Image

ഈ കുടവയറിന്റെ ഒരു കാര്യം (ആരോഗ്യ ചിന്തകള്‍: ആഷാ പണിക്കര്‍)

Published on 29 October, 2014
ഈ കുടവയറിന്റെ ഒരു കാര്യം (ആരോഗ്യ ചിന്തകള്‍: ആഷാ പണിക്കര്‍)
ബോളിവുഡ്‌ സുന്ദ്രിമാരുടെ ലക്ഷണമൊത്ത വയറിന്റെ ഭംഗി കാണുമ്പോള്‍ കേരളത്തിലെ മുപ്പതു കഴിഞ്ഞ സ്‌ത്രീകള്‍ പലരും അസൂയപ്പെടുകയാണ്‌. താരസുന്ദരിമാര്‍ മുപ്പതു കഴിഞ്ഞാലും കൊഴുപ്പിന്റെ ഉപദ്രവമേല്‍ക്കാതെ അവരുടെ ശരീരത്തെ ഇത്ര സുന്ദരമായി കാത്തു സൂക്ഷിക്കുന്നതെങ്ങനെയെന്നാണ്‌ നമ്മുടെ പെണ്ണുങ്ങള്‍ അത്ഭുതത്തോടെ ഓര്‍ക്കുന്നത്‌. ഒപ്പം തന്റെ ഭംഗിയില്ലാത്ത കുടവയര്‍ കണ്ട്‌ ഇതെങ്ങനെയൊന്ന്‌ കുറയ്‌ക്കുമെന്ന ഉത്‌കണ്‌ഠയും. സത്യത്തില്‍ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ കേരളത്തിലെ നല്ലൊരു വിഭാഗം സ്‌ത്രീകളും അല്‍പം പിന്നിലാണെന്ന്‌ വേണം കരുതാന്‍. വീട്ടു ജോലിയും കുട്ടികളെ നോക്കലും ഓഫീസ്‌ കാര്യങ്ങളുമൊക്കെയായി ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും തികയാതെ വരുമ്പോള്‍ ഭക്ഷണ കാര്യത്തിലും വലിയ ശ്രദ്ധയൊന്നും ഉണ്ടാവുകയില്ല.

ഈ ശ്രദ്ധയില്ലായ്‌മയ്‌ക്ക്‌ മലയാളി സ്‌ത്രീകള്‍ കൊടുക്കേണ്ടി വരുന്ന വിലയാണ്‌ ശരീരത്തില്‍ രൂപപ്പെടുന്ന അമിതവണ്ണം (ഒബീസിറ്റി). വയറിന്റെ ഭാഗത്തെ കൊഴുപ്പടിഞ്ഞുണ്ടാകുന്ന ?അബ്‌ഡോമിനല്‍ ഒബീസിറ്റി മലയാളി സ്‌ത്രീകളില്‍ വല്ലാതെ വര്‍ധിച്ചിരിക്കുന്നു എന്നാണ്‌ പല പഠനങ്ങളും വ്യക്തമാക്കുന്നത്‌. ചെറുപ്പമായിരിക്കാനാണ്‌ എല്ലാവരും ഇഷ്‌ടപ്പെടുന്നത്‌. എന്നാല്‍ കുടവയര്‍ എന്ന്‌ പേരില്‍ വിളിക്കുന്ന ഈ അവസ്ഥ ശരീരത്തിന്റെ അഴക്‌ കുറയ്‌ക്കുന്നു എന്നു മാത്രമല്ല യഥാര്‍ത്ഥത്തില്‍ ഉളളതിനേക്കാള്‍ കൂടുതല്‍ പ്രായം തോന്നിപ്പിക്കുകയും ചെയ്യും. ഇതാണ്‌ സ്‌ത്രീകളെ കുഴയ്‌ക്കുന്നത്‌. കേരളീയ സ്‌ത്രീകളില്‍ പകുതിയോളം പേര്‍ക്ക്‌ അബ്‌ഡോമിനല്‍ ഒബീസിറ്റിയുണ്ടെന്ന്‌ ചില മെഡിക്കല്‍ പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്‌. ഇന്ത്യയില്‍ സ്‌ത്രീകളിലെ ഒബീസിറ്റിയുടെ കാര്യത്തില്‍ രണ്ടാം സ്‌ഥാനവും മലയാളികള്‍ക്കാണ്‌.

നഗരങ്ങളല്‍ താമസിക്കുന്ന സ്‌ത്രീകളില്‍ കുടവയറിന്റെ പ്രശ്‌നം നേരിടുന്ന നല്ലൊരു വിഭാഗമുണ്ട്‌. ആഡംബര ജീവിത ശൈലി, അമിത ഭക്ഷണം, ഫാസ്റ്റ്‌ ഫുഡ്‌, വ്യായാമക്കുറവ്‌ എന്നിവയാണ്‌ ഇവരില്‍ കുടവയറുണ്ടാകാന്‍ കാരണമാകുന്നത്‌. ഫിറ്റ്‌നസ്സ്‌ ട്രെയിനിംഗ്‌ സെന്ററുകളും ജിംനേഷ്യങ്ങളും കൂണു പോലെ പലയിടത്തും മുളച്ചു പൊന്തുന്നുണ്ടെങ്കിലും നഗരവാസികളായ സത്രീകള്‍ തന്നെയാണ്‌ കുടവയറിന്റെ തോതില്‍ മുന്നിലെന്നതും ശ്രദ്ധേയം. ഫാസ്റ്റ്‌ ഫുഡ്‌ അമിതമായി ഉപയോഗിക്കാത്ത വീട്ടു ജോലികള്‍ നന്നായി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ ഒരു പരിധി വരെ കുടവയറിന്റെ പിടിയില്‍ പെടാതെ രക്ഷപെടാനാകും എന്നത്‌ സത്യമാണ്‌.

കുടവയറിനെ (അബ്‌ഡോമിനല്‍ ഒബീസിറ്റി) വെറുമൊരു സൗന്ദര്യപ്രശ്‌നം മാത്രമായി സ്‌ത്രീകള്‍ കാണരുത്‌ എന്നാണ്‌ വിദഗ്‌ധാഭിപ്രായം. അപകടകരമായ ജീവിതശൈലീരോഗങ്ങള്‍ പിടിപെടാനുള്ള വലിയ സാധ്യത കൂടിയാണ്‌ വയറിന്റെ ഭാഗത്തെ അമിതമായ കൊഴുപ്പടിയല്‍. പ്രമേഹം, ഹൃദ്രോഗം, രക്‌താതിസമ്മര്‍ദം, ഫാറ്റി ലിവര്‍ ഇങ്ങനെ രോഗങ്ങളുടെ ഒരു നീണ്ട നിരയാണ്‌ കുടവയറുള്ള സ്‌ത്രീകളെ കാത്തിരിക്കുന്നത്‌ എന്നോര്‍ക്കുക. കടുത്ത മദ്യപന്മാരായ പുരുഷന്മാരെ ബാധിക്കും പോലെയുള്ള ഗുരുതരമായ കരള്‍രോഗങ്ങള്‍ പോലും കുടവയറുള്ള സ്‌ത്രീകളെ ബാധിക്കാറുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുമ്പോള്‍ അത്‌ നിസാരമായി തള്ളിക്കളയരുത്‌

കുടവയര്‍ അപകടകാരിയാണെന്നതില്‍ സംശയമില്ല. പക്ഷേ ഒന്നു മനസു വച്ചാല്‍ കൊഴുപ്പില്ലാത്ത ഒതുങ്ങിയ ഭംഗിയുള്ള വയര്‍ നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതേയുള്ളൂ. എന്നാല്‍ അതിന്‌ ചില ചിട്ടവട്ടങ്ങളുണ്ട്‌. അത്‌ പാലിക്കാന്‍ തയ്യാറായാല്‍ മാത്രം മതി. ശരിയായ ഭക്ഷണ ശൈലി, ഭക്ഷണനിയന്ത്രണം, കൃത്യമായ വ്യായാമം എന്നീ കാര്യങ്ങള്‍ മുടക്കം കൂടാതെ ചെയ്‌തു നോക്കൂ. കുടവയര്‍ പമ്പ കടക്കും.


നിങ്ങള്‍ക്ക്‌ കുടവയറുണ്ടോ?

നിങ്ങള്‍ക്ക്‌ അബ്‌ഡോമിനല്‍ ഒബീസിറ്റിയുണ്ടോ എന്നു തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്‌. ഇതിന്‌ വയറില്‍ പുക്കിളിന്റെ ഭാഗത്ത്‌ ടേപ്പ്‌ വച്ച്‌ വയറിന്റെ വണ്ണം അളന്നു നോക്കുക. വണ്ണം അളക്കുമ്പോള്‍ നേരേ നിവര്‍ന്നു നില്‍ക്കണം. ശ്വാസം പിടിച്ചു നിന്ന്‌ അളവെടുക്കരുത്‌. ശ്വാസം അയച്ചിട്ട്‌ ടേപ്പ്‌ വലിച്ചു മുറുക്കി പിടിക്കാതെ കൃത്യമായി പിടിച്ച്‌ അളവെടുക്കുക. വയറിന്റെ വണ്ണം സ്‌ത്രീകളില്‍ 80 സെന്റീമീറ്ററിനു മുകളില്‍ വന്നാല്‍ അബ്‌ഡോമിനല്‍ ഒബീസിറ്റിയുണ്ടെന്നര്‍ഥം. (പുരുഷന്മാരില്‍ 90 സെന്റീമീറ്ററിനു മേലെ വന്നാലാണ്‌ അബ്‌ഡോമിനല്‍ ഒബീസിറ്റിയായി കണക്കാക്കുന്നത്‌).

എന്തുകൊണ്ട്‌ വയറില്‍ കൊഴുപ്പടിയുന്നു?

സ്‌ത്രീകള്‍ക്ക്‌ കുടവയറുണ്ടാകുന്നതിന്റെ പിന്നില്‍ പല കാരണങ്ങളുണ്ട്‌. പാരമ്പര്യമാണ്‌ അതിലൊന്ന്‌. ഇതിനു കാരണമാകുന്ന കൊഴുപ്പ്‌ വയറില്‍ മാത്രം അടിഞ്ഞു കൂടുന്നില്ല. പക്ഷേ, കൊഴുപ്പ്‌ ആദ്യം അടിഞ്ഞു കൂടുന്നതു വയറിലാണ്‌. ഏറ്റവും അവസാനം മെലിയുന്നതും വയറാണ്‌. അമിതഭക്ഷണവും വ്യായാമമില്ലായ്‌മയും കാരണം വയറില്‍ അടിഞ്ഞ കൊഴുപ്പ്‌ ഉപയോഗിക്കപ്പെടുന്നില്ല. ഇതാണ്‌ കുടവയറുണ്ടാകാന്‍ കാരണം.

പാരമ്പര്യം എന്ന ഘടകത്തിന്‌ കുടവയര്‍ സൃഷ്‌ടിക്കുന്നതില്‍ നല്ലൊരു പങ്കുണ്ട്‌. പ്രായമായ സത്രീകളില്‍ മാത്രമല്ല, ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന മുപ്പതിനു താഴെ പ്രായമുള്ള ന്യൂ ജനറേഷന്‍ യുവതികളില്‍ പോലും ഇതിന്റെ ആധിപത്യം കാണാം. ചില സ്‌ത്രീകള്‍ക്ക്‌ വയറിലാണ്‌ ആദ്യം കൊഴുപ്പടിയുക. ചിലര്‍ക്ക്‌ ബട്ടക്‌സ്‌, കാല്‍ വണ്ണകള്‍ ഇവയിലായിരിക്കും. ശരീരത്തിന്റെ ആകൃതി തീരുമാനിക്കപ്പെടുന്നത്‌ ഇങ്ങനെയാണ്‌.

അനാരോഗ്യകരമായ ഭക്ഷണക്രമം മൈദ, തവിടു നീക്കിയ അരി, വൈറ്റ്‌ ബ്രെഡ്‌ തുടങ്ങിയ ഫൈബറില്ലാത്ത ആഹാരരീതി. മിച്ചം വരുന്ന കാലറി ശരീരത്തിനു വ്യായാമമില്ലാത്തപ്പോള്‍ നേരെ വയറിലെ കൊഴുപ്പായി അടിഞ്ഞു കൂടുന്നു. ഇത്‌ പിന്നീട്‌ കുടവയറായി മാറുന്നു. ഇതാണ്‌ രണ്ടാമത്തെ കാരണം.

ഉയര്‍ന്ന മാനസിക സമ്മര്‍ദമുള്ളവരില്‍ കൊഴുപ്പ്‌ കൂടുതലായി അടിയുന്നുവെന്ന്‌ പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്‌. കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന അവസരത്തില്‍ ശരീരം കൂടുതല്‍ കോര്‍ട്ടിസോണും ഇന്‍സുലിനും ഉല്‍പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഭക്ഷണത്തോടും മധുരത്തിനോടും കൂടുതല്‍ ആര്‍ത്തി തോന്നും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു കാരണമാവുകയും അതുവഴി വയറില്‍ കൊഴുപ്പടിയുകയും ചെയ്യും.

ശരീരത്തിന്‌ ആവശ്യമായ വ്യായാമമില്ലായ്‌മ ഒരു പരിധി വരെ കുടവയറിന്‌ കാരണമാകുന്നുണ്ട്‌. പതിവായി വ്യായാമം ചെയ്യുമ്പോള്‍ അധിക കാലറി ഉപയോഗിച്ചു തീരുന്നു. ഹൃദയവും ആരോഗ്യത്തോടെയിരിക്കുന്നു. വ്യായാമക്കുറവു കാരണമാണ്‌ ശരീരത്തിലെ എക്‌സ്‌ട്രാ കാലറി നേരെ ഫാറ്റായി അടിയുന്നത്‌. ഇത്‌ ആദ്യം തന്നെ വയറിന്റെ ഭാഗത്ത്‌ അടിയുന്നു.

കുറഞ്ഞ മെറ്റബോളിക്‌ നിരക്ക്‌: ചില സ്‌ത്രീകളില്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക്‌ പതുക്കെയായിരിക്കും. ഇത്‌ കുറഞ്ഞ ഭക്ഷണമേയുള്ളൂവെങ്കില്‍ പിടിച്ചു നില്‍ക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികരീതിയാണ്‌. ഇതും വയറില്‍ കൊഴുപ്പടിയുന്നതിലേക്കു നയിക്കുന്നു.


ശരീരത്തില്‍ കൊഴുപ്പടിയുന്നത്‌ രണ്ടു തരത്തില്‍

നമ്മുടെ ശരീരത്തില്‍ കൊഴുപ്പടിയുന്നത്‌ രണ്ടു തരത്തിലാണ്‌. സബ്‌ക്യൂട്ടേനിസ്‌ ഫാറ്റാമ്‌ ഇതിലൊന്ന്‌. പുറമേ കാണാവുന്ന തരത്തില്‍ ചര്‍മത്തിന്റെ തൊട്ട്‌ അകത്തെ പാളിയിലായി അടിയുന്ന കൊഴുപ്പാണിത്‌. അരക്കെട്ട്‌, പിന്‍ഭാഗം, വയര്‍, കൈകള്‍ ഇവയിലെല്ലാം പുറമേ കാണുന്ന തരത്തില്‍ കൊഴുപ്പടിയുന്നു. ഇതു നമുക്ക്‌ കാണുമ്പോഴേ തിരിച്ചറിയാനാകും.

എന്നാല്‍, നമുക്ക്‌ കാണാന്‍ പറ്റാത്ത തരം ഫാറ്റ്‌ ഡെപ്പോസിറ്റും ഉണ്ട്‌. നമ്മുടെ പ്രധാന ആന്തരികാവയവങ്ങളായ ഹൃദയം, ശ്വാസകോശം, കരള്‍ തുടങ്ങിയവയ്‌ക്കു ചുറ്റുമായി അടിയുന്ന വിസറല്‍ ഫാറ്റാണ്‌ ഈ രണ്ടാമത്തെയിനം കൊഴുപ്പ്‌. ഈ കൊഴുപ്പാണ്‌ പൊതുവേ അപകടകരം. ഹൃദയം, കരള്‍ തുടങ്ങിയഅവയവങ്ങല്‍ക്ക്‌ ഇതു കാരണം മെറ്റബോളിക്‌ പ്രശ്‌നങ്ങള്‍ വരാനിടയാകുന്നു. ഇങ്ങനെ കൊഴുപ്പടിഞ്ഞ്‌ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച്‌ തകരാറുകള്‍ ഉണ്ടാകുന്ന മെറ്റബോളിക്‌ സിന്‍ഡ്രം എന്ന അവസ്ഥ ഉണ്ടാകുന്നു.

വിസറല്‍ ഫാറ്റില്‍ നിന്ന്‌ ഫ്രീ ഫാറ്റി ആസിഡുകള്‍ രക്‌തത്തിലേക്ക്‌ കലരും. ഇതുകാരണം ഇന്‍സുലിന്‍ റെസിസ്‌റ്റന്‍സ്‌ എന്ന പ്രശ്‌നവും ഉണ്ടാകുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ കോശങ്ങളിലെത്തിക്കുന്നതും ബാക്കി കാലറി ഗ്ലൂക്കോസായി സംഭരിക്കുകയും ചെയ്യുന്നത്‌. ഇന്‍സുലിന്‍ ആണ്‌. ഇന്‍സുലിന്‌ അതിന്റെ പ്രവര്‍ത്തനം ചെയ്യാന്‍ സാധിക്കാതെ വരുന്നതാണ്‌ ഇന്‍സുലിന്‍ റെസിസ്‌റ്റന്‍സ്‌. ഇതിന്റെ ആദ്യലക്ഷണമാണ്‌ കുടവയര്‍. ഇന്‍സുലിന്‍ റെസിസ്‌റ്റന്‍സ്‌ കൂടുമ്പോള്‍ പ്രമേഹം, രക്‌താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഫാറ്റി ലിവര്‍ ഇങ്ങനെ പലതരം രോഗാവസ്‌ഥയിലേക്കെത്താന്‍ സാധ്യത കൂടുന്നു. കഴുത്തിനു ചുറ്റുമുള്ള കറുത്ത പാടുകളും കക്ഷത്തിലെ കറുത്ത പാടുകളും ഇന്‍സുലിന്‍ റെസിസ്‌റ്റന്‍സിന്റെ ലക്ഷണമാണ്‌.


കുടവയര്‍: സ്‌ത്രീകള്‍ ഇക്കാര്യങ്ങളൊക്കെ ഒന്ന്‌ ശ്രദ്ധിക്കണേ.........

* വയറിന്റെ വണ്ണം 80 സെന്റീമീറ്ററിനു മുകളിലേക്ക്‌ പോകാതെ സൂക്ഷിക്കുക.

* ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ അമിതമായ ക്ഷീണം നിങ്ങള്‍ക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇത്‌ പ്രമേഹം വരുന്നതിനു മുന്നോടിയായ ലക്ഷണമാണ്‌. അബ്‌ഡോമിനല്‍ ഒബീസിറ്റി കൊണ്ടും ഇങ്ങനെ വരാം. ചിലപ്പോള്‍ ഫാറ്റി ലിവറിന്റെയും ലക്ഷണമാകാം. കൊഴുപ്പടിയുന്നത്‌ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ ലിവര്‍ സീറോസിസ്‌ ആയി പോലും ഇത്‌ മാറിയേക്കാം.

* നിങ്ങളുടെ ഉയരം എത്രയാണെങ്കിലും വെയ്‌സ്‌റ്റ്‌ അളവ്‌ 35 ഇഞ്ചില്‍ കൂടാന്‍ പാടില്ല. മെലിഞ്ഞിരുന്നിട്ടും വയറ്‌ ഭാഗത്ത്‌ കൊഴുപ്പു കൂടിയവര്‍ക്ക്‌ ഹൃദ്രോഗസാധ്യത കൂടുതലാണ്‌. ഇക്കൂട്ടരും വ്യായാമം ചെയ്യണം.

* ഉറക്കം ശരിയായ രീതിയിലാവണം. അഞ്ചു മണിക്കൂറില്‍ കുറവ്‌ ഉറങ്ങുന്നതും എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതും അമിതവണ്ണത്തിനിടയാക്കും.

* മാനസികസമ്മര്‍ദം അകറ്റുക.

ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറയ്‌ക്കുക

* ആഹാരം സമയത്ത്‌ കഴിക്കണം. 4-5 മണിക്കൂറിനിടയില്‍ ഭക്ഷണം കഴിച്ചിരിക്കണം. അധികം വിശന്നിട്ടു കഴിച്ചാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടും.

* പ്രാതല്‍ ഏറ്റവും സമൃദ്ധമായി കഴിക്കുക. പിന്നെ ഉച്ചഭക്ഷണവും. രാത്രി ഭക്ഷണവും മിതമായിരിക്കണം.

അമിതമായി ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കുക

* അമിതമായി കഴിക്കാതിരിക്കാന്‍ ഭക്ഷണത്തിനു മുമ്പ്‌ വെള്ളം കുടിക്കുക.

വനസ്‌പതി പാചകത്തിനുപയോഗിക്കരുത്‌.

* ദിവസവും കഴിക്കുന്ന ആഹാരത്തിന്റെ 80 ശതമാനവും വീട്ടില്‍ നിന്നു തന്നെ കഴിക്കുക.

ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുക

* പെട്ടെന്ന്‌ ദഹിക്കുന്ന സോഡയും മറ്റും ഒഴിവാക്കുക. ഇത്‌ നേരെ വയറിലേക്ക്‌ കൊഴുപ്പായി അടിയും.

* ലഡു, ജിലേബി, പേട തുടങ്ങിയ മധുര പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക.

* വൈകുന്നേരത്തെ എണ്ണ ചേര്‍ന്ന സ്‌നാക്ക്‌സ്‌ ഒഴിവാക്കി പകരം ഫ്രൂട്ട്‌ സാലഡ്‌ കഴിക്കുക.

പഴങ്ങളും പച്ചക്കറികളുമടങ്ങിയ ആഹാരം ധാരാളം കഴിക്കുക.
ഈ കുടവയറിന്റെ ഒരു കാര്യം (ആരോഗ്യ ചിന്തകള്‍: ആഷാ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക