Image

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതു പോലെ ഒരു സുപ്രഭാതത്തില്‍… (ഡല്‍ഹികത്ത് : പി.വി. തോമസ്)

പി.വി. തോമസ് Published on 31 October, 2014
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതു പോലെ ഒരു സുപ്രഭാതത്തില്‍…  (ഡല്‍ഹികത്ത് : പി.വി. തോമസ്)
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഒരു സുപ്രഭാതത്തില്‍(1984 ഒക്‌ടോ.31) ഡല്‍ഹിയിലെ വി.വി.ഐ.പി. സോണിലെ ഒന്നാം നമ്പര്‍ സഫ്ദര്‍ ജങ് റോഡിലെ വീട്ടില്‍ നിന്നും ഒന്നിലേറെ മെഷീന്‍ ഗണ്ണുകള്‍ ഒട്ടേറെ പ്രാവശ്യം നിറയൊഴിക്കപ്പെടുന്ന ശബ്ദം കേട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഒരു റഷ്യന്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ സംബന്ധിക്കുവാനായി സ്വന്തം ഔദ്യോഗിക വസതിയിലെ ഒരു ലോണിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് സിക്കുകാരായ അംഗരക്ഷകര്‍ ഇന്ദിരയെ വെടിവച്ചതും അവര്‍ രക്തത്തില്‍ കുളിച്ച് നിലം പതിച്ചതും ഏതാനും സമയത്തിനകം ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ തീവ്രവാദ പരിചരണ വിഭാഗത്തില്‍ വച്ച് മരണമടഞ്ഞതും.

പിന്തിരിഞ്ഞു നോക്കുമ്പോള്‍, ഇന്ദിരഗാന്ധി ഇന്‍ഡ്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നു. ഇന്ദിര പ്രിയദര്‍ശിനി ഗാന്ധി. നെഹറുവിന്റെ സ്വന്തം ഇന്ദു. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ എത്രയെത്ര ഐതിഹാസികമായ സംഭവങ്ങള്‍ക്ക് പ്രിയദര്‍ശിനി സാക്ഷിയായിരുന്നു! അതുപോലെ തന്നെ എത്രയെത്ര സ്വാതന്ത്ര്യാനന്തര സംഭവങ്ങള്‍ക്കും ഇന്ദു സാക്ഷിയായിരുന്നു!

സ്വാതന്ത്രാനന്ദര ഇന്‍ഡ്യയിലെ മൂന്നാമത്തെ പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ദിര ഇന്‍ഡ്യയുടെ ചരിത്രം രൂപപ്പെടുത്തുന്നതില്‍  നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ചിലത് സുവാദവും മറ്റ് ചിലത് വിവാദവും. പക്ഷേ ഇന്ദിരയെ മാറ്റി നിറുത്തി ഇന്‍ഡ്യക്ക് ഒരു ചരിത്രം ഇല്ല. നെഹ്‌റുവിന്റെ പ്രധാനമന്ത്രി ഭരണകാലത്ത് ഇന്ദിര ഒരു ഭരണഘടന-ഇതര അധികാര കേന്ദ്രം ആയിരുന്നു. അച്ഛന്റെ ഇന്ദിര പ്രിയദര്‍ശിനി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ആതിഥേയ ഇന്ദിര ആയിരുന്നു. അച്ഛനോടൊപ്പം ലോകം മുഴുവനും കറങ്ങും. 1959 ഫെബ്രുവരി രണ്ടിന് നാല്പത്തി രണ്ടാമത്തെ വയസില്‍ ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയി. അച്ഛനും മുത്തച്ഛനും ഈ പദവി അലങ്കരിച്ചിട്ടുണ്ട്. മകനും (രാജീവ് ഗാന്ധിയും) മരുമകളും(സോണിയ ഗാന്ധി) പിന്നീട് ഈ പദവി അലങ്കരിച്ചിട്ടുണ്ട്.

കൊച്ചു  മകന്‍ (രാഹുല്‍ഗാന്ധി) കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷന്‍ ആണ്. അങ്ങനെ നാല്‍പത്തി രണ്ടാമത്തെ വയസ്സില്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ ആയതോടെ ഇന്ദിര ഇന്‍ഡ്യയുടെ രാഷ്ട്രീയ ചക്രവാളത്തില്‍ ഉദിച്ചുയരുകയായിരുന്നു. ഇന്ദിരയുടെ വളര്‍ച്ച പടിപടിയായിട്ടായിരുന്നു, അച്ഛന്റെ ആശീര്‍വാദത്തോടെ. 1938 മുതല്‍ കോണ്‍ഗ്രസിലെ അംഗം ആയിരുന്നു. 1955-ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയിലെ അംഗമായി. സ്വാതന്ത്ര്യത്തിനു മുമ്പ് ലണ്ടനില്‍ ആയിരിക്കുമ്പോള്‍ വി.കെ. കൃഷ്ണ മേനോനോടൊപ്പം ഓവര്‍സീസ് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ദിര കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായിരുന്നപ്പോള്‍ വളരെ ശ്രദ്ധേയ ആയിരുന്നു. അതുപോലെ തന്നെ വിവാദകേന്ദ്രവും ആയിരുന്നു. ലണ്ടന്‍ ജീവിത കാലത്ത് ഇന്ദിരഗാന്ധിയും കൃഷ്ണമേനോനും വിവാഹിതരാകുമെന്ന് വരെ കിംവദന്തികള്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും സംഭവിച്ചില്ല. നെഹ്‌റുവും മേനോനും ഇന്ദിരയും ശക്തമായ ഒരു സുഹൃദ് വലയത്തിലായിരുന്നു. 1959-ല്‍ ചൈന ടിബറ്റ് കൈയ്യേറിയപ്പോള്‍ ഇന്ദിര നെഹ്‌റുവില്‍ നിന്നും മേനോനില്‍ നിന്നും വ്യത്യസ്ഥമായ ഒരു നയം ആണ് സ്വീകരിച്ചത്.

മുംബൈയെ ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് നിര്‍ദ്ദേശിച്ചതും ഇന്ദിരയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ ഇന്ദിര എടുത്ത ഏറ്റവും വിവാദമായ തീരുമാനങ്ങളില്‍ ഒന്ന് കേരളത്തിലെ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഗവണ്‍മെന്റിനെ പുറത്താക്കുവാനുള്ളതായിരുന്നു, ആര്‍ട്ടിക്കിള്‍ 356 അനുസരിച്ച്, നെഹ്‌റുവും ഗോവിന്ദ് വല്ലഭായി പാന്തും ഇതിനെതിരായിരുന്നെങ്കിലും ഇന്ദിര പ്രസിഡന്റ് രാജേന്ദ്രപ്രസാദിനോട് ഇത് വാദിച്ച് കാര്യം നേടി. അങ്ങനെ 1959 ജൂലൈ 31ന് ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് പടിയിറങ്ങി.

ഇതിനുശേഷം ഇന്ദിരയുടെ അടുത്ത കേരള പരീക്ഷണം മുസ്ലീം ലീഗുമായി സംഖ്യമുണ്ടാക്കുകയെന്നതായിരുന്നു. കോണ്‍ഗ്രസില്‍ ഇതിനെതിരെ ശക്തമായ നീക്കം ഉണ്ടായിരുന്നു. കാരണം മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. അവര്‍ വാദിച്ചു. പക്ഷേ, ഇന്ദിരയുടെ പ്രതവാദം ഇതായിരുന്നു. മുസ്ലീം ലീഗ് കേരളത്തിലെ മറ്റൊരു പാര്‍ട്ടിയേക്കാളും വര്‍ഗ്ഗീയം അല്ല. അവിടെ എല്ലാവരും വര്‍ഗ്ഗീയം ആണ്. നായരും നമ്പൂതിരിയും അല്ലെങ്കില്‍ മറ്റേതൊരു മതവിഭാഗവും കേരളത്തില്‍ വര്‍ഗ്ഗീയം ആണ്. ഇന്ദിര വാദിച്ച് വഴി കണ്ടെത്തി.

വര്‍ഗ്ഗീയതയെ നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കേരളത്തെ മറന്നേക്കുക എന്ന മുന്നറിയിപ്പം ഇന്ദിര നല്‍കി. ഏന്തായാലും ഇന്ദിരയുടെ വര്‍ഗ്ഗീയ പരീക്ഷണം കേരളത്തില്‍ ഒരു വിജയം ആയിരുന്നു. 1959-ലെ ഇം.എം.എസ്. ഗവണ്‍മെന്റിന്റെ ഡിസ്മിസല്‍ ഒഴിച്ചാല്‍ ഇന്ദിര ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ ആയിരുന്നില്ല. ഒരു സോഷ്യലിസ്റ്റും റഷ്യ അനുഭാവിയും ആയിരുന്നു അവര്‍, നെഹ്‌റുവിനെപ്പോലെ തന്നെ പ്രണയ വിവാഹം  ആയിരുന്നുവെങ്കിലും ഫിറോസ് ഗാന്ധിയുമായിട്ടുള്ള ദാമ്പത്യം മിക്കവാറും ഒരു പരാജയം ആയിരുന്നു.

ഭര്‍ത്താവിനെ വിട്ട് ഇന്ദിര അച്ഛനോടൊപ്പം തീന്‍മൂര്‍ത്തി ഭവനില്‍ ആയിരുന്നു താമസം. ഫിറോസ് ഗാന്ധി പ്രഗത്ഭനായ ഒരു പാര്‍ലിമെന്റേറിയന്‍ ആയിരുന്നു. പക്ഷേ, നെഹ്‌റുവുമായി യോജിച്ചു പോകുവാന്‍ സാധിച്ചില്ല. അങ്ങനെ കലുഷിതമായ ഒരു ദാമ്പത്യ ജീവിതം  ആയിരുന്നു ഇന്ദിരയുടേത്, ബാല്യം പോലെ തന്നെ. ബാല്യത്തില്‍ അച്ഛന്‍ മിക്കവാറും ജയിലില്‍.

അമ്മയാകട്ടെ രോഗബാധിതയും(ക്ഷയം). കമല നെഹ്‌റുവിന് ഇന്ദിരയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുള്ള സമയമോ ആരോഗ്യമോ ഉണ്ടായിരുന്നില്ല. കൂടാതെ നിരന്തരമായുള്ള കുടുംബ കലഹങ്ങളും, ഭര്‍ത്തൃ സഹോദരികളുമായിട്ട് (വിജയ ലക്ഷ്മി പണിഡിറ്റ് ഉള്‍പ്പെടെ). ആനന്ദ് ഭവനില്‍ (അലഹബാദ്) ഇന്ദു എപ്പോഴും ഏകയായിരുന്നു. അച്ഛന്‍ ജയിലില്‍ നിന്നും തിരിച്ചു വരുമ്പോള്‍ മാത്രം അല്പം ജീവിതം. ഇതിനിടെ ലഭിക്കുന്നത് അച്ഛന്റെ കത്തുകള്‍ മാത്രം. അതിലേറെയും ചരിത്രവും ഭൂമിശാസ്ത്രവും മാത്രം. അച്ഛന്‍ ജയിലില്‍ നിന്നും തിരിച്ചെത്തിയാലും ആനന്ദ ഭവന്‍ മുഴുവനും ആള്‍ക്കൂട്ടമാണ്. മുറ്റവും ഇടനാഴികളും എല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ അലയടികള്‍ തന്നെ. കമല കൗളിന് (നെഹ്‌റു) മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും ഏല്‍ക്കേണ്ടിവരുന്ന ആത്മപീഢനം ആയിരുന്നു ഇന്ദുവിന്റെ വലിയ വ്യഥ. ആദ്യമൊക്കെ ഇന്ദു അമ്മയുടെ പക്ഷം ചേര്‍ന്നുകൊണ്ട് ഇതിനെതിരെ പ്രതികരിക്കുമായിരുന്നു. പക്ഷേ, ഫലമില്ലാതാവുകയും താന്‍ ഒറ്റപ്പെടുകയും ചെയ്തപ്പോള്‍ അമ്മ മരണത്തിന്റെ മടിയിലേക്ക് വഴുതി വീഴുന്നത് ഇന്ദു നിസഹായയായി നോക്കിനിന്നു. പിന്നെ, നിശബ്ദതയിലേക്കും തന്റെ പാവക്കൂട്ടങ്ങളുടെ ഇടയിലേക്കും സാന്ത്വനം തേടിപ്പോയി.

1964 മെയ് 27ന് നെഹ്‌റുവിന്റെ മരണം സംഭവിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. 1962 ലെ ഇന്‍ഡോ- ചൈന യുദ്ധത്തിലെ തിരിച്ചടിക്കുശേഷമുണ്ടായ പക്ഷപാതത്തില്‍ നിന്നും അദ്ദേഹം മുക്തനായിരുന്നില്ല. നെഹ്‌റുവിന് ശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. ഒരു ശുദ്ധ ഗാന്ധിയന്‍. ശാസ്ത്രി നെഹ്‌റുവിന്റെ മകളെ അദ്ദേഹത്തിന്റെ ക്യാബിനറ്റിലേക്ക് ക്ഷണിച്ചു, വിദേശകാര്യമന്ത്രിയായി. എന്നാല്‍ ഇന്ദിര മടിച്ചു മടിച്ചു ആക്ഷണം സ്വീകരിച്ചു, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ്ങ് മന്ത്രിയായി.

1966 ജനുവരി പതിനൊന്നിന് ടാഷ്കെന്റില്‍ വച്ച് ശാസ്ത്രി മരിച്ചപ്പോള്‍ നെഹ്‌റുവിന് ശേഷം ആര് എന്ന ചോദ്യം ഇന്‍ഡ്യയെ തുറിച്ചുനോക്കി. ആ ശൂന്യതയിലേക്കാണ് ഇന്ദിര രംഗപ്രവേശം ചെയ്തത്. കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുകളും അധികാര വടംവലിയും ഉണ്ടായിരുന്നു. എന്നാല്‍ കാമരാജ് നാടാര്‍ എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇന്ദിരയെ സഹായിച്ചു. 1996 ജനുവരി പത്തൊമ്പതിന് ഇന്ദിര കോണ്‍ഗ്രസിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ കടമ്പ കടന്നു. ജനുവരി ഇരുപത്തിനാലിന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.

ചരിത്രം അവിടെ ആരംഭിക്കുകയായി. 1984 ഒക്‌ടോബര്‍ 31 ന് വെടിയേറ്റ് മരിക്കുന്നതുവരെ - 1977 മുതല്‍ 1980 വരെയുള്ള ജനത പാര്‍ട്ടിയുടെ ഭരണം ഒഴിച്ചാല്‍- ഇന്ദിര ഇന്‍ഡ്യയുടെ ഭരണ സാരഥ്യം വഹിച്ചു.
ഇന്ദിര ഭരണം ഏറ്റെടുക്കുമ്പോള്‍ ഇന്‍ഡ്യ രാഷ്ട്രീയമായി വളരെ പ്രക്ഷുബ്ദം ആയിരുന്നു. പട്ടിണിയും തൊഴിയിലില്ലായ്മയും കൊടികുത്തി വാഴുന്ന സമയം. 1965- ല്‍ പാക്കിസ്ഥാനുമായി നടന്ന യുദ്ധത്തിന്റെ  ക്ഷീണം ഒരു വശത്ത്. 1967 ല്‍ നക്‌സല്‍ബാരിയില്‍ (ബംഗാള്‍) ഇടത് തീവ്രവാദം സായുധ വിപ്ലവത്തിന് കോപ്പുകൂട്ടി. നെഹ്‌റുവിന്റെ കാലംപോലെ സ്വാതന്ത്ര്യാനന്തര മധുവിധുവിന്റെ സമയം കഴിഞ്ഞിരുന്നു.

കോണ്‍ഗ്രസിനുള്ളിലെ ചേരിതിരിവ് ശക്തമായിരുന്നു. പ്രതിയോഗികളെ അമര്‍ച്ച ചെയ്യുവാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും ഇന്ദിര മെനഞ്ഞു. 1969-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ നീലം സജ്ജീവ് റെഡ്ഡിയെ ഇന്ദിര തോല്‍പിക്കുന്നതുവരെ അത് എത്തി. മനഃസാക്ഷിക്ക് അനുസരിച്ച് വോട്ടു ചെയ്യുക എന്നാണ് കോണ്‍ഗ്രസുകാരോട് ഇന്ദിര ആഹ്വാനം ചെയ്തത്! മൊറാര്‍ജി ദേശായിയെ ധനകാര്യമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. 14 ബാങ്കുകള്‍ നാടകീയമായി ദേശസാല്‍ക്കരിച്ചു. മുന്‍ രാജാക്കന്മാരുടെ പ്രിവിപേഴ്‌സ് നിറുത്തലാക്കി. വ്യവസായ സ്ഥാപനങ്ങള്‍ റെയ്ഡു ചെയ്തു. 1969 നവംബര്‍ പന്ത്രണ്ടിന് ഇന്ദിരയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പക്ഷേ, തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ ഇന്ദിര വിജയിച്ചു. കോണ്‍ഗ്രസിലെ പ്രതിയോഗികള്‍ നിഷ്പ്രഭരായി.

അന്താരാഷ്ട്രീയ തലത്തിലും സ്ഥിതിഗതികള്‍ ശാന്തം ആയിരുന്നില്ല. അമേരിക്കയിലും റഷ്യയും തമ്മിലുള്ള ശീതസമരത്തിന്റെ മൂര്‍ദ്ധന്യാവസഥയായിരുന്നു അത്. ഇന്‍ഡ്യ ചേരിചേരാ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അമേരിക്കക്ക് ഇന്‍ഡ്യയോട് മുറുമുറുപ്പ്. അമേരിക്ക പാക്കിസ്ഥാനെ പ്രത്യക്ഷമായും പരോഷമായും പണവും ആയുധവും കൊടുത്ത് സഹായിച്ചു. പടിഞ്ഞാറന്‍ പാക്കിസ്ഥാനും കിഴക്കന്‍ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം വ്യാപിച്ചു. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്‍ഡ്യയിലേക്ക് വന്‍ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായി. ലക്ഷങ്ങളെ തീറ്റിപ്പോറ്റേണ്ട ഉത്തരവാദിത്വം ഇന്‍ഡ്യയുടെ ചുമലിലായി. നിക്‌സണ്‍ ഭരണകൂടം പടിഞ്ഞാറന്‍ പാക്കിസ്ഥാനോടൊപ്പം നിലകൊണ്ടു. പാക്കിസ്ഥാനെതിരെ യുദ്ധത്തിനുപോയാല്‍ ഇന്‍ഡ്യക്കെതിരെ അണുവായുധം പ്രയോഗിക്കുവാന്‍വരെ മടിക്കുകയില്ലെന്ന് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്ക്‌സണ്‍ ഭീഷണിപ്പെടുത്തി. പക്ഷേ, ഇന്ദിര കുലുങ്ങിയില്ല. 1971-ല്‍ ഇന്‍ഡോ-പാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യം ലോകഭൂപടത്തില്‍ ഉയര്‍ന്നു.  പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ പരാജയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു യുദ്ധത്തില്‍ കൃത്യമായ ഒരു വിജയി ഉണ്ടാകുന്നത് ഈ യുദ്ധത്തില്‍ ആയിരുന്നു. പാക്കിസ്ഥാന്‍ ആയുധം വച്ചു കീഴടങ്ങി. പ്രതീകാത്മകമായി ജനറല്‍ നിയാസി (പാക്കിസ്ഥാന്‍) ജനറല്‍ അറോറക്ക് (ഇന്‍ഡ്യ) റിവോള്‍വര്‍ അടിയറവച്ചു. ഇന്ദിര വിജയ ശ്രീലാളിതയായി. 1974-ല്‍ നടന്ന പൊഖറാന്‍ അണുസ്‌ഫോടനം ഇന്ദിരയുടെ തൊപ്പിയിലെ മറ്റൊരു തൂവല്‍ ആയിരുന്നു.

പക്ഷേ, രാഷ്ട്രം ശാന്തം ആയിരുന്നില്ല. അഴിമതിയും അശാന്തിയും എങ്ങും നടമാടി. ലോകമാന്യ ജയപ്രകാശ് നാരായന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണവിപ്ലവം എന്നൊരു ജനകീയ മുന്നേറ്റം ബീഹാറില്‍, പൊട്ടിമുളച്ചു. അത് ഇന്‍ഡ്യയാകെ കത്തിപടര്‍ന്നു. ആ മുന്നേറ്റത്തിന്റെ ചിതയില്‍ കുരുത്ത തൈകളാണ് ലാലുപ്രസാദ് യാദവും നിതീഷ് കുമാറും മറ്റും. നൂറു കണക്കിന് ജനസഭകളെ അഭിസംബോധന ചെയ്തുകൊണ്ട് ജെ.പി. ആക്രോശിച്ചു: “അധികാരത്തിന്റെ ഓരോ കസേരയുടെ അടിയിലും ഓരോ ബോംബ് മിടിക്കുന്നുണ്ട്- അഴിമതിയുടെ ബോംബ്. അത് പൊട്ടിത്തെറിക്കാറായി.”

ഇതിനിടക്ക് ഇന്ദിര ഗാന്ധിക്ക് എതിരായുള്ള ഒരു തെരഞ്ഞെടുപ്പ് ചട്ടലംഘന കേസില്‍ വിധിവന്നു. ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. സുപ്രീം കോടതിയുടെ ഒരു ചെറിയ ഇടപെടലിലൂടെ ഇന്ദിരക്ക് ലോക്‌സഭയില്‍ അംഗമായി തുടരാം, പക്ഷേ കേസിന്റെ അവസാനവിധി വരുന്നതുവരെ സഭയില്‍ വോട്ടവകാശം ഉണ്ടായിരിക്കുകയില്ല. അപ്പോഴേക്കും ജെ.പി.യുടെ ജനകീയ പ്രക്ഷേഭണം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജനാധിപത്യം സ്തംഭിച്ചു. ഫാസിസം തലയുയര്‍ത്തി.

അടിയന്തിരാവസ്ഥയുടെ 19 മാസങ്ങള്‍ ഇന്‍ഡ്യയുടെ ജനാധിപത്യ ഭരണവ്യവസ്ഥയുടെയും ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലെയും കറുത്ത അദ്ധ്യായങ്ങളായി നിലകൊള്ളുന്നു. ഇക്കാലത്ത് നടന്ന അതിക്രമങ്ങള്‍ ഒരു ഭരണാധികാരി ഒരു രാഷ്ട്രത്തോടും അതിലെ ജനങ്ങളോടും പ്രതിപക്ഷ നേതാക്കന്മാരോടും മാദ്ധ്യമ സ്വാതന്ത്ര്യത്തോടും ജനാധിപത്യ സ്ഥാപനങ്ങളോടും മൊത്തത്തില്‍ ഒരു റിപ്പബ്ലിക്കിനോടു തന്നെയും ചെയ്ത മാപ്പര്‍ഹിക്കാത്ത അപരാധങ്ങള്‍ ആയിരുന്നു. പക്ഷേ, ഈ പത്തൊമ്പതു മാസത്തെ ഏകാധിപത്യ ഭരണത്തിലൂടെ മാത്രം ആയിരിക്കുകയില്ല ചരിത്രം ഇന്ദിരയെ വിലയിരുത്തുക.

ജനത ഭരണം  (1977-1980) ഇന്ദിരക്ക് ഒട്ടേറെ യാതനകള്‍ സമ്മാനിച്ചു. ഇന്ദിരക്കും മകന്‍ സജ്ജയ് ഗാന്ധിക്കും എതിരെ ഒട്ടേറെ കേസുകള്‍ പൊങ്ങിവന്നു. 1978 നവംബറില്‍ ചിക്കമഗലൂരില്‍ നിന്നും (കര്‍ണ്ണാടക) ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ബ്രീച്ച് ഓഫ് പ്രവിലേജിന്റെ പേരില്‍ ഇന്ദിരയെ അറസ്റ്റ് ചെയ്ത തീഹാര്‍ ജയിലില്‍ അടക്കുകയാണ് ജനതാഗവണ്‍മെന്റ് ചെയ്തത്. 1980-ല്‍ അധികാരത്തില്‍ തിരിച്ചുവന്നെങ്കിലും 1981 ല്‍ തന്റെ വലംകയ്യായിരുന്ന സജ്ജയ് ഗാന്ധി ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് ഇന്ദിരക്ക് തീരാത്ത നഷ്ടവും ദുഃഖവും ആയി.

1982-ല്‍ സജ്ജയന്റെ വിധവ മേനകാ ഗാന്ധിയുമായി പിണങ്ങിയതും മേനക വീടുവിട്ട് മകന്‍ വരുണ്‍ ഗാന്ധിയുമായി പോകുന്നത് ഇന്ദിരക്ക് വീണ്ടും പ്രഹരമായി. രാഷ്ട്രീയമായി അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബ് കലുഷിതം ആയിരുന്നു. സിക്കുകാര്‍ക്ക് ഒരു പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് ഖാലിസ്ഥാന്‍ എന്നൊരു പ്രസ്ഥാനം അവിടെ ആരംഭിച്ചിരുന്നു.  ജര്‍ണ്ണയല്‍ സിംങ്ങ് ഭിന്ദ്രന്‍ വാലയായിരുന്നു അതിന്റെ നേതാവ്. പഞ്ചാബ് രാഷ്ട്രീയത്തില്‍ ഒരു ബദലായി ഭിന്ദ്രന്‍വാലയെ വളര്‍ത്തിയതും ഇന്ദിരതന്നെ ആയിരുന്നു. ഇപ്പോള്‍ അദ്ദേഹം അതേ ഇന്ദിരക്കെതിരെ തിരിഞ്ഞിരിക്കുന്നു.

ഭിന്ദ്രന്‍ വാല പഞ്ചാലിലാകെ കൊലയും  കൊള്ളിവയ്പ്പും അഴിച്ചു വിട്ടു. ഖാലിസ്ഥാന്‍ പ്രസ്ഥാനം ഒരു ഭീകരപ്രസ്ഥാനമായി മാറി. ഹിന്ദുക്കളെ പലയിടത്തും കൂട്ടത്തോടെ വധിച്ചു. സിക്കുകാരുടെ വിശുദ്ധ സ്ഥലമായ സുവര്‍ണ്ണക്ഷേത്രം (അമൃതസര്‍) ആയിരുന്ന ഭിന്ദ്രന്‍വാലയുടെ ആസ്ഥാനം. അവസാനം ഇന്ദിരക്ക് സുവര്‍ണ്ണക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയക്കേണ്ടിവന്നു- ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. പട്ടാളത്തിലെ സിക്ക് ഭടന്മാര്‍ പ്രതിഷേധിച്ച് വിമതന്മാരായ അപൂര്‍വ്വ സംഭവം വരെ ഉണ്ടായി. ചുണ്ടില്‍ പ്രാര്‍ത്ഥനയും ചൂണ്ടുവിരല്‍ മെഷിന്‍ ഗണ്ണിന്റെ കാഞ്ചിയിലും വച്ചുകൊണ്ട് ടാങ്കുകളുടെ അകമ്പടിയോടെ പട്ടാളം സുവര്‍ണ്ണക്ഷേത്രം അതിക്രമിച്ച് കടന്നു. നൂറുകണക്കിന് നിരപരാധികളായ സിക്ക് തീര്‍ത്ഥാടകരും ഖാലിസ്ഥാന്‍ ഭീകരവാദികളും പട്ടാളത്തിന്റെ തോക്കിനിരയായി.

ടാങ്കിന്റെ ചങ്ങല വലിഞ്ഞ് സുവര്‍ണ്ണക്ഷേത്രത്തിന്റെ പരിപാവനമായ പരിക്രമ പൊട്ടിത്തകര്‍ന്നു. സുവര്‍ണ്ണക്ഷേത്രത്തിലെ പ്രസിദ്ധവും ചരിത്രപ്രധാനവും ആയ അകാല്‍ തക്കതിനുള്ളില്‍ പട്ടാളം കയറി. അവിടെ വച്ച് ഭിന്ദ്രന്‍ വാലയെ വെടിവെച്ച് കൊന്നു. പിന്നീട് പ്രദര്‍ശിപ്പിക്കപ്പെട്ട ഭിന്ദ്രന്‍വാലയുടെ ശരീരം മുഴവനും മുഖം ഉള്‍പ്പെടെ വെടിയുണ്ടയുടെ പാടുകള്‍ ആയിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനുള്ള മറുപടിയായിട്ടായിരുന്നു, പ്രതികാരമായിട്ടായിരുന്നു ഇന്ദിരഗാന്ധിയുടെ സിക്കുകാരായ അംഗരക്ഷകര്‍ അന്ന് വെടി ഉതിര്‍ത്തത്. സിക്കുകാരായ അംഗരക്ഷകരെ മാറ്റണമെന്ന് രാജീവ് ഗാന്ധി ഉള്‍പ്പെടെ പലരും ഉപദേശിച്ചിരുന്നെങ്കിലും ഇന്ദിര കൂട്ടാക്കിയില്ല.

ഇന്ദിര ഗാന്ധിയെ ഞാന്‍ ആദ്യമായി കാണുന്നത് 1979-ല്‍ ഋഷികേശില്‍ വച്ചാണ്. ഇന്ദിര അന്ന് അധികാരത്തിന് വെളിയില്‍ ആണ്. ജനത പാര്‍ട്ടിയുടെ ഭരണത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു. ഇന്ദിരയുടെ തിരിച്ചു വരവ് മെല്ലെ ആരംഭിച്ചിരുന്നു. ഗംഗയുടെ തീര്‍ത്ത് സ്ഥിതിചെയ്യുന്ന പുരാണ പ്രസിദ്ധമായ ഋഷികേശില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുവാനെത്തിയതായിരുന്നു ഇന്ദിര. ഞാന്‍ അന്ന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ദെറാഡൂണില്‍ ഒരു ഇംഗ്ലീഷ് ദിന പത്രിത്തില്‍ റിപ്പോര്‍ട്ടര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്ദിരയുടെ യോഗവും പ്രസംഗവും കവര്‍ ചെയ്യുക എന്റെ ജോലിയായിരുന്നു. ഞാന്‍ എത്തുമ്പോള്‍ ഇന്ദിര യോഗസ്ഥലത്ത് വന്നു ചേര്‍ന്നിട്ടുണ്ടായിരുന്നില്ല.

ഹെലിപ്പാടില്‍ നിന്നും ഘോഷയാത്രയായി പുറപ്പെട്ടിരുന്നു. സൗകര്യമായി ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥാനം പിടിച്ചു. വളരെയേറെ ആകാംക്ഷ ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ മകള്‍. മുന്‍ പ്രധാനമന്ത്രി. അടിയന്തിരാവസ്ഥയുടെ ശില്പി. അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മനസിലൂടെ കടന്നുപോയി. ആദ്യ ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്ത് നില്‍ക്കുമ്പോള്‍ ദൂരെനിന്നും ഒരു ഓപ്പണ്‍ ജീപ്പ് പ്രത്യക്ഷപ്പെടുന്നത് കണ്ടു. ജീപ്പിന്റെ മുമ്പിലത്തെ സീറ്റിനടുത്ത് ഒരു കട്ട്ഔട്ട് പോലെ എന്തോ ഒന്ന് കാണാമായിരുന്നു.

വെളുത്ത് വിളറിയ സാരി ധരിച്ച ഒരു സ്ത്രീയുടെ കട്ട് ഔട്ട് പോലെ തോന്നി അത്. അടുത്തുവരും തോറും ദൃശ്യം സ്പഷ്ടമായിക്കൊണ്ടിരുന്നു. കട്ട് ഔട്ടിന്റെ കൈകള്‍ ചലിക്കുന്നുണ്ടായിരുന്നു. സാരിതലപ്പുകൊണ്ട് തലമൂടിയിരുന്നു. വീണ്ടും അടുത്തെത്തിയപ്പോള്‍ ദൃശ്യം സ്പഷ്ടമായി. അത് ഇന്ദിരഗാന്ധി തന്നെയായിരുന്നു. ജനങ്ങളുടെ ആരവത്തിലേക്ക് പൂമാലകള്‍ എറിഞ്ഞ് അവര്‍ പ്രത്യഭിവാദ്യം ചെയ്യുകയായിരുന്നു. വിളറിയും മെലിഞ്ഞതുമായ ഒരു രൂപമായരുന്നു അന്ന് ഇന്ദിരയുടേത്.

പിന്നീട് ദെറാഡൂണ്‍ സര്‍ക്കീട്ട് ഹൗസില്‍ വച്ച് ഇന്ദിരയുടെ ഒരു പത്രസമ്മേളനം കവര്‍ ചെയ്യുമ്പോള്‍ അവര്‍ തികച്ചും വ്യത്യസ്ഥ ആയിരുന്നു. അപ്പോള്‍ ഇന്ദിര പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്തിയിരുന്നു. പ്രഭാതത്തില്‍ വിരിഞ്ഞ ഒരു പനിനീര്‍ പുഷ്പം പോലെ പുതുമയാര്‍ന്നതും മനോഹരവും ആയിരുന്നു അവരുടെ മുഖം അപ്പോള്‍. സില്‍ക്ക് സാരിയില്‍ പൊതിഞ്ഞ ഇന്ദിരയുടെ രൂപവും ചുറുചുറുക്കും ഊര്‍ജ്ജസ്വലതയും ആരേയും ആകര്‍ഷിക്കുമായിരുന്നു. ചോദ്യോത്തരവേളയില്‍ ലേഖകന്റെ ചോദ്യത്തിന് ഉത്തരം ഒരു മറുചോദ്യം ആയിരുന്നു. എന്റെ ചോദ്യം ഇതായിരുന്നു; ചേരിചേരാപ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണ്‍ എന്നനിലയില്‍ ഇന്നലെ പാലസ്തീനുനേരെ ഇസ്രായല്‍ നടത്തിയ ആക്രമണത്തിനെതിരെ താങ്കള്‍ എന്ത് നടപടി സ്വീകരിച്ചു? മറുചോദ്യം ഇതായിരുന്നു: താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ എന്ത് നടപടി എടുക്കുമായിരുന്നു? ഞാന്‍ ആകെ പതറിപ്പോയി. ഒരു മറുചോദ്യം പ്രതീക്ഷിച്ചിരുന്നില്ല.

മാത്രവുമല്ല എന്റെ മറുപടിക്കായി ഇന്ദിരഗാന്ധി കാത്തിരിക്കുകയാണ്. ഹാളാകെ നിശബ്ദത. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ റിപ്പോര്‍ട്ടര്‍ ആയിരുന്നു ഞാന്‍. ആ നീ എന്തിന് ഇത്ര ഭാരപ്പെട്ട ആഗോളചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന ഭാവമായിരുന്നോ ഇന്ദിരയുടേതെന്ന് എനിക്ക് പിന്നീട് തോന്നി. ഏതായാലും ഞാന്‍ പറഞ്ഞു: “ഞാന്‍ താങ്കളുടെ സ്ഥാനത്തെത്തുമ്പോള്‍ മാത്രമേ അതേക്കുറിച്ച് ആലോചിക്കുകയുള്ളൂ.” അങ്ങനെ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബാല്യത്തില്‍ ജോന്‍ ഓഫ് ആര്‍ക്കും ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയും ഒക്കെ ആകുവാനായിരുന്നു ഇന്ദുവെന്ന അച്ഛന്റെ പ്രിയപ്പെട്ട ഇന്ദിര പ്രിയദര്‍ശനിക്ക് ആഗ്രഹം. ഇന്ദു ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മുത്തച്ഛനോടും(മോട്ടിലാല്‍ നെഹ്‌റു) അച്ഛനോടും(ജവഹര്‍ലാല്‍ നെഹ്‌റു) ഒപ്പം തന്നാലാകാവുന്നതുപോലെ മാനസീകമായും ശാരീരികമായും പങ്കെടുത്തു. പക്ഷേ, ആനന്ദഭവനില്‍ ഇന്ദു ഏകാകിനിയായിരുന്നു. ആ ഏകാകിനിയായ കുട്ടിയാണ് പിന്നീട് വളര്‍ന്ന് വലുതായി 15 വര്‍ഷം ഇന്‍ഡ്യ ഭരിച്ചത്, തികച്ച തന്ത്രശാലിയായി തന്നെ. എന്തായിരുന്നു ഇവര്‍? പ്രധാനമന്ത്രി നരേന്ദ്രമോഡി ഒക്‌ടോബര്‍ 31 രക്തസാക്ഷിത്വദിനമായി ആചരിക്കാതിരിക്കുകയോ ഇന്ദിരയുടെ സമാധിയായ ശക്തിസ്ഥല്‍ സന്ദര്‍ശിച്ചില്ലെങ്കിലോ മാഞ്ഞു പോകുന്ന ലെഗസിയേ ഈ ഉരുക്കു വനിതക്കുക്കുള്ളോ? ?

ഇന്ദിരയെ പലതും പല രീതിയില്‍ വിലയിരുത്തിയിട്ടുണ്ട്. ആധുനിക ഇന്‍ഡ്യയുടെ ശക്തിയും ദൗര്‍ബല്യവും ആയിട്ട് ഇന്ദിരയെ ചിത്രീകരിച്ചിട്ടുണ്ട്. അതിനെ ഒന്നാക്കി കൂട്ടിയിണക്കിയ ഭരമാധികാരിയായിട്ടും വിഘടിപ്പിച്ച വ്യക്തിയായിട്ടും കണക്കായിട്ടുണ്ട്. സ്ഥിരത പ്രദാനം ചെയ്ത് പ്രധാനമന്ത്രിയായിട്ടും അസ്ഥിരതയുടെ വിത്തുകള്‍ പാകിയ നേതാവായിട്ടും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളുടെ രക്ഷകയായിട്ടും ധ്വംസകയായിട്ടും ഇന്ദിരയെ കണ്ടവരുണ്ട്. ഒരു ജനാധിപത്യവാദിയായിട്ടും ഏകാധിപതിയായിട്ടും ഇന്ദിര വിലയിരുത്തപ്പെട്ടിട്ടുണ്ട്. കാര്യപ്രാപ്തിയും ദീര്‍ഘവീക്ഷണവും ഉള്ള ഒരു രാജ്യതന്ത്രജ്ഞയായിട്ടും വില കുറഞ്ഞ തന്ത്രങ്ങള്‍ മെനയുന്ന തെരുവു രാഷ്ട്രീയക്കാരിയായിട്ടും, നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മരണത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷവും ഇതിനൊന്നും വ്യക്തമായ മറുപടി ഇല്ല. ഇന്ദിര ഇന്നും രാഷ്ട്രീയ നിരീക്ഷകരില്‍ ചിലര്‍ക്കൊക്കെ ഒരു പ്രഹേളികയാണ്. മറ്റു ചിലര്‍ക്കാകട്ടെ നെഹ്രുവിനുശേഷം അസ്ഥിരതയിലേക്കും അരാജകത്വത്തിലേക്കും ഒരു പക്ഷേ പട്ടാള ഭരണത്തിലേക്കും വഴുതി വീണേക്കാമായിരുന്ന ഇന്‍ഡ്യക്ക് നിലവിലുള്ള സാഹചര്യത്തില്‍ ലഭിച്ച ഉചിതമായ മറുപടി ആയിരുന്നു ഇന്ദിര.

എഴുത്തുകാരനായ വി.എസ്. നെയ്പോളിന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യക്ക് കെട്ടുറപ്പുള്ള ഒരു കേന്ദ്ര ഭരണവും സുസ്ഥിരതയും നല്‍കിയതില്‍ ഇന്ദിരക്കുള്ള പങ്ക് വളരെ പ്രധാനം ആണ്. നെഹ്‌റുവിന്റെ ശാസ്ത്രത്തോടുള്ള ആഭിമുഖ്യവും മതസഹിഷ്ണതയും മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനവും(അടിയന്തിരാവസ്ഥ ഒഴിച്ചാല്‍) നിയമവാഴ്ചയോടുള്ള പ്രതിബന്ധതയും ഇന്ദിര പരിപാലിച്ചതായി നെയ്‌പോള്‍ വിലയിരുത്തുന്നു.

ഇന്ദിര സ്വന്തം മരണം മുന്‍കൂട്ടികണ്ടിരുന്നതായി സന്തത സഹചാരിയും ആത്മസുഹൃത്തുമായി പുപ്പുല്‍ ജയ്കര്‍ എഴുതിയിട്ടുണ്ട്. 1984 ഒക്‌ടോബര്‍ 26 ന് വധിക്കപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ്- ഇന്ദിര ജയ്കറോട് ചോദിച്ചു: you remember, Pupul that ancient chinar tree in Beejbihara? I had just heard that it had died. Once again a feeling is arising in me. Why am 1 here? 1feel 1have been here for long enough.. ബീജ്ബിഹാരിയിലെ ആ ചിനാര്‍ മരത്തിന്റെ ഭാവിയും തന്റെ ജീവിതവും അഭേദ്യമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഇന്ദിര വിശ്വസിച്ചിരുന്നതായി ജയ്കര്‍ എഴുതുന്നു.

അതപോലെ തന്നെ ഇന്ദിരയെ നശിപ്പിക്കുവാനായി ആരോ ദുര്‍മ്മന്ത്രവാദം നടത്തുന്നതായും ഇന്ദിര വിശ്വസിച്ചിരുന്നു.(Indira Gandhi: A biography by Pupul  Jayakar) . ഈ കാരണങ്ങള്‍ കൊണ്ട് ഇന്ദിര രാത്രികാലങ്ങളില്‍ ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണരുമായിരുന്നത്രെ!

പ്രേമവും വിവാഹവും ജയില്‍ വാസവും അതൃപ്തമായ ഒരു ദാമ്പത്യജീവിതവും ഭര്‍ത്താവിന്റെ അകാല നിര്യാണവും ഇന്ദിരാ പ്രിയദര്‍ശിനിയുടെ മാനസീകാവസ്ഥയെ വല്ലാതെ ബാധിച്ചിരുന്നു. കൊടുങ്കാറ്റുകളുടെ ഇടയിലൂടെയുള്ള ജീവിതം ആയിരുന്നു ഇന്ദുവിന്റേത്. ജീവിതത്തിന്റെ നിരര്‍ത്ഥകതയെകുറിച്ച് വ്യഥപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് രാത്രികാലങ്ങളില്‍ ഉറക്കം കെടുത്തുന്ന ആ ദുസ്വപ്നങ്ങളില്‍ നിന്നും ഇന്ദിര യാത്രയായത്. ബീജ്ബിഹാരയിലെ ആ ചിനാര്‍മരം വളരെനേരത്തെ വിട പറഞ്ഞിരുന്നു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതു പോലെ ഒരു സുപ്രഭാതത്തില്‍…  (ഡല്‍ഹികത്ത് : പി.വി. തോമസ്)
Join WhatsApp News
Ninan Mathullah 2014-10-31 13:39:34
There is a documentary on Indira's USA visit when Regan was President here. At that time it was an open secret that though India the leader of non-alligned nations, we had a special relationship with the SOviet Union. One American reporter asked at the Press Conference, "To which side India is leaning?". Immediate was the reply from Indira, "india is not leaning to anyside. India is standing straight. I found it amazing her ability to face anybody with confidence.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക