ പ്രധാന്യം നല്‍കുന്ന ഏതൊരു സമൂഹത്തിനും ഈ യാഥാര്‍ത്ഥ്യം സഹ്യമായ ഒന്നല്ല എന്ന്‌ എടുത്തുപറയേണ്ടതില്ലല്ലോ എന്ന്‌ ഷാജന്‍ അനുസ്‌മരിച്ചു.

ഷിക്കാഗോയില്‍ ജനിച്ചുവളര്‍ന്ന ഷാജന്‍ കുര്യാക്കോസ്‌ രാഷ്‌ട്രീയ രംഗത്ത്‌ സജീവ പ്രവര്‍ത്തകനായിരുന്ന പരേതനായ കുര്യാക്കോസ്‌ മാത്യു തെങ്ങുംമൂട്ടിലിന്റേയും, ഇപ്പോള്‍ നേപ്പര്‍വില്ലില്‍ താമസിക്കുന്ന മേരിക്കുട്ടി കുര്യാക്കോസിന്റേയും പുത്രനാണ്‌.

ബിസിനസില്‍ ബിരുദം നേടിയ ഷാജന്‍ സബ്‌വേ റെസ്റ്റോറന്റ്‌, കാംകാസ്റ്റ്‌ സെയില്‍സ്‌ മാനേജര്‍, റിയല്‍ എസ്റ്റേറ്റ്‌ ഡവലപ്‌മെന്റ്‌ തുടങ്ങിയ ബിസിനസ്‌ രംഗങ്ങളില്‍ കഴിവ്‌ തെളിയിച്ച വ്യക്തിയാണ്‌. ജെ.പി മോര്‍ഗന്‍ ചെയ്‌സ്‌, ബീമോ ഹാരിസ്‌ ബാങ്ക്‌ എന്നീ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയം അമ്പതാം വാര്‍ഡിനെ പുനരുജ്ജീവിപ്പിക്കാനും പൗരന്മാരുടെ ആശങ്കകള്‍ അകറ്റാനും തന്നെ സഹായിക്കുമെന്ന്‌ ആത്മവിശ്വാസത്തോടെ ഷാജന്‍ പറഞ്ഞു.

2015 ഫെബ്രുവരി 24-നാണ്‌ ഷിക്കാഗോ ആള്‍ഡര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ്‌ അവരുടെ ഭരണകാലാവധി നാലുവര്‍ഷമാണ്‌. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ രജിസ്‌ട്രേഷന്‍ നടത്തുവാന്‍ 475 പൗരന്മാരുടെ ഒപ്പുകള്‍ ആവശ്യമാണ്‌. ഇപ്പോള്‍ 65-നുമേലേ ശേഖരിച്ചുകഴിഞ്ഞുവെന്നും നവംബര്‍ മാസം അവസാനിക്കുന്നതിനു മുമ്പായി 1000 ഒപ്പുകള്‍ നേടുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാജന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ www.50thwardforshajan.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

ടോമി വെള്ളുക്കുന്നേല്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോ ആള്‍ഡര്‍മാന്‍ സ്ഥാനാര്‍ത്ഥി ഷാജന്‍ കുര്യാക്കോസിന്‌ പിന്നില്‍ ഇന്ത്യന്‍ സമൂഹം
ഷിക്കാഗോ ആള്‍ഡര്‍മാന്‍ സ്ഥാനാര്‍ത്ഥി ഷാജന്‍ കുര്യാക്കോസിന്‌ പിന്നില്‍ ഇന്ത്യന്‍ സമൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക