Image

പെമ്പിളയുടെ വ്യാക്കൂണും 'അളിയന്റെ പടവലങ്ങയും' ഒരു ആസ്വാദനം (ഭാഗം: 2- Dr.നന്ദകുമാര്‍ ചാണയില്‍)

Dr.നന്ദകുമാര്‍ ചാണയില്‍ Published on 30 October, 2014
പെമ്പിളയുടെ വ്യാക്കൂണും  'അളിയന്റെ പടവലങ്ങയും'  ഒരു ആസ്വാദനം (ഭാഗം: 2-  Dr.നന്ദകുമാര്‍ ചാണയില്‍)
ആദ്യകാല പ്രവാസി മലയാള സാഹിത്യകാരന്‍മാരില്‍ അദ്വിതീയനാണ്  ശ്രീ ജോസ് ചെരിപ്പുറം. വളരെ അടുത്ത വൃത്തങ്ങളില്‍ ഔസേപ്പച്ചന്‍ എന്ന ഇതര നാമത്തില്‍ അറിയപ്പെടുന്നു. ഓണ്‍ലൈന്‍ സംവിധാനമില്ലാത്തപ്പോഴും നാട്ടില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് ആഴ്ചകളോളം കാത്തിരിക്കേി വന്നപ്പോഴും സരസമായ കവിതകളെഴുതി ഇവിടുത്തെ വായനക്കാരെ രസിപ്പിച്ചിരുന്നു ശ്രീ ചെരിപുറം. അതോടൊപ്പം തന്നെ ഇരുത്തി ചിന്തിപ്പിക്കാനുതകുന്ന ലേഖനങ്ങളും എഴുതിയിരുന്നു. ഇപ്പോഴിതാ ഇദ്ദേഹം കൂടുതല്‍ ദുര്‍ഘടം പിടിച്ച മേഖലയിലേക്ക് തട്ടകം മാറ്റി ചവിട്ടുന്നു. ഫലമോ ലക്ഷ്യ സ്ഥാനത്തു തന്നെ മര്‍മ്മം നോക്കി ചവിട്ടേല്‍പ്പിക്കാനും അദ്ദേഹത്തിനു കഴിയുന്നു. അങ്ങിനെ വ്യത്യസ്ത മേഖലകളില്‍ പ്രയാണം ചെയ്തു കൊിരിക്കുന്ന ഒരു സാഹിത്യ സഞ്ചാരിയെ കിട്ടിയത് പ്രവാസി വായനക്കാരുടെ ഭാഗ്യം എന്നേ പറയാവൂ.

     'അളിയന്റെ പടവലങ്ങ'യുടെ ഒരു പ്രതിഗ്രന്ഥ കര്‍ത്താവ് ഈ ലേഖകന് സമ്മാനിച്ചപ്പോള്‍ തോന്നി, ഈ പടവലങ്ങ കറി വെച്ചു കൂട്ടി അതിന്റെ രുചി മറ്റുള്ളവരുമായി പങ്ക് വെക്കാതിരുന്നാല്‍ ഈ അനുഗ്രഹീത സാഹിത്യകാരനോട് ചെയ്യുന്ന നെറികേടായിരിക്കുമെന്ന്. ഈ ലേഖനം വെറും ആസ്വാദനം മാത്രമാണ്. (കാരണം സാഹിത്യ വിമര്‍ശനത്തിന്റെ പടിപ്പുരയിലെത്തുവാനുള്ള  യോഗ്യത പോലും ഈയുള്ളവനില്ല.സാഹിത്യ വിമര്‍ശന ശാഖയിലെ സാമ്രാട്ട്,യശ :ശരീരനായി ശ്രീ.സുകുമാര്‍ അഴീക്കോട്  കൊടുത്തിരിക്കുന്ന വിമര്‍ശനം പരിശോധിച്ചാല്‍ മുന്‍ പറഞ്ഞ പ്രസ്താവന മനസിലാവും. “ആധുനികരില്‍ പ്രമാണികരായ സാഹിത്യ ചിന്തകരുടെ അഭിപ്രായത്തില്‍ ,സാഹിത്യ വിമര്‍ഷനം എന്നു വെച്ച വ്യാഖ്യാനമോ,പഠന നിര്‍ണ്ണയമോ, ചരിത്രമോ ജീവ ചരിത്രമോ ഒന്നുമല്ല.വ്യാഖ്യാനാദികള്‍ വിമര്‍ശനത്തിന്റെ ഉപകരണങ്ങളോ അസംസ്‌കൃത വസ്തുക്കളോ ആയിരിക്കാം.അവ, നമ്മെ സാഹിത്യത്തിന്റെ കവാടം വരെ മാത്രമേ എത്തിക്കുന്നുള്ളു. ആ കവാടം കടന്നതിനു ശേഷമുള്ള സ്വച്ഛന്ദ വിഹാരമാണ്  വിമര്‍ശനം.സാഹിത്യ കൃതിയെ മനസ്സിലാക്കാവുന്നിടത്തോളം മനസിലാക്കി അതില്‍ നിന്നു ആസ്വദിക്കാന്‍ കഴിഞ്ഞ ആനന്ദത്തിന്റെ പിന്നിലുള്ള ബുദ്ധിപരവും ഭാവപരവുമായ അടിത്തറ എന്തെന്ന്  ആവിഷ്‌ക്കരിക്കലത്രെ സാഹിത്യ വിമര്‍ശനം.”)

    നമ്മുടെ ചുറ്റുപാടും കാണുന്ന ആളുകളെയും അവരുടെ ജീവിതരീതികളേയും അത്യധികം സൂക്ഷ്മ പാടവത്തോടെ നിരീക്ഷിക്കുന്ന ഒരാള്‍ക്കേ ഹാസ്യ കൃതികള്‍ രചിക്കാന്‍ കഴിയൂ. ഗ്രന്ഥ കര്‍ത്താവു തന്നെ ആമുഖത്തില്‍ പറയുന്നു, മര്‍മ്മത്തു കൊള്ളുന്ന നര്‍മ്മം കേള്‍ക്കുവാനും ആസ്വദിക്കുവാനും ആര്‍ക്കാണ്  താല്‍പര്യമില്ലാത്തത്. അവസരോചിതവും അര്‍ത്ഥവത്തും ആയ നര്‍മ്മം ചിരിക്കുവാനും ചിന്തിപ്പിക്കുവാനും ഉതകുന്നതാണ്. അസ്ഥാനത്തുള്ള നര്‍മ്മം നനഞ്ഞ പടക്കം പോലെ ചീറ്റി പ്പോവുകയും ചെയ്യും. എത്ര വാസ്തവമാണ്  ഈ പ്രസ്താവന. അതു കൊണ്ടാണല്ലോ നമ്മുടെ ഇടയിലുള്ള പല സാഹിത്യകാരന്മാരുടെയും മാല പടക്കങ്ങള്‍ നനഞ്ഞ്  ദുര്‍ഗന്ധം വമിച്ചു ചീറ്റി പ്പോകുന്നത്. സ്വകാര്യപരവും ലൈംഗികവുമായ കാര്യങ്ങള്‍ പറയുമ്പോള്‍ , എല്ലാം വെട്ടി തുറന്നു പറയാതെ അല്‍പം മറ ആവശ്യമാണെന്ന് ചിലര്‍ കരുതുന്നു. മറ്റു ചിലരാവട്ടെ ഇന്നത്തെ ചില ചെറുപ്പക്കാരുടെ വസ്ത്രധാരണ രീതി പോലെ (എന്തിനു ചെറുപ്പക്കാരെ പറയുന്നു….വയസ്‌ക്കരായ ചിലരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.)രഹസ്യമാക്കേണ്ട പലരും പരസ്യമാക്കുന്നു. അവിടെ അതിര്‍ വരമ്പുകളില്ല,ലംഘനങ്ങളില്ല, മറയില്ലാതെ എല്ലാം സുതാര്യം!!! അപ്പോള്‍ ശ്ലാഘിതമാവേണ്ടത് അശ്ശീലമാവുന്നു.അതാണ്  ഇവിടുത്തെ ചില മുടി ചൂടാ മന്നന്മാര്‍ക്ക് സംഭവിച്ചിരിക്കുന്ന അമളി. “A thing of beauty is half concealed and half revealed” എന്ന തത്വം ഉള്‍ക്കൊള്ളുന്നതില്‍ നമ്മുടെ ഈ ഹാസ്യ സാഹിത്യകാരന്‍ ശ്രദ്ധ ചെലുത്തിയതായി കാണാം.

നമുക്കു ചുറ്റും നടക്കുന്ന ചില സാധാരണ സംഭവങ്ങള്‍ നര്‍മ്മഭാവനയോടെ ശ്രീ ചെരിപ്പുറം വിവരിക്കുമ്പോ ള്‍ നമ്മെ ചിരിപ്പിക്കുന്നതിനപ്പുറം ചിന്തിപ്പിക്കാനും വക നല്‍കുന്നു. അമേരിക്കയിലെ മലയാള സാഹിത്യ സദസ്സിലെ ഒരു പണ്ഡിത ശ്രേഷ്ടന്‍ സ്വകാര്യസംഭാഷണ മദ്ധ്യേ ഒരു കാര്യം ഈ ലേഖകനോട് സൂചിപ്പിക്കുകയുണ്ടായി. “കവിയും ലേഖകനുമായ ശ്രീ.ചെരിപ്പുറത്തിനെ മാലോകര്‍ വേണ്ടത്ര കാര്യമായി എടുക്കാതെ പോയെങ്കിലും 'അളിയന്റെ പടവലങ്ങ'യുടെ സ്രഷ്ടാവിനെ സഗൌരവം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു”. ശ്രീ.ചെരിപ്പുറത്തിന്റെ തൊപ്പിയില്‍ ഇതാ മറ്റൊരു തൂവല്‍. ഇത്രയും പടവലം നട്ടു വളര്‍ത്തി പടവലങ്ങയാക്കിയ ദേഹത്തെ പറ്റി.

    ഇനി പടവലങ്ങയെ കുറിച്ചാവാം :
കുട്ടിയമ്മ ഗര്‍ഭനിരോധന ഗുളികകള്‍ മുറ പോലെ കഴിച്ചിരുന്നു. കുട്ടപ്പന്റെ ധൃതിയും വേലത്തരവും കൊണ്ട് കുട്ടിയമ്മ ഗര്‍ഭിണിയായി. അങ്ങനെ കുട്ടിയമ്മയ്ക്ക് പൊടിമീനും പടവലങ്ങയും കൊണ്ടുള്ള കൂട്ടാന്‍ കൂട്ടാനുള്ള ഗര്‍ഭപൂതി (വ്യാക്കൂണ്‍)യും ഉളവായി. ഭാര്യയുടെ പൂതി നിറവേറ്റാന്‍ പറ്റാത്ത ഭര്‍ത്താവ്  ആണായി ജീവിച്ചിട്ടെന്തു കാര്യം എന്നുള്ള ശകാര വര്‍ഷം കൂടി ആയപ്പോള്‍ , രണ്ടും കല്‍പ്പിച്ചു അളിയന്റെ വീടിന്റെ പിന്നാമ്പുറത്തെ പടവലങ്ങ മോഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ചതും പിന്നീടുള്ള കുട്ടപ്പന്റെ സാഹസവും അയാളെ എമര്‍ജന്‍സി റൂമില്‍ എത്തിച്ചതും,എല്ലാം സരസേന പ്രതിപാദിക്കുന്നതിലും വായനക്കാരെ ആദ്യം മുതല്‍ അവസാനം വരെ കുടു കുടാ ചിരിപ്പിക്കുന്നതിലും കഥാകൃത്ത് വിജയിച്ചിരിക്കുന്നു. സ്വന്തം ചോരയാണെങ്കില്‍ പോലും സന്തത സാമീപ്യം അസ്വാരസ്യങ്ങള്‍ക്ക് വഴി തെളിക്കുന്നു എന്നെല്ലാമുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വളരെ ഹൃദയ സ്പര്‍ശിയായി വിവരിച്ചിട്ടുണ്ട്. ശ്രീ ചെരിപ്പുറം മാനഹാനിയും പട്ടിയുടെ കടിയും കൊണ്ട്  ഉഴലുന്ന കുട്ടാപ്പി ഒരു വശത്ത്, വിത്തിനിട്ട പടവലങ്ങ മോഷ്ടിക്കപ്പെട്ടതില്‍ മനം നൊന്ത് ആങ്ങളയെ ദുഷ്ടനായി ആരോപിക്കുന്ന പെങ്ങള്‍ മറുവശത്ത്., അങ്ങനെ നല്ലൊരു ദൃക്‌സാക്ഷി വിവരണം ലഭിക്കുന്നുണ്ട്  ഈ ഇതിവൃത്തല്‍. വാസ്തവത്തില്‍ ഇരുപത്തിയഞ്ചു നര്‍മ്മ ഭാവനകളിലും വെച്ച് മുന്തിയത് ശീര്‍ഷക കഥയായ ഇവന്‍ തന്നെ എന്നാണ് എന്റെ അഭിപ്രായം.മറ്റു ഇതിവൃത്തങ്ങളെല്ലാം തന്നെ ഞാനാണ് കേമന്‍ എന്ന മട്ടിലാണെങ്കില്‍ പോലും.

കുഞ്ഞച്ചന്റെയും കുഞ്ഞമ്മയുടെയും അണിയറ രഹസ്യങ്ങള്‍ അശ്ശിലച്ചുവ കൂടാതെ വായനക്കാരെ ഹാസ്യഭാഷയില്‍ ധരിപ്പിക്കുന്നുണ്ട് 'പവര്‍ ഫെയിലറി'ല്‍ “പവര്‍ ഫെയിലറല്ലെ ഉണ്ടായുള്ളൂ പവര്‍ കട്ടൊന്നുമല്ലല്ലോ” എന്നു കുഞ്ഞമ്മയെ കൊണ്ട് പറയിപ്പിക്കുന്നതില്‍ ചെരിപ്പുറത്തിന്റെ കാപ്‌സ്യൂള്‍ ഫലിതം തികച്ചും ഒരു ചിരി ബോംബായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു.

'അച്ചായന്റെ പേടി'യില്‍ കൊച്ചമ്മിണിയെ കുഞ്ഞുമോനച്ചായന്‍ ഡ്രൈവിങ് പഠിപ്പിക്കാത്തത്, ഭാര്യ സര്‍വ്വതന്ത്ര സ്വതന്ത്രയായാല്‍ തന്റെ അസ്തിത്വത്തിന് മങ്ങലേക്കുമെന്നുള്ള സ്വാര്‍ത്ഥത തന്നെ.  ഈ കഥയുടെ ആഖ്യാനത്തില്‍ ചെരിപ്പുറത്തിന്റെ ഹാസ്യ സ്പര്‍ശം തിരിച്ചറിയാന്‍ ഈ ഭാഗം ശ്രദ്ധിക്കൂ. എടോ വര്‍ഗ്ഗീസേ ഞാന്‍ അമേരിക്കയിലേക്ക്  തിരുവനന്തപുരത്ത് നിന്ന് വിമാനം കയറിയതോടെ പുത്തന്‍പുരക്കല്‍ മത്തായി സാറിന്റെ മകന്‍ എന്ന ലേബല്‍ തീര്‍ന്നു. ഇവിടെ വന്നപ്പോള്‍ അറിയപ്പെട്ടിരുന്നത് കൊച്ചമ്മണിയുടെ കുഞ്ഞുമോന്‍ എന്നായിരുന്നു. നമ്മില്‍ പലരും അങ്ങനെയാണല്ലൊ അറിയപ്പെട്ടിരുന്നത്. ഈ വാക്യത്തില്‍ പൊരുള്‍ നമ്മുടെ സമൂഹത്തിലെ പലരും അനുഭവിച്ചറിഞ്ഞ പര മാര്‍ത്ഥമാണെന്ന് പറയേണ്ടതില്ലല്ലോ.

'ദൈവത്തിന്റെ നാട്' മറ്റൊരു ഹിറ്റ് കഥയാണ്. ഭാര്യയുടെ ഇംഗിതമനുസരിച്ച് സഹായത്തിന് വിധവയായ അമ്മായി അമ്മയെ നാട്ടില്‍ നിന്നു കൊണ്ടു വന്നതും തുടര്‍ന്നുള്ള പുല്ലാപ്പുകളും തന്മയത്തത്തോടെ വര്‍ണ്ണിച്ചിട്ടുണ്ട്. കഥാകൃത്ത് അമ്മായി അമ്മയുടെ രോഗ നിര്‍ണ്ണയം ഒറ്റ വാക്യത്തില്‍ ഒതുക്കുന്നത് ശ്രദ്ധേയമാണ്. ഭക്തയും ഏകയുമായ ഒരു സ്ത്രീ സ്വന്തം മകളും മരുമകനും ഒന്നിച്ചുറങ്ങുന്നതില്‍ അസൂയപ്പെടും. മരണപ്പെട്ട അമ്മായിഅമ്മയെ വിശുദ്ധനാട്ടി ല്‍ സംസ്‌ക്കരിച്ചാല്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റാലോ എന്ന ഭീതി സ്വതവേ പിശുക്കനായ മത്തായിക്കുട്ടിയെ എന്തു ചിലവു വന്നാലും അമേരിക്കയില്‍ തന്നെ സംസ്‌ക്കാര കര്‍മ്മം നടത്തണ മെന്ന തീരുമാനത്തിലെ ത്തിച്ചു. കാരണം അമ്മായി അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്ന രണ്ടാം ചാന്‍സ് എടുക്കു ക ആത്മഹത്യപരമാണെന്ന്  മത്തായി ക്കുട്ടിക്ക് നന്നായി അറിയാം.

 ഓരോ കഥയിലേക്കും പ്രത്യേകം പ്രത്യേകമായി കടക്കുന്നില്ല. അങ്ങിനെ ചെയ്യുന്നതു കൊണ്ട് മാന്യ വായനക്കാരുടെ ജിജ്ഞാസയെ ഏതെങ്കിലും വിധത്തിലുള്ള മുന്‍ വിധിയോടെ സ്വാധീനിച്ചേക്കാമെന്ന ശങ്കയും ഇല്ലാതില്ല. കൂടാതെ അമേരിക്കന്‍ സാഹിത്യത്തിലോ കത്തിലെ അതികായന്മാരായ സര്‍വ്വ ശ്രീ ജോയന്‍ കുമരകവും ജെ മാത്യൂസും രാജുമൈലപ്രയും ഈ പടവലങ്ങ കൊണ്ട്  തന്നെ അത്യധികം രുചിയേറിയ വിഭവങ്ങള്‍ നല്‍കി നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്.

 'വരും വരാഴിക', 'ഇതെന്തൊരു സൃഷ്ടി', 'ഡോളറിന്റെ ലീലാ വിലാസങ്ങള്‍' എന്നീ ഇതിവൃത്തങ്ങള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് നര്‍മ്മ രസത്തിന്റെ തീവ്രത തുലോം കുറഞ്ഞു പോയെന്ന ഒരു എളിയ അഭിപ്രായം ഇതെഴുതുന്ന ആളിനുണ്ട്, ഓരോരുത്തരുടെയും അഞ്ചു വിരളുകളും ഒരു പോലെ അല്ലല്ലോ അല്ലെ.

    പടവലങ്ങ കൂടാതെ,ഇനിയും പാവക്കയും ചുരങ്ങയും മത്തങ്ങയും കുമ്പളങ്ങയും  തണ്ണീര്‍മത്തനുമെല്ലാം തന്നെ ശ്രീ.ജോസ് ചെരിപ്പുറത്തിന്റെ അടുക്കളത്തോട്ടത്തില്‍ സുലഭമായി വിളഞ്ഞു വിലസട്ടെ എന്നാശംസിക്കുന്നു. ഈ കറി അപ്രതീക്ഷിതമായി ഇവിടെ തീര്‍ന്നു പോയേ! 


പെമ്പിളയുടെ വ്യാക്കൂണും  'അളിയന്റെ പടവലങ്ങയും'  ഒരു ആസ്വാദനം (ഭാഗം: 2-  Dr.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക