Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു

Published on 31 October, 2014
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു
മുംബയ്: മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ച വൈകിട്ട് മുംബയിലെ വാങ്കഡേ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചെറിയ ഒരു സംഘം മന്ത്രിമാരും ചുമതലയേറ്റു. സംസ്ഥാനത്തിന്റെ ഇരുപത്തിഏഴാമത് മുഖ്യമന്ത്രിയാണ് ഫട്‌നാവിസ്.

ഫട്‌നാവിസിനെ കൂടാതെ ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളായ ഏക്‌നാഥ് ഖാദ്‌സെ, സുധീര്‍ മുങ്ങാന്റിവാര്‍, വിനോദ് തൗഡി, പങ്കജ മുണ്ഡേ,  മുംബയിലെ  മുന്‍ ബി.ജെ.പി പ്രസിഡന്റ് പ്രകാശ് മെഹ്ത, സമീപത്തുള്ള പാല്‍ഖര്‍ ജില്ലയിലെ ഗോത്ര നേതാവായ വിഷ്ണു സാവ്ര, ചന്ദ്രകാന്ത് പാട്ടില്‍ എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. ഇവരെ കൂടാതെ ദിലീപ് കാംബ്ലേ, വിദ്യാ താക്കൂര്‍ എന്നിവര്‍ സംസ്ഥാനത്തെ മന്ത്രിമാരായും ചുമതലയേറ്റു.

വേദിയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി, മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് കുറച്ച് സമയത്തിന് ശേഷമാണ് ശിവസേനാ മേധാവി ഉദ്ധവ് താക്കറെ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക