Image

ഇന്ത്യയില്‍ ആദ്യമായി ഗര്‍ഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി

Published on 31 October, 2014
ഇന്ത്യയില്‍ ആദ്യമായി ഗര്‍ഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നടത്തി
ഹൈദരാബാദ്: ലോക ഗര്‍ഭസ്ഥശിശു ദിനമായ ഒക്ടോബര്‍ മുപ്പത്തിയൊന്ന് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ദിനമായിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി ഹൈദരാബാദിലെ ഡോക്ടര്‍മാര്‍ ഗര്‍ഭസ്ഥശിശുവിന് നടത്തിയ ഹൃദയശസ്ത്രക്രിയ വിജയമായി.  ഹൈദരാബാദിലെ കെയര്‍ ഹോസ്പ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. കുഞ്ഞ് ജനിച്ച ശേഷം ചികിത്സയില്ലാത്തതിനാലാണ് ഗര്‍ഭാവസ്ഥയിലെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 

ഇരുപത്തിയഞ്ചുകാരിയായ ശ്രിഷയുടെ കുഞ്ഞിനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്.  കുഞ്ഞിന്റെ ഹൃദയത്തിന് കുഴപ്പമുണ്ടെന്നറിഞ്ഞപ്പോള്‍ ശ്രിഷയും  ഭര്‍ത്താവ് അരുണും(29) വല്ലാതെ പേടിച്ചു. ഇവരെ കെയര്‍ ഹോസ്പിറ്റലിലേക്ക് നിര്‍ദ്ദേശിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയുടെ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞ് കൊടുത്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.

പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനായ ഡോ. കെ നാഗേശ്വര റാവുവാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വംനല്‍കിയത്.  കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇടത് വെന്‍ട്രിക്കിള്‍ കേടായി ചുരുങ്ങുന്ന അവസ്ഥയിലായിരുന്നു. ഇതൊരു ഗുരുതരമായ അവസ്ഥയാണെന്നും ഹൃദയത്തിന്റെ ഇടതുവശം വളരെ ചെറുതായതിനാല്‍ ജനിച്ച ശേഷം ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്നും മനസിലാക്കിയ ഡോക്ടര്‍മാര്‍ ഫീറ്റല്‍ ഐയോട്ടല്‍ വോള്‍വോടോമി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പന്ത്രണ്ട് വിദഗ്ദ്ധര്‍ ചേര്‍ന്നാണ് രാജ്യത്ത് ആദ്യമായി ഈ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കിടപ്പ്  ശരിയായ രീതിയിലല്ലാത്തതിനാല്‍ ഇരുപത്തി ആറാമത്തെ ആഴ്ച നടത്തിയ ആദ്യ ശ്രമം നടന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ശസത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ഇത്തവണ ശസ്ത്രക്രിയയ്ക്കിടെ കുട്ടി അനങ്ങാടെയിരിക്കാനായി അമ്മയ്ക്കും കുഞ്ഞിനും അനസ്‌തേഷ്യ നല്‍കാനും ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ വയറ്റിലൂടെ ഗര്‍ഭപാത്രത്തിലേക്ക് സൂചി കയറ്റി, അത് കുഞ്ഞിന്റെ നെഞ്ചിലും പിന്നീട് ഇടത് വെന്റിക്കിളിലും കടത്തിയ ശേഷം ബലൂണും വയറുകളും ഉപയോഗിച്ച് ഹൃദയ വാല്‍വിന്റെ തടസം മാറ്റുകയായിരുന്നു.

എല്ലാ കാര്യങ്ങളും ഡോക്ടര്‍മാര്‍ വിശദമായി പറഞ്ഞ് തന്നിരുന്നതിനാല്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടായിരുന്നെന്ന് ഹൈദരാബാദിലെ സ്‌കൂളില്‍ സയന്‍സ് അധ്യാപിക കൂടിയായ ശ്രിഷ പറഞ്ഞു.  രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടിയുടെ ഭാരം 830 ഗ്രാമില്‍ നിന്നും 1200 ഗ്രാമായി ഉയര്‍ന്നു. രക്തസ്രാവമില്ലെന്നും കുഞ്ഞിന്റെ ഹൃദയം ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഇതു വരെ നേരിട്ടു കണ്ടിട്ടില്ലാത്ത കുഞ്ഞിന്റെ അസുഖം മാറ്റാനായതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍.  അധികം താമസിക്കാതെ ആരോഗ്യമുള്ള കുഞ്ഞ് കൈകളിലെത്തുന്നതും കാത്തിരിക്കുകയാണിവര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക