Image

ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ സ്ഥാനാരോഹിതനായി

ജോര്‍ജ്‌ നടവയല്‍ Published on 30 October, 2014
ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ സ്ഥാനാരോഹിതനായി
തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്‌ബിഷപ്പായി മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ സ്ഥാനാരോഹിതനായി. വിരമിച്ച ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റത്തിന്‌ യാത്രയപ്പും നല്‍കി. കേരളത്തിലെ അദ്ധ്വാന വര്‍ഗത്തിന്റെ വാഗ്‌ദത്ത ഭൂമികയായ മലബാറിലെ കുടിയേറ്റ കര്‍ഷക ജനതയുടെ ചോരയും നീരും വീണ്‌ നവോഥാന ചരിത്രം കുറിച്ച തലശ്ശേരി രൂപതയുടെ മൂന്നാമത്തെ ഇടയനായി അഭിഷിക്തനായ മാര്‍. ജോര്‍ജ്‌ ഞരളക്കാട്ടിന്‌ തലശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കത്തീഡ്രലില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ ആയിരങ്ങള്‍ മംഗളങ്ങള്‍ നേര്‍ന്നു.

ദിവ്യ ബലിയോടെയാണ്‌ അഭിഷേകച്ചടങ്ങുകള്‍ ആരംഭിച്ചത്‌. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യ കാര്‍മ്മികനായി. മാര്‍ ജോര്‍ജ്‌ വലിയമറ്റം, തൃശ്ശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്ധ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സഹ കാര്‍മ്മികരായി. സി ബി സി ഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസ്സേലിയോസ്‌ ക്ലീമിസ്‌ കത്തോലിക്കാ ബാവ മുഖ്യ അനുമോദന സന്ദേശം നല്‍കി.?ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുംതോട്ടം, കോട്ടയം രൂപതാ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ തൂം കുഴി,ബെല്‍ ത്തങ്ങാടി ബിഷപ്‌ മാര്‍ ലോറന്‍സ്‌ മുക്കുഴി,താമരശ്ശേരി ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനി, ഭദ്രാവതി ബിഷപ്പ്‌ മാര്‍ ജോസഫ്‌ അരുമച്ചേടത്ത്‌, കോഴിക്കോട്‌ ബിഷപ്‌ റൈറ്റ്‌ റവ.ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍,, കണ്ണൂര്‍ ബിഷപ്പ്‌ റൈറ്റ്‌ റവ. ഡോ.അലക്‌സ്‌ വടക്കുംതല, കോട്ടയം ഷായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ഡാരശ്ശേരി എന്നിവര്‍ ദിവ്യ ബലിയില്‍?പങ്കാളിത്തകാര്‍മ്മികരായി.

അഭിനന്ദനപൊതുസമ്മേളനം മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അദ്ധ്യക്ഷനായി. ബാംഗളൂര്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ബര്‍ണാര്‍ഡ്‌ മോറസ്സ്‌ അനുഗൃഹ പ്രഭാഷണം നടത്തി.മന്ത്രിമാരായ കെ. എം. മാണി,പി. ജെ. ജോസഫ്‌,ക്‌. സി. ജോസഫ്‌, കെ.പി.മോഹനന്‍, വാരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കല്‍, മാനന്തവാടി ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം, എം എല്‍ ഏമാരായ കൊടിയേരി ബാലകൃഷണന്‍,സണ്ണി ജോസഫ്‌,നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ആമിനാ മാളിയേക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു.

മാര്‍ ജോര്‍ജ്‌ ഞരളക്കാട്ടിന്റെ സേവനങ്ങള്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഗാംഭീര്യമുള്ളതാകട്ടേ എന്ന്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അനുഗ്രഹിച്ചു. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിപ്പിതാവിന്റെ സ്‌മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മലബാര്‍ ദേശത്ത്‌ ആ തിരുമേനി കാഴ്‌ച്ച വച്ച ശൈലീ മേന്മ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌ പിതാവിലൂടെ വീണ്ടും വര്‍ദ്ധിതമാകട്ടേ എന്ന്‌ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ആശംസിച്ചു. തലശ്ശേരി രൂപത ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹിക ഉന്നമനത്തിന്‌ നിലകൊള്ളുന്നൂ എന്ന സവിശേഷത മന്ത്രി കെ എം മാണി ചൂണ്ടിക്കാണിച്ചു.

മാണ്ഡ്യ രൂപതയുടെ ആദ്യ മെത്രാനാണ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്‌. വയനാട്‌ നടവയല്‍ സ്വദേശിയാണ്‌. തൊടുപുഴ കലയന്താനി ജന്മദേശം. തലശ്ശേരി അതിരൂപതയിലും മാനന്തവാടി, ഭദ്രാവതി രൂപതകളിലും സേവനം ചെയ്‌തിട്ടുണ്ട്‌. 2010 ഏപ്രില്‍ 7 ന്‌ മാനന്തവാടി രൂപത വിഭജിച്ച്‌ രൂപംകൊണ്ട മാണ്ഡ്യരൂപതയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ മിഷന്‍ പ്രവര്‍ത്തനവും മികച്ച ധ്യാനഗുരു എന്ന നിലയില്‍ ലളിതസരളമായ വചനപ്രഘോഷണവും വഴി വിശ്വാസസമൂഹത്തില്‍ ആത്മീയഉണര്‍വ്‌ നിറയ്‌ക്കുന്നതില്‍ ബദ്ധ ശ്രദ്ധനായിരുന്നു മാര്‍ ജോര്‍ജ്‌ ഞരളക്കാട്‌.

1946 ജൂണ്‍ 23 ന്‌ ജനനം. കലയന്താനി ഞരളക്കാട്ട്‌ മേരി-വര്‍ക്കി മാതാപിതാക്കള്‍. ആരക്കുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ എല്‍ പി സ്‌കൂള്‍ വിദ്യാഭ്യാസം. 1960ല്‍ വയനാട്ടിലെ നടവയലില്‍ കുടിയേറ്റം. നടവയല്‍ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളില്‍ എസ്‌ എസ്‌ ല്‍ സി. 1963ല്‍ തലശ്ശേരി രൂപതയ്‌ക്കുവേണ്ടി വൈദികപഠനത്തിനു ചേര്‍ന്നു. മൈസൂര്‍ സര്‍വകലാശ്ശലയില്‍ ബിരുദം. മതബോധനത്തില്‍ റോമില്‍ നിന്ന്‌ ലൈസന്‍ഷ്യേറ്റ്‌. 1971ല്‍ കുടിയേറ്റക്കരുടെ മോശ എന്നറിയപ്പെടുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി വൈദികപട്ടം നല്‌കി. മാനന്തവാടി രൂപതയില്‍ വികാരിജനാറാളായിരുന്നു. തുടര്‍ന്ന്‌ ഭദ്രാവതി രൂപതയുടെ പ്രഥമ വികാരിജനറാളായിരിക്കുമ്പോളാണ്‌ മാണ്ഡ്യരൂപതാ മെത്രാനായി നിയോഗിക്കപ്പെട്ടത്‌.

കുടിയേറ്റ കര്‍ഷകരുടെ മാതൃകാപുണ്യപുത്രന്‍ ജോര്‍ജ്‌ ഞരളക്കാട്‌ ആര്‍ച്ച്‌ബിഷപ്പായി നിയമിതനായതിന്റെ ഭക്ത്യാഹ്ലാദം മലയോരജനത നെഞ്ചേറ്റുകയണ്‌.
ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ സ്ഥാനാരോഹിതനായി
ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ സ്ഥാനാരോഹിതനായി
ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ സ്ഥാനാരോഹിതനായി
ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ സ്ഥാനാരോഹിതനായി
ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ സ്ഥാനാരോഹിതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക